നോവൽ‐6
പ്രണയരാഷ്ട്രം


അശോകൻ ചരുവിൽ
Published on Oct 16, 2026, 12:56 PM | 8 min read
നിയോഗങ്ങൾ
മൂന്നു ദിവസങ്ങൾ സജിതയും സേവ്യറും വാദ്യക്കുടത്തെ വീട്ടിൽ ചെലവഴിച്ചു. സേവ്യറിന്റെ നിശ്ശബ്ദതയിൽ സജിതയുടെ നിരന്തര ശബ്ദം കലർന്ന് ഏറെ നാളുകൾക്കു ശേഷം ആ വീട് സജീവമായി. അവർ പോയപ്പോൾ കബീർ പറഞ്ഞു:
“ഇനിയും ആരെങ്കിലുമൊക്കെ വരുമായിരിക്കാം, അല്ലേ?”
“ആരും വന്നില്ലെങ്കിലെന്താ, കബീർ സാർ? താങ്കൾക്ക് സംസാരിക്കാൻ ഇവിടെ ചുറ്റും മരങ്ങളുണ്ടല്ലോ. കിഴക്കേപ്പുറത്ത് പാരിജാതം. വടക്ക് ഞാവൽ. സപ്പോട്ട. പിന്നെ മാവുകൾ.”
മേഴ്സി അയാളെ കളിയാക്കി.
എത്ര ആകസ്മികമാണ് മനുഷ്യന്റെ ജീവിതയാത്രകൾ എന്ന് കബീർ ആലോചിച്ചു. ഭൂമിയിലെ ഏതൊക്കെയോ വിദൂരദേശങ്ങളിൽ കഴിഞ്ഞിരുന്നവർ തമ്മിൽ കാണുന്നു. ഒന്നിച്ച് സഞ്ചരിക്കുന്നു. ചില സ്ഥലങ്ങൾ മനുഷ്യന്റെ ഇടത്താവളങ്ങളാകുന്നത് തികച്ചും യാദൃച്ഛികമായിട്ടാണ്. തീരെ കുഞ്ഞായിരിക്കുമ്പോൾ കടലിലൂടെ തുടങ്ങിയതാണ് സേവ്യർ എന്ന യുവാവിന്റെ യാത്ര. തലൈമന്നാർ, രാമേശ്വരം, തിരുച്ചിറപ്പിള്ളി, യൂറോപ്പ്. ഇപ്പോൾ ഇവിടെ വാദ്യക്കുടത്ത്. നാളെ മധുക്കരയിൽ.
കുട്ടിയായിരുന്നപ്പോൾ വൈകുന്നേരങ്ങളിൽ തന്റെ കൂടെ നടക്കാറുള്ള ഗൗതമിനെ കബീർ ഓർത്തു. അവനും അതിവിദൂരലോകങ്ങളെക്കുറിച്ചാണ് അന്ന് ചിന്തിച്ചിരുന്നത്. അറ്റം കാണാതെ നീണ്ടുകിടക്കുന്ന ഒരു വയലാണ് വീടിന്നരികിൽ അന്നുണ്ടായിരുന്നത്. കാണാത്ത അക്കരെ എന്തൊക്കെയാണുണ്ടാവുക എന്ന് അവൻ സങ്കൽപ്പിച്ച് പറയാറുണ്ട്. അവിടെ മനുഷ്യരൊന്നും ഇല്ല. ഒരു പഴത്തോട്ടവും ഒരുപാട് കിളികളുമാണുള്ളത്. മറ്റു ജന്തുക്കൾ വരാതിരിക്കാൻ കിളികൾ ഊഴമിട്ട് കാവൽ നിൽക്കും. ഒരിക്കൽ ഒരു മുയൽ വഴിതെറ്റി അവിടെ വന്നു. പ്രവേശനത്തിന് അനുവാദം ചോദിച്ചപ്പോൾ കാവൽക്കിളികൾ പറഞ്ഞു.
“മുയലിനെ മാത്രമായി ഇവിടെ പാർപ്പിക്കാൻ പറ്റില്ല. നീ നിന്റെ കൂട്ടുകാരൻ ആമയേക്കൂടി കൊണ്ടുവരൂ. എന്നിട്ടാവാം താമസമൊക്കെ.”
പത്രത്തിലും ടിവിയിലുമെല്ലാം പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി എസ് അച്യുതാനന്ദൻ നിറഞ്ഞുനിൽക്കുന്ന കാലമായിരുന്നു അത്. ഗൗതമിന് അമ്മട്ടിലുള്ള ഒരു ജുബ്ബയും പിന്നെ പൈജാമയും കബീർ വാങ്ങിക്കൊടുത്തിരുന്നു. അത് ധരിച്ചുനടക്കാൻ അവൻ ഏറെ ഇഷ്ടപ്പെട്ടു. മേഴ്സിയുടെ പോലെ നന്നായി വിടർന്ന കണ്ണുകളാണ്. സംസാരിക്കുമ്പോൾ കണ്ണുകളും കൂടെ ചേരും. എല്ലായ്പ്പോഴും എന്തെങ്കിലും ചോദിച്ചുകൊണ്ടിരിക്കും. അയാളെ തനിച്ചു കിട്ടുമ്പോഴെല്ലാം സ്വന്തം മനോവിചാരങ്ങൾ പറയും. പടിക്കപ്പുറത്തെ വയലിലൂടെ നടക്കുമ്പോൾ നെല്ലിനെക്കുറിച്ചും പുൽച്ചാടിയെക്കുറിച്ചുമാണ് ഭാവന കലർന്ന വർത്തമാനങ്ങൾ.
