ഫീച്ചർ
മുന്തിയതുമാത്രം ചേർത്തുവച്ച മഹത്വം

സി കെ ദിനേശ്
Published on Oct 31, 2026, 12:27 PM | 10 min read
പാട്ടുകൾ കേൾക്കാൻ കൂടുതൽ സൗകര്യമുള്ള കാലമായതിനാൽ ഈ ഡിജിറ്റൽ യുഗത്തിൽ ഏവർക്കും പഴയ മനോഹര ഗാനങ്ങൾ കേൾക്കാൻ വലിയ അവസരമാണ്. അതുകൊണ്ടുകൂടിയാണ്, ഏത് ടെലിവിഷൻ ചാനലിന്റെ മെഗാ പാട്ടുമത്സരങ്ങളെടുത്താലും പഴയകാല സുന്ദര ഗാനങ്ങൾ ഏറ്റവും പുതിയ തലമുറയിലെ കുഞ്ഞുങ്ങൾ വരെ ആലപിക്കുന്നത്. അതിൽ മുന്നിൽ നിൽക്കുന്ന ഗാനങ്ങളും വയലാറിന്റേതാണ്. ആ ഗാനങ്ങൾ എന്നും നെഞ്ചോട് ചേർക്കുക മാത്രമല്ല, ആഴത്തിൽ പഠിക്കുകയും ചെയ്ത വയലാറുകാരി കോമളാക്ഷ പണിക്കർ ഇൗ മണ്ണിലെ സമരപുളകങ്ങളുടെ ധാരയേയും കൂട്ടിച്ചേർക്കുന്നു. വയലാറിന്റെ പാട്ട് കേൾക്കുമ്പോൾ മാത്രമല്ല, ഇൗ മണ്ണിൽ നിൽക്കാൻ സാധിക്കുന്നതിലും വലിയ അഭിമാനം തോന്നുന്നെന്ന് അവർ പറഞ്ഞു. ഇൗ മണ്ണിൽനിന്ന് ഉയിർത്തെഴുന്നേറ്റ മനുഷ്യന്റെ വിപ്ലവ വികാരങ്ങൾ, ഇവിടുത്തെ പ്രകൃതി, പുഴ... എന്തില്ല വയലാറിന്റെ പാട്ടുകളിൽ? ഏറ്റവും സുന്ദരമായ പുഴകളെ, നദികളെ, പ്രകൃതിയെയാണ് വയലാർ ഓരോ പാട്ടിനുവേണ്ടിയും തെരഞ്ഞെടുത്തത്. കണ്ണിനെ കായാംപൂവിനോട് ഉപമിച്ചിരിക്കുന്നു, കവിളിനെ കമലദളമായി കാണുന്നു, പാരിജാതം, ഹിമവാഹിനി, സൂര്യൻ, ചന്ദ്രൻ... പ്രകൃതിയുടെ സജീവസാന്നിധ്യമാണ് പല പാട്ടുകളിലും. ‘‘നളചരിതത്തിലെ നായകനോ’’’ എന്ന പാട്ട് നോക്കൂ. പദങ്ങൾ കേവലം അലങ്കാരമല്ല, മനുഷ്യ ജീവിതവുമായി ഓരോ നിമിഷത്തേയും ബന്ധപ്പെടുത്തുകയാണ്. പുരാണ സങ്കൽപ്പം തന്നെ പ്രണയവുമായി ചേർത്താണ് പറയുക. തന്റേതായ കയ്യൊപ്പ് എന്നൊക്കെ പറയുന്നത് അക്ഷരാർഥത്തിൽ ഓരോ പാട്ടിലുമുണ്ട്. ‘‘തങ്കത്തളികയിൽ പൊങ്കലുമായ് വന്ന തൈമാസ തമിഴ്പെണ്ണേ’’ എന്ന പാട്ടിൽ ശരിക്കും സൗന്ദര്യ ആരാധനയാണ്. ‘ശകുന്തള’യിലെ ‘‘പ്രിയതമാ പ്രിയതമാ പ്രണയലേഖനം എങ്ങിനെയെഴുതണം’’, ‘‘സ്വർണത്താമരയിതളിലുറങ്ങും കണ്വതപോവന കന്യകേ...’’ അതിലൊക്കെ പെറുക്കിയെടുക്കാവുന്ന കാളിദാസ സ്പർശവും ജീവിതത്തിന്റെ ആഘോഷവും കാണാം. വിപ്ലവ ഗാനങ്ങളും ഭക്തി ഗാനങ്ങളും പ്രണയ– വിരഹ ഗാനങ്ങളും മതനിരപേക്ഷ ഗാനങ്ങളുമെല്ലാം ഒരേ തൂലികയിൽനിന്ന് ഒരേ മീറ്ററിലും ആഴത്തിലും ഉതിർന്നു വീഴുകയാണ്.
