ad
Deshabhimani

കവർസ്റ്റോറി

ഒടുവിൽ അവർ ചീവീടുകളോട്‌ സല്ലപിച്ചു

എസ്‌ ജാനകി ഫോട്ടോ: ജഗത്‌ലാൽ
avatar
എസ്‌ വി മെഹജൂബ്‌

Published on Jul 27, 2026, 03:06 PM | 5 min read

എസ് ജാനകി എനിയ്‌ക്കമ്മയല്ല, മുഹമ്മദ് റഫി അച്ഛനല്ലാത്തതുപോലെ!

പ്രണയം, വിരഹം, ഭക്തി, വാത്സല്യം, ദുഃഖം, ഹാസ്യം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വൈകാരിക ഭാവങ്ങൾ നമ്മെ അനുഭവിപ്പിച്ച ഒരാളെ അമ്മയാക്കുന്നത് അവരെ ഉയർത്തലല്ല. മറിച്ച് അവരുടെ പല സാധ്യതകളിൽനിന്ന് ഒന്നിലേക്ക് വെട്ടിച്ചുരുക്കലാണ്.-

ഗായകർ സിനിമയിൽ മാത്രമല്ല പിന്നണി പാടുന്നത്. പാട്ടിഷ്ടപ്പെടുന്നവരുടെ വിവിധങ്ങളായ ജീവിതമുഹൂർത്തങ്ങളിൽ അവർ പലതരം ഭാവങ്ങളോടെ നമ്മോട് ചേർന്നുനിൽക്കും. ഉറങ്ങാൻ കിടക്കുമ്പോൾ ഉറക്കാനെത്തും, പ്രണയത്തെയും വിരഹത്തെയും ആനന്ദത്തെയും ആഘോഷത്തെയും വേദനകളേയും ഉള്ളതിൽ പതിന്മടങ്ങ് തീവ്രമായി അനുഭവിപ്പിക്കും. അതിനൊക്കെ നാം അന്നുവരെ കണ്ടിട്ടില്ലാത്ത പലതരം നിറങ്ങൾ ചാർത്തിത്തരും.

എസ്‌ ജാനകി ഫോട്ടോ: ജഗത്‌ലാൽഎസ്‌ ജാനകി ഫോട്ടോ: ജഗത്‌ലാൽ

മലയാള സിനിമയിലെ ഏറ്റവും വലിയ ജീനിയസ്സുകൾ സംവിധായകരോ അഭിനേതാക്കളോ അല്ല, പാട്ടുകെട്ടിയവരും അതിന് സംഗീതം പകർന്നവരും അത് ആലപിച്ചവരുമാണെന്ന് സംവിധായകൻ കെ ജി ജോർജ്‌ മാധ്യമപ്രവർത്തകനും സംവിധായകനുമായ കെ ബി വേണുവുമായുള്ള ഒരഭിമുഖത്തിൽ പറയുന്നുണ്ട്. പോകെപ്പോകെ സിനിമകളും സംവിധായകരും നടീനടൻമാരും വിസ്മൃതിയിലേക്ക്‌ മറയുമ്പോഴും പിന്നണിയിൽ പാടിയ കമുകറയും ഉദയഭാനുവും മെഹബൂബും സൈഗാളും മന്നാഡെയും മുകേഷും കിഷോറും ലീലയും വാണി ജയറാമുമൊക്കെ ലൈവായി മിണ്ടിയും പറഞ്ഞും നമ്മോടു കൂടെത്തന്നെയുണ്ട് എന്നത് കെ ജി ജോർജിനെ ശരിവയ്‌ക്കുന്നു.

ഒരു ചലച്ചിത്ര പിന്നണി ഗായിക എന്ന നിലയിൽ ദീർഘായുസ്സ് ലഭിച്ച ഗായികയാണ് എസ് ജാനകി. ആറ് പതിറ്റാണ്ടിലധികം അവർക്ക് സിനിമയിൽ ഏറിയും കുറഞ്ഞും സജീവമായിത്തന്നെ നിൽക്കാൻ കഴിഞ്ഞു. മലയാളത്തിലടക്കം ദക്ഷിണേന്ത്യയിൽ മറ്റൊരു ഗായികയ്‌ക്കും ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. ഒരുപക്ഷേ ഇതിലും കൂടുതൽ കാലം ഫീൽഡ് ഔട്ടാകാതെ നിന്ന മറ്റൊരാൾ വിഖ്യാത ഗായിക ലതാ മങ്കേഷ്‌കറാണ്. പിന്നെയൊരാൾ അവരുടെ സഹോദരി കൂടിയായ ആശാ ബോസ്ലേയാണ്.

