print edition ഭിന്നശേഷിക്കാരുടെ ക്ഷേമം; സ്ഥാപനങ്ങളും കോഴ്സുകളും

എ ഐ പ്രതീകാത്മക ചിത്രം
ഡോ. രാജേഷ് ബാബു കെ ആർ
Published on Dec 03, 2025, 10:05 AM | 3 min read
ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും പുരോഗതിക്കുമായി വിവിധ സ്ഥാപനങ്ങളുണ്ട്. അവരുടെ കഴിവും അഭിരുചിയും കണ്ടെത്തി ഒരു തൊഴില്‍ പരിശീലിപ്പിച്ച് ജീവിതമാര്‍ഗം കണ്ടെത്താന്‍ സഹായിക്കുകയെന്നതും അവരെ പരിചരിക്കുന്നതിനും പരിപാലിക്കുന്നതിനും ആവശ്യമായ പരിശീലനം നല്‍കുകയെന്നതും ഇത്തരം സ്ഥാപനങ്ങളുടെ ലക്ഷ്യങ്ങളാണ്. അത്തരം ചില സ്ഥാപനങ്ങളെപ്പറ്റി...
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്
തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (NISH). ഓഡിയോളജിക്കൽ റീഹാബിലിറ്റേഷൻ, സ്പീച്ച്- ലാംഗ്വേജ് റീഹാബിലിറ്റേഷൻ, ഏർലി ഇന്റർവൻഷൻ പ്രോഗ്രാമുകൾ, കറസ്പോണ്ടൻസ് പ്രോഗ്രാം, ഇഎൻടി യൂണിറ്റ്, സൈക്കോളജി യൂണിറ്റ്, ടെക്നോളജി ഡിവിഷൻ, ജോബ് ലിങ്ക്ഡ് വൊക്കേഷണൽ കോഴ്സുകൾ, സമ്മർ സ്കൂൾ, വാരാന്ത്യ പ്രോഗ്രാം, ഹ്യൂമൻറിസോഴ്സ് ഡെവലപ്മെന്റ് തുടങ്ങിയവയാണ് നിഷ് നൽകുന്ന സേവനങ്ങൾ.
കോഴ്സുകള്‍
ഡിപ്ലോമ ഇൻ ഏർലി ചൈൽഡ്ഹുഡ് സ്പെഷ്യൽ എഡ്യുക്കേഷൻ (ഹിയറിങ് ഇംപെയർമെന്റ്): ഈ കോഴ്സ് നടത്തുന്നതിന് ആർസിഐ അംഗീകൃത കേന്ദ്രമായി നിഷിനെ അംഗീകരിച്ചിട്ടുണ്ട്. ആറു വയസ്സുവരെയുള്ള കേൾവിക്കുറവുള്ള കുട്ടികളിൽ നേരത്തേയുള്ള ഇടപെടലിനായി യോഗ്യതയുള്ള പ്രൊഫഷണലുകളെ പരിശീലിപ്പിക്കുക എന്നതാണ് കോഴ്‌സിന്റെ ലക്ഷ്യം. പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക്, ആർസിഐയിൽ രജിസ്റ്റർ ചെയ്യുകയും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും. ആകെ സീറ്റുകള്‍ 25. 50 ശതമാനം മാര്‍ക്കോടെ 12–ാംക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. ഒരു പ്രാദേശിക ഭാഷയിലും ഇംഗ്ലീഷിലും പ്രവീണ്യമുണ്ടായിരിക്കണം.
ഡിപ്ലോമ ഇന്‍ ഇന്ത്യൻ സൈന്‍ ലാംഗ്വേജ് ഇന്റര്‍പ്രിട്ടേഷന്‍: റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (RCI) അംഗീകരിച്ച ഒരു ഡിപ്ലോമതലത്തിലുള്ള കോഴ്‌സാണിത്. കോഴ്‌സിൽ പ്രവേശനം നേടുന്നവർക്ക് ആംഗ്യഭാഷയിൽ പ്രൊഫഷണൽ ആശയവിനിമയശേഷിയും വാക്കാലുള്ള ഭാഷകളിൽ പ്രൊഫഷണൽതലത്തിൽ വ്യാഖ്യാനിക്കാനുള്ള കഴിവും ഉണ്ടായിരിക്കുന്നതിനും തിരിച്ചും പരിശീലനം നൽകും. ആകെ സീറ്റ് 20. 50 ശതമാനം മാര്‍ക്കോടെ 12–ാംക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. ഒരു പ്രാദേശിക ഭാഷയിലും ഇംഗ്ലീഷിലും പ്രവീണ്യമുണ്ടായിരിക്കണം.
ഡിപ്ലോമ ഇൻ ടീച്ചിങ് ഇന്ത്യൻ സൈന്‍ ലാംഗ്വേജ് (ഡിടിഐഎസ്എല്‍): ഭാഷാ അധ്യാപന തന്ത്രങ്ങൾ, വിലയിരുത്തൽ, ബധിരത, ബധിരസമൂഹം എന്നിവയെക്കുറിച്ചുള്ള അടിസ്ഥാനവിവരങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നു. ഡിടിഐഎസ്എല്‍ കോഴ്‌സിൽ ബിരുദം നേടിയവർക്ക് ബധിരർ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങൾ, വ്യാഖ്യാന സേവനങ്ങൾ ആവശ്യമുള്ള മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ അധ്യാപകരായി ജോലി ചെയ്യാം.
ബിരുദ കോഴ്സുകള്‍ (എച്ച്ഐ): കേൾവിശക്തിയില്ലാത്തവർക്കും കേൾവിക്കുറവുള്ളവർക്കും മാത്രമായി നിഷ് ബിഎസ്‌സി (കംപ്യൂട്ടർ സയൻസ്) (എച്ച്ഐ), ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ് (എച്ച്ഐ) ആൻഡ് ബികോം (എച്ച്ഐ) പ്രോഗ്രാമുകൾ നടത്തുന്നു. കേരള സർവകലാശാലയാണ് ബിരുദം നൽകുക.
ബാച്ചിലർ ഓഫ് ഒക്യുപേഷണൽ തെറാപ്പി: ആറുമാസ സെമസ്റ്റര്‍ അടങ്ങുന്ന നാലുവർഷത്തെ ബിരുദ കോഴ്‌സ്. ആരോഗ്യ സർവകലാശാലയുമായി അഫിലിയറ്റ് ചെയ്തിട