ad
Deshabhimani

കവർസ്റ്റോറി

കുറേ കുറുക്കന്മാർ

കാസർകോട്‌ കലാക്ഷേത്രം പ്രസിദ്ധീകരിച്ച എൻ ശശിധരന്റെ ‘കഥ കാലം പോലെ’ എന്ന പുസ്‌തകത്തിന്റെ പ്രകാശനച്ചടങ്ങിൽ എൻ പ്രഭാകരൻ
avatar
ഇ പി രാജഗോപാലൻ

Published on Apr 18, 2026, 03:14 PM | 5 min read

ഒന്ന്

ചെറിയ കാട്ടുപൊന്തകൾ ഉള്ള ഗ്രാമങ്ങളുടെ ഭാഗമായി നിലനിന്നുപോരുന്ന മൃഗമാണ് കുറുക്കൻ. കാട്ടിലും ഉണ്ട്. ഗ്രാമങ്ങളിൽ പകൽ കുറുക്കനെ കാണുകയില്ല. പകൽനേരത്തെ കുറുക്കൻ എന്നത് നല്ല കഥാവിഷയമായിത്തീരാവുന്ന ഒന്നാണ്. പകൽ ആരും കുറുക്കന്മാരുടെ ജീവിതത്തെപ്പറ്റി ഓർക്കുകയുമില്ല: ഇങ്ങനെ വിചാരിക്കാവുന്നതാണ്. കാട്ടിൽ മരങ്ങളുടെ ഇടതൂർമ ഉണ്ടാക്കുന്ന രാത്രിയുടെ നിത്യപ്രതീതിയുണ്ട്. അതിനാൽ കാട്ടിലെ പകൽകുറുക്കന്മാരെപ്പറ്റി പലരും ആലോചിക്കാറുണ്ട്.

പഴയ ഗ്രാമരാത്രികൾ പൊതുവെ നിശ്ശബ്ദമാണ്. യന്ത്രങ്ങളുടെ ഒച്ചകൾ ഏറെക്കുറെ ഇല്ല. (കീരാങ്കുരിക്ക എന്ന് വിവർത്തനം ചെയ്‌ത്‌ ഓർക്കാറുള്ള) ചീവീട് തുടങ്ങിയ എണ്ണമറ്റ ജീവിതങ്ങളുടെ ശബ്ദമേളകൾക്ക് രാത്രികൾ അരങ്ങാവുന്നു. രാത്രി മുന്നേറുന്തോറും കൂടുതൽ ഒച്ചകൾ തെളിയുന്നു.

കാസർകോട്‌ കലാക്ഷേത്രം പ്രസിദ്ധീകരിച്ച എൻ ശശിധരന്റെ ‘കഥ കാലം പോലെ’ എന്ന പുസ്‌തകത്തിന്റെ പ്രകാശനച്ചടങ്ങിൽ എൻ പ്രഭാകരൻകാസർകോട്‌ കലാക്ഷേത്രം പ്രസിദ്ധീകരിച്ച എൻ ശശിധരന്റെ ‘കഥ കാലം പോലെ’ എന്ന പുസ്‌തകത്തിന്റെ പ്രകാശനച്ചടങ്ങിൽ എൻ പ്രഭാകരൻ

വൈലോപ്പിള്ളിയുടെ ‘കുടിയൊഴിക്കലി'ലെ ചീവീടുകളുടെ പാട്ട്‌ ഇങ്ങനെയുള്ള ശബ്ദരാത്രികൾക്ക് പകർപ്പവകാശമുള്ള കേമപ്പെട്ട ഭാവനയാണ്. കുറുക്കനെ നേരിൽ കണ്ടു പരിചയമുള്ളവരെക്കാൾ ഉണ്ടാവുക ഓരിയിടലിന്റെ വിചിത്രമായ ശബ്ദഘടന ശ്രദ്ധിക്കുന്നവരായിരിക്കും. ആ ഒച്ചയുടെ ശാസ്‌ത്രം ഇങ്ങനെയൊക്കെയാണ്: ഈ ശബ്ദങ്ങൾ സാധാരണയായി രാത്രിയിലെ നിശ്ശബ്ദതയിലാണ് കേൾക്കുന്നത്. രാത്രി യിലെ തണുത്ത വായു ഉയർന്ന ആവൃത്തിയിലുള്ള ഈ ഒച്ചകളെ ബഹുദൂരം സഞ്ചരിക്കാൻ സഹായിക്കുന്നു, ഒരൊറ്റ കുറുക്കന്റെ ശബ്‌ദം യഥാർഥത്തിൽ ഉള്ളതിനേക്കാൾ അടുത്തുനിന്നുള്ളതായും കുറേയേറെ കുറുക്കന്മാരുടെ കൂട്ടായ ശബ്ദമായും തോന്നിപ്പിക്കാനും രാത്രിവായുവിന്റെ ഈ പ്രകൃതം കാരണമാവുന്നുണ്ട്.

