രണ്ട് ദിവസം കൊണ്ട് വിൽപ്പന ഇരട്ടി
ആളിക്കത്തി വിറക്

മണിപ്പുഴയിലെ വിപണനകേന്ദ്രത്തിൽ കെട്ട് വിറകുകൾ അടുക്കിവയ്‌ക്കുന്നു

സ്വന്തം ലേഖകൻ
Published on Mar 13, 2026, 12:43 AM | 1 min read
കോട്ടയം
അടുപ്പുകൾ പുകഞ്ഞു, വിറക് എരിഞ്ഞ് കത്തിത്തുടങ്ങി. പാചകവാതക ക്ഷാമം അടുക്കളകളെ വലച്ചതോടെ വിറകിന് ഡിമാൻഡുമായി. കെട്ടുവിറകുകൾ തേടി ആളിറങ്ങിയതോടെ കിട്ടാനില്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീളുന്നത്. പലയിടത്തും കെട്ടുവിറുകൾ തീർന്നുതുടങ്ങി. മലയോര മേഖലയിൽനിന്നാണ് കെട്ടുവിറകുകൾ എത്തുന്നത്. 90രൂപ മുതൽ 150രൂപവരെയാണ് കെട്ടുവിറകിന് മലയോര മേഖലയിലെ വില. റബർമരങ്ങൾ വെട്ടുന്നിടുത്തുനിന്ന് ശേഖരിക്കുന്ന ചില്ലകൾ ചെറുകഷ്‌ണങ്ങളാക്കി വെട്ടിയൊതുക്കി കെട്ടാക്കിയാണ് വിൽപ്പന കേന്ദ്രങ്ങളിൽ എത്തിക്കുന്നത്. പാചകക്കാരാണ് സാധാരണ കൂടുതലും കെട്ടുവിറകുകൾ വാങ്ങുന്നത്. ഇവരെ കൂടാതെ സാധാരണനിലയിൽ ദിവസം 15 കെട്ടുകളാണ് വിറ്റിരുന്നത്. എന്നാൽ രണ്ടുദിവസമായി 30 മുതൽ 40 കെട്ടുകൾ വരെ വിൽക്കുന്നുണ്ടെന്ന് കെട്ടുവിറകുകൾ വിൽക്കുന്ന മണിപ്പുഴ മംഗളാലയം വീട്ടിൽ മോഹനൻ പറയുന്നു. 110രൂപയാണ് ഒരുകെട്ട് വിറകിന് ഇവിടെ നിലവിൽ. വില കൂടാൻ സാധ്യതയുണ്ടെന്ന് ഇവർ പറയുന്നു. പിക്കപ് വാനിന്റെ ലോഡ് നിരക്ക് 2,000 രൂപ മുതലാണ്. ആവശ്യക്കാർ കൂടുകയോ വിറകിന് ക്ഷാമം നേരിടുകയോ ചെയ്‌താൽ വില കൂടും.











0 comments