കവർസ്റ്റോറി
പുത്തൻ പുരാവൃത്തങ്ങൾ

എതിർദിശ സുരേഷ്
Published on Apr 20, 2026, 02:33 PM | 11 min read
എൻ പ്രഭാകരൻ ‘ഒറ്റയാന്റെ പാപ്പാൻ' എന്ന ചെറുകഥയെഴുതുന്ന കാലത്ത്, അരനൂറ്റാണ്ടുമുമ്പ്, മലയാളത്തിൽ ആധുനികതാവാദം ശക്തമായിരുന്നു. എന്നാൽ അന്നത്തെ ആധുനികർ ആദർശവൽക്കരിച്ച ജീവിതവീക്ഷണവും ചരിത്രസമീപനവുമല്ല ആ യുവാവ് കഥയെഴുത്തിൽ പിൻപറ്റിയത്. താൻ ജീവിക്കുന്ന തലശ്ശേരിയിലെ സാഹസികവിപ്ലവ രാഷ്‌ട്രീയത്തിന്റെ അലയൊലികൾ വായിച്ചെടുക്കാവുന്നവിധം വർത്തമാനചരിത്രം ആ കഥയിൽ പ്രവർത്തിക്കുന്നു. ഈ രീതിയിൽ ആ കഥ വായിക്കപ്പെട്ടോ എന്നത് മറ്റൊരു കാര്യം. ഏതായാലും ഒ വി വിജയനും കാക്കനാടനും എം മുകുന്ദനുമുൾപ്പെടുന്ന ആധുനിക എഴുത്തുകാരിൽനിന്ന് പുലർത്തിയ അകലമാണ് എൻ പ്രഭാകരനെ നിർമിച്ചത്. എംടി, ടി പത്മനാഭൻ, മാധവിക്കുട്ടി തുടങ്ങിയ (ഗദ്യ)കാൽപ്പനികരെ ആവർത്തിച്ചില്ല പ്രഭാകരൻ എന്നതും പ്രധാനമാണ്. തീർച്ചയായും ആ വഴിയിൽ എൻ പ്രഭാകരൻ ഒറ്റയ്‌ക്കായിരുന്നില്ല. മാത്രവുമല്ല, കീഴാളമനുഷ്യരെ അവരുടെ ജീവിതപരിസരത്തുനിന്നുതന്നെ കണ്ടെത്തുകയും അവരുടെ പരുക്കൻ ദൈനംദിനങ്ങളെ വേറിട്ട ഭാഷയിൽ ആവിഷ്‌കരിക്കുകയും ചെയ്യുന്ന സി അയ്യപ്പനും മറ്റും, മറ്റൊരു രീതിയിൽ, ആ യാത്ര തുടങ്ങുകയും ചെയ്‌തിരുന്നു. ആധുനികത അമർത്തിവച്ച വ്യവഹാരങ്ങളെ പുതിയ കാലത്തിനനുസരിച്ച് വീണ്ടെടുക്കുന്ന പ്രവർത്തനമായിരുന്നു, യഥാർഥത്തിൽ, എൻ പ്രഭാകരനും കൂട്ടരും ചെയ്‌തത്. ആധുനികത (modernism) എന്ന കലാസിദ്ധാന്തത്തെയെന്നപോലെ, ആധുനികത (modernity) എന്ന ചരിത്രഘട്ടത്തെയും പ്രശ്നവൽക്കരിക്കുന്നുണ്ട് എൻ പ്രഭാകരന്റെ രചനകൾ. പ്രഭാകരന്റെ ‘അടിക്കോമരം' എന്ന കഥയിലെ ഉച്ചിലൻ എന്ന കഥാപാത്രത്തെ ഇ പി രാജഗോപാലൻ വായിക്കുന്നത് കാണൂ: "ഉച്ചിലൻ സിയാറ്റിൽ മൂപ്പന്റെ ഗോത്രത്തിൽപ്പെടുന്ന ഒരു കേരളീയനാണ്. അയാളുടെ ലോകവീക്ഷണം വേറെയൊന്നാണ്. ആധുനികതയുടെ മുഖ്യപാഠത്തിന് ഒരു നിലയ്‌ക്കും ഉച്ചിലന്റെ ബോധമെന്തെന്ന് മനസ്സിലാക്കാനാവില്ല. അത് ബാഹ്യതയുടെ ബോധമല്ല, ലാഭത്തിന്റെ നിലപാടല്ല, സ്വന്തമാക്കലിന്റെയും നിലനിർത്തലിന്റെയും വാശിയല്ല. അതിനെ തുണയ്‌ക്കാൻ ഒരു സർക്കാർ കടലാസും ഇല്ല. നിയമപരിരക്ഷ അതിന് കിട്ടുകയില്ല. അത് ആധുനികപൂർവമായ ഒരു ക്രമത്തിന്റെ അവശിഷ്‌ടമാണ്.
അത്തരം ക്രമങ്ങളെ ഒറ്റയടിക്ക് തട്ടിനീക്കിക്കൊണ്ടും വെട്ടിമൂടിക്കൊണ്ടുമാണ് ആധുനികത മുന്നോട്ടുപോയതും എങ്ങും പരന്നതും വേരിറക്കിയതും.’ (ഉൾക്കഥ, പേജ് 138). അങ്ങനെ, പല നിലയിൽ ആധുനികതയുടെയും ആധുനികാനന്തരതയുടെയും ഉത്തരാധുനികതയുടെയും ലാവണ്യപദ്ധതികളെ സ്വാംശീകരിച്ചുകൊണ്ടുതന്നെ അവയ്‌ക്ക് കുറുകെ സഞ്ചരിച്ചു എന്നതിനാലാണ് എൻ പ്രഭാകരൻ നമ്മുടെ ഭാഷയിലെ അനിവാര്യ എഴുത്തുകാരിൽ (Essential writers) ഒരാളായി മാറിയത്. മാറിവരുന്ന ജീവിതത്തോടൊപ്പം, അനുഭവങ്ങളുടെ മാറിമാറിവരുന്ന പ്രകൃതത്തോടൊപ്പം, സൂക്ഷ്മശ്രദ്ധയോടെ സഞ്ചരിച്ചതിന്റെ മുദ്രകളാണ് എൻ പ്രഭാകരന്റെ രചനകൾ.