പരമ്പരാഗതമായ നാട്ടുഭാവന ഓരിയുടെ വഴക്കം ശ്രദ്ധിച്ചിട്ടുണ്ട്. എത്രയോ പാട്ടുകളിൽ, കഥകളിൽ ഇത് വന്നിട്ടുണ്ടാവും. ഏറെ പ്രശസ്‌തമല്ലാത്ത ഒരു കാര്യംകൂടി വെളിവാക്കാം. പയ്യന്നൂർ ദേശത്തുള്ള അഷ്ടമച്ചാൽ അമ്പലത്തിൽ ഓരിയിടുന്ന കുറുക്കന്റെ ദാരുശിൽപ്പം തന്നെ ഉണ്ട്. കുറുക്കനൊപ്പം ഓരിയുടെ ഓളങ്ങളെയും ദൃശ്യപ്പെടുത്തിയിരിക്കുന്നു.


കൂട്ടമായി പാർക്കുന്നവയല്ല കുറുക്കന്മാർ. അവർക്ക് ആശയവിനിമയം നടത്താനുള്ള ഏർപ്പാടാണ് ഓരി. ഇണയെ ആകർഷിക്കൽ, സ്വന്തം ഇടം (territory) അടയാളപ്പെടുത്തൽ, വലിയ മൃഗങ്ങൾ പിടികൂടുമോ എന്ന പേടി: ഇവയും ഓരിയുടെ പ്രമേയങ്ങളും പ്രേരണകളുമാണ് എന്ന് വായിച്ചിട്ടുണ്ട്.

ഈ ജീവശാസ്‌ത്രത്തിന് ഭാവനാത്മകമായ ബദൽ നിർദേശിക്കുകയാണ് എൻ പ്രഭാകരന്റെ (1986 ഒക്‌ടോബറിൽ പുറത്തുവന്ന) കഥയായ ‘കുറുക്കൻ.’ ഒരു മരണത്തിന്റെ വിവരം സ്വയം അറിഞ്ഞ് സമീപലോകത്തെ അറിയിക്കാനാണ് കറുക്കന്റെ ഓരി എന്ന് കഥയിൽ ഉണ്ട്. ഒന്നാമത്തെ ഖണ്ഡിക മൊത്തത്തിൽ ഇതേപ്പറ്റിയാണ്. സ്വസ്ഥനായി കഴിയുന്ന ഒരു കുറുക്കൻ പെട്ടെന്ന് ഒരാളിന്റെ (കുറുക്കന്റെയല്ല) മരണകാര്യം ഒരു സന്ദേശമെന്ന പോലെ പിടിച്ചെടുക്കുന്നു; തുടർന്ന് ആ അറിവ് ഒരു നിലവിളിയായി പ്രക്ഷേപിക്കുന്നു.

"A man is dying; A man is dying’ എന്നാണ് കുറുക്കൻ നിലവിളിക്കുന്നത്. ഈ ഇംഗ്ലീഷ് ഞെട്ടിക്കുന്നതാണ്: മലയാളം പറയുന്ന കുറുക്കന്മാരെ മാത്രമേ മലയാള കഥാസാഹിതിക്ക്‌ പരിചയമുള്ളൂ. സരസനും മിടുക്കനും സൂത്രക്കാരനുമായ കുറുക്കൻ എന്ന പരമ്പരാഗതമായ കഥാപ്രകൃതം (fable motif) മരണസന്ദേശകാരൻ എന്ന വിവരണത്തിലൂടെ ഇതിനകം അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ഹിംസാത്മകതയുടേതായ ഒരു മാറിയ കാലം കഥയിൽ തുടക്കംതൊട്ടേ വിസ്‌തരിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഈ പാഠമാറ്റത്തിന്റെ ഒരു പ്രധാനഘട്ടമാണ് മുകളിൽ ചേർത്ത നിലവിളി. ജ്ഞാനപരമായ വിച്ഛേദം തന്നെ.

