ബംഗളൂരൂവിൽ യുവതിയെ ഭർത്താവ് മകളുടെ മുന്നിലിട്ട് കുത്തിക്കൊന്നു

പ്രതീകാത്മകചിത്രം
ബംഗളൂരൂ : ബംഗളൂരുവിൽ യുവതിയെ ഭർത്താവ് ബസ് സ്റ്റോപ്പിൽ വച്ച് കുത്തിക്കൊന്നു. ബംഗളൂരുവിലെ സുങ്കടകട്ടെ പ്രദേശത്തെ ബസ് സ്റ്റാൻഡിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. 32കാരിയായ രേഖയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ലോഹിതാശ്വയാണ് രേഖയെ കൊലപ്പെടുത്തിയത്. രേഖയുടെ 13 വയസുള്ള മകളുടെ മുന്നിൽ വച്ചായിരുന്നു ക്രൂരകൃത്യം. ബംഗളൂരുവിൽ കോൾ സെന്റർ ജീവനക്കാരിയാണ് രേഖ. കാബ് ഡ്രൈവറാണ് ലോഹിതാശ്വ.
മൂന്നുമാസം മുമ്പാണ് ഇവർ വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. രേഖയുടെ ആദ്യവിവാഹത്തിലെ മകളും ഇവർക്കൊപ്പമായിരുന്നു. സുങ്കടകട്ടെയ്ക്ക് സമീപമുള്ള ഒരു വാടക വീട്ടിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. രേഖയുടെ ഇളയ മകൾ രേഖയുടെ മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്.
ദമ്പതികൾ തമ്മിൽ നിരന്തരമായി വഴക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കൊല നടന്ന ദിവസവും ലോഹിതാശ്വ രേഖയുമായി വഴക്കുണ്ടാക്കിയതായി പൊലീസ് പറയുന്നു. തുടർന്ന് രേഖ മകൾക്കൊപ്പം ബസ് സ്റ്റാൻഡിലെത്തി. എന്നാൽ പിന്തുടർന്നെത്തിയ ലോഹിതാശ്വ പൊതു സ്ഥലത്തുവച്ചും വഴക്കുണ്ടാക്കി. ചുറ്റുമുണ്ടായിരുന്നവർ തടയാൻ ശ്രമിച്ചെങ്കിലും ലോഹിതാശ്വ കത്തികാട്ടി ഭീഷണിപ്പെടുത്തി.
തുടർന്ന് സംസാരത്തിനിടെ ഇയാൾ രേഖയെ കത്തി കൊണ്ട് കുത്തുകയായിരുന്നു. നെഞ്ചിലും വയറ്റിലും നിരവധി കുത്തേറ്റ രേഖ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കാമാക്ഷിരാളയ പൊലീസ് സ്റ്റേഷനിൽ കൊലപാതകക്കേസ് രജിസ്റ്റർ ചെയ്തു. സംഭവശേഷം കടന്നു കളഞ്ഞ പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു.









0 comments