സാഹിത്യസിദ്ധാന്തങ്ങളെക്കുറിച്ച് നല്ല ധാരണ എൻ പ്രഭാകരനുണ്ട്. ഒപ്പം, സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ സൂക്ഷ്‌മാവിഷ്‌കാരമായ സാഹിത്യം ഏതെങ്കിലും സിദ്ധാന്തത്തിന്റെയോ നിർവചനത്തിന്റെയോ തെളിവുസാമഗ്രിയല്ല എന്നും നിരൂപകൻ കൂടിയായ അദ്ദേഹത്തിനറിയാം. ‘കഥ തേടുന്ന കഥ', ‘കവിതയുടെ കാതൽ', ‘മൗനത്തിന്റെ മുഴക്കങ്ങൾ' തുടങ്ങിയ ലേഖനസമാഹാരങ്ങളിൽ പ്രവർത്തിക്കുന്നത് ഈയറിവാണ്. സൗന്ദര്യശാസ്‌ത്രത്തിലെ വിഭജനയുക്തികളെ മാനിക്കാത്ത ആഖ്യാനതന്ത്രം എൻ പ്രഭാകരന്റെ ഭാവനാത്മക കൃതികളുടെ സ്വരൂപത്തെ നിർണയിക്കുന്നു. സാമൂഹികമായോ മാനസികമായോ ഏകാന്തതയനുഭവിക്കുന്നവരാണ് അദ്ദേഹത്തിന്റെ മിക്ക രചനകളിലെയും ആഖ്യാതാവ് എന്നതുകൊണ്ടുകൂടിയാകാം, ഓർമയുടെയും സ്വപ്‌നത്തിന്റെയും ആത്മഭാഷണത്തിന്റെയും ഘടന എഴുത്തുവഴികളിൽ കൂടിക്കലരുന്നു; ചിലപ്പോഴെങ്കിലും, മാനസികവിഭ്രാന്തിയുടെയും. ഒപ്പം, പ്രാദേശികചരിത്രത്തിന്റെയും വാമൊഴിയുടെയും വ്യക്തിചിത്രണത്തിന്റെയും രീതികളും ഉപയോഗിക്കപ്പെടുന്നുണ്ട്. മാജിക്കൽ റിയലിസത്തിന്റെ സാധ്യത ചിലപ്പോൾ പ്രയോജനപ്പെടുത്തുന്നതു കാണാം; -യാഥാർഥ്യത്തിന് ഭാവനാപ്രതീതി വരുത്താനോ മറിച്ചോ ഉള്ള ആവശ്യത്തിനല്ല, യാഥാർഥ്യത്തെ കൂടുതൽ യാഥാർഥ്യം എന്ന നിലയിൽ അവതരിപ്പിക്കാൻ. രാഷ്‌ട്രീയജാഗ്രതയിലും യാഥാർഥ്യബോധത്തിലും ഊന്നിയുള്ള നിൽപ്പ് ആഖ്യാനത്തെ കേവലമായ കാലിഡോസ്‌കോപ് കാഴ്‌ചയല്ലാതാക്കുന്നു. ആദിമധ്യാന്തപ്പൊരുത്തം, സുഘടിതത്വം തുടങ്ങിയവയൊന്നും പരിഗണനാവിഷയങ്ങളല്ല ഇവിടെ. പലയടരുകളുള്ളതും ചിതറിയതുമായ രൂപത്തിലൂടെ യാഥാർഥ്യത്തിന്റെ ബഹുശാഖിയായ പടർച്ചയെയും സന്ദിഗ്ധതയെയും അനുഭവിപ്പിക്കാനാണ് ഈയെഴുത്തുകൾ പരിശ്രമിക്കുന്നത്.
എൻ പ്രഭാകരന്റെ രചനകളുടെ, വിശേഷിച്ചും നോവലുകളുടെ ഉൾപ്പടവിൽ നാടകമുണ്ട്. ഒരു മാതൃകാ ആഖ്യാനരൂപം, രാഷ്‌ട്രീയനിർഭരമായിരുന്ന ഒരു കാലത്തിന്റെ അടയാളം എന്നീ നിലകളിലാണ് നാടകം ഇവയിൽ സന്നിഹിതമായിരിക്കുന്നത്. നാട്ടുകൂട്ടം ഒരുക്കിയെടുക്കുന്നതും മാറിനിന്ന് അവർതന്നെ കാണുന്നതുമായ ഗ്രാമീണ നാടകങ്ങൾ കേരളത്തിന്റെ സാമൂഹികാവബോധത്തെ ആഴത്തിൽ പരിവർത്തിപ്പിച്ചവയായിരുന്നല്ലോ. അത്തരം നാടകങ്ങളിൽനിന്ന് നാട് വിച്ഛേദിക്കപ്പെടുന്നതിന്റെ സങ്കടവും സംഘർഷവും കൂടിയുൾപ്പെടുന്നതാണ് പ്രഭാകരന്റെ നോവലുകളിലെ വൈകാരികലോകം. ആധുനികകേരളത്തെ നിർമിച്ചെടുത്ത ഒരു കലാരൂപത്തെക്കുറിച്ചുള്ള ഗൃഹാതുരസ്മരണ സ്വന്തം കൃതികളുടെ ആന്തരികജീവിതത്തെ ഇത്രമേൽ നിർണയിക്കുന്നത് മലയാളത്തിൽ മറ്റൊരെഴുത്താളിലും നമുക്ക് കാണാനാവില്ല. തെയ്യവും ഒരു തിയേറ്ററനുഭവമായാണ് പ്രഭാകരന്റെ എഴുത്തുകളിൽ നിറയുന്നത്. പല രചനകളിലും നേരിട്ടുതന്നെ നാടകം വരുന്നു. ഏറ്റവും പുതിയ നോവലായ ‘മഹാനടന'ത്തിൽ "All the world is a stage, And all men and women merely players’ എന്നതുൾപ്പെടെ ചില ഷേക്‌സ്‌പിയർ വാക്യങ്ങൾ ഓർത്തതിനുശേഷം കേന്ദ്രകഥാപാത്രം ഗഗന്റെ ആത്മഗതം ഇങ്ങനെ: "ജീവിച്ചിരിക്കുന്നവർ, ഞാൻ ജീവിച്ചിരിക്കെ മരിച്ചുപോകുന്നവർ, എല്ലാവരും നടീനടന്മാരാണ്. ഈ ലോകവേദിയിൽ എന്നോടൊപ്പം ഓരോരോ റോളിൽ അഭിനയിക്കുന്നവർ. എല്ലാവരും അവരുടെ ജീവിതകാലത്ത് ഓരോരോ ഘട്ടങ്ങളിൽ ഓരോരോ ജീവിതാവസ്ഥകളെ അവതരിപ്പിച്ചുകൊണ്ട് പലതായി അഭിനയിക്കുന്നു.’ വാക്കുകൾ കൊണ്ട് സൃഷ്‌ടിച്ച ദൃശ്യഖണ്ഡങ്ങളായാണ് എൻ പ്രഭാകരൻ പലപ്പോഴും സംഭവങ്ങളെ അവതരിപ്പിക്കുന്നത് എന്നതും ‘പുലിജന്മം', ‘മരണക്കിണർ', ‘തീനടപ്പ്',‘മൂകസാക്ഷി', ‘വധു' എന്നിങ്ങനെ ചില നാടകങ്ങളുമെഴുതിയിട്ടുണ്ട് അദ്ദേഹം എന്നതും ഇതിനോടുചേർത്ത് മനസ്സിലാക്കാവുന്നതാണ്.
ഭാഷയാണല്ലോ ഏതെഴുത്താളിന്റെയും മാധ്യമം. ഭാഷയെ മുൻനിർത്തിയുള്ള ആലോചനകളും ഉത്‌ക്കണ്ഠകളും അറിഞ്ഞോ അറിയാതെയോ, എഴുത്തുകാരിലെല്ലാമുണ്ട്. എൻ പ്രഭാകരൻ സവിശേഷമായ ഒരു പഠനവിഷയമായിത്തന്നെ ഭാഷയെ പിന്തുടരുന്നു. "എന്റെ ദേശം പോർച്ചുഗീസ് എന്ന രാജ്യമല്ല, പോർച്ചുഗീസ് എന്ന ഭാഷയാണ്’ എന്ന് കവി ഫെർണാണ്ടോ പെസ്സോ പറഞ്ഞത് ആവർത്തിക്കാറുണ്ട് പ്രഭാകരൻ. (‘കഥാവസ്‌തു' എന്ന കഥയിൽ പ്രത്യക്ഷസാന്നിധ്യമായിത്തന്നെ പെസ്സോ കടന്നുവരുന്നു.) സ്വയം രൂപപ്പെടുത്തിയ ഭാഷാദർശനത്തിന്റെ വാസ്‌തുശിൽപ്പങ്ങൾ കൂടിയാണ് പ്രഭാകരന്റെ എഴുത്തുകൾ. സങ്കീർണതയില്ലാത്തതും അത്യന്തം വിനിമയശേഷിയുള്ളതുമായ ഭാഷയിൽ അദ്ദേഹം എഴുതുന്നു. നാടൻവാക്കുകളും നാടോടിയായ ആഖ്യാനരീതിയും ഉപയോഗിക്കാനുള്ള ഉത്സാഹവും ഇതിന്റെ ഭാഗമാകാം. ഒപ്പം, നാടോടിയാഖ്യാനങ്ങൾക്ക് യാഥാർഥ്യത്തെ ആവിഷ്‌കരിക്കാനുള്ള (അധിക)ശേഷിയെ വെളിപ്പെടുത്തിക്കാണിക്കുകയെന്ന താൽപ്പര്യവും ഏതൊക്കെയോ തരത്തിൽ ഫോക് പ്രകൃതമുള്ള ഈയെഴുത്തുകാരനുണ്ടാവാം. പക്ഷികളും മൃഗങ്ങളും മരങ്ങളും രചനകളിൽ ഇടംപിടിക്കുന്നത് യാദൃച്ഛികമല്ല. നാൽക്കാലികളോടും കാക്കകളോടും സംസാരിക്കുന്ന മനുഷ്യർ പഴയ ഗ്രാമീണജീവിതത്തിൽ വിരളമല്ലല്ലോ. ‘കുറുക്കൻ', ‘പൂവൻകോഴി' മുതലായ കഥകളും ‘ജന്തുജനം', ‘കാട്ടാട്' തുടങ്ങിയ നോവലുകളും എൻ പ്രഭാകരൻ എന്ന എഴുത്തുകാരനിൽനിന്ന് നമ്മൾ പ്രതീക്ഷിക്കുന്നതുതന്നെയാണ്. അതിയായ കൗശലംകൊണ്ട് കുറുക്കൻ കണ്ണൻ എന്ന് വിളിപ്പേരു കിട്ടിയ ഒരു കഥാപാത്രം ‘മഹാനടന'ത്തിലുമുണ്ട്.