ചിത്രീകരണം: സുനിൽ അശോകപുരം
“ഈ പച്ചക്കുതിര വീട്ടിൽ വന്നാൽ നമ്മൾ പണക്കാരാവും. പിടിച്ച് കൊണ്ടുപോയി വെച്ചിട്ട് കാര്യല്യ. അതിന് തന്നെ തോന്നി വരണം. അപ്പൊ വീട്ടിലെ പെട്ടിനിറച്ച് പൊന്നും പണവും ഉണ്ടാവും. നമുക്ക് കാറു വാങ്ങാൻ പറ്റും. കാറിൽ കയറി കാശി രാമേശരം വരെ പോവാൻ പറ്റും.”
വയലിലൂടെ നടന്നുചെന്ന് വാദ്യക്കുടം ക്ഷേത്രമൈതാനത്തെ ആൽത്തറയിൽ അവർ ഇരിക്കാറുണ്ട്. ഒരിക്കൽ അവൻ ചോദിച്ചു:
“പപ്പ, ഈ അമ്പലത്തിലെ ദേവിയാണോ മരിച്ച ആൾക്കാരെ സ്വർഗത്തിലേക്ക് കൊണ്ടുപോവുന്നത്?”
“ആരാണ് പറഞ്ഞത്?”
“എച്ച്വമ്മ.”
“ദേവിയും സ്വർഗവുമൊക്കെ കഥകളിൽ മാത്രമുള്ള കാര്യങ്ങളാണ് ഗൗതം. പഠിച്ച് വലുതാവുമ്പോൾ നിനക്കത് മനസ്സിലാവും.”
വിശ്വാസം വരാതെ അവൻ അയാളെ നോക്കി.
“പപ്പ, നമ്മൾ ആരാണ്? പള്ളിക്കാരോ അമ്പലക്കാരോ?”
“നമ്മൾ രണ്ടിലുമില്ല ഗൗതം.”
“അതെന്താ നമ്മൾ രണ്ടിലും ഇല്ലാത്തത്?”
അവന് സങ്കടം വരുന്ന പോലെ തോന്നി.
“നിന്റെ അമ്മ പള്ളിയിൽ വിശ്വസിക്കുന്നുണ്ട്. എച്ച്വമ്മ അമ്പലത്തിലും. പപ്പ രണ്ടിലും വിശ്വസിക്കുന്നില്ല. നിനക്ക് വലുതാവുമ്പോൾ ഇഷ്ടമുള്ളയിടത്ത് പോവാം. പപ്പയേപ്പോലെ രണ്ടിടത്തും പോവാതിരിക്കാം. അതൊക്കെ പഠിച്ച് വലുതായിട്ട് തീരുമാനിക്കേണ്ട കാര്യങ്ങളാണ്.”
മറുപടിയിൽ തൃപ്തി വരാതെ അവൻ ആലോചിച്ചുകൊണ്ടിരുന്നു. പിന്നെ പറഞ്ഞു:
“മരിച്ചട്ട് നരകത്തീ ചെന്നാലും എനിക്ക് കൊഴപ്പൊന്നും ണ്ടാവില്ല. തെളച്ച എണ്ണേലിട്ട് വറക്കുമ്പോൾ പൊള്ളാണ്ടിരിക്കാനുള്ള ഒരു മന്ത്രണ്ട്. അത് പഠിപ്പിച്ചു തരാന്ന് എച്ച്വമ്മ പറഞ്ഞട്ടുണ്ട്.”
മേഴ്സിയും കബീറും ജോലിക്കു പോകുന്നതുകൊണ്ട് പകൽ മുഴുവൻ വീട്ടുടമകളായിരുന്ന വൃദ്ധസഹോദരിമാർ എച്ചുവമ്മയുടേയും ദെച്ചുവമ്മയുടെയും സംരക്ഷയിലാണ് ഗൗതം കഴിഞ്ഞിരുന്നത്. ആദ്യഘട്ടത്തിൽ അവനെ നോക്കാനായി ഒരാളെ നിർത്തിയിരുന്നു. രാത്രി താമസിക്കാൻ ഇടമില്ലാത്തതുകൊണ്ട് പകൽ വന്നു പോകുന്നവരെയാണ് കണ്ടെത്തിയത്. പലപ്പോഴും അവർ കാലത്ത് വരാൻ വൈകും. അന്ന് ആരെങ്കിലും ഒരാൾ ലീവെടുക്കേണ്ടി വരും. പിന്നീട് ആ സ്ത്രീയുമായി എച്ചുവമ്മയും ദെച്ചുവമ്മയും വഴക്കുണ്ടാക്കാൻ തുടങ്ങി. അവരെ കുറ്റപ്പെടുത്തി വിചാരണ ചെയ്യും. കുട്ടിയെ ശരിക്കു നോക്കുന്നില്ല. ഭക്ഷണം കൊടുക്കുന്നില്ല എന്നൊക്കെയാണ്.