ഗായകരിലും ഇങ്ങനെ ദീർഘകാലയളവിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞവരെ വിരലിലെണ്ണാൻ നോക്കിയാൽ വിരലുകൾ ബാക്കിയാകും. അതിലൊന്നാം സ്ഥാനത്ത് തീർച്ചയായും യേശുദാസ് തന്നെ. മുഹമ്മദ് റഫിയും മുകേഷും എസ് പി ബാലസുബ്രഹ്മണ്യവും നമ്മുടെ എം ജി ശ്രീകുമാറും ലിസ്റ്റിൽ വരും.

എന്തുകൊണ്ടാണ് ചിലർക്കു മാത്രം കരിയറിൽ ഇത്ര ദീർഘായുസ്സ് ലഭിക്കുന്നത്? ഈ ചോദ്യത്തിനുത്തരം തേടുമ്പോഴാണ് എസ് ജാനകിയടക്കമുള്ള ഗായകരുടെ ശബ്ദത്തിന്റെ പ്രത്യേകത, ടാലന്റ്‌, സിനിമാ ഇൻഡസ്ട്രിയുടെ ഡിമാന്റ്‌, സംഗീത സംവിധായകരുടെ സെലക്ഷൻ, കേൾവി ശീലങ്ങളിൽ ആധുനികത നടത്തിയ പുതുക്കിപ്പണിയലുകൾ തുടങ്ങിയവ വിശകലനം ചെയ്യപ്പെടുക.


സിനിമ, ശബ്ദം, ആധുനികത


കേരളം മാത്രം ഉദാഹരണമായെടുത്താൽ പല പ്രദേശങ്ങളിൽ രൂപംകൊണ്ട നാടകസംഘങ്ങളെയും പ്രാദേശികവും സാമുദായികവുമായ അഭിരുചികളെയും ഭാഷാപ്രയോഗങ്ങളെയും ഒരു പരിധിവരെ പകരംവച്ചുകൊണ്ടാണ് പാൻ കേരളാ അടിസ്ഥാനത്തിൽ സിനിമ രംഗപ്രവേശം ചെയ്യുന്നത്‌. നിലനിൽപ്പിനായി അതിനൊരു പാൻ കേരളാ ഭാഷയും അഭിരുചിയും പെരുമാറ്റ രീതികളും രൂപപ്പെടുത്തേണ്ടതുണ്ടായിരുന്നു.

വിഗതകുമാരനിലൂടെ തിക്കുറിശ്ശി സുകുമാരൻ നായരിലൂടെ കമുകറയിലൂടെ ഉദയഭാനുവിലൂടെ ലീലയിലൂടെ എച്ച് മെഹബൂബിലൂടെ പ്രയാണം ചെയ്‌ത്‌ ആധുനികത സെറ്റു ചെയ്‌ത റിഫൈൻമെന്റിലേക്ക് അത് എത്തിച്ചേരുന്നത് ഭാഷയിലും ശബ്ദത്തിലും ചേഷ്ടകളിലുമുള്ള പ്രാദേശിക, ഗോത്ര സവിശേഷതകളെ ഊറ്റിക്കളഞ്ഞുകൊണ്ടാണ്. അങ്ങനെയാണത് പി എൻ മേനോനിലും പി ഭാസ്‌കരനിലും രാമു കാര്യാട്ടിലും ഒഎൻവിയിലും വയലാറിലും ദേവരാജനിലും ബാബുരാജിലും പ്രേംനസീറിലും യേശുദാസിലും ജാനകിയിലുമൊക്കെ എത്തിച്ചേരുന്നത്. ഇതുതന്നെയാണ് സൈഗാളിലൂടെ പ്രയാണം ചെയ്‌ത്‌ മൊഹമ്മദ് റഫിയിലും ലതാ മങ്കേഷ്‌കറിലും എത്തിച്ചേരുന്നതിലൂടെ ഹിന്ദിയിലും മറ്റ് ഭാഷകളിലുമൊക്കെ സംഭവിക്കുന്നത്.