വയലാർ മക്കളായ സിന്ധു, ഇന്ദുലേഖ, യമുന എന്നിവർക്കൊപ്പം ഫോട്ടോ: പുനലൂർ രാജൻ
മനസ്സു നന്നാക്കുന്ന പാട്ടുകാലം
മനുഷ്യന്റെ അതിജീവനശ്രമം തന്നെയാണ് ചൂഷണവും കൊടിയ ക്രൂരതകളും നേരിട്ട് കുതിച്ച ഇൗ ഗ്രാമത്തിലും കണ്ടത്. അവർ വേരിലേക്ക് മടങ്ങി കൂടുതൽ ശക്തിയാർജിച്ചു. വിപ്ലവ ഗായിക പി കെ മേദിനിയുടെ വാക്കുകളിൽ അത് കാണാം. വയലാർ ഉൾപ്പെടെയുള്ള ഗ്രാമങ്ങളിൽ ഇടിമുഴക്കം പോലെ അധ്വാന ഗീതങ്ങൾ ഉയർന്നതും, അത് ആ മണ്ണിനെയും പിന്നീട് വയലാർ രാമവർമ്മ എന്ന കവിയെയും പ്രചോദിപ്പിച്ചതും മറ്റും മേദിനി ഓർക്കുന്നു. ‘‘മണ്ണെറിഞ്ഞാലും പൊന്നു കായ്ക്കുന്ന മണ്ണാണെൻ നാട്ടിലെന്നൊക്കേ കേട്ടുകേട്ടു തഴമ്പിച്ചതാണെൻ കുട്ടിക്കാലം തൊട്ടെൻ കാതം’’– പുന്നപ്ര വയലാർ സമര കാലത്ത് നാട്ടിൽ പാടിക്കേട്ടിരുന്ന പാട്ടുകളെക്കുറിച്ചാണ് പി കെ മേദിനി സംസാരിച്ചുതുടങ്ങിയത്. ആലപ്പുഴ മണ്ണഞ്ചേരിയിലെ തമ്പകച്ചുവടിൽ ഇളയമകളുടെ വീട്ടിലായിരുന്നു മേദിനി. കോരിച്ചൊരിയുന്ന മഴയത്തായിരുന്നു കയറിച്ചെന്നത്. കട്ടിയുള്ള പച്ചക്കരയൻ സെറ്റ് മുണ്ടുടുത്ത അവർ സിറ്റൗട്ടിൽ ഇരുന്ന് പുറത്ത് പെയ്തിറങ്ങുന്ന മഴ നോക്കി കാലത്തിലൂടെ സഞ്ചരിക്കുന്നു. ത്രിവർണ പതാക നെഞ്ചോട് ചേർത്തുപിടിച്ച് പി കൃഷ്ണപിള്ള വിളിച്ച മുദ്രാവാക്യമാണ് ഇന്നും തന്നെ നയിക്കുന്നത്: ‘‘പോരാട്ടം എല്ലാവിധ ചൂഷണങ്ങൾക്കുമെതിരാണ്.’’ വി എ കേശവൻ നമ്പൂതിരിയുടെ ‘‘മനസ്സു നന്നാവട്ടേ മതമേതെങ്കിലുമാകട്ടേ...’’ എന്ന കവിത മേദിനി പാടുന്നത് കേൾക്കാൻ ആഗ്രഹിക്കാത്തവരുണ്ടാകില്ല. എവിടെ ചെന്നാലും ആളുകൾ ഇൗ പാട്ട് പാടിക്കും. പ്രായാധിക്യത്തിൽ ശബ്ദമിടറുമ്പോഴും, ഉശിരോടെ പാടി നടന്ന കാലത്തെ അതേ വികാരത്തോടെ ഇന്നും ആ ശബ്ദം മുഴങ്ങും. ‘‘പുളകങ്ങളേ വീരപുളകങ്ങളേ കേരളത്തിന്റെ രോമാഞ്ചങ്ങളേ വിപ്ലവ കൊടിയിലേ രക്തരേണുക്കളേ നിങ്ങൾ തൻ ഓർമയിൽ വിടർന്ന ചെങ്കൊടിയുമായ് ഞങ്ങളായിരങ്ങളിന്ന് നേർന്നതാണി റെഡ് സല്യൂട്ട് ’’ അവർ പിന്നെയും പാടി. മൈക്ക് ഇല്ലാത്ത വേദികളിൽ പാടുന്പോൾ സദസ്സിൽ രണ്ടായിരമോ മൂവായിരമോ ആളുകൾ ഇരുന്നാലും അങ്ങേയറ്റത്തിരിക്കുന്നയാൾക്കും മേദിനിയെ കേൾക്കാമായിരുന്നു. അമ്മ അമ്മാനപ്പാട്ട് പാടുന്നത് കേട്ട ഓർമ അവർക്ക് ഇപ്പോഴുമുണ്ട്. കല്യാണങ്ങൾക്കൊക്കെ അമ്മയും കൂട്ടുകാരികളും പാടാൻ പോകുമായിരുന്നു. കുട്ടിക്കാലത്ത് തമിഴ് സിനിമ കാണിക്കാൻ ചേട്ടൻ കൊണ്ടുപോകും. ‘‘കഷ്ണ കൃഷ്ണ മുകുന്ദാ മുരാരേ...’’ അതൊക്കെ കേട്ട് പാട്ടിനോട് ആകർഷണം തോന്നി. നാലിൽ പഠിക്കുമ്പോൾ സ്കൂളിൽ രാജാവിനെ സ്തുതിക്കുന്ന പാട്ട് പാടാറുണ്ട്. 12 വയസായപ്പോൾ പാട്ട് മാറി: ‘‘രാജവാഴ്ച അവസാനിപ്പിക്കണം, ദിവാൻ ഭരണം വേണ്ട, പ്രായപൂർത്തി വോട്ടവകാശം വേണം… അവകാശങ്ങൾ വേണം… ’’ എന്നായി പാട്ടുകൾ. അക്കാലത്താണ് പി കൃഷ്ണപിള്ളയെ കാണുന്നത്. ദിവാൻ നിരോധിച്ച ഒരു പുസ്തകം വായിക്കാൻ തന്നു, മറ്റു കുറേ പുസ്തകം ഒളിച്ചുകടത്താനും. ഞങ്ങൾ പെൺകുട്ടികളെ പട്ടാളവും മറ്റും സംശയിക്കില്ലെന്നതിനാലാണ് ധൈര്യപൂർവം വിടുന്നത്. ഇന്ന് പുന്നപ്ര – വയലാർ ചരിത്രം അനുഭവതലത്തിൽ നിന്നുകൊണ്ട് പറയാൻ ഞാനെങ്കിലുമുണ്ട്. സമരകാലത്ത് അണിനിരന്ന ആരും ഇന്നില്ല. എന്റെ സഹോദരങ്ങൾ അഞ്ചുവർഷം ജയിലിൽ കിടന്നവരാണ്. അവരൊക്കെ പാട്ടുകാരാണ്, രചിക്കുകയും ചെയ്തിട്ടുണ്ട്. ഒളിവിൽ കഴിഞ്ഞത് എത്രകാലം. പുന്നപ്രയിലും വയലാറിലുമെല്ലാം ഇപ്പോഴും ആ അംശങ്ങളുണ്ട്. എന്തുകൊണ്ട് ഇൗ പ്രദേശങ്ങൾ? പലരും തേടിയലഞ്ഞു കാരണം കണ്ടെത്താൻ.