“ഏതു ജാതിക്കാരിയാണെന്ന് ആർക്കാ അറിയ്യാ? ആൾക്കാരടെ ഉടുപ്പും നടപ്പും കണ്ടട്ട് ഈ കലികാലത്ത് ഒന്നും നിശ്ചയിക്കാൻ പറ്റില്ല. കുട്ടീടെ പിന്നാലേന്ന മട്ടിൽ ഇവടത്തെ അറേലും അടുക്കളേലും വരെ വന്നു കയറും. ഭഗവതി കുടീരിക്കണ അറയാണ്. അയിത്താവാൻ പാടില്ലാന്നുണ്ട്. നിങ്ങൾ രണ്ടെനം മാപ്പളാരുക്കും അയിത്തല്യാന്നുണ്ട്. ന്നാ ചോമ്മാരുക്കും ആശാരിക്കും അയിത്തണ്ട്. അതിനപ്രത്തുള്ളോരടെ കാര്യം പിന്നെ പറയ്യേ വേണ്ട.”
അവസാനം ഗൗതമിന്റെ പരിചരണം ആ മുത്തശ്ശിമാർ നിർബന്ധപൂർവം ഏറ്റെടുത്തു. എച്ചുവമ്മ പറഞ്ഞു:
“ഇവനെ പെറ്റട്ട് എന്റെ കയ്യിലിക്കല്ലേ നഴ്സ് തന്നത്? അവർ എന്നോട് പറഞ്ഞു: അമ്മാമേടെ പോലെത്തന്നെ കാണാൻ ഭംഗീള്ള പേരക്കുട്ടി. മൂക്ക് നോക്ക്. ശരിക്കും അതുപോലെന്നെ. സന്തോഷായില്ലേ ശരിക്കും?”
“ഇവനെ നോക്കാൻ വേറാരടേം സഹായം എനിക്ക് വേണ്ട, നേരാനേരം പാലും ചോറും കൊടുക്ക്വാ. നടക്കുമ്പൊ വീഴാണ്ട് നോക്ക്വാ. അത്രല്ലേ വേണ്ടൂ. മലമറിക്കണ കാര്യൊന്ന്വല്ലല്ലോ?”
ചിത്രീകരണം: സുനിൽ അശോകപുരം
സ്കൂളിൽ പോയിത്തുടങ്ങിയപ്പോൾ കുറച്ചുസമയത്തെ പരിചരണമേ ആവശ്യം വന്നുള്ളു. സ്കൂളിൽ പോകാനും വരാനും വണ്ടി ഉണ്ടായിരുന്നു. എച്ചുവമ്മ വഴിയിൽ കാത്തുനിന്ന് കുട്ടിയെ ഏറ്റുവാങ്ങി വീട്ടിൽ കൊണ്ടുവരും. വൈകിട്ട് നാലരയ്ക്ക് വരുന്ന വണ്ടിക്കുവേണ്ടി ഉച്ചകഴിയുമ്പോഴേക്കും ചെന്നു കാത്തുനിൽക്കുമെന്ന് മാത്രം. എന്നിട്ട് വണ്ടി വരാത്തതിന് ഡ്രൈവർക്കുള്ള നീണ്ട ശകാരമാണ്. വഴിയേ പോകുന്നവർക്ക് അതൊരു കലാവിരുന്നായിരുന്നു.
“എവടെപ്പോയി ഈ ഡ്രൈവർ? ഞാനൊരുത്തി എത്രനേരായി ഈ നെരത്തുമ്മെ വന്നു നിക്കണു. ഇന്നത്തെ കാലത്ത് കൃത്യനിഷ്ഠാന്നൊള്ളത് ഒരാൾക്കൂല്യ. മലേഷ്യേൽ കോലാലംപൂരിൽ ജനിച്ചവളാ ഞാൻ. അറിയ്യോ? സമയത്തിനാണ് ഏറ്റവും വെലാന്നാണ് എന്റച്ഛൻ എന്നെ പഠിപ്പിച്ചിട്ടൊള്ളത്. മേനാശ്ശേരി പരമേശ്വരക്കൈമൾന്ന് കേട്ടാൽ വെള്ളക്കാർവരെ വെറയ്ക്കും. അത്രയ്ക്കുണ്ടാർന്നു പ്രതാപം. നാലുമണിക്കലത്തെ കാപ്പീന്ന്വെച്ചാൽ അത് നാലുമണിക്കെന്നെ വേണം. വൈന്നേരം ആൾ നടക്കാനെറങ്ങുമ്പഴാ റോട്ടുവക്കത്തെ പീടികക്കാര് ക്ലോക്കിലെ സമയം ശരിയാക്ക്വാ. മച്ചാട്ട്കളത്തിലെ കൊച്ചുചേന്ദന്റെ മോനല്ലേ ഇവടത്തെ സ്കൂൾവണ്ടീടെ ഡ്രൈവർ? തെങ്ങു കേറണ്ടോന്യാണ് പിടിച്ച് വണ്ടി ഓടിക്കാൻ ഏൽപ്പിച്ചേക്കണ്.”
അകലെനിന്ന് വണ്ടി വരുന്നതു കാണുമ്പോഴാണ് ആ ശകാരം അവസാനിക്കുക. അവരുടെ മുഖം അന്നേരം വാത്സല്യം കൊണ്ട് പ്രകാശിക്കും. ഇറങ്ങി വരുന്ന ഗൗതമിനെ തലോടി ചോദിക്കും:
“എന്തൊക്ക്യാ ഇന്ന് പഠിച്ചത്? കാട്ടാളന്റെ കഥ ടീച്ചറ് ബാക്കി പറഞ്ഞോ?”