ഭൂമിശാസ്ത്രപരവും സാംസ്‌കാരികവും, അതുവഴി അധികാരബദ്ധവുമായ കയ്യേറ്റവും ഇരകളായിത്തീർന്നവരുടെ അതിജീവനപരിശ്രമവും പ്രമേയമാകുന്നു ‘ജന്തുജനം' എന്ന നോവലിൽ. സ്വന്തമിടത്തുനിന്ന് കുടിയിറക്കപ്പെടുന്നവരാണ് ഇതിലെ കുറുക്കന്മാർ. നോവലിന്റെ തുടക്കത്തിൽ കാണാം: "കുറുക്കനുമുണ്ട് ഒരു ജീവിതം. അവനുമുണ്ട് ദുരിതങ്ങളും ദുഃഖങ്ങളും. ഇര തേടി നടക്കണം, ഇണ തേടി ഓടണം. ആയുസ്സിനെ കാത്തുകൊള്ളണം.’ മനുഷ്യകേന്ദ്രിതമായ ലോകബോധത്തോടുള്ള പരിഹാസപൂർണമായ വിമർശനമാണ് ‘ജന്തുജനം.’ ഈയർഥത്തിൽ post human നിലപാടാണ്, പ്രഭാകരന്റെ മറ്റു പല രചനകളുടേതുമെന്നപോല, ഈ നോവലിന്റേതും എന്നുപറയാം. എന്നാൽ, "രാഷ്ട്രങ്ങളെല്ലാം കൊഴിഞ്ഞുപോയാലും ഞാൻ പാമ്പുകൾക്കും പഴുതാരകൾക്കും വേണ്ടി സംസാരിക്കും, മനുഷ്യർക്കുവേണ്ടി സംസാരിക്കാൻ ധാരാളമാളുകളുണ്ടല്ലോ’ എന്ന മേതിലിയൻ നോട്ടമല്ല നോവലിന്.
മനുഷ്യരില്ലാതായിപ്പോയാലും തുടരുന്ന ലോകത്തെയല്ല നോവൽ ഭാവന ചെയ്യുന്നത്. മനുഷ്യപ്രകൃതത്തിലേക്ക് ഏറ്റെടുക്കപ്പെട്ട ജന്തുക്കളാണ് നോവലിലുള്ളത്. ജന്തുപക്ഷത്തുനിന്നുള്ള നോട്ടത്തിൽ വെളിപ്പെടുന്ന മനുഷ്യരുടെ ചിത്രങ്ങളാണ് ഈ നോവലിന്റെ കൗതുകകരമായ വ്യത്യസ്‌തതകളിലൊന്ന്. അന്നാമ്മച്ചേടത്തി പത്രക്കാരൻ ജോണിക്കുട്ടിയുമായി നടത്തുന്ന രഹസ്യസമാഗമത്തിനു സാക്ഷിയാകുന്നുണ്ട് ചെമ്പൻകുട്ടി എന്ന കുറുക്കൻ. പ്രകൃതിവാസനയും മനുഷ്യർ (മാത്രം) നിർബന്ധപൂർവം നിർമിച്ചെടുത്ത സംസ്‌കാരവും തമ്മിലുള്ള ഏറ്റുമുട്ടലിൽ പ്രകൃതിവാസന വിജയിക്കുന്ന സന്ദർഭമാണിതെന്ന് ആ കുറുക്കൻ കൗതുകത്തോടെ മനസ്സിലാക്കുന്നുണ്ടാകാം. (അത്രമേൽ സ്വാഭാവികവും ചിലപ്പോഴെങ്കിലും അപ്രതിരോധ്യവുമായ കാമത്തിന്റെ ഉൾവിളിയാൽ നയിക്കപ്പെട്ടെത്തുന്ന ഇത്തരം രഹസ്യബന്ധങ്ങൾ പ്രഭാകരന്റെ രചനകളിൽ പലേടത്തും കാണാം. ലൈംഗിക കാമനകളുടെ പ്രത്യക്ഷവും പ്രച്ഛന്നവുമായ വെളിപ്പെടലുകൾക്കുമേൽ കെട്ടിയുയർത്തിയ പരമ്പരാഗത സദാചാരയുക്തികളെ പ്രശ്‌നവൽക്കരിക്കുന്നുണ്ട് ആ രചനകൾ. ഇടതുപക്ഷ നൈതികതയുമായി ബന്ധപ്പെട്ട ആലോചനകളിലേക്കും അവ പലപ്പോഴും വികസിക്കുന്നു.) കൂവൽ എന്ന കുറുക്കപ്രകൃതവുമായി ബന്ധിപ്പിച്ച് അധ്യാപനത്തിന്റെയും ആത്മാവിഷ്‌കാരത്തിന്റെയും വർത്തമാനസന്ധികളെയും കാട്ടിത്തരുന്നുണ്ട് ‘ജന്തുജനം.' സ്വന്തം വേരിൽനിന്ന് മുറിച്ചുമാറ്റപ്പെട്ടവർ, മറ്റൊരിടം കിട്ടിയാലും, അനുഭവിക്കുന്ന സ്വത്വപരമായ സംഘർഷങ്ങളുടെയും സന്ദിഗ്ധതകളുടെയും കൂടി പ്രതിരൂപമാണ് നോവലിലെ ചെമ്പൻകുട്ടി.