അവരവരുടെ കാരണങ്ങൾ
മനുഷ്യന്റെ ജീവിത പ്രയാസങ്ങളും ദാരിദ്ര്യവും അധികാരിവർഗ പീഡനങ്ങളും നേരിൽ കണ്ടതിന്റെ പ്രതികരണമായി ഒട്ടനവധി നോവലുകൾ എഴുതിയ കർഷകനായ തകഴി ശിവശങ്കരപ്പിള്ള ചോദിക്കുന്നുണ്ട്: ‘‘ഇന്ത്യയിലെല്ലായിടത്തും ഈ ഉച്ചനീചത്വം നിലനിൽക്കുമ്പോഴും ചേർത്തല, അമ്പലപ്പുഴ താലൂക്കിൽ മാത്രം വിപ്ലവകരമായ മുന്നേറ്റം നടന്നതിന് എന്തെങ്കിലും പ്രത്യേക കാരണമുണ്ടോ?’’ അദ്ദേഹം തന്നെ കണ്ടെത്തിയ ഉത്തരം ഇതാണ്: ഒരാരുത്തർക്കും അവരവരുടെ കാരണമുണ്ടായിരുന്നു സമരത്തിന്. കർഷകന് ഭൂമി, ജന്മിയുടെ ആട്ടും തുപ്പും സഹിക്കവയ്യാതെയുള്ള പ്രതിഷേധം, കടുത്ത ജാതിയവഗണന, ഉച്ചനീചത്വം... വിവിധ കാരണങ്ങളാൽ ഒരു സമരം തനിയെ ഊറിക്കൂടുകയായിരുന്നു. അതിന് രാഷ്ട്രീയ ഉള്ളടക്കം വന്നതോടെയാണ് സ്വഭാവം മാറുന്നതും ജനകീയ മുന്നേറ്റമാകുന്നതും. മരിക്കുമെന്ന് അറിഞ്ഞ് തന്നെ എത്തിയവരാണ് വളന്റിയർമാർ. അങ്ങനെ നോക്കുമ്പോൾ വലിയ സാമൂഹ്യ വിപ്ലവം തന്നെയാണ്. ഇൗ ഭാഗം തകഴി അവസാനിപ്പിക്കുന്നതിങ്ങനെ: ‘‘സമൂലമായ പരിവർത്തനത്തിനുള്ള സമരമായിരുന്നു അതെന്ന് തീർച്ച.’’ (അവതാരിക, പേജ് 10, പുന്നപ്ര വയലാർ ജ്വലിക്കുന്ന അധ്യായങ്ങൾ, എം ടി ചന്ദ്രസേനൻ). തകഴി ചൂണ്ടിക്കാട്ടിയതുപോലെ, സമൂല പരിവർത്തനത്തിനുള്ള സമരം ദീർഘകാലത്തെ ദുർഘട ജീവിതത്തിൽനിന്ന് ഒരു ജനത പടുത്തുയർത്തിയതാണ്. ഏതെങ്കിലും ആവശ്യങ്ങൾ താൽക്കാലികമായി അംഗീകരിച്ചാൽ അവസാനിപ്പിക്കാവുന്ന ജനമുന്നേറ്റമായിരുന്നില്ല അന്നുണ്ടായത്. ജാതി–ജന്മി വ്യവസ്ഥയുടെ കരാളഹസ്തങ്ങൾ ഞെക്കിപ്പിഴിഞ്ഞുകൊണ്ടിരുന്ന വലിയൊരു ജനസമൂഹത്തിന്റെ സർവതന്ത്ര സ്വതന്ത്രമായ മോചനമായിരുന്നു സ്വപ്നം. സായുധ സമരം എന്ന സാധാരണ സംജ്ഞയിൽ അത് ഉൾക്കൊള്ളില്ല. കാരണം, കിട്ടുന്ന ആയുധമെടുത്ത് പോരാടൻ തൊഴിലാളികളേയും കർഷക തൊഴിലാളികളേയും സ്ത്രീകളേയും നിർബന്ധിതമാക്കിയ സാമൂഹ്യ സാഹചര്യം അധികാരിവർഗവും ജാത്യാഹങ്കാരികളായ ഒരു കൂട്ടരും ചേർന്ന് സൃഷ്ടിക്കുകയായിരുന്നു. ഇൗ അടിസ്ഥാന പ്രശ്നമാണ് വിപ്ലവ ഗായിക പി കെ മേദിനിയും ഇന്ത്യ കണ്ട ഉന്നതരായ ജനനേതാക്കളിൽ ഒരാളായ വി എസ് അച്യുതാനന്ദനും വിവരിച്ചത്. തിരുവിതാംകൂറിൽ ജന്മിത്തത്തിന്റെ ഭീകരതയാർന്ന അവസ്ഥയായിരുന്നല്ലോ. സമരകാലത്ത് പ്രായപൂർത്തി വോട്ടവകാശത്തിൽ മുറുകെ പിടിച്ചിരുന്നു. ഞങ്ങളുടെ വീട്ടുകാരൊക്കെ കുടികിടപ്പുകാരായിരുന്നതിനാൽ വോട്ടവകാശമില്ലായിരുന്നു. പുന്നപ്ര, ആലപ്പുഴ ഭാഗങ്ങളിലൊക്കെ തൊഴിലുമായി ബന്ധപ്പെട്ട ധാരാളം പാട്ടുകളുണ്ടായിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് പിന്നീട് വിപ്ലവ ശീലുകളിലേക്ക് പാട്ടുകൾ മാറിയത്. രാഷ്ട്രീയ ആശയപരമായ പാട്ടുകളാണ് ആകർഷിച്ചത്. ജന്മിത്തത്തിനുമെതിരായ പാട്ടുകളായിരുന്നു അധികവും. വെടിവയ്പിനു ശേഷം ഒന്നു പകച്ചെങ്കിലും വിപ്ലവാവേശം വർധിക്കുകയാണ് ചെയ്തത്. അന്ന് പി ഭാസ്കരൻ എഴുതി: ‘‘ഉയരും ഞാൻ നാടാകെ പടരും ഞാനൊരു പുത്തൻ ഉയിർ നാടിന്നേകിക്കൊണ്ടുയരും വീണ്ടും.’’