“കാട്ടാളനെ രാജകുമാരി ശപിച്ച് ഭസ്മാക്കി. പാമ്പും ചത്തു, കാട്ടാളനും ചത്തു.”
പിന്നെ വയലിലൂടെ വീട്ടിലെത്തുന്നതു വരെയാണ് ഉപദേശങ്ങളും നിർദേശങ്ങളും. എച്ചുവമ്മ അവന് ഒരുപാട് കഥകൾ പറഞ്ഞു കൊടുത്തിരുന്നു. എല്ലാം ഭൂതങ്ങളുടെയും ചെകുത്താന്മാരുടേയും കഥകളാണ്. പിന്നെ പരലോകത്തെ കാര്യങ്ങൾ. ആയിരം ആനകളുടെ വലുപ്പവും കരുത്തുമുള്ള ദൈവങ്ങളും മനുഷ്യരുമൊക്കെയാണ്. അപ്രത്യക്ഷരായി സഞ്ചരിക്കുന്നവർ. ശപിച്ച് ഭസ്മമാക്കുന്നവർ. ബകൻ എന്നൊരു രാക്ഷസന്റെ കഥയാണ് അവനെ ഏറ്റവുമധികം രസിപ്പിച്ചിരുന്നത്. ഓരോ ദിവസവും ഓരോ വീട്ടുകാർ രാക്ഷസന് ഭക്ഷണം കൊണ്ടുകൊടുക്കണം. ഒരു പോത്തുവണ്ടി നിറയെ ചോറും കറികളും. ബകൻ അതെല്ലാം തിന്നും. പിന്നെ പോത്തുകളേയും വണ്ടിക്കാരനേയും തിന്നും. ഒരിക്കൽ വണ്ടിക്കാരനായി വന്നത് പാണ്ഡവരിലെ ഭീമനാണ്. വിശന്ന് കാത്തിരുന്ന ബകൻ നോക്കുമ്പോൾ വണ്ടിയിലിരുന്ന് വണ്ടിക്കാരൻ ചോറുണ്ണുന്നു. ദേഷ്യം വന്നു. ആക്രമിക്കാനായി ഒരു തെങ്ങ് പിഴുതെടുത്താണ് ചെന്നത്. ആ സമയം ഭീമൻ ഒരു പന പിഴുതെടുത്തു. ഘോരയുദ്ധം. രാക്ഷസൻ ചത്തുമലച്ചു.
മേഴ്സി പറഞ്ഞു:
“കുട്ടിക്കാലത്ത് കേട്ട ആ കഥകളുടെ ലോകത്തുനിന്ന് ഇപ്പോഴും ഗൗതം വിട്ടുപോന്നിട്ടില്ല എന്നാണ് തോന്നുന്നത്.”
“അങ്ങനെയുണ്ടാവില്ല മേഴ്സിടീച്ചറെ. നമ്മളും കുട്ടിക്കാലത്ത് ഒരുപാട് കഥകൾ കേട്ടതല്ലേ? എല്ലാ തലമുറയും അത്ഭുതകഥകൾ കേട്ടാണ് വളരുന്നത്. വല്ലപ്പോഴും വീട്ടിൽ വന്നിരുന്ന എറിയാട്ടെ അടിമക്കുട്ടി ഉസ്താദായിരുന്നു ഞാൻ കേട്ട കഥകളിലെ വീരനായകൻ.“
ഉച്ചപ്പട്ടിണിക്കാരായ കുട്ടികളാണ് അന്ന് എറിയാട് സ്കൂളിലെ ക്ലാസിലിരുന്ന് ഉസ്താദിനെപ്പറ്റി കഥകൾ തമ്മിൽ പറഞ്ഞിരുന്നത്. ഓരോ കഥാവതരണത്തിനു ശേഷവും ഗൗരവമുള്ള ചർച്ച പതിവുണ്ട്. ഓരോരുത്തരും തങ്ങളുടെ നിഗമനങ്ങൾ അവതരിപ്പിക്കും. ഉസ്താദിന്റെ മകൻ ഹൈദരലി അന്ന് ക്ലാസിൽ ഉണ്ട്. പക്ഷേ അവൻ ആ ചർച്ചയിലൊന്നും ഉൾപ്പെടാതെ അകലെ മാറിയിരിക്കും.
ചിത്രീകരണം: സുനിൽ അശോകപുരം
പേടിപ്പിക്കുന്ന കഥകളായിരുന്നു എല്ലാം. നെഞ്ചിടിപ്പുണ്ടാക്കുന്നത്. പക്ഷേ അവസാനം സത്യം വിജയിക്കും. ഉസ്താദ് ഒരു പൂതത്തെ കുപ്പിയിലടച്ച് കൊണ്ടുനടക്കുന്നതായിരുന്നു ഒരു കഥാപരമ്പര. തുറന്നുവിട്ടാൽ പൂതം ഉസ്താദിനു വേണ്ടി എന്തും ചെയ്യും. ആക്രമിക്കാൻ വന്ന നൂറുപേരെ ഉസ്താദ് വിരൽ ചൂണ്ടി നിശ്ചലരാക്കി. ഒരിക്കൽ ഒരു ദൂരസഞ്ചാരത്തിനൊരുങ്ങി യാത്രചോദിക്കാൻ കാവിൽനടയിൽ ചെന്നപ്പോൾ ഭഗവതി പറഞ്ഞു: “ഞാനും വരുന്നുണ്ട് അടിമക്കുട്ടി നിന്റെ കൂടെ. എത്ര കാലമായി ഇവിടെയിങ്ങനെ അടച്ചിരിക്കുന്നു. എനിക്കും നിന്നേപ്പോലെ നടന്ന് നാടുകൾ കാണണമെന്നുണ്ട്.”