നവകൊളോണിയലിസത്തിന്റെ വ്യാപാരയുക്തിയിൽ ഞെരിഞ്ഞമരുന്ന മനുഷ്യർ പ്രഭാകരന്റെ കഥാലോകത്തിൽ ധാരാളമുണ്ട്. ‘വ്യാപാരി', ‘വെള്ളരിക്കാപ്പട്ടണം' തുടങ്ങിയ ചെറുകഥകൾ ഇത്തരത്തിൽ അകമേ ചിതറിപ്പോവുന്ന മനുഷ്യാവസ്ഥയെ വെളിപ്പെടുത്തുന്നു. കഴിഞ്ഞ വർഷത്തെ (2025) കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം എൻ പ്രഭാകരന് നേടിക്കൊടുത്ത ‘മായാ മനുഷ്യർ' എന്ന നോവൽ, മുതലാളിത്തത്തിന്റെ വ്യക്തിഘടനാ നിർമിതിക്ക് കീഴ്പ്പെട്ടുകഴിഞ്ഞ ഈ പുതിയ മനുഷ്യരുടെ കഥയാണ്. വിപണിയുടെ മുൻഗണനാക്രമങ്ങളെ സ്വന്തം തെരഞ്ഞെടുപ്പുകളായി തെറ്റിദ്ധരിക്കുന്ന ഈ മനുഷ്യർ, യഥാർഥത്തിൽ, ഉപഭോഗഭ്രാന്തിന്റെ ഇരകളാണ്. ആഗോളീകരണത്തിന്റെ സാംസ്‌കാരികയുക്തികളിൽ ആസകലം മുങ്ങിയ സത്യാനന്തരകാലമാണ് (Post truth era) ‘മായാമനുഷ്യരി’ലെ സമയഭൂമിക. മുൻകൂറായി നിലനിൽക്കുന്നതും സത്താപരവുമായ സത്യം എന്നൊന്നില്ല എന്നും, അതുകൊണ്ടുതന്നെ, കണ്ടെത്തേണ്ടതല്ല, നിർമിക്കേണ്ടതാണ് സത്യം എന്നുമാണല്ലോ (Reality is not to be found out, it is to be created) ആഗോളീകരണം മനുഷ്യരെ ബോധ്യപ്പെടുത്തുന്നത്. "വസ്‌തുതകളില്ല വ്യാഖ്യാനങ്ങളേയുള്ളൂ’ എന്ന പുതുകാല ലോഗോ അദൃശ്യമായി തൂങ്ങിക്കിടക്കുന്നുണ്ട് നമ്മുടെ വ്യവഹാരമണ്ഡലങ്ങളിലെല്ലാം. സാമ്പത്തികവും സാംസ്‌കാരികവും രാഷ്ട്രീയവും വിദ്യാഭ്യാസപരവും ആധ്യാത്മികവുമായ പ്രക്രിയകളിൽ ഈ ലോകബോധം പിടിമുറുക്കുന്നത് നോവലിലെ കേന്ദ്രകഥാപാത്രമായ ഗമന്റെ സഞ്ചാരവഴികളിലെല്ലാം അനുഭവപ്പെടുന്നു. കുടുംബം, സൗഹൃദം, ദാമ്പത്യം, ചരിത്രം, തത്വചിന്ത, സാഹിത്യം, മാധ്യമം തുടങ്ങിയ സാമൂഹികസ്ഥാപനങ്ങളെയും ആവിഷ്‌കാരഗണങ്ങളെയും ജ്ഞാനരൂപങ്ങളെയുമെല്ലാം മറഞ്ഞിരുന്ന് നിയന്ത്രിക്കുകയാണ് ഈ ആഗോളക്രമം. പുതുമുതലാളിത്തത്തിന്റെ സാമ്പത്തികതന്ത്രങ്ങൾ ഗമന്റെ രാപ്പകലുകളിലുണ്ടാക്കിയ അട്ടിമറികളും തുടർന്ന് ഗമൻ നടത്തുന്ന ഭൗതികവും ആന്തരികവുമായ സഞ്ചാരങ്ങളുമായാണ് ‘മായാമനുഷ്യർ' വികസിക്കുന്നത്. ഗമന്റെ വിചാരങ്ങളും ഭാവനയും അനുഭവങ്ങളും ഭാഷണങ്ങളും പ്രവർത്തനങ്ങളുമായി ആഖ്യാനം മുന്നേറുന്നു. താൻ കണ്ടെത്തുന്നതും തന്നിലൂടെ കടന്നുപോകുന്നവരുമായ മനുഷ്യരെയും അവരുടെ ജീവിതത്തെയും മായക്കാഴ്‌ചകളായി ഗമൻ അറിയുന്നു. സ്വന്തം ജീവിതത്തെ അയാളനുഭവിക്കുന്നതും മായക്കാഴ്‌ചയായിത്തന്നെ. നോവലിലെ ഇതരകഥാപാത്രങ്ങൾക്കും സ്ഥാപനങ്ങൾക്കും സന്ദർഭങ്ങൾക്കുമൊന്നും കാര്യമായ ഒരു ധർമവുമനുഷ്ഠിക്കാനില്ല ഇവിടെ; ഗമന്റെ തോന്നലുകളുടെ സാധൂകരണയുക്തിയായി പ്രവർത്തിക്കുകയല്ലാതെ. ബദൽജീവിതത്തിന്റെ സാധ്യതകളിലേക്ക് വിരൽചൂണ്ടേണ്ട സാഹിത്യം പോലും പൈങ്കിളിവൽക്കരിക്കപ്പെടുയും വ്യവസ്ഥാനുകൂലമാവുകയും ചെയ്യുന്നതിന്റെ ചിത്രങ്ങളും നോവലിലുണ്ട്. ഗമൻ ജോലിക്കെത്തുന്ന ‘സ്‌മൃതിവിരുന്ന്' മാസിക ഈയവസ്ഥയുടെ സാക്ഷ്യങ്ങളിലൊന്നാണ്. രണ്ടു പതിറ്റാണ്ടുമുമ്പ് താനെഴുതിയ ‘മായാമയൻ' എന്ന ചെറുകഥയിൽനിന്നാണ് ഈ നോവലുണ്ടായത് എന്ന് പ്രഭാകരൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അപ്പോഴും, ഈ കാലത്തിനിടയിൽ മലയാളി നടന്നുതീർത്ത ദൂരങ്ങളുടെകൂടി അടയാളങ്ങൾ അസാമാന്യമായ വിശകലനശേഷിയോടെ വിന്യസിക്കപ്പെടുന്നു എന്നതാണ് നോവലിന്റെ സമകാലികതയ്‌ക്കടിസ്ഥാനം.
എൻ പ്രഭാകരന്റെ ഭാഷയുടെ ലാളിത്യം ഒരുതരത്തിലും ഗൗരവത്തിന്റെ എതിർനിലയല്ല. നിർവചിക്കപ്പെടാനോ സാമാന്യവൽക്കരിക്കപ്പെടാനോ നിന്നുതരാത്ത മനുഷ്യാവസ്ഥകളാണ് ഈ ഭാഷയിലൂടെ ആവിഷ്‌കരിക്കപ്പെടുന്നത്. ജീവിതം രേഖീയവും ഏകപക്ഷീയവുമായി മുന്നേറുന്നു എന്ന് തോന്നിപ്പിക്കുന്ന ഒരു കഥാപാത്രവുമില്ല പ്രഭാകരന്റെ എഴുത്തുലോകത്തിൽ. ‘ഞാൻ മാത്രമല്ലാത്ത ഞാൻ' എന്ന ആത്മകഥയിലെ ആഖ്യാതാവുൾപ്പെടെ. ഒറ്റഭാവത്തിന്റെ ആവിഷ്‌കാരമല്ല വ്യക്തി എന്ന വിശ്വാസത്തിന്റെ വിളംബരമാണ് പ്രഭാകരന്റെ കഥാപാത്രങ്ങളെല്ലാം. ഒരേസമയം അധാർമികതയിലും കാരുണ്യത്തിലും പുലരുന്ന മനസ്സുമായി ‘തീയൂർ രേഖകൾ' എന്ന നോവലിലെ വെള്ളേൻ, അപരിചിതമായ അനുഭവങ്ങളുടെ പരമ്പരയെ ഓർത്തെടുക്കുന്ന ‘അദൃശ്യവനങ്ങ'ളിലെ കൃഷ്‌ണ, കൃഷ്‌ണയുടെ മനസ്സിലൂടെ നമ്മളറിയുന്ന ദിലീപ്, ജയമോഹൻ, ജോസഫ്, ‘മഹാനടനം' എന്ന പുതിയ നോവലിലെ ഗഗൻ തുടങ്ങി ആരെ മുന്നിൽ നിർത്തിയും ഇതുദാഹരിക്കാം. കൃഷ്‌ണയോട് സൈക്കോളജി പ്രൊഫസർ ഫിലിപ്പ് പറയുന്നു, "ജീവിതത്തിൽ നിങ്ങൾ നേരിടുന്ന ഏതൊരു പ്രശ്നവും നിങ്ങളുടെ ജീവിതത്തിന്റെ തന്നെ ഫലമാണ്. നിങ്ങളുടെ ജീവിതമോ, നിങ്ങളുടെ തീർപ്പുകൾക്കനുസരിച്ചുള്ളതല്ല. നിങ്ങളുടെ തീർപ്പുകൾ നിങ്ങളുടെ തീർപ്പുകളുമല്ല.’ ഇത്തരത്തിൽ, അപ്രതീക്ഷിതത്വമാണ് ജീവിതത്തിന്റെ മനസ്സിലാക്കാവുന്ന ഒരേയൊരു യാഥാർഥ്യം എന്ന് തോന്നുംവിധമാണ് പലപ്പോഴും പ്രഭാകരന്റെ നോവലുകളിൽ പ്രമേയം വികസിക്കുന്നത്. അതേസമയം, അനിവാര്യമായ അനിശ്ചിതത്വങ്ങൾക്കപ്പുറം, മനുഷ്യേച്ഛകൾ സാമൂഹികജീവിതത്തെ അടിമുടി പുതുക്കിപ്പണിയുന്നതിന്റെ പ്രത്യക്ഷങ്ങൾ എത്രയെങ്കിലുമാവിഷ്‌കരിച്ചുകൊണ്ട്, വിധിയുടെ കേവലമായ ഇരകളായി മാറാൻ കൂട്ടാക്കാത്ത മനുഷ്യരുടെ കളിയരങ്ങായി നാട് ചിത്രീകരിക്കപ്പെടുന്നു ഇവിടെ.