വയലാർ രക്തസാക്ഷി സ്തൂപം
ഒളിവിലും തെളിവിലുമടങ്ങാത്ത പോർവീര്യം
കേരളത്തിന്റെ കരുത്തനായ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും പോർമുഖങ്ങളിലെ വീറുമായിരുന്ന വി എസ് അച്യുതാനന്ദൻ പുന്നപ്ര – വയലാറിന്റെ പുത്രനാണ്. കുട്ടനാട്ടിലെ കർഷക തൊഴിലാളികളെ സംഘടിപ്പിക്കാൻ പി കൃഷ്ണപിള്ള ചുമതലപ്പെടുത്തിവിട്ടതും അവരുടെ പ്രിയപ്പെട്ട നേതാവായി മാറിയതും വി എസ് എന്ന പോരാളിയുടെ പ്രാരംഭ ഘട്ടം. പുന്നപ്ര – വയലാർ ജനമുന്നേറ്റ കാലത്ത് വി എസിന്റെ തറവാടായ വേലിക്കകത്ത് വീടും ഒരു ക്യാമ്പായിരുന്നു. നാട്ടിൽ ജന്മി ഗുണ്ടകളുടേയും രാജാവിന്റെ പൊലീസിന്റേയും ബ്രിട്ടീഷ് പട്ടാളത്തിന്റേയും പലവിധത്തിലുള്ള ആക്രമണവും പീഡനങ്ങളും മൂലം ആളുകളെല്ലാം ക്യാമ്പുകളെ ആശ്രയിച്ചു. അവിടെ കമ്യൂണിസ്റ്റ് പാർടി നേതാക്കളും പ്രവർത്തകരും സുരക്ഷയൊരുക്കിയിട്ടുണ്ട്. രാജാവിന്റെ കിങ്കരന്മാരടക്കം അത്ര പെട്ടെന്നൊന്നും ആരും ക്യാമ്പിലേക്ക് ചെല്ലില്ല. അവിടെ രാഷ്ട്രീയ വിദ്യാഭ്യാസവും വാരിക്കുന്തം നിർമാണവും അതിന്റെ പ്രയോഗവുമടക്കം പരിശീലനവും നൽകിയിരുന്നു. അവിടെയെല്ലാം സജീവ നേതൃത്വനിരയിൽ 23–കാരനായ വി എസുമുണ്ടായിരുന്നു. വി എസിന്റെ ജീവചരിത്രത്തിൽ പ്രക്ഷോഭ സാഹചര്യത്തെക്കുറിച്ച് പറയുന്നതിങ്ങനെ: ‘‘തൊഴിലും കൂലിയുമായി ബന്ധപ്പെട്ട ആവശ്യങ്ങളൊക്കെ അംഗീകരിക്കാമെന്ന ദിവാന്റെ ഉറപ്പ് പരിഗണിച്ച് വേണമെങ്കിൽ തൊഴിലാളികൾക്ക് സമരത്തിൽനിന്നു പിന്മാറാമായിരുന്നു. എന്നാൽ അതിനുമപ്പുറം രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനങ്ങളുടെ മൗലികാവകാശങ്ങളും ഏറെ പ്രധാനപ്പെട്ടതാണെന്ന തിരിച്ചറിവുണ്ടായിരുന്നു തൊഴിലാളികൾക്ക്. ദിവാന്റെ നിർദശങ്ങൾ അംഗീകരിക്കാതെ സമരമുഖത്തിറങ്ങിയാൽ ഏകാധിപതിയുടെ സാമ്രാജ്യം സ്വപ്നത്തിൽ താലോലിക്കുന്ന സി പി രാമസ്വാമി അയ്യരുടെ പൊലീസും പട്ടാളവും ഏതൊക്കെ രൂപത്തിലായിരിക്കും മർദനമുറകൾ അഴിച്ചുവിടുന്നത് എന്നു ചിന്തിക്കാൻ തൊഴിലാളികൾക്കു കഴിയുമായിരുന്നു. പക്ഷേ, തൊഴിലാളികൾക്കു മുന്നിൽ രണ്ടു വഴികളേ ഉണ്ടായിരുന്നുള്ളൂ. ഒന്നുകിൽ ദിവാൻ എറിഞ്ഞുതരുന്ന ചില്ലിക്കാശിന്റെ ആനുകൂല്യത്തിനു മുന്നിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനതയുടെ ജനാധിപത്യ അവകാശങ്ങളും അടിയറവച്ച് അച്ചടക്കമുള്ള പ്രജകളായി കഴിയുക, അല്ലെങ്കിൽ, വരുംവരായ്കകളുടെ ദുരിതങ്ങളെപ്പറ്റി അൽപ്പം പോലും ഭയാശങ്കകളില്ലാതെ പൊരുതുക. അഭിമാനബോധമുള്ള തൊഴിലാളികൾക്ക് രണ്ടാമത്തെ വഴി തെരഞ്ഞെടുക്കാനേ കഴിയുമായിരുന്നുള്ളൂ. "മുട്ടിലിഴഞ്ഞു ജീവിക്കുന്നതിനേക്കാൾ നിവർന്നു നിന്നു മരിക്കുകയാവും ഞാൻ ചെയ്യുക' (I would rather die on my feet than live on my kness) എന്ന ഏണസ്റ്റോ ചെഗുവേരയുടെ വാക്കുകളാണ് ---അവർ നെഞ്ചേറ്റിയത്. അവിടെ നിന്നാണ്, ഐതിഹാസികതയ്ക്ക് പുതിയമാനം നൽകിയ പുന്നപ്ര-വയലാർ സമരത്തിന്റെ തുടക്കം.’’ (ഒരു സമര നൂറ്റാണ്ട്, കെ വി സുധാകരൻ, ചിന്ത പബ്ലിഷേഴ്സ്, പേജ് 67.) പുന്നപ്ര – വയലാറിൽ പിന്നീട് നടന്നതെല്ലാം ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഭാഗമായി കൊടി ഉയർത്തി നിൽക്കുന്നു. പുന്നപ്ര പൊലീസ് ക്യാമ്പിനു നേരേ നീങ്ങിയ സമരവളന്റിയർമാരുമായുള്ള കടുത്ത യുദ്ധത്തിനൊടുവിൽ എസ്ഐ വേലായുധൻ നാടാർ വെട്ടേറ്റ് വീണ് മരിച്ചു. അതോടെ പൊലീസിന്റെ അതിഭീകരമായ വെടിവയ്പ്. 