ഈ പ്രയാണത്തിലൂടെ സിനിമയിലെ നായകനും നായികയും അവരുടെ ജീവിതവും കൂടുതൽ ആധുനികവൽക്കരിക്കപ്പെടുകയും അവർ കൂടുതൽ ‘കുലീനരാ'യിത്തീരുകയും ചെയ്യുന്നുണ്ട്. അങ്ങനെ കുലീനരായിത്തീർന്ന ആധുനിക നഗര മലയാളിക്ക് ക്ലാസിക്കൽ മ്യൂസിക്കിന്റെ ഗമഗങ്ങൾ ആലാപനത്തിൽ മുഴച്ചുനിൽക്കുന്നത് വേണ്ടാതായി. പ്രാദേശികതയും ഗ്രാമീണതയും മുറ്റി നിൽക്കുന്ന ശബ്ദങ്ങൾ കുറച്ചിലായി. അവർക്ക് ജോർജും ആന്റോയും കമുകറയും മെഹബൂബും ഉദയഭാനുവും സുലോചനയും ലീലയും മതിയാകാതെയായി. അവിടെയാണ് ജാനകിയും യേശുദാസും ജയചന്ദ്രനും ജോളി എബ്രഹാമും മാർക്കോസും വേണുഗോപാലും എം ജി ശ്രീകുമാറുമൊക്കെ ഉദയം ചെയ്യുന്നത്.

(ദേശാഭിമാനി വാരികയ്‌ക്കുവേണ്ടി മുമ്പ്‌ എഴുതിയ ജയചന്ദ്രൻ നിരൂപണത്തിൽ വേറൊരുതരത്തിൽ ഈ വിശകലനം നടത്തിയിട്ടുണ്ട്.)

എം എസ് ബാബുരാജും എസ് ജാനകിയും റെക്കോഡിങ്ങിനിടെ എം എസ് ബാബുരാജും എസ് ജാനകിയും റെക്കോഡിങ്ങിനിടെ

എന്തുകൊണ്ട് ജാനകി?


മുകളിൽ വിശകലനം ചെയ്‌ത ഭാവുകത്വ മാറ്റങ്ങളോടെ ഗായകരും നടീനടൻമാരും മാറി മാറി വന്നുകൊണ്ടിരുന്നപ്പോഴും ചിലർ ബ്ലാക്ക് ആൻഡ്‌ വൈറ്റിനും കളറിനും ഇടയിൽ പണിത പാമ്പൻ പാലം പോലെ ദീർഘകാലം സിനിമയിൽ സജീവമായി പിടിച്ചുനിന്നു. ഇൻഡസ്ട്രിയുടെ ആവശ്യങ്ങളും അത് നിറവേറ്റാൻ അവർക്കുള്ള ശേഷിയുമാണ് പ്രധാനമായും ആ ദീർഘായുസ്സിനെ നിർണയിച്ചത്.

ഏറ്റവും ഉയരത്തിൽ ഉയർന്നും അടിപ്പാതകളിലൂടെ പരമാവധി താഴ്‌ന്നും വളവുതിരിവുകളിലൂടെ അനായാസമായി വെട്ടിച്ചുപോകാനും ഇതിനൊക്കെയിടയിൽ ശാസ്ത്രീയ സംഗീതത്തിന്റെ ഗമഗവിന്യാസങ്ങളെ അകറ്റി നിർത്താനും കഴിയുന്ന ശബ്ദങ്ങൾക്കാണ് ദീർഘായുസ്സ് ലഭിച്ചത്. ജാനകി ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടില്ല എന്നത് വിസ്മയത്തോടുകൂടിയാണ് പലപ്പോഴും ചർച്ച ചെയ്യപ്പെടാറുള്ളത്. എന്നാൽ അതുതന്നെയായിരുന്നു ജാനകിയുടെയും എസ് പി ബാലസുബ്രഹ്മണ്യത്തിന്റെയുമൊക്കെ സാധ്യത എന്നതാണ് യാഥാർഥ്യം. പരിശീലനം കിട്ടിയ യേശുദാസും എം ജി ശ്രീകുമാറുമടക്കമുള്ളവർ അത് മറന്നുകൊണ്ട് പ്രവർത്തിച്ചതാണ് ഒരുപക്ഷേ അവരെ വ്യവസായ ബന്ധുക്കളായി ദീർഘകാലം നിലനിർത്തിയത് എന്നു പറയാം.