എൻ പ്രഭാകരൻ
ഫോട്ടോ: ശശി കയ്യൂർ
പറശ്ശിനിക്കടവ്, എരിപുരം, കുടക്, നാഗർകോവിൽ, തലശ്ശേരി എന്നിങ്ങനെ വിവിധ നാടുകളിൽ ജീവിച്ചിട്ടുണ്ട് എൻ പ്രഭാകരൻ. ആ ജീവിതങ്ങളെ മുൻനിർത്തി ആത്മകഥാപരമായും ഭാവനാത്മകമായും ചിലതെഴുതിയിട്ടുമുണ്ട്. എങ്കിലും, എരിപുരമാണ് അദ്ദേഹത്തിന്റെ എഴുത്തിന്റെ അടിസ്ഥാനപ്രതലം. എത്രയെങ്കിലുമളവിൽ, ഏതെങ്കിലും രീതിയിൽ. ആത്മകഥയിൽ അദ്ദേഹമെഴുതുന്നു:- "മൂഷകവംശത്തിൽ രിപുരാമൻ എന്ന ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് എരിപുരത്തിന്റെ പേര് മാരിപുരം എന്നായിരുന്നു. രിപുരാമനുശേഷം അധികാരത്തിലെത്തിയ പാലികന്റെ കാലത്ത് മാരിമൂപ്പന്റെ നാട്ടുമൂപ്പന്മാർ മൂഷകന്മാരുടെ അധീനതയിലുള്ള ചില പ്രദേശങ്ങൾ ആക്രമിച്ചു കീഴടക്കി. തുടർന്ന് പാലികൻ വലിയൊരു സൈന്യവുമായി വന്ന് മാരിപുരത്തെ അഗ്നിക്കിരയാക്കി. അതിനുശേഷമാണ് മാരിപുരം എരിഞ്ഞപുരം എന്ന അർഥത്തിൽ എരിപുരം എന്നറിയപ്പെടാൻ തുടങ്ങിയത്. ഏഴിമല രാജാവായിരുന്ന നന്നൻ ചേരസൈന്യവുമായി ഏറ്റുമുട്ടിയ പാഴിയുദ്ധത്തിലും പിന്നീട് ചേരരാജാവായ നാർമുടിചേരൽ നന്നനെ വധിച്ച വാകൈ പെരുന്തുറൈ യുദ്ധത്തിലുമായി പൂർണമായും എരിഞ്ഞുപോയ പുരമാണ് എരിപുരം എന്ന മറ്റൊരു ഐതിഹ്യവും രേഖപ്പെടുത്തിക്കണ്ടിട്ടുണ്ട്. ഏതോ ഒരു പോർച്ചുഗീസ് രേഖയിൽ എരിപുരത്തെ പരാമർശിച്ചുകൊണ്ടുപയോഗിച്ച വാക്കുകൾ ‘The city of burning fires' എന്ന് ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്താവുന്നവയാണെന്ന് ഞാൻ ഹൈസ്‌കൂൾ വിദ്യാർഥിയായിരുന്ന കാലത്ത് എരിപുരത്ത് നടന്ന ഒരു സാംസ്‌കാരിക സമ്മേളനത്തിൽ പ്രസംഗകരിലൊരാൾ പറയുന്നത് കേട്ടിരുന്നു. ഫോക് എറ്റിമോളജി അനുസരിച്ചും എരിപുരം എരിഞ്ഞ പുരം തന്നെ. തപസ്സനുഷ്ഠിക്കേ തന്നിൽ കാമമുണ്ടാക്കാൻ ശ്രമിച്ച കാമദേവനെ ശിവൻ മൂന്നാം കണ്ണിൽനിന്ന് പുറപ്പെടുവിച്ച തീ കൊണ്ട് എരിച്ചുകളഞ്ഞ പുരമാണ് എരിപുരം എന്ന് പുരാവൃത്തം. ഈ വിവരങ്ങളുടെയൊക്കെ പിന്തുണയോടെ എരിപുരവും സമീപഗ്രാമങ്ങളുമെല്ലാം ഉൾച്ചേരുന്ന ഒരു പ്രദേശത്തെ മനസ്സിൽ ഉറപ്പിച്ചുവെച്ച് അതിന്റെ അടിസ്ഥാനത്തിൽ ഭാവന ചെയ്‌ത ഒരു ദേശത്തിനാണ് ഞാൻ തീയൂർ എന്ന് പേരിട്ടത്. "തസ്രാക്ക്’ ഖസാക്ക് ആയതുപോലെ എരിപുരം തീയൂർ ആയി.’
‘തീയൂർ രേഖകൾ' എന്ന നോവലിൽ നേരിട്ടുതന്നെ പ്രഭാകരൻ ആവിഷ്‌കരിക്കുന്നത് സ്വന്തം നാടിനെയാണ്. കള്ളൻ വെള്ളേൻ, വാർധാ ഗോപാലൻ, ദ്രൗപതി, ആമച്ചാലിൽ അപ്പേട്ടൻ, ശ്രീധരൻ മാഷ്, കുഞ്ഞുമാണി, അരിവാൾ അച്ചുവേട്ടൻ, അപ്പുവേട്ടൻ, ഭരതൻ, മുത്തമ്മ, ഞവിണിച്ചി, ചീയേയി തുടങ്ങിയ കഥാപാത്രങ്ങളുടെ ദൈനംദിനങ്ങളിലൂടെ ഇരുപതാം നൂറ്റാണ്ടിലെ രണ്ടാം പകുതിയിലെ ഒരു വടക്കൻ കേരളചിത്രം നോവലിൽ തെളിഞ്ഞുവരുന്നു. സാധാരണ മനുഷ്യരുടെ സാമൂഹികബോധത്തിന്റെയും ചരിത്രജ്ഞാനത്തിന്റെയും രാഷ്ട്രീയ ഇച്ഛകളുടെയും അടയാളങ്ങളായി ഗാന്ധിസവും കമ്യൂണിസവും നക്‌സലിസവും പ്രകൃതിജീവനവുമെല്ലാം അവിടെ ചർച്ച ചെയ്യപ്പെടുന്നു. മൊറാഴ സമരവും അടിയന്തരാവസ്ഥയും ഇന്ദിരാ ഗാന്ധിയും ഇ എം എസുമെല്ലാം സാന്നിധ്യമറിയിക്കുന്നതിലൂടെ ഒരു ഭാവനാത്മകാവിഷ്‌കാരത്തിന് ചരിത്രപ്രതീതി കൈവരികയാണ്.