പിന്നെ അവരൊന്നിച്ച് പുഴക്കരയിലൂടെ നടന്നു. ഭഗവതി അദൃശ്യയായിരുന്നതുകൊണ്ട് ഉസ്താദിനെ മാത്രമേ ആളുകൾ കണ്ടിരുന്നുള്ളൂ. പോകുന്ന വഴി കൂടൽമാണിക്യത്തിലും തിരുവില്വാമലയിലും അവർ ചെന്നു. ദേവി അകത്തു കടക്കും ഉസ്താദ് പുറത്ത് കാത്തുനിൽക്കും. മലബാറിലെത്തി ഭാരതപ്പുഴ കടന്ന സമയത്താണ് കവളപ്പാറക്കൊമ്പൻ മദമിളകി ചങ്ങലപൊട്ടിച്ച് വരുന്നത്. കൊമ്പൻ ഉസ്താദിന്റെ നേർക്കു വന്നു. പിന്നെ ആളുകൾ കാണുന്നത് അടിയേറ്റ് ആന തെറിച്ച് അകലേക്ക് പാറിപ്പോകുന്നതാണ്.
ആ യാത്രയിൽ ഭഗവതി ഉസ്താദിനെ മധുരയ്ക്ക് കൊണ്ടുപോയി. ഭഗവതിയുടെ കാൽസ്പർശം ഉണ്ടായതോടെ മധുരാനഗരം കത്താൻ തുടങ്ങി. എങ്ങും തീജ്വാലകൾ. ഉസ്താദ് മാത്രം ഒരു പൊള്ളലുമില്ലാതെ തീയിലൂടെ നടന്നു.
“ഗൗതമിനെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് പേടി തോന്നുന്നു കബീർ.”
മേഴ്സി അയാളുടെ നെഞ്ചിൽ തലചായ്ച്ചുകൊണ്ട് പറഞ്ഞു:
“എത്ര സമർഥനായിരുന്നു അവൻ. എല്ലാ ക്ലാസിലും ടോപ്പറായിരുന്നു. അവൻ പഠിച്ചിരുന്ന സ്കൂളിലേക്കും കോളേജുകളിലേക്കുമൊക്കെ നമ്മൾ പോയത് ഓർക്കുന്നുണ്ടോ? എത്ര സന്തോഷവും അഭിമാനവുമായിരുന്നു. അവന്റെ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ നമ്മളോട് പറഞ്ഞു: നിങ്ങളേപ്പോലെ ഭാഗ്യമുള്ള രക്ഷിതാക്കളെ ഞാൻ വേറെ കണ്ടിട്ടില്ല.
“അവനെ കരുതി നമ്മൾ ഏറെ സന്തോഷിച്ചിട്ടുണ്ടല്ലോ മേഴ്സി. അത്രയ്ക്ക് മതി. ഒന്നും അധികമാവാൻ പാടില്ല.”
കബീർ പറഞ്ഞു.
കഴിഞ്ഞ ക്രിസ്തുമസ് വെക്കേഷനു വന്നപ്പോൾ ഗൗതം കബീറിന്റെയടുത്ത് പോവുകയോ സംസാരിക്കുകയോ ചെയ്തില്ലെന്ന് മേഴ്സി ശ്രദ്ധിച്ചിരുന്നു. അവൾ അക്കാര്യം ചോദിച്ചു: “നിയെന്താ മോനെ പപ്പയോട് സംസാരിക്കാത്തത്?”
അവൻ കുറച്ചുസമയം മിണ്ടിയില്ല. പിന്നെ പറഞ്ഞു:
“അമ്മ ക്ഷമിക്കണം. എനിക്കദ്ദേഹത്തോട് വെറുപ്പാണ്.”
എല്ലാ അവലംബവും നഷ്ടപ്പെട്ടവളെപ്പോലെ അവനെ തോളിൽ പിടിച്ചുലച്ച് മേഴ്സി ചോദിച്ചു:
“എന്താണ് പറയുന്നതെന്ന് നീ ആലോചിക്കുന്നുണ്ടോ ഗൗതം?”
അവൻ പതിവുവിട്ട് മേഴ്സിയോട് ദീർഘമായി സംസാരിച്ചു. ഒരു ഭൂതാവേശിതന്റെ പ്രഭാഷണം പോലെയായിരുന്നു അത്. ചില ഘട്ടങ്ങളിൽ അവൻ അത്യന്തം ക്ഷോഭിച്ചു. ആ മുഖത്ത് തീയാളിക്കത്തുന്നതുപോലെ മേഴ്സിക്ക് തോന്നി: “ഞാനൊരു തീക്കടലിലൂടെ നീന്തുകയാണ്. എന്തിനാണ് പാപത്തിന്റെ സന്തതിയായി നിങ്ങളെന്നെ ജനിപ്പിച്ചത്?”