യേശുദാസിനും ജാനകിക്കും ശേഷം രംഗപ്രവേശം ചെയ്‌ത ജയചന്ദ്രൻ, ബ്രഹ്മാനന്ദൻ, മാർക്കോസ്, വാണി ജയറാം, ചിത്ര, വേണുഗോപാൽ, എം ജി ശ്രീകുമാർ തുടങ്ങിയവരിൽ ചിത്രയ്‌ക്കും എം ജി ശ്രീകുമാറിനുമാണ് ദീർഘായുസ്സ് ലഭിച്ചത്. മറ്റുള്ളവരുടെ ശബ്ദങ്ങൾക്ക് ഒരു തലത്തിൽനിന്ന് ഉയർന്നു പറക്കാനോ താഴ്‌ന്ന്‌ സഞ്ചരിക്കാനോ ഉള്ള ശേഷിക്കുറവ് ഉണ്ടായിരുന്നു. ഹിന്ദിയിൽ തലത്തിനെയും കിഷോറിനെയും പിന്തള്ളി മുഹമ്മദ് റഫി രംഗം കയ്യടക്കുന്നതും ഇതേ സവിശേഷതകൊണ്ടാണ്‌.

എസ്‌ ജാനകി, ഇളയരാജ, എസ്‌ പി ബാലസുബ്രഹ്മണ്യംഎസ്‌ ജാനകി, ഇളയരാജ, എസ്‌ പി ബാലസുബ്രഹ്മണ്യം

മിമിക്കും ആലാപനവും


നടീനടൻമാരുടെ ആയുസ്സും ഗായികാ ഗായകൻമാരുടെ ആയുസ്സും പലപ്പോഴും സമാന്തരമായി സഞ്ചരിക്കുന്നതു കാണാം. രാജ് കപൂറും മുകേഷും, മമ്മൂട്ടിയും യേശുദാസും, മോഹൻലാലും എം ജി ശ്രീകുമാറും, ദിലീപും ഉദിത് നാരായണനുമൊക്കെ മികച്ച ഉദാഹരണങ്ങളാണ്. പ്രേംനസീറിന്റെ കാലത്തിനുശേഷം മമ്മൂട്ടിയുടെ വരവ് യേശുദാസിന്റെ നിലനിൽപ്പിന് അതിശക്തമായ അടിത്തറ പാകിയിട്ടുണ്ട്. ഇതിനുകാരണം പിന്നണി ഗാനാലാപനത്തിൽ ചെറിയ തോതിൽ മിമിക്ക് ചെയ്യാനുള്ള ശേഷിക്ക് പ്രാധാന്യമുണ്ട് എന്നതാണ്. (ചലച്ചിത്ര ഗാനാലാപനവും പാട്ടെഴുത്തും സംഗീതത്തിന്റെയും കവിതയുടെയും ആപ്ലിക്കേഷനാണ്. അഥവാ applied art ആണ്.)

ജാനകിയുടെ കാര്യത്തിൽ ഇത് വളരെ പ്രകടമായിരുന്നു. പ്രായമേറിയവർക്കുവേണ്ടി ശബ്ദത്തെ ഉലയ്‌ക്കാനും കൊച്ചു കുട്ടികൾക്കുവേണ്ടി കൊഞ്ചിക്കുഴയാനും ഒറ്റ ആലാപനത്തിനിടയിൽ ചിരിയും ഗദ്ഗദവും പ്രസന്നതയും ശോകവും ലാസ്യവും മാറിമാറി പകരാനും അവരുടെ ശബ്ദത്തിനുള്ള ശേഷി അനന്യമാണ്.

അത്തരത്തിൽ മഴവിൽ വർണങ്ങൾ ഒറ്റ ആലാപനത്തിനിടയിൽ കൊണ്ടുവന്നിട്ടുള്ള ഗായകപ്രതിഭ കിഷോർ കുമാറാണ് എന്നു തോന്നുന്നു. ജാനകി ഗുലാം അലിയെപ്പോലെ ഏത് കുരുക്കുകളും അനായാസേന അഴിച്ചെടുത്തു. പ്രസന്നവതിയായി നിൽക്കെ പറയുന്ന മാത്രയിൽ ദുഃഖപുത്രിയായി. സംഗീത സംവിധായകർക്ക് ഏറ്റവും റിസ്‌ക്‌ കുറഞ്ഞ ഗായികയായി. അതുകൊണ്ടാണ് എം ബി ശ്രീനിവാസനും ബാബുരാജും ജെറി അമൽദേവുമടക്കമുള്ള പ്രതിഭാധനരായ സംഗീത സംവിധായകർ അവരിൽ വിശ്വാസമർപ്പിച്ചത്. വീണ്ടും വീണ്ടും അവരെത്തേടിച്ചെന്നത്.