29 പേരാണ് അപ്പോൾ രക്തസാക്ഷികളായത്. താമസിയാത തന്നെ പട്ടാളഭരണം പ്രഖ്യാപിച്ചു. അതോടെ, പൊലീസിനെ നേരിടാൻ നേരത്തേ തന്നെ സജ്ജരായിരുന്ന മാരാരിക്കുളം, മേനാശ്ശേരി, ഒളതല, വയലാർ ക്യാമ്പുകളിലേക്ക് പട്ടാളം എത്തുമെന്നും മനസ്സിലായി. പട്ടാളം ഏറ്റവും വലിയ ക്യാമ്പായ വയലാറിലേക്ക് വരുന്നത് തടയാൻ മാരാരിക്കുളത്ത് റോഡിലുണ്ടായിരുന്ന തടിപ്പാലം പൊളിച്ചു. അതിന് നേതൃത്വം നൽകിയ തൊഴിലാളികൾക്കു നേരെയും വെടിവയ്പുണ്ടായി, ആറു പേർ മരിച്ചുവീണു. മേനാശ്ശേരിയിലും ഒളതലയിലും വയലാറിലും പിറ്റേന്ന് പട്ടാളമെത്തി കൂട്ടക്കൊല നടത്തുകയായിരുന്നു. കായലരികിൽ കല്ലൊതുക്കിൽ അനീതിയോടെതിർക്കുന്ന ഇൗ മണ്ണിന്റെ പോർവീര്യം, ചോദ്യം ചെയ്യാനുള്ള വാസനയിലും സമരങ്ങളിലും തൊഴിൽ പാട്ടുകളിലും നിറഞ്ഞുനിന്നത് ഏത് പശ്ചാത്തലത്തിലാണെന്ന് വ്യക്തം. ഇനി അത് വയലാറിന്റെ തൂലികയിലൂടെ ജീവിതത്തിന്റെ സമസ്ത മേഖലയിലേക്കും വ്യാപിക്കുന്നതായി കാണാം. അവയിലെല്ലാം വയലാറിലെ സമര ഭൂമിക പോലെ തന്നെ ചുറ്റുവട്ടവും നിരത്തുന്നുണ്ട്. തിരുവനന്തപുരം പാളയത്തെ സ്വതന്ത്ര്യസമര സ്മാരക ഉദ്ഘാടനത്തിന് ഇ എം എസിന്റെ അഭ്യർഥനപ്രകാരമാണ്, ‘‘ബലികുടീരങ്ങളേ ബലികുടീരങ്ങളേ, സ്മരണകളിരമ്പും രണസ്മാരകങ്ങളേ...’’ എന്ന സംഘഗാനം എഴുതിയത്. വീടിന് മുന്നിലെ, മനുഷ്യരക്തംകൊണ്ട് കുതിർന്ന മൺകൂന കണ്ടല്ലേ അത് എഴുതിയത്? അശ്വമേധം നാടകത്തിലെ ‘‘ചില്ലുമേടയിലിരുന്നെന്നേ കല്ലെറിയല്ലേ...'' എന്ന ഗാനത്തിലെ ‘‘വിളക്കുമരമേ വിളക്കുമരമേ...’’ എന്ന പ്രയോഗം വയലാറിലെ കായലുകളിൽ അദ്ദേഹം കണ്ട വിളക്കുമരങ്ങളാണ്. തുടർന്നിങ്ങോട്ട് എത്രയോ ഗാനങ്ങളിൽ വിളക്കുമരം പ്രത്യക്ഷപ്പെട്ടു. ""അകത്തിരുന്ന് തിരിതെറുത്ത്, പുറത്ത്വന്ന് കതിരിട്ട തുളസിയും തുമ്പയും അഞ്ചിലത്താളിയും’’ (തുലാഭാരം നാടകം) വയലാറിലെ തൊടികളിൽനിന്ന് കണ്ടെത്തിയത്. തോണിയും പൊയ്കയും പുന്നാരക്കടവും പൊന്മുട്ടയും മാത്രമല്ല, കാൽവരിക്കുന്നും കാവൽമാലാഖമാരും കാരിരുമ്പാണിയിൽ ജീവൻ വെടിഞ്ഞ കാരുണ്യരൂപനും വയലാറിന്റെ ചുറ്റുവട്ടത്തുനിന്ന് കുട്ടിക്കാലത്തേ കയറിക്കൂടിയതാണ്. ചെറിയൊരു പ്രദേശത്ത് ഇടവകയ്ക്കുള്ളിൽ മാത്രം അറിയപ്പെട്ടിരുന്ന അർത്തുങ്കൽ പള്ളി ഇന്നൊരു വലിയ തീർഥാടന കേന്ദ്രമാക്കിയതിലും വയലാറിന്റെ പാട്ട് കാര്യമായ സംഭാവന നൽകിയിട്ടുണ്ട്. അവിടുത്തെ പുണ്യാളൻ ആരാണെന്ന് പോലും വയലാറിന്റെ പാട്ടിൽനിന്ന് അധികൃതരും വികാരിയച്ചനും തിരിച്ചറിഞ്ഞ ചരിത്രവും വയലാറുകാർ പാടിനടക്കുന്നുണ്ട്. ‘‘വിശുദ്ധനായ സെബസ്റ്റ്യാനോസേ ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കേണമേ...’’ എന്ന ഇൗ ഗാനവും ‘‘നിത്യവിശുദ്ധയാം കന്യാമറിയമേ നിൻ നാമം വാഴ്ത്തപ്പെടട്ടേ, നന്മ നിറഞ്ഞ നിൻ സ്നേഹവാത്സല്യങ്ങൾ ഞങ്ങൾക്കനുഗ്രഹമാകട്ടേ...’’ എന്ന പ്രാർഥനാഗീതവും ഉൾപ്പെടെ വയലാറിൽ തന്റെ കൺമുന്നിൽനിന്ന് കണ്ടെടുത്ത കാഴ്ചകളുടേയും കാഴ്ചപ്പാടുകളുടേയും ചിത്രണമാണ്. ‘‘നഗരം കാണാത്ത നാണം മാറാത്ത...’’ എത്രയെത്ര പെൺകൊടികളെ വയലാർ വിശുദ്ധനഗരത്തിലെത്തിച്ചില്ല... ‘‘കിഴക്കുനിന്നൊരു പെണ്ണുവന്ന് കിനാവുപോലൊരു പെണ്ണുവന്ന് കയറു പിരിക്കണ് കതിരിഴനൂല്ക്കണ്...’’ (ചിത്രം, അവനുണരുന്നു, 1956) എന്ന ഗാനത്തിൽ പെണ്ണിന്റെ ചേലിനൊപ്പം വയലാറിലെ പണിയെടുക്കുന്നവരുടെ അധ്വാനവും അതിന്റെ മേന്മയും എടുത്ത് പറയുന്നുണ്ട്: ‘‘വിണ്ടുകീറിയ കയറിന്നിഴകള്, വീണ്ടുമിണക്കിയ മലനാട്, തൊണ്ടടിക്കും കൈകളുണർത്തിയ, തോരണമണിയും മലനാട്’’ എന്നാണ് പാടിയത്. മലനാട് എന്ന പ്രയോഗം പല ഗാനങ്ങളിലും സ്വന്തം നാടിനെക്കുറിച്ച് എഴുതിയതിന്റെ സാംഗത്യം ഒരുപക്ഷെ, ഇന്ന് അപ്രസക്തമായി തോന്നാം. വയലാറിലെ കായലോരത്ത് നിന്ന് നോക്കിയാൽ കാണുന്ന കിഴക്കൻ മലകളായിരിക്കാം ഇൗ പ്രയോഗത്തിന് പിന്നിൽ. ഇംഗ്ലീഷുകാർ പൊതുവേ കേരളമുൾപ്പെടെയുള്ള പ്രദേശത്തെ ‘മലബാർ’ എന്ന് വിളിച്ചിരുന്നത് മനസ്സിലാക്കിയും ആകാം. വയലാർ ഗ്രാമത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകളും നിരവധി ഗാനങ്ങളിൽ കണ്ടുമുട്ടാം. വയലാറിലേക്ക് പട്ടാളക്കാർ എത്തിയ പ്രധാന വഴിയായിരുന്നു കുറിയമുട്ടം കായൽ. തെക്ക് ഭാഗത്ത് കുറിയമുട്ടവും വെളുത്തേടത്ത് തോടും ആണെങ്കിൽ കിഴക്ക് വേമ്പനാട് കായലിന്റെ ഭാഗമായ വയലാർ കായലാണ്. പടിഞ്ഞാറ് ദേശീയപാത 47ഉം വടക്ക് കാവിൽ പള്ളിത്തോടും ചേർന്ന പ്രദേശം. ‘‘പൊന്നരഞ്ഞാണം ഭൂമിക്ക് ചാർത്തിയ, പുഴയുടെ ഏകാന്ത പുളിനത്തിൽ’’ എന്നെഴുതാൻ പുഴയും കായലും ചുറ്റിപ്പിണഞ്ഞുകിടക്കുന്ന വയലാറിലെ പ്രകൃതിയല്ലാതെ മറ്റെന്ത് പ്രേരണ. ‘‘പുഴകൾ മലകൾ പൂവനങ്ങൾ, ഭൂമിക്ക് കിട്ടിയ സ്ത്രീധനങ്ങൾ, സന്ധ്യകൾ മന്ദാരചാമരം വീശുന്ന, ചന്ദന ശീതള മണപ്പുറങ്ങൾ’’ എന്നെഴുതിയതും മറ്റെങ്ങും പോയ അനുഭവത്തിൽ നിന്നല്ലെന്ന് ഇൗ ഗ്രാമങ്ങൾ ചുറ്റിസഞ്ചരിച്ചിട്ടുള്ള ആർക്കും മനസ്സിലാകും. കാറ്റും കൊടുങ്കാറ്റും കണ്ണടയ്ക്കുന്ന കായലിലെ വിളക്കുമരവും, ഓളങ്ങളും തീരങ്ങളും, മൊട്ടിട്ട പ്രണയങ്ങളും, കീറിയെറിഞ്ഞ ജീവിതങ്ങളും മാറിമാറി പാട്ടുകളിലെ പടവുകളായി മാറി. ‘‘സന്ധ്യമയങ്ങും നേരം, ഗ്രാമ ചന്ത പിരിയും നേരം...’’ (മയിലാടുംകുന്ന്, 1972) എന്ന ഗാനത്തിലെ ഗ്രാമ ചന്തയും ചരണത്തിലെ ‘‘കാട്ടുതാറാവുകൾ ഇണകളെ തിരയും കായലിനരികിലൂടെ... കടത്തുതോണികളിൽ ആളെ കയറ്റും കല്ലൊതുക്കുകളിലൂടെ...’’ തുടങ്ങി വിവരണങ്ങളെല്ലാം വയലാറിലെ നിത്യക്കാഴ്ചകളാണല്ലോ. കുട്ടിക്കാലത്ത് വള്ളത്തിൽ യാത്ര ചെയ്യാറുള്ളപ്പോൾ കേൾക്കാറുള്ള തുഴപ്പാട്ടിനെക്കുറിച്ച് വയലാർ എഴുതിയിട്ടുണ്ട്. ആ ഓർമകളും ഇൗണങ്ങളും സങ്കൽപ്പങ്ങളും നിറഞ്ഞ പാട്ടുകളും വയലാറിന്റെ മനോഹര ഗാന സഞ്ചയത്തിലുണ്ട്. ‘‘കറുത്ത പെണ്ണേ കരിങ്കുഴലീ, നിനക്കൊരുത്തൻ കിഴക്കുദിച്ചു...’’ (അന്ന, 1964) എന്ന ഗാനത്തിൽ ഒരു തോണിക്കാരന്റെ വിങ്ങിപ്പൊട്ടാൻ നിൽക്കുന്ന ജീവിതഭാരമുണ്ട്. ഇങ്ങനെ പാട്ടുകളിലൂടെ സഞ്ചരിച്ചാൽ കോവിലകങ്ങളിലെയും കൊട്ടാരങ്ങളിലെയും മച്ചകങ്ങളും ഗോപുരങ്ങളും കൊത്തുപണികളും മാത്രമല്ല, അതിലേറെ കാണുന്നത് വയലാറിലെ കൺമുന്നിലുള്ള മനുഷ്യരുടെ ജീവിതങ്ങളും അവരെ പ്രതിനിധീകരിക്കുന്ന ചിഹ്നങ്ങളുമാണ്. വയലാർ രാമവർമ്മ ദന്തഗോപുരത്തിൽനിന്ന് ഇറങ്ങി നാട്ടിലെ മനുഷ്യർക്കും അവരുടെ പ്രകൃതിക്കും ഒപ്പം നടക്കാൻ തീരുമാനിച്ചതോടെയാണ് മലയാളികൾക്ക് ഇത്രയേറെ ഇൗടുറ്റ ഗാനങ്ങൾ ലഭ്യമായത്. സവർണ ചുറ്റുപാടുകളിൽ മാത്രം വിഹരിച്ചിരുന്ന പലതരത്തിലുള്ള ഭാഷാ ചമത്കാരങ്ങളും പുരാണ ശീലുകളും വർണനകളും സൗന്ദര്യ സങ്കൽപ്പങ്ങളും അടുക്കിവച്ച വയലാറിന്റെ പദാവലികൾ നാടിന്റെ മുക്കിലും മൂലയിലും അലയടിച്ചു. ഇതിഹാസങ്ങളുടെ ലളിത വിവരണങ്ങളും അധികാരികളെ ചോദ്യം ചെയ്യുന്ന വീറുറ്റ കഥാപാത്രങ്ങളുടെ കണ്ടെത്തലുമടക്കം അദ്ദേഹത്തിന് മാത്രം സാധിക്കുമായിരുന്ന ശൈലിയും നമുക്ക് സുപരിചിതമായി. നാടക, സിനിമാ ഗാനരചനയിലേക്ക് വയലാർ വന്നതുകൊണ്ട് മാത്രം സാധ്യമായ കാര്യമാണത്. അത് മലയാള ഭാഷയ്ക്കും ഇൗ നാടിന്റെ ഭാവനയ്ക്കും ഭാവുകത്വങ്ങൾക്കും നൽകിയ സംഭാവനകളെ ഇനിയും നമ്മൾ പഠിച്ചിട്ടില്ല.