എൻ പ്രഭാകരൻ, എം ടി, എൻ പി മുഹമ്മദ്, സക്കറിയ ഫോട്ടോ: എ കെ മുണ്ടോൾ
ലോകത്തെമ്പാടുമായി ചിതറിക്കിടക്കുന്ന പലതരം മനുഷ്യവംശങ്ങളുടെ പാരസ്‌പര്യത്തിന്റെയും അവിശ്വസനീയമായ അലച്ചിലുകളിലൂടെ പല നാടുകളിൽ അവർ വേരുറപ്പിച്ചതിന്റെയും തിളങ്ങുന്ന സാക്ഷ്യമായ ജൂതക്കുളം തീയൂരിന്റെ ചരിത്രത്തിന് ആഴമേറ്റുന്നു. ചെറുതുകളെയും സാധാരണത്വത്തെയും പരിഗണിക്കാത്തതും ബൃഹദാഖ്യാനങ്ങളായി നിലനിന്നുപോരുന്നതുമായ സാമ്പ്രദായികചരിത്രത്തിന് സമാന്തരമായി സ്വന്തം വ്യവഹാരങ്ങളിലൂടെ മറ്റൊരു ചരിത്രം നിർമിക്കുന്നു തീയൂർ എന്ന പ്രദേശം. മനുഷ്യർ പെരുമാറുന്നിടത്തെല്ലാം ചരിത്രമുണ്ട് എന്നതാണ് നിലപാട്. "ഉദാരമാനവികതയുടെ വ്യവഹാരത്തിൽ അധിഷ്ഠിതമായ ഔദ്യോഗികചരിത്രമെന്ന ബൃഹദാഖ്യാനത്തെ, അതിന്റെ കേന്ദ്രത്തിലുള്ള സാർവലൗകികസത്തകളുടെ പ്രകാശനമായ മനുഷ്യകർതൃത്വത്തെ, എൻ പ്രഭാകരന്റെ ‘തീയൂർ രേഖകൾ' അതിന്റെ പ്രാദേശികതയിലുള്ള ഊന്നൽ നിമിത്തം തകർക്കുന്നു’ എന്ന് എ സി ശ്രീഹരി നിരീക്ഷിക്കുന്നു. (സാഹിത്യലോകം 2020 സെപ്തംബർ‐ഒക്ടോബർ.) സമൂഹത്തിന്റെ (അ)ബോധത്തെ നിർണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന പുരാവൃത്തങ്ങളും ആചാരാനുഷ്ഠാനങ്ങളും ഭ്രമകൽപ്പനകളുമെല്ലാം ഈ സമാന്തര ചരിത്രനിർമിതിയിൽ ഇടപെടുന്നുണ്ട്.
‘ഒരു കാലഘട്ടത്തിൽ ഒരു ഭൂവിഭാഗത്തിൽ ജീവിച്ച ഭിന്നപ്രകൃതികളും അതുകൊണ്ടുതന്നെ ഭിന്നസ്വരമാർന്ന അനുഭവങ്ങളിലൂടെ കടന്നുപോയവരുമായ ഏതാനും മനുഷ്യരുടെ ജീവിതങ്ങളെ അവയുടെ അന്തസ്സത്തയോട് പൂർണമായ സത്യസന്ധത പുലർത്തിക്കൊണ്ട് ആവിഷ്‌കരിക്കുന്നതിലെ ആനന്ദമാണ് നോവലെഴുത്ത് എല്ലായ്‌പ്പോഴും എനിക്ക് നൽകിപ്പോന്നിട്ടുള്ളത്’ ‐ - പുതിയ നോവലിന്റെ ആമുഖത്തിൽ എൻ പ്രഭാകരൻ പറയുന്നു. ‘മഹാനടനം', ‘തീയൂർ രേഖകൾ' പോലെ, എരിപുരത്തിന്റെ അനൗദ്യോഗികചരിത്രം തന്നെയാണ്. "ജീവിതംപോലെ പരപ്പുകളും ഒളിയിടങ്ങളും താഴ്‌ചകളും ഉയർച്ചകളും തിരിവുകളും പല പല തെളിച്ചങ്ങളുമെല്ലാമുള്ളതെങ്കിലും അവയൊന്നും ഇല്ലെന്നു ഭാവിച്ച് കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്നത് എന്ന പ്രതീതിയുണ്ടാക്കുന്ന മാടായിപ്പാറയാണ് ഈ നോവലിന്റെ പ്രത്യക്ഷഭൂമി. എരിപുരത്തിന്റെ മേൽപ്പരപ്പാണ് മാടായിപ്പാറ. യഥാർഥജീവിതം എന്ന ഒന്നില്ലെന്നും "ഒരാൾ സ്വന്തം ജീവിതത്തെക്കുറിച്ച് ഓർക്കുന്നതെന്തോ അതുതന്നെയാണ് ജീവിതം’ എന്നും വായനക്കാരെ ബോധ്യപ്പെടുത്തുന്ന തരത്തിലാണ് നോവലിന്റെ ഘടന. ഗഗൻ എന്ന പ്രധാന കഥാപാത്രം തന്റെ തന്നെ സ്വത്വവുമായി ബന്ധപ്പെട്ട് ഉയർത്തുന്ന ചോദ്യങ്ങളും അവയ്‌ക്ക് കിട്ടുന്ന പ്രതികരണങ്ങളും ഗഗന്റെ ആലോചനകളും ഓർമകളുമെല്ലാമായി ഒരു നാടിന്റെ ചരിത്രം ദൃശ്യവൽക്കരിക്കപ്പെടുന്നു. ഒരേസമയം വിദൂരഭൂതകാലത്തെയും ഭാവിയെയും വെളിപ്പെടുത്താനുതകുന്ന തരത്തിൽ അയവുള്ള ആഖ്യാനമാണ് നോവലിേന്റത്. സൂക്ഷ്മചരിത്രം വ്യക്തിയിൽ പ്രവർത്തിക്കുന്നതും അതുവഴി വ്യക്തിയിൽ വരുന്ന പരിണാമവും ഈ നോവലിലും എമ്പാടും കാണാം. "എല്ലാ കാലത്തും ആളുകൾ ഒരുപോലെയായിരിക്കില്ലല്ലോ. അവർ മാറി. അവരുടെ ലോകം വേറെ എന്തോ ആയി. ഞാൻ പിന്നെ അവരെ നേരെയാക്കിക്കളയാം എന്നു വിചാരിച്ച് ഒന്നും ചെയ്യാൻ പുറപ്പെട്ടില്ല. അതിന്റെ ആവശ്യമുള്ളതായി എനിക്കു തോന്നിയില്ല. അപ്പോഴേക്കും ഞാനും മാറിയിരുന്നു’‐ - നോവലിലെ ഒരു കഥാപാത്രമായ ശിവൻ പറയുന്നു. ഞാൻ അനുഭവിക്കുന്ന ലോകമാണ് എന്റെ ലോകം എന്ന സ്വാഭാവികപരിമിതിയും ആ പരിമിതിയെ മുറിച്ചുകടക്കാൻ മനുഷ്യർ നടത്തുന്ന ബോധപൂർവമായ പരിശ്രമങ്ങളുമെല്ലാം ചേർന്ന് സൃഷ്ടിക്കുന്ന തെളിച്ചങ്ങളും കലക്കങ്ങളും നോവലിലുണ്ട്. കാമനകളും ദൗർബല്യങ്ങളും ധാർമികബോധവും ഭാവനയും വിചാരവും ധൈഷണികശേഷിയും വിശകലനസന്നദ്ധതയുമെല്ലാം ഒരുമിച്ചു പ്രവർത്തിക്കുന്നതിലൂടെ ആന്തരികമായി പിളർക്കപ്പെടുന്ന വ്യക്തി തീർച്ചയായും ഏകവചനമല്ല. ഏകവചനമായുറച്ചുനിൽക്കാനുള്ള പരിശ്രമങ്ങളിൽ പരാജയപ്പെടുകയും പലതായി പകർന്നാടേണ്ടിവരുന്നതിലൂടെ ബഹുവചനമാവുകയും ചെയ്യുന്നു വ്യക്തി എന്ന്, സ്മൃതിനാശമുൾപ്പെടെയുള്ള മഹാരോഗങ്ങളെ കേന്ദ്രത്തിൽ നിർത്തിയുള്ള ആഖ്യാനത്തിലൂടെ,‘ബഹുവചനം' എന്ന നോവലും പറയുന്നുണ്ട്; ഈയൊരു പ്രമേയം മാത്രമല്ല ആ നോവൽ എങ്കിലും. ജയൻ, സാബു, ചന്ദ്രേട്ടൻ തുടങ്ങി ‘ബഹുവചന'ത്തിലെ പല കഥാപാത്രങ്ങളും വ്യക്തിയെ ബഹുവചനമാക്കി മാറ്റുന്ന ജീവിതത്തിന്റെ പ്രഹരശേഷിയിൽ തകർന്നുപോയവരാണ്.