സ്റ്റുഡിയോ വഴക്കങ്ങൾ


കല എന്നതുപോലെ ജനപ്രിയ സിനിമ വലിയ മുതൽമുടക്കുള്ള, മുതൽമുടക്കിന്റെ തിരിച്ചുവരവിന് യാതൊരു ഗ്യാരന്റിയുമില്ലാത്ത വ്യവസായമാണ്. അതുകൊണ്ട് എത്രയും പെട്ടെന്ന്, പരമാവധി പെർഫക്ഷനോടെ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നവർക്കാണവിടെ സാധ്യത. ഒരാൾ വലിയ കവിയാണോ, ഗായകനാണോ, നടനാണോ എന്നതിനപ്പുറം ക്യാമറയ്‌ക്കു മുന്നിൽ, റെക്കോഡിങ് സ്റ്റുഡിയോയ്‌ക്കകത്ത് പെർഫോം ചെയ്യാനുള്ള അയാളുടെ ശേഷിയാണ് പ്രധാനം. അങ്ങനെയൊരാളെ കണ്ടെത്തിയാൽ, അയാൾക്ക്‌ വ്യാവസായിക വിജയം ലഭിച്ചാൽ പിന്നെ റിസ്‌കെടുക്കാതെ അയാൾക്ക് പിന്നാലെ കൂടുക എന്നതാണ് സിനിമയുടെ സ്വഭാവം.

ഒഎൻവി, വയലാർ, ഭാസ്‌കരൻ, ദേവരാജൻ, ബാബുരാജ്, യേശുദാസ്, ജാനകി, വാണി ജയറാം, ചിത്ര, സുജാത, ശ്യാം, ജെറി അമൽദേവ്, ശരത്, പൂവച്ചൽ ഖാദർ, ബിച്ചു തിരുമല (ലിസ്റ്റ് വലുതാണ്) തുടങ്ങിയവരൊക്കെ ഇവ്വിധം കാര്യനിർവഹണ ശേഷി കൂടിയ ആർടിസ്റ്റുകളാണ്. ജാനകി ഒരു സ്റ്റുഡിയോയിൽ നിന്ന് അടുത്ത സ്റ്റുഡിയോയിലേക്ക് സഞ്ചരിച്ച് വ്യത്യസ്‌ത ഭാവതലത്തിലുള്ള ഗാനങ്ങൾ ആലപിച്ചു. പിറകെ കടലാസും പേനയുമെടുത്ത് പൂവച്ചലും ബിച്ചുവും കാറിലും കാന്റീനിലുമിരുന്ന് പാട്ടുകെട്ടിക്കൊടുത്തു. ഈ മികവും അർപ്പണബോധവുമാണ് ഇവരെയൊക്കെ നിലനിർത്തിയത് എന്നു കാണാം.

ജാനകിയുടെ ശബ്ദം

വളരെ ഭാരിച്ച ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത ശബ്ദമായിരുന്നു ജാനകിയുടേത്. ഒരാളോട് മാത്രം സംസാരിച്ചിരിക്കാൻ അതിന് നേരമുണ്ടായിരുന്നില്ല. ഒരായിരം പേർക്ക് ജീവിതവേദാന്തങ്ങൾ പകർന്നുനൽകണം. നൂറായിരം പേരുടെ പ്രണയവിരഹങ്ങൾക്ക് കൂട്ടുപോകണം. അതുകൊണ്ടാവണം മന്ത്രസ്ഥായിയിൽ ജാനകിക്ക് ഇരിപ്പുറച്ചതേയില്ല. എവിടെനിന്നു തുടങ്ങിയാലും ഗാന്ധാരത്തിലേക്കും പഞ്ചമത്തിലേക്കും ആ ശബ്ദം വളരെവേഗം ഉയർന്നുപൊങ്ങിപ്പറക്കും.പഴയകാലത്തെ കല്യാണവീടുകളിൽ നാട്ടുകാരെ മൊത്തം വിളിച്ചുകൂട്ടാൻ പാകത്തിൽ പാട്ടുവെച്ച, തെങ്ങിൽ കെട്ടിയ കോളാമ്പി സ്‌പീക്കർ എന്നപോലെ എല്ലാവർക്കുമായാണവർ പാടിയത്. ‘നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ’ എന്ന മട്ടിൽ ഒരാളോടൊറ്റയ്‌ക്കുള്ള പ്രണയപ്പേച്ചുകളിൽ പോലും ഒരു സ്വകാര്യത ഫീൽ ചെയ്യായ്ക എല്ലാ ശബ്ദ സൗകുമാര്യങ്ങൾക്കിടയിലും മുഴച്ചുനിന്നു. ‘കണ്ണീരിതെന്തേ സന്ധ്യേ...’ എന്ന് ജാനകി ചോദിച്ചത് കേവലം ഒരു സന്ധ്യയോടല്ല, കണ്ണീരണിഞ്ഞ ഒരുപാട് സന്ധ്യകളോടാണ് എന്നുതോന്നും. ‘സ്വപ്‌നം കാണാറുണ്ടോ’ എന്ന് ‘സ്വർണമുകിലിനോടു’ ചോദിക്കുമ്പോഴും ‘മാതളപ്പൂപോലൊരു മാനസം കണ്ടു’ എന്ന് പറയുമ്പോഴും താരസ്ഥായിയിൽ പ്രിയപ്പെട്ടവരോടാകെയുള്ള പ്രിയം പറച്ചിലുപോലെ സവിശേഷ ശബ്ദവിന്യാസം തേടുന്നുണ്ട്.