ഇതോടെ കഥ കനക്കുന്നു.


കുറുക്കനെ കൊന്ന് മേത്തരം ഹോട്ടലിൽ തീൻപണ്ടമാക്കുന്ന കാര്യമാണ് അടുത്ത ഖണ്ഡികയിലെ വിഷയം. കഥ കൂടുതൽ വ്യത്യസ്‌തവും തീവ്രവുമാകുന്നു. പതുക്കെ ഹിംസ എന്ന വിഷയത്തിന്റെ ഡയലക്റ്റിക്‌സ്‌ തന്നെ കഥയിൽ ഇങ്ങനെ ദൃശ്യപ്പെടുന്നുണ്ട്: "മണ്ണിൽ കഴിയുന്ന അദൃശ്യരായ സൂക്ഷ്മജീവികൾ പുഴുക്കളുടെ ഇരയാവുന്നു. പുഴുക്കളെ കോഴി കൊത്തിത്തിന്നുന്നു. കോഴിക്കു കാലൻ കുറുക്കൻ. കുറുക്കന് തോമ. തോമായ്‌ക്ക്‌ ദൈവം.’ ഹിംസയുടെ ഈ അനിവാര്യമായ തുടർചരിത്രം അർഥപുഷ്ടികൊണ്ട് ഗംഭീരവും നാടകീയതകൊണ്ട് സൗന്ദര്യാത്മകവുമായ ഒരു വാക്യത്തിൽ ചെന്നുചേരുന്നു: "ശത്രുതയിലധിഷ്ഠിതമായ ഈ പരസ്‌പര ബന്ധത്തെക്കുറിച്ചുള്ള അറിവ് തോമ സ്വയം നിരൂപിച്ചുകഴിഞ്ഞിരുന്നു.’ എൻ പ്രഭാകരന്റെ മിക്കവാറും എല്ലാ (കഥകളിലെയും നോവലുകളിലെയും നാടകങ്ങളിലെയും) കഥാപാത്രങ്ങളെയും പോലെ ചിന്താഭാരം കൊണ്ട് സവിശേഷവും, നല്ല അർഥത്തിൽ റിയലിസത്തിനപ്പുറത്തേക്ക് കടന്നുനിൽക്കുകയും ചെയ്യുന്ന ഒരു വ്യക്തിസ്ഥാനമായി തോമ മാറിയിരിക്കുന്നു.


തോമ ഹിംസാത്മകമായൊരു ഏകാന്തതയുടെ ഇരയും കാവലാളും വ്യാഖ്യാതാവുമാണ്. ഏകവിഷയോന്മാദിയായിരിക്കുന്നു അയാൾ‐ monomaniac. തന്റെ നേട്ടവും ആസ്വാദനവും അവയ്‌ക്കായുള്ള കരുതലും മാത്രമാണ് തോമയുടെ സമകാലികമായ ഉള്ളടക്കം. ഹിംസയിൽ തോമ ശ്രദ്ധ അർപ്പിക്കുന്നു; അതിൽ തന്നെ ഉല്ലാസം തേടുകയും ചെയ്യുന്നു. ഇങ്ങനെയൊരാൾക്ക്, ഏത് തോമയായാലും അഡോൾഫ്‌ ഹിറ്റ്ലറായാലും, തികവുള്ള ഒരു ശത്രു ഇല്ലാതിരിക്കാൻ വഴിയില്ല. പുന്നക്കാട്ടിൽ കുഞ്ഞുതോമ എന്ന ആൾ ആയി ഈ പ്രരൂപം ( type) കഥയിൽ പ്രത്യക്ഷപ്പെടുന്നു.