എൻ പ്രഭാകരൻ ഫോട്ടോ: ഷാഗി
ഇന്ത്യയിലെ സമാനതകളില്ലാത്ത മർദകസംവിധാനമായ ജാതിയാണ് ‘ക്ഷൗരം' എന്ന ലഘുനോവലിലുള്ളത്. ബാർബർമാരെക്കുറിച്ച് നമ്മുടെ ഭാഷയിലുണ്ടായിട്ടുള്ള ആദ്യകഥയായിരിക്കാം ‘ക്ഷൗരം.' തീയ്യരുടെ ക്ഷുരകന്മാർ കാതിയർ/കാവുതീയർ ആണെന്നും നായർ ജാതിക്കാരുടേത് നാതിയർ/നാവുതീയർ ആണെന്നും ചരിത്രം പറയുന്നു. നൂറ്റാണ്ടുകളോളം ജാതിഘടനയുടെ പ്രത്യയശാസ്ത്രം (കേരളീയ)ജീവിതത്തിൽ വിമർശനരഹിതമായി തുടർന്നതിന്റെ അടയാളങ്ങൾ കഥയിലുടനീളം ആനുഭൂതികമായി വിന്യസിക്കപ്പെട്ടിട്ടുണ്ട്. തൊഴിലും പദവിയും അധികാരവും മാന്യതയും സാമ്പത്തികാവസ്ഥയുമെല്ലാമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു സവിശേഷവ്യവഹാരരൂപമായി ജാതി പ്രവർത്തിക്കുന്നതിന്റെ പ്രത്യക്ഷസാക്ഷ്യമാണ് കഥയിലെ നാരായണൻ. കാതിയൻ നാരായണൻ എന്ന് അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നതോടെയാണ് കഥ ചലിക്കുന്നത്. മലയാളിജീവിതത്തിന്റെ മുകൾപ്പരപ്പിൽ കാണുന്ന വെളിച്ചത്തിന്റെ അടിയിൽ എത്ര ഭീകരമായ ഇരുട്ടാണ് എന്ന് മനുഷ്യാനുഭവങ്ങളുടെ മൂർത്തതയിൽ നോവൽ കാണിച്ചുതരുന്നു. നവോത്ഥാനത്തിന്റെ തുടർച്ചകളെ, ഒരർഥത്തിൽ നവോത്ഥാനത്തെത്തന്നെയും, വിചാരണ ചെയ്യുന്ന നോവൽസന്ദർഭങ്ങളിലൊന്ന് ഇങ്ങനെ: "പത്തുനാൽപ്പതുകൊല്ലം മുമ്പായിരുന്നെങ്കിൽ ബലിയുടെ കാര്യം പറയുമ്പോൾ എതിർക്കാനും പരിഹസിച്ചു ചിരിക്കാനുമൊക്കെ കുറച്ചേറെ ആളുകളുണ്ടാവുമായിരുന്നു. എന്ത് ആത്മാവ്, എന്ത് പരലോകം, എന്ത് കർമം ചെയ്യൽ എന്നൊക്കെ പരസ്യമായി ചോദിക്കാൻ ധൈര്യപ്പെടുന്നവരായി തീയൂരിൽ മാത്രം പത്തിരുപതുപേരെങ്കിലും അന്നുണ്ടായിരുന്നു. പിന്നെ ആ മട്ടിലുള്ള ചോദ്യം ചെയ്യലുകളെല്ലാം പരിഹാസ്യങ്ങളായിത്തീർന്നു. ജാതി, സമുദായം, കർമം, പൂജ, വഴിപാട് എല്ലാം അതിന്റെ വഴിക്ക് നടക്കട്ടെ എന്ന് സകലരും ചിന്തിച്ചുതുടങ്ങി. അതിലൊക്കെ എല്ലാവരും സുഖം കണ്ടെത്തിത്തുടങ്ങി.’ ഭൂതകാലസാന്നിധ്യം മാത്രമായി ജാതിയെ മനസ്സിലാക്കുന്നതും സാംസ്‌കാരികമൂലധനമായി ജാതിയെ മനസ്സിലാക്കാതിരിക്കുന്നതുമെല്ലാം അധികാരത്തിന്റെ സാമൂഹികബലതന്ത്രങ്ങളെക്കുറിച്ചുള്ള അജ്ഞതയുടെ അടയാളമാകുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിനാണ് ആനുഭൂതികമായി, ദൈന്യത്തിന്റെയും സ്വയംവിശകലനത്തിന്റെയും രാഷ്ട്രീയവിമർശനത്തിന്റെയും ഭാഷയിൽ, ‘ക്ഷൗരം' ഉത്തരം പറയുന്നത്.
എൻ പ്രഭാകരൻ
ഫോട്ടോ: ഒ അജിത്‌കുമാർ
നാരായണന്റെ വാക്കുകൾ കേൾക്കുക: "ഞാനിനി വിപ്ലവത്തിനൊന്നും ഇല്ല. ഏതു രാഷ്ട്രീയകക്ഷിയുടെ ആളായാലും അമ്പലോം ആചാരോം കഴിഞ്ഞിട്ടേ നമ്മളെ നാട്ടുകാർക്ക് വേറെ കാര്യമുള്ളൂ. ഞാൻ ഓറെ കൂടെ കൂടാൻ തന്ന്യാ ഇനി ഉദ്ദേശിക്കുന്നത്.’ ‘മരിച്ചവന്റെ യാത്ര’, ‘അലാമി’ തുടങ്ങി നിരവധി കഥകളിൽ ഇടതുപക്ഷത്തിന്റെ മൂല്യവ്യവസ്ഥയെ പുനഃസന്ദർശിക്കാൻ പ്രഭാകരൻ നടത്തിയ ശ്രമം തന്നെയാണ്, മറ്റൊരു രീതിയിൽ, ഇവിടെയുമുള്ളത്. "ഇന്ത്യയിൽ തൊഴിലാളിവർഗവിപ്ലവത്തിന്റെ മുന്നുപാധി ജാതിനിർമാർജനമാണ്’ എന്ന അംബേദ്കർ വാക്യത്തിന്റെ സൗന്ദര്യാത്മകമായ ന്യായീകരണസാമഗ്രിയായി, ദളിത് ഉയിർപ്പിന്റെ ഇക്കാലത്ത്, ‘ക്ഷൗരം' വായിക്കപ്പെടാം.