ചിത്രീകരണം: സുനിൽ അശോകപുരം
“പപ്പയെ മാത്രമല്ല, ആ തലമുറയെ മുഴുവൻ ഞാൻ വെറുക്കുന്നുണ്ട്. കൂപമണ്ഡൂകങ്ങൾ എന്ന് ഞാനവരെ വിളിക്കും. കേരളത്തിലെ കുറെ ലിബറൽ ഹ്യൂമണിസ്റ്റുകൾ കരുതുന്ന പോലെയൊന്നുമല്ല കാര്യങ്ങൾ. ഭൗതികവാദവും സോഷ്യലിസവും കമ്യൂണിസവുമൊക്കെ പുതിയലോകത്ത് എടുക്കാച്ചരക്കുകളാണ്. പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു സൂപ്പർ പവർ ഉണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്. അതിന്റെ ഒരംശമാണ് പുതിയ എഐ ടെക്നോളജിയായി പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അതിന് വിധേയപ്പെട്ടു മാത്രമേ ഇനി മനുഷ്യന് ജീവിക്കാൻ പറ്റൂ. അല്ലെങ്കിൽ വലിയ ദുരന്തമുണ്ടാവും. അതീതശക്തിയെ അനുനയിപ്പിക്കുന്നതിന് ചില മാർഗങ്ങൾ ഉണ്ട്. അമ്മയ്ക്കറിയ്യോ, ഇന്ത്യയിലെ പഴയ ഹോമങ്ങളെക്കുറിച്ചും യാഗങ്ങളെക്കുറിച്ചും ഇപ്പോൾ യൂറോപ്പിലുള്ളവർ പഠിക്കുകയാണ്. നമ്മുടെ യോഗയിലൂടെ കുറെ കാര്യങ്ങൾ ചെയ്യാനാവും. സംഗീതത്തിലൂടെ അതെത്രയ്ക്ക് കഴിയും എന്നാണ് ഞാൻ അന്വേഷിക്കുന്നത്. അതിനാണ് ഓസ്ട്രിയയിൽ പോയത്.
“വ്യത്യസ്തമായ സോഫ്റ്റ്വെയർ അപ്ലിക്കേഷനുമായിട്ടാണ് ഈ ഭൂമിയിൽ ഓരോ ജന്തുവും പിറന്നുവീഴുന്നത്. ഈ ഇന്റർനെറ്റിന്റെ യുഗം അത് തെളിയിച്ചിരിക്കുന്നു. ഓരോരുത്തർക്കും ഓരോ നിയോഗങ്ങളുണ്ട്. അതിൽനിന്ന് അവർക്ക് മോചനമില്ല. ജന്മംകൊണ്ടുതന്നെ ഇതെല്ലാം നിശ്ചയിക്കപ്പെടുന്നു. ഇത് കൃത്യമായി ഹിന്ദുക്കളുടെ ഭഗവദ്ഗീതയിൽ പറഞ്ഞിട്ടുണ്ട്. വെസ്റ്റിൽ ഇപ്പോൾ ഗീതയെക്കുറിച്ച് വലിയ പഠനങ്ങളാണ് നടക്കുന്നത്. പ്രപഞ്ചത്തിലെ നക്ഷത്രങ്ങളിൽനിന്ന് പ്രവഹിക്കുന്ന ചില കോസ്മിക് രശ്മികളാണ് ജന്മസമയത്ത് ഇടപെടുന്നത്. അതിന്റെ ചെറുതും അപക്വവുമായ ഒരു വ്യാഖ്യാനമാണ് നമ്മുടെ നാട്ടിലെ ജ്യോതിഷത്തിലുള്ളത്. അതിനെ ഡെവലപ്പ് ചെയ്യണം. ചില മനുഷ്യർ നന്മയെ പ്രതിനിധീകരിക്കുന്നു. ചിലർ തിന്മയെ. അതൊന്നും അവരുടെ കുറ്റമല്ല; എല്ലാം നിയോഗമാണ്.’’
“ഛാന്ദോഗ്യോപനിഷത്തിലെ അഞ്ചാം അധ്യായത്തിലെ പത്താം ഖണ്ഡത്തിലെ ഏഴാമത്തെ മന്ത്രം അമ്മ ഒന്നു കേൾക്കണം:
“തദ്യ ഇഹ രമണീയചരണാ അഭ്യാശോ ഹ
യത്തേ രമണീയാം യോനിമാപദ്യേരൻ
ബ്രാഹ്മണയോനിം വാ ക്ഷത്രിയയോനിം
വാ വൈശ്യയോനിം വാ അഥ യ ഇഹ
കപൂയചരണാ അഭ്യാശോ ഹ യത്തേ
കപൂയാം യോനിമാപദ്യേരൻ ശ്വയതിം
ശ്വയോനിം വാ സൂകരയോനിം വാ
ചണ്ഡാലയോനിം വാ.’’