കുഞ്ഞുതോമ തോമയെ വകവരുത്തുന്നു. കുറുക്കൻവേട്ടയുടെ വിഷയവും സ്ഥലവും സന്ദർഭവും അടവും തന്ത്രവും ഫലവും (ഗംഭീരമായൊരു നാട്യവേദിയിലെന്ന പോലെ) ആവർത്തിക്കപ്പെടുന്നു. ഈ വേളയിൽ രണ്ട് തോമമാരാണ് അരങ്ങിൽ എന്നുമാത്രം.


ഹിംസയുടെ വിശദപാഠങ്ങൾ എന്ന് കാണാവുന്ന രണ്ട്‌ സന്ദർഭങ്ങൾ ഈ കഥയിൽ ഉണ്ട്. ഒന്നാമത്തേത് തോമായുടെ കുറുക്കൻവേട്ടയുടേതാണ്.

രണ്ടാമത്തേത് കൂടുതൽ കടുത്ത സന്ദർഭം. തോമാ, കുഞ്ഞുതോമായുടെ ഇരയാവുന്നതാണ്. രണ്ടും തീവ്രം, തീക്ഷ്‌ണം. ഹിംസയുടെ ആഖ്യാനശാസ്‌ത്രം നേരിടുന്ന ഒരു പ്രശ്നം എങ്ങനെ ഹിംസയെ അഹിംസാത്മകമായി ചിത്രീകരിക്കാം എന്നതാവാം: ഈ രണ്ട്‌ സന്ദർഭങ്ങളിലേക്കും എത്തുന്ന വായനയാളുകൾക്ക് (readers) ഈ വിഷയത്തെപ്പറ്റി ആലോചിക്കാവുന്നതാണ്.


രണ്ട്

യഥാതഥമായ പാഠമല്ല ‘കുറുക്കൻ' എന്ന കഥ. ദാർശനികത ഉണ്ട്: മൂർത്തമായ ചിന്ത കാര്യമായി ഉണ്ട്. ചിന്ത കഴിഞ്ഞാൽ കാഴ്‌ചയുടെ അനുഭവമാണ് മുന്നിട്ടുനിൽക്കുന്നത്. പിരിമുറുക്കം (tension) ഒരു നിലയ്‌ക്ക് ഇതിലെ വിഷയവും ആഖ്യാനത്തിന്റെ തത്വവുമാണ്. ഭാവവും രൂപവും ഈ അളവിൽ ഇണചേർന്നുനിൽക്കുന്ന ഏറെ കഥകൾ മലയാളത്തിൽ ഇല്ല എന്ന് തോന്നുന്നു.

നാടകീയത ഉണ്ടാക്കുന്ന സമ്മർദത്തിൽ ‘രസിച്ചു' പോകരുത് എന്നത് ‘കുറുക്കൻ' എന്ന ഈ കഥയിലെ ഒരു നിശ്ശബ്ദനിർദേശമാണ് എന്ന് ഇപ്പോൾ കാണേണ്ടതുണ്ട്. ഹിംസയെ സംബന്ധിച്ച സമകാലിക സംവാദങ്ങളിൽ കാര്യമായ ഇടം കിട്ടേണ്ട കഥയാണ് ഇത്. സമൂഹചരിത്രത്തിലെ ഒരു പ്രധാന വിഷയമാണ് ഹിംസ എന്ന് സ്വന്തം നിലയിൽ ധ്വനിപ്പിക്കുന്ന രാഷ്‌ട്രീയധർമം ഈ കഥയ്‌ക്ക്‌ ഉണ്ട്. (കഥ പുറത്തുവന്ന) 1986ലെ ലോകമല്ല ഇന്നത്തെ ലോകം. അന്നത്തെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ. ഹിംസ എന്ന വിഷയത്തിൽ പ്രത്യേകം ശ്രദ്ധിച്ചുകൊണ്ട് സമാന്തരമായ ദേശചരിത്രമോ ലോകചരിത്രമോ എഴുതാവുന്ന തരത്തിൽ രാഷ്‌ട്രങ്ങളുടെ പ്രകൃതങ്ങൾ മാറിക്കഴിഞ്ഞിരിക്കുന്നു. വികസനത്തിന്റെ അനിവാര്യമായ മുന്നുപാധിയാണ് ഹിംസ എന്നത് സ്വീകാര്യമായ തത്വം കണക്കെ ഒന്നായി മാറിയിട്ടുണ്ട്. സാഹിത്യ, സാഹിത്യേതര ഗ്രന്ഥങ്ങളെ തുല്യ പ്രാധാന്യത്തോടെ പരിഗണിക്കുകയും രണ്ടും അഭേദ്യമായി ഭൗതികരീതികളുടെ ഒരു ശൃംഖലയ്‌ക്കുള്ളിൽ പ്രചരിക്കുന്നുവെന്ന് വാദിക്കുകയും ചെയ്യുന്ന നവചരിത്രവാദ (New Historicism) ത്തിന്റെ (ഇതിനെ പലപ്പോഴും "സാംസ്‌കാരികഭൗതികവാദ’ ‐cultural materialism‐ - വുമായി ചേർത്ത് കാണുന്നുണ്ട്.) ആശയങ്ങൾ ഊ കഥയെ കേവലതയിൽനിന്ന് നന്നായി വിടുവിക്കാൻ സഹായകമാണ്: ഈ കാര്യവും ഇപ്പോൾ ഓർക്കാം.