പി കെ മേദിനി
വിപ്ലവ സമരങ്ങളിലെ ഉയർന്ന രൂപം
യുദ്ധാനന്തരകാലത്തെ വിപ്ലവമുന്നേറ്റത്തിന്റെ ഭാഗമായി നടന്ന ബഹുജനസമരങ്ങളിൽ ഏറ്റവും ഉയർന്ന രൂപം കൈക്കൊണ്ടത് തിരുവിതാംകൂറിലെ പുന്നപ്ര വയലാറും ഹൈദരാബാദിലെ തെലങ്കാനയുമാണെന്ന് ഇ എം എസ് നമ്പൂതിരിപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്. ‘‘രണ്ടാം ലോകമഹായുദ്ധം തുടങ്ങുന്നതിനുമുമ്പുതന്നെ രൂപം പ്രാപിക്കാൻ തുടങ്ങിയതും യുദ്ധകാലത്ത് വളർച്ച പ്രാപിച്ചതുമായ ഒരു കമ്യൂണിസ്റ്റ് പാർടി രണ്ടിടത്തും ഉണ്ടായിരുന്നു. ബ്രിട്ടീഷ് ഗവൺമെന്റ്, കോൺഗ്രസ്, മുസ്ലിംലീഗ് എന്നിവയുടെ പ്രതിനിധികൾ തമ്മിൽ നടന്ന ചർച്ചകളുടെ പശ്ചാത്തലത്തിൽ സ്വന്തം പദവി ഉറപ്പിക്കുന്നതിന് രാജകീയ ഭരണാധികാരികൾ ശ്രമിക്കുകയായിരുന്നു. ഇതിനെതിരെ പ്രക്ഷോഭം വളർത്തിയെടുക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ചുകൊണ്ടിരുന്ന കമ്യൂണിസ്റ്റ് പാർടിക്ക് കമ്യൂണിസ്റ്റിതരരായ ജനാധിപത്യവാദികളുടെയിടയിൽ സ്വാധീനം വർധിപ്പിക്കാൻ കഴിഞ്ഞിരുന്നു. സ്വതന്ത്ര തിരുവിതാംകൂറും അമേരിക്കൻ മോഡലും ഉൾപ്പെടുന്ന സംവിധാനം പ്രയോഗത്തിൽ വരികയാണെങ്കിൽ അത് ബൂർഷ്വാജനാധിപത്യ പ്രസ്ഥാനത്തിനാകെ അത്യന്തം അപകടകരമായിരിക്കും. ഹൈദരാബാദിൽനിന്ന് വ്യത്യസ്തമായി താരതമ്യേന കൂടുതൽ സംഘടിതമായ ഒരു തൊഴിലാളിവർഗം തിരുവിതാംകൂറിൽ രൂപംകൊണ്ടിരുന്നു. 1938–ൽ നടന്ന ഉത്തരവാദ ഭരണ പ്രക്ഷോഭത്തിൽതന്നെ തൊഴിലാളിവർഗം അതിന്റെ സവിശേഷ സമരരൂപം- പൊതുപണിമുടക്ക്- ഫലപ്രദമായി ഉപയോഗിച്ചിരുന്നു. അത് ഉത്തരവാദ ഭരണപ്രക്ഷോഭത്തയെന്ന പോലെ തൊഴിലാളിവർഗത്തിന്റെ വളർച്ചയെയും സഹായിച്ചിരുന്നു. ഇൗ പശ്ചാത്തലത്തിലാണ് തിരുവിതാംകൂറിലെ കമ്യൂണിസ്റ്റ് പാർടി രൂപം കൊണ്ടത്. അതുകൊണ്ട് ഇവിടത്തെ കമ്യൂണിസ്റ്റ് പാർടി, പൂർണമായ അർഥത്തിൽതന്നെ തൊഴിലാളിവർഗത്തിന്റെ രാഷ്ട്രീയ പാർടിയും ജനാധിപത്യപ്രസ്ഥാനത്തിന്റെ മുന്നണിവിഭാഗവുമായിരുന്നു. തൊഴിലാളികളും സമരസംഘടനകളും, അവയെ അടിച്ചമർത്തുന്ന ഭരണാധികാരികൾ ഉപയോഗിച്ച മർദനനടപടികളുമാണ് പുന്നപ്ര – -വയലാർ സമരത്തിൽ ചെന്നു കലാശിച്ച രാഷ്ട്രീയ പശ്ചാത്തലം. പുന്നപ്ര-–വയലാറിന് തൊട്ടുമുമ്പുള്ള ആഴ്ചകളിൽ അമ്പല പ്രമാണിമാർക്കെതിരായി ആലപ്പുഴ, ചേർത്തല താലൂക്കുകളിലെ ജന്മി-നാടുവാഴികൾക്കെതിരായ ബഹുജനമുന്നേറ്റത്തിൽ ആലപ്പുഴയിലെ തൊഴിലാളികളും കേരളത്തിലാകമാനമുള്ള കമ്യൂണിസ്റ്റ് പാർടിയും പങ്കുകൊണ്ടു. പുന്നപ്ര-–വയലാർ സമരം അടിച്ചമർത്തപ്പെട്ടതിൽ പിന്നീടും അതിന്റെ അലയടി തിരുവിതാംകൂറിന്റെ രാഷ്ട്രീയത്തിലാകെ വ്യാപിച്ചിരുന്നു. പൊലീസിനെയും പട്ടാളത്തേയും വെല്ലുവിളിച്ചുകൊണ്ടുള്ള സായുധ സംഘട്ടനം അവസാനിച്ചെങ്കിലും അതിൽനിന്ന് ആവേശമുൾക്കൊണ്ട