‘‘ജന്മപാപം! ഇപ്പോൾ ടെക്നോളജിയും അത് ശരിവയ്ക്കുകയാണ്. വംശശുദ്ധി എന്നത് നിസ്സാര കാര്യമല്ല. അതിൽ കലർപ്പുണ്ടാക്കാനുള്ള ചെകുത്താന്റെ ഇടപെടലാണ് പ്രണയം എന്ന സംഗതി. ഒരു ഘട്ടത്തിൽ ഞാനും അതിന്റെ മാസ്മരികവലയത്തിൽ പെട്ടുപോയി. എനിക്കത് ഒരു ഭ്രാന്തിന്റെ കാലമായിരുന്നു. ഉന്മാദത്തിന്റെ ആധിക്യകാലത്ത് എന്തൊക്കെ സംഭവിച്ചു എന്ന് നമുക്ക് പിന്നീട് ഓർമയുണ്ടാവില്ലല്ലോ. എല്ലാം എനിക്കു ലഭിച്ച വിധിയുടെ ഫലങ്ങളാണ്. ഞാൻ പാപത്തിന്റെ സന്തതിയാണ് അമ്മേ! കുലവും മതവും മറന്നുള്ള നിങ്ങളുടെ ബന്ധത്തിൽ ജനിച്ചതിന്റെ ഫലമായി നരകയാത്ര ചെയ്യുന്ന ഒരാൾക്ക് തീക്കുണ്ഡത്തിനു മുകളിലെ നൂൽപ്പാലത്തിലൂടെയാണ് സഞ്ചരിക്കേണ്ടത്. പപ്പയേയും അമ്മയേയും ഞാൻ കുറ്റപ്പെടുത്തുന്നില്ല. പാപം ചെയ്യുക എന്നത് നിങ്ങളുടെ നിയോഗമായിരുന്നു.’’
“ജന്മത്തിൽ മാത്രമല്ല; പ്രണയത്തിലും ഞാൻ ചതിക്കപ്പെട്ടു. പാപിയുടെ നരകയാത്രയിലാണ് അവൾ, സജിത എന്റെ കൂടെ കൂടിയത്. തിന്മയുടെ ശക്തികൾ വാറംഗലിൽവച്ച് ആസൂത്രിതമായി എന്റെ മേൽ കൂട്ടിഘടിപ്പിച്ചതാണ് അവളെ. ഞാൻ ആഗ്രഹിച്ചതല്ല. സത്യം പറയട്ടെ. സ്വബോധത്തോടെ ഞാനവളെ ഒരിക്കലും ഇഷ്ടപ്പെടുകയോ സ്നേഹിക്കുകയോ ചെയ്തിട്ടില്ല. ഒരു നിലയ്ക്ക് അവജ്ഞയായിരുന്നു ഉണ്ടായിരുന്നത്. പക്ഷേ ഒരു സന്ദർഭത്തിൽ ഞാനറിയാതെ അവൾ എന്റെ ജീവിതത്തിലേക്കു വന്നു. ശരിക്കുമത് എന്റെ അബോധത്തിൽ സംഭവിച്ചതാണ്. തിരിച്ചറിവുണ്ടായപ്പോൾ ഞാൻ രക്ഷപ്പെട്ടു. കാണുന്ന പോലെയല്ല, മാരകമായ ചില നിയോഗങ്ങളുമായി നടക്കുന്ന ഒരു സ്ത്രീയാണ് സജിത. അവൾക്കത് അറിയില്ല. ചില സമയങ്ങളിൽ അവൾ രൂപവും ഭാവവും മാറാറുണ്ട്. ചില നേരങ്ങളിൽ അദൃശ്യയാകും.
“ജർമനിയിൽ എത്തിയശേഷം സജിത *ആന്റിഫക്കാരുടെ കൂടെയാണ്. അവിടത്തെ ഒരു എക്സ്ട്രീം ലെഫ്റ്റ് സംഘടനയാണത്. ലിന ഏംഗൽ എന്ന ഒരു ഭീകരസ്ത്രീയുണ്ട്. റൈറ്റ് വിങ്ങിൽ പെട്ടവരെ നവനാസി എന്നാരോപിച്ച് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കും. അവർ ഇപ്പോൾ ജയിലിലാണ്.’’
“ആക്രമണത്തിനും മരണത്തിനുമൊപ്പമാണ് കഴിഞ്ഞ നാലഞ്ചു വർഷങ്ങൾ സഹവസിച്ചത് എന്നോർക്കുമ്പോൾ അമ്പരപ്പ് തോന്നുന്നുണ്ട്. ആ സമയത്ത് അതീതശക്തിയിൽനിന്ന് എനിക്ക് ചില നിർദേശങ്ങൾ ലഭിച്ചു.
അകലേക്ക് രക്ഷപ്പെടണം. ഒരു ജലാശയം. കഴിയുമെങ്കിൽ ഒരു സമുദ്രം, ഒരു പർവതം ഇത്രയ്ക്കും മറികടക്കണം. മറ്റൊരു രാജ്യത്ത് ചെന്നുചേരണം.”
മേഴ്സി കബീറിനോട് പറഞ്ഞു:
“എല്ലാം കേട്ട് ഞാൻ നിശ്ശബ്ദയായി ഇരുന്നതേയുള്ളൂ. ഷോക്കേറ്റതു പോലെയായിരുന്നു. എന്റെ സ്വസ്ഥതയെല്ലാം നഷ്ടപ്പെട്ടു കബീർ. ഉറങ്ങാനാവുന്നില്ല. എന്റെ അമ്മ പറയാറുള്ളതുപോലെ ഉള്ളിൽക്കിടന്ന് ഒരു കനൽ എരിയുകയാണ്. അപ്പച്ചനോട് വഴക്കിട്ട് വീടുവിട്ടുപോയ അനിയൻ ജോസുകുട്ടിയെയാണ് എനിക്ക് എല്ലായ്പ്പോഴും ഓർമവരുന്നത്.”