പി സുശീലയ്‌ക്കൊപ്പംപി സുശീലയ്‌ക്കൊപ്പം

പ്രണയ വിരഹ വേദനകളിൽ പ്രണയിയുടെ സ്‌നേഹ നിരാസങ്ങളിൽ തളർന്നു മലർന്നുകിടന്ന വിരഹിയോട് ‘താതാ നിൻ കൽപ്പനയാൽ കാനനം തന്നിൽ പാതിരാ പൂവായി വിടർന്നുവെന്ന്' കള്ളം പറഞ്ഞവർ തരളിത ഹൃദയങ്ങൾക്ക് കരുത്തേകി. ഒന്നുമല്ലാതായി എന്ന് വേദനിച്ചവരെ ‘ദേവാ' എന്നു വിളിച്ചു. ‘പൂമണമില്ലല്ലൊ പൂന്തേനുമില്ലല്ലൊ പൂജയ്‌ക്കു നീയെന്നെ കൈകൊള്ളുമോ' എന്ന് കെഞ്ചി. ഈരേഴ് ലോകവും നേടിയ, അശ്വമേധം ജയിച്ച ചക്രവർത്തിയായി അവർ പകർന്നു നൽകിയ നവോന്മേഷത്തിൽ കണ്ണടച്ചുകിടന്നു. കിനാവുകളുടെ ‘നീല ഗഗന വനവീഥികളിൽ' ആ അരൂപിയൊന്നിച്ച് ആസ്വാദകർ പറന്നുനടന്നു.

ജാനകിയുടെ ശബ്ദം 1950‐കളിൽനിന്ന് പലതരം പരിണാമങ്ങളിലൂടെ കടന്നുപോയി. അമ്പതുകളിലും അറുപതുകളിലുമുള്ള ശബ്ദത്തിൽനിന്ന് പൂവച്ചൽ ഖാദറിനൊപ്പം എൺപതുകളിൽ അവർ കടുത്ത പ്രണയിനിയായി തനിയ്‌ക്കന്യം നിന്ന മന്ത്രസ്ഥായിയെ പിടിയ്‌ക്കാനാഞ്ഞു. ‘എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലൊ...' ‘നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ...' തുടങ്ങിയ പാട്ടുകൾ മലയാളി കൊതിച്ചുനിന്ന പ്രണയിനിയെ ശബ്ദത്തിൽ വരച്ചിട്ടു. പിന്നെപ്പിന്നെ ‘ആഴക്കടലിന്റെ അങ്ങേക്കരയിൽ...' എന്ന് നടി സുകുമാരിക്കു വേണ്ടി ആ ശബ്ദം വിറയാർന്നു. ഒടുക്കം ലതാമങ്കേഷ്‌കറെപ്പോലെ തന്റെ ശബ്ദം ചീവിടുകളോട് സല്ലപിക്കാൻ തുടങ്ങിയെന്ന് സംശയം തോന്നിത്തുടങ്ങിയപ്പോഴായിരിക്കണം ജാനകി സ്റ്റുഡിയോയിൽ നിന്നിറങ്ങി നടന്നകന്നത് .






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home