ജനാധിപത്യവാദികൾ ‘ദിവാൻ ഭരണമവസാനിപ്പിക്കുക, സ്വതന്ത്ര തിരുവിതാംകൂറും അമേരിക്കൻ മോഡലും അറബിക്കടലിൽ’ എന്നെല്ലാമുള്ള മുദ്രാവാക്യങ്ങൾ മുഴക്കി തങ്ങളുടെ രാഷ്ട്രീയ സമരം തുടരുകയായിരുന്നു. അവസാനം ജനങ്ങളിൽനിന്ന് അങ്ങേയറ്റം ഒറ്റപ്പെട്ട ഭരണാധികാരികൾക്ക് തങ്ങളുടെ പരിശ്രമത്തിൽനിന്ന് പിൻമാറേണ്ടി വന്നപ്പോൾ മാത്രമാണ് പുന്നപ്ര- – വയലാറിന്റെ രാഷ്ട്രീയം പ്രസക്തമല്ലാതായിത്തീർന്നത്. പ്രക്ഷോഭം അവസാനിച്ച ശേഷം നടന്ന ബൂർഷ്വാ പാർലമെന്ററി തെരഞ്ഞെടുപ്പിൽ ആലപ്പുഴ, ചേർത്തല താലൂക്കുകൾ അടക്കം കേരളത്തിലെ ജില്ലകളിൽ കമ്യൂണിസ്റ്റ് പാർടിക്കുള്ള അദ്വിതീയമായ സ്ഥാനം പ്രകടമായി.’’ (പ്രസക്തഭാഗങ്ങൾ മാത്രം, പേജ് 1103 – 1110, ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം, ഇ എം എസ് നമ്പൂതിരിപ്പാട്). ‘
ചെ'യുടെ മുഖവടിവുള്ള ഒരാൾ
ഇൗ പരമ്പര അവസാനിപ്പിക്കുകയാണ്. അത് കേരളത്തിന്റെ മണ്ണിൽ വിപ്ലവ സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിക്കുക മാത്രമല്ല, അതിന്റെ പ്രായോഗിക മാർഗങ്ങളിലേക്ക് എല്ലാ മർക്കടമുഷ്ടികളേയും ചെറുത്ത് മുന്നേറാൻ പഠിപ്പിച്ച ഒരാളെ അനുസ്മരിച്ചുകൊണ്ടാവണം. അതിങ്ങനെയാവട്ടെ: ‘‘കണ്ണർകാട്ട് വാസു ഓടിക്കിതച്ചാണ് നാണപ്പന്റെ വീട്ടിലെത്തിയത്. കുണ്ടുകുളങ്ങളും കോൽകൈതകളും പൊന്തക്കാടുകളുമാണ് ചുറ്റുപാടും. ഓലമേഞ്ഞു മറച്ചുകെട്ടിയ രണ്ടുമുറി കുടിൽ. തെക്കും കിഴക്കുമായി ഓരോ മെടവാതിൽ. മെടയോല ദ്രവിച്ച് ഓലത്തുഞ്ചിറ്റി നിയ്ക്കണ പാട്ടിലൂടെയാവണം പാമ്പ് അകത്തേക്ക് നൂണ്ടു കേറിയത്. കൈതക്കാട്ടീന്നാണ് വരവ്. ഒന്നാന്തരം കൈതമൂർഖനാവണം. എറമ്പത്തെ മണ്ണീ പൊളഞ്ഞ പാടൊണ്ട്. സഖാവ് രാമൻ അവശനായി സി കെ മാധവൻ സഖാവിന്റെ മടിയിൽ തല ചായ്ച്ച് കിടക്കുകേണ്. തറയിൽ വിരിച്ചിട്ട തഴപ്പായയിൽ. കൈമുട്ടിലെ കടിവായിൽ പച്ചമരുന്നരച്ചു പെരട്ടുകേണ് വിഷഹാരി. തൊട്ടപ്പറത്ത് മാറി നാരായണനണ്ണൻ. വാസുവിനെ കണ്ടതും കണ്ണു കാണിച്ചു. വാസു അടുത്തേക്കു ചെന്നു. "ഈ കെടക്കണതാരാണന്നു നിനക്ക് മനസ്സിലായാ?' "അന്നുരാത്രി കളിത്തട്ടേ വച്ചു കണ്ടപ്പഴേ എനിക്കു കൊറച്ചക്കെ പിടികിട്ടിയാരുന്നന്നേ', വാസു പറഞ്ഞു. "ഞാം പിന്ന അണ്ണനാടു ചോദിക്കണ്ടാന്നു വച്ചതാ. പാർടി സീക്രട്ടാണല്ലാ.' "ആരാന്നു വച്ചാ നീയീ പറേണേ?', നാരായണൻ ചോദിച്ചു. വാസു മാധവന്റെ മടിയിലേക്കു നോക്കി. ‘മൊഖത്തിന്റെ തഞ്ചം കണ്ടിട്ട്...' സഖാവ് രാമന്റെ മുഖത്ത് ഇത്തിരി വെട്ടം മിന്നിമറഞ്ഞു. നാരായണൻ ചുറ്റുപാടും നോക്കി അടക്കത്തിൽ പറഞ്ഞു: "ആരും അറിയണ്ട. എടാ, ഇത് നുമ്മടെ സഖാവാണടാ, കൃഷ്ണപിള്ള സഖാവ്.' (ഉഷ്ണരാശി, നോവൽ, കെ വി മോഹൻ കുമാർ – മാതൃഭൂമി ബുക്സ്, പേജ് 477).
(അവസാനിച്ചു)









0 comments