താനും ഗൗതവുമായുള്ള കമ്യൂണിക്കേഷൻ നിലച്ചിട്ട് ഏതാനും വർഷങ്ങളായിരിക്കുന്നു എന്ന സംഗതി കബീർ അപ്പോൾ ഓർത്തു. കുട്ടിക്കാലത്തെ ചോദ്യങ്ങളുടെ തുടർച്ചയായി അവൻ അയാൾക്ക് നിരന്തരം കത്തുകളും പിന്നെ ഇ മെയിലുകളം അയക്കാറുണ്ട്. പിന്നെ വാട്സാപ്പും മെസഞ്ചറും. കോളേജുകളിൽ നിന്നയച്ച കത്തുകൾ അയാൾ സൂക്ഷിച്ചുവച്ചിട്ടുണ്ട്. അത്ഭുതത്തോടെയും അഭിമാനത്തോടെയും അവയെടുത്ത് ഇടയ്ക്ക് വായിച്ചുനോക്കും. ആർജവമായ നിരീക്ഷണങ്ങളാണ്. വായിച്ച പുസ്തകങ്ങളെപ്പറ്റി. കണ്ട സിനിമയെപ്പറ്റി. അയാൾക്കത്ര ജ്ഞാനമില്ലാത്ത പുതിയ ഇൻഫർമേഷൻ ടെക്നോളജിയെക്കുറിച്ചും കഴിയാവുന്നത്ര ലളിതമായി അവൻ വിശദീകരിക്കാറുണ്ടായിരുന്നു. ഇപ്പോൾ എല്ലാം നിലച്ചു. മേഴ്സി വീഡിയോ കോളിൽ വിളിക്കുമ്പോൾ അവൻ അയാളെ പകച്ച് നോക്കുകയാണ് പതിവ്.
ലാപ്ടോപ് തുറന്ന് ഗൗതം അവസാനം അയച്ച മെയിൽ കബീർ വായിച്ചു. നാലു വർഷങ്ങൾക്ക് മുമ്പെഴുതിയതാണ്. ജെഫ്രി സോൺസ് എന്ന പണ്ഡിതൻ രചിച്ച ഹോണ്ടഡ് മീഡിയ പുസ്തകം വായിച്ചതിന്റെ അനുഭവം.
ചിത്രീകരണം: സുനിൽ അശോകപുരം
“പപ്പ, അത് കൊള്ളാവുന്ന ഒരു പുസ്തകമാണ്. ടെക്നോളജിയെ ഹിസ്റ്ററിയും കൾച്ചറുമായി ബന്ധപ്പെടുത്തി എഴുതിയത്. ജെഫ്രി സോൺസ് അമേരിക്കക്കാരനാണ്. ചരിത്രാധ്യാപകനാണ് എന്നു തോന്നുന്നു. ഐടിയിൽ വർക്ക് ചെയ്യുമ്പോൾ നമുക്ക് ചില ആശങ്കകൾ ഉണ്ടാവുമല്ലോ. അതിൽ ചിലത് ഇപ്പോൾ ശമിച്ചു എന്നു പറയാം. ബുക്ക് അത്രയ്ക്ക് അപ്ടുഡേറ്റ് ആണെന്ന് പറയാൻ പറ്റില്ല. ഇന്റർനെറ്റല്ല, ടെലിവിഷനെയാണ് അദ്ദേഹം അവലംബമാക്കുന്നത്. എങ്കിലും നമുക്കത് ഉപകാരമാവും. പുതിയ ടെക്നോളജി മനുഷ്യനെ ഭൂതാവേശിതനാക്കുന്നുവെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ടെലഗ്രാഫ്, ടെലിഫോൺ, റേഡിയോ, ടെലിവിഷനുമെല്ലാം മനുഷ്യരുടെ ശബ്ദങ്ങൾ കേൾപ്പിക്കാൻ തുടങ്ങിയ കാലത്ത് ചിലരത് മരിച്ചവരുടെ സംസാരമായിട്ടാണ് കരുതിയതത്രെ. അതവരുടെ അന്ധവിശ്വാസമല്ലെന്ന് സോൺസ് പറയുന്നു. മാധ്യമങ്ങൾ വെറും വിവരങ്ങൾ കൈമാറുന്ന ഉപകരണങ്ങൾ മാത്രമല്ല; മനുഷ്യരുടെ കൽപ്പനകളെയും ഭയങ്ങളെയും ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ധാരണകൾ രൂപപ്പെടുത്തുന്ന ശക്തികളാണ്. ഇന്റർനെറ്റ് ഉണ്ടാക്കാൻ പോകുന്ന മനുഷ്യബോധത്തെക്കുറിച്ച് പറയാതെ തന്നെ സോൺസ് സൂചന തരുന്നുണ്ട്.
“പപ്പ, മനുഷ്യൻ എക്കാലത്തും ഭാവനയുടേയും വിസ്മയത്തിന്റെയും ലോകത്ത് ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. ശാസ്ത്രം വളർന്ന് വളർന്ന് അവസാനം ദൈവം മരിക്കും എന്നു കാത്തിരിക്കുന്ന പപ്പയേപ്പോലുള്ള ഭൗതികവാദികൾ നിരാശരാവേണ്ടി വരും.”
(തുടരും).
*Anti-Fascist Action എന്ന സംഘടന









0 comments