"ആധുനികതയുടെ വ്യവഹാരത്തിൽ കീഴാളർക്ക് ബലിമൃഗമായി മാത്രമേ പ്രവേശനമുള്ളൂ എന്നത് സമകാലീനസമൂഹം നേരിടുന്ന നൈതികസമസ്യയാണ്’ എന്ന് ‘കീഴാളനോവലുകൾ ബലിപുരാണങ്ങളായി തുടരണോ?' എന്ന ലേഖനത്തിൽ ഡോ. ഇ വി രാമകൃഷ്‌ണൻ എഴുതുന്നുണ്ട്. അരുന്ധതി റോയ്, അമിതാവ് ഘോഷ്, കെ ആർ മീര എന്നിവരുടെ രചനകളിലെ കീഴാള ‘ഇര'കൾ മരണപ്പെടുന്നതെന്തുകൊണ്ടെന്നും എൻ പ്രഭാകരന്റെ എഴുത്ത് അതിനെ അതിജീവിക്കുന്നതെങ്ങനെയെന്നും വിശകലനം ചെയ്യുന്നതിന് ആമുഖമായാണ് ഈ നിരീക്ഷണം. എക്കാലത്തേയും ഇരകൾ എന്നിടത്തുനിന്നും മാറി കീഴാളർ മിണ്ടിത്തുടങ്ങുന്ന, അവർക്ക് നിർവാഹകത്വശേഷി (agency) കൈവരുന്ന, രചനയായി എൻ പ്രഭാകരന്റെ ‘ഏഴിനുംമീതെ' എന്ന നോവലിനെയും ‘പുലിജന്മം' എന്ന നാടകത്തെയും വായിക്കുകയാണദ്ദേഹം. മാങ്ങാട്ടുനിന്ന് കുടക് മലയിലേക്ക് പോയ മന്ദപ്പൻ ചതിയിൽ കൊല ചെയ്യപ്പെടുകയും പിന്നീട് കതിവനൂർ വീരൻ എന്ന തെയ്യം/ദൈവം ആയി മാറുകയും ചെയ്‌ത വിഖ്യാതമായ കഥയിൽനിന്നാണ് പ്രഭാകരൻ ‘ഏഴിനും മീതെ' സൃഷ്ടിച്ചത്. പുരാവൃത്തത്തിലെ ദൈവത്തെ മനുഷ്യനായിത്തന്നെയാണ് നോവലിൽ അവതരിപ്പിക്കുന്നത്. കളരിയഭ്യാസവും അക്ഷരവിദ്യയും ഒടിവിദ്യയും അറിയുന്ന കാരിഗുരുക്കൾ നാടുവാഴിയുടെ ഭ്രാന്തും നാടിന്റെ ആധിയും മാറ്റാൻ പുലിവേഷം കെട്ടി പുലിജടയും പുലിവാലും കൊണ്ടുവരാൻ പോവുകയും തിരിച്ച് മനുഷ്യരൂപം പ്രാപിക്കാനാവാത്തവിധം ചതിയിൽപ്പെടുന്നതുമാണ് ‘പുലിജന്മം' എന്ന നാടകത്തിന്റെ ഇതിവൃത്തം. (1988ൽ, പുറത്തിറങ്ങിയ ഉടനെ, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ നാടകം 2006ൽ സിനിമയാവുകയും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടുകയും ചെയ്‌തു.) ഡോ. രാമകൃഷ്‌ണൻ എഴുതുന്നു: "എൻ പ്രഭാകരൻ പുനരാഖ്യാനം ചെയ്‌ത കതിവനൂർ വീരന്റെ കഥയിൽ (ഏഴിനും മീതെ, 1986) കുടക് മലയും കുന്നുകളും കന്നുകാലികളും ഗുഹാമുഖങ്ങളും വയലുകളും കാട്ടുപക്ഷികളും പാമ്പുകളും മൂർത്തമായ സാന്നിധ്യമാണ്. മന്ദപ്പൻ പുലയരുമായി കൂട്ടുകൂടുന്നു, ചാത്തുക്കുട്ടി നായനാർക്ക് വഴിമാറിക്കൊടുക്കുന്നില്ല. ജാതിസ്‌പർധയും അന്യനാട്ടുകാരോടുള്ള വിദ്വേഷവും ഭാര്യയുടെ അനുസരണക്കേടും കഥയിൽ വിഷയമാണ്.
കാസർകോട് കലാക്ഷേത്രം സംഘടിപ്പിച്ച കഥാകാരൻമാരുടെ സംഗമത്തിൽ യു കെ കുമാരൻ, സി വി ശ്രീരാമൻ, അക്‌ബർ കക്കട്ടിൽ, വി ആർ സുധീഷ്, അശോകൻ ചരുവിൽ, പി സുരേന്ദ്രൻ, വി എസ് അനിൽകുമാർ, അഷ്‌ടമൂർത്തി എന്നിവർക്കൊപ്പം എൻ പ്രഭാകരൻ (ഇടത്ത്)
ദിവ്യത്വത്തിലേക്കുയരുന്ന, ഒരു ജനതയുടെ ആത്മവീര്യം വീണ്ടെടുക്കുന്ന കതിവനൂർ വീരനായി പുനർജനിക്കുന്ന, മന്ദപ്പൻ ദൈനംദിനജീവിതത്തിന്റെ ക്ഷുദ്രഭാവങ്ങൾ അനുഭവിക്കുന്ന ചിത്രങ്ങൾ ആഖ്യാനത്തിൽ ആവർത്തിച്ചുവരുന്നു. പുലിയായി മറയുന്ന കാരിഗുരുക്കളുടെ കഥയിലും പകയും വിദ്വേഷവും ഭീതിയും സംശയവും ഇതിവൃത്തത്തിന്റെ പ്രധാന ഘടകങ്ങളാണ്. അത്തരം ഇടുങ്ങിയ സ്ഥലങ്ങളിൽനിന്ന് പൊടുന്നനെ കാരി ഉറഞ്ഞുയർന്ന് ദൈവക്കരുവായി സമൂഹമനഃസാക്ഷിയെ പുനർനിർമിക്കുന്ന പവിത്രസ്മരണയായി പരിണമിക്കുന്നു. കീഴാളപഠനങ്ങളിലൊരിടത്തും ഇത്തരമൊരു സമൂഹഭാവനയുടെ അതിലംഘനശേഷിയെപ്പറ്റി സൂചനകളില്ല. കീഴാളന്റെ ബലി നിയതാർഥമില്ലാത്ത സജാതീയ സമയത്തിൽ (Homogenous Empty time) വിസ്മൃതിയിലേക്കുള്ള വീഴ്‌ചയാവുന്നു. ദിവ്യത്വത്തിന്റെ സാധ്യതകൾ പേറുന്ന ജൈവസമയ സങ്കൽപ്പത്തിൽ അത്തരം ബലികൾ അതിജീവനത്തിന്റെ സാധ്യതകൾ സാക്ഷാത്കരിക്കുന്ന, സമൂഹത്തെ ഉള്ളുറപ്പും ഇഴയടുപ്പവുമുള്ള തട്ടകമാക്കുന്ന, അഴിച്ചുപണിയലാവുന്നു. ഇതൊരു ‘ഉട്ടോപ്പിയൻ' സ്വപ്‌നമാണെന്നു പറഞ്ഞാൽ തീർച്ചയായും അത്തരം സങ്കൽപ്പങ്ങളിലൂടെയാണ് സമൂഹം സമൂലമായി സ്വയം പുതുക്കുന്നതെന്ന് പറയേണ്ടിവരും.’ (മാതൃഭൂമി ആഴ്‌ചപ്പതിപ്പ്, 2019 ജൂൺ 2).
ചരിത്രത്തിലേക്കും രാഷ്‌ട്രീയചലനങ്ങളിലേക്കും സഹജീവികളിലേക്കും തുറന്നുവെച്ച ഇന്ദ്രിയങ്ങളുമായി ജീവിക്കുന്ന ഒരു മലയാളി ഭാഷകൊണ്ട് നിർമിച്ച വ്യത്യസ്‌തമായൊരു ഭാവനാഭൂഖണ്ഡമാണ് കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ എൻ പ്രഭാകരന്റെ രചനകൾ. സമീപഭൂതകാലത്ത് ഒരു മനുഷ്യൻ, പ്രത്യേകിച്ചും ഒരു കേരളീയൻ, കടന്നുപോയിരിക്കാനിടയുള്ള അനുഭവരാശികളുടെയും അഭിമുഖീകരിച്ചിരിക്കാനിടയുള്ള ജീവിതസന്ധികളുടെയും രേഖാചിത്രങ്ങളാണ് ഈയെഴുത്തുകൾ. വർത്തമാനജീവിത പ്രകാരങ്ങളിലെ ആന്തരികദൗർബല്യങ്ങളും നാട്യങ്ങളും ഉൾപ്പിളർപ്പുകളും സ്വത്വസംഘർഷങ്ങളും അത്യന്തം സൂക്ഷ്മതയോടെ ഇവയിൽ ആലേഖനം ചെയ്യപ്പെടുന്നു. താൻ ജീവിച്ച കാലത്തിന് വൈകാരികവും ധൈഷണികവുമായ ഒരു സമാന്തരചരിത്രം നിർമിച്ചുനൽകുകയായിരുന്നു എൻ പ്രഭാകരൻ എന്നായിരിക്കാം ഭാവിചരിത്രം രേഖപ്പെടുത്തുക .











0 comments