സക്കറിയ, മധു നായർ ന്യൂയോർക്ക്‌, എൻ പ്രഭാകരൻ, പുനത്തിൽ കുഞ്ഞബ്‌ദുള്ളസക്കറിയ, മധു നായർ ന്യൂയോർക്ക്‌, എൻ പ്രഭാകരൻ, പുനത്തിൽ കുഞ്ഞബ്‌ദുള്ള

കഥയിലെ ഒരു ഖണ്ഡിക ഇങ്ങനെയാണ്:

" പത്രവായന തനിക്കാവശ്യമില്ലെന്നറിഞ്ഞപ്പോൾ തോമാ അതുപേക്ഷിച്ചു. കൃഷിപ്പണി കാത്തിരിപ്പിന്റെ പണിയായതുകൊണ്ട് അതും അവൻ വേണ്ടെന്നുവച്ചു. പിന്നെ, കല, സാഹിത്യം, രാഷ്‌ട്രീയം എല്ലാം ആവശ്യമുളളവർ കൊണ്ടുനടക്കട്ടെ. തോമായ്‌ക്ക്‌ തുണ തോമാ മാത്രം. അപ്പപ്പോൾ തനിക്ക് വേണ്ടുന്ന വിദ്യകൾ അവൻ സ്വയം അഭ്യസിച്ചു. പരസഹായം കൂടാതെ അവയോരോന്നും അവൻ പഠിച്ചുറച്ചു.’ ഒരു ഏകവിഷയോന്മാദി (monomanic) യുടെ ജീവിതരേഖയാണിത്. ഈ പ്രകൃതമുള്ള ആളുകളുടെ എണ്ണം ഏറുന്നതാണ് ഫാസിസത്തിന്റെ മാരകമായ ലക്ഷണങ്ങളിൽ ഒന്ന്.

കുറുക്കന്മാരുടെ ആന്തരികജീവിതത്തെപ്പറ്റി എനിക്കൊന്നും അറിയില്ല. ഞാൻ ഒരു മനുഷ്യൻ മാത്രമാണ്.

അതിനാൽ ഈ കഥയെ ഹിംസയെ വിഷയമാക്കുന്ന, വെറുതെ സരളമാവാതിരിക്കാൻ ശ്രദ്ധിക്കുന്ന, ശ്രദ്ധേയമായ ഒരു പാഠമായി കണക്കാക്കുന്നു. ഹിംസയുടെ സാമ്പത്തികശാസ്‌ത്രവും മനഃശാസ്‌ത്രവും ഇതിലുണ്ട്.

ബുക്ക്‌

മൂന്ന്‌

ഫോക്‌സ്‌ 8 എന്ന പേരിൽ ഒരു കഥാപുസ്‌തകം പുറത്തുവന്നത് 2013‐ലാണ്. ജോർജ്‌ സോണ്ടേസിന്റെ കൃതി. ചെറിയ പുസ്‌തകമാണ്. ഒരർഥത്തിൽ മൃഗകഥകളുടെ പാരമ്പര്യപാതയിൽ നിൽക്കുന്ന കഥ. ഫോക്‌സ്‌ 8 പ്രധാന കഥാപാത്രം. അത് ഒരു കുറുക്കനാണ്. പ്രായോഗികബുദ്ധി വേണ്ടത്ര ഇല്ലാത്ത പകൽക്കിനാവുകാരൻ എന്നാണ് കൂട്ടാളികൾ വിലയിരുത്തി പോന്നത്. ജീവിതത്തെപ്പറ്റി ശരിയായ ഉത്കണ്ഠയുള്ള ആളാണ് ഫോക്‌സ്‌. ഉത്കണ്ഠയുള്ള കുറുക്കൻ. മനുഷ്യർ പറയുന്ന കുറുക്കത്തമില്ലാത്ത കുറുക്കൻ. ഫോക്‌സ്‌ 8 മനുഷ്യരെ ശ്രദ്ധിക്കുന്നു. അയാൾ ‘Yuman' എന്നു വിളിക്കുന്ന മനുഷ്യഭാഷ പഠിക്കുന്നുമുണ്ട്. അതിനായി മനുഷ്യർ കുടുംബമായി താമസിക്കുന്ന വീടിനരികിലെ കാട്ടുപൊന്തയിൽ ഒളിച്ചിരിക്കും; അവിടത്തെ മൂത്തവർ കുഞ്ഞുങ്ങൾക്ക് പറഞ്ഞുകൊടുക്കുന്ന കഥകൾ കേൾക്കും. ഈശീലത്തിൽനിന്ന് സാധ്യമായ ഭാഷയെയാണ് ഈ വേറിട്ട കുറുക്കൻ സ്വന്തം നിലയിൽ ‘Yuman' എന്ന് വിളിക്കുന്നത്. തന്റെ ഉള്ളിൽ ഏതോ തരത്തിലും അളവിലും ഉണർന്നും ഉറങ്ങിയും സ്ഥിതിചെയ്യുന്ന കുറുക്കവംശസ്മൃതികൾക്ക് ഈ ഭാഷയും അതിലെ ജീവിതയുക്തികളും അംഗീകരിക്കാനാവുന്നില്ല. തനിക്കും കൂട്ടർക്കും വേണ്ടാത്ത ഭാഷയാണ് ‘Yuman' എന്ന് ഫോക്‌സ് 8 തിരിച്ചറിയുന്നു. ആ ഭാഷയുടെ ആൾക്കാർ വ്യാപാരശാലകൾ കെട്ടിപ്പൊക്കുന്നത് അവരുടെ സ്വന്തം ‘നാട്ടിൽ' അല്ല എന്നും തങ്ങളുടെ ‘നാടായ' കാട് വെട്ടിവെളുപ്പിച്ചിട്ടാണ് എന്നും ഈ കുറുക്കന് മനസ്സിലാവുന്നു. ഈ ലോകജ്ഞാനത്തിന്റെ അധികഭാരവുമായി ശരിക്കും കാടുള്ള ഇടം തേടുന്നതാണ് നല്ലത് എന്ന് ഫോക്‌സ് 8 അറിയുന്നു. ഇങ്ങനെയൊക്കെയാണ് ഈ കഥ.


1986ലെ ഒരു മലയാളകഥയും 2013ലെ ഒരു ഇംഗ്ലീഷ് കഥയും കുറുക്കന്മാരെച്ചൊല്ലി ഓരിയിടുകയാണ്. ഈ ജ്ഞാനരേഖകളിലെമ്പാടും നിലനിൽപ്പിന്റെ സങ്കീർണമായ പാടുകളാണ്. "ജന്തുക്കളിൽ ദൈവത്തിന്റെ രഹസ്യഭാഷ വശമുള്ളവൻ കുറുക്കനാണെന്ന വാസ്‌തവം തോമാ പുസ്‌തകങ്ങളിൽ നിന്ന് ഗ്രഹിച്ചതല്ല’ എന്ന്‌ ഈ മലയാളകഥയിൽ ഉണ്ട്. അത് കഥാപാത്രമായ തോമായുടെ കാര്യം. നമ്മൾ, വായനയാളുകൾ, പുസ്‌തകങ്ങളിൽ നിന്ന് കുറുക്കന്മാരെക്കുറിച്ചും മനുഷ്യരെക്കുറിച്ചുമുള്ള വാസ്‌തവങ്ങൾ ഗ്രഹിക്കേണ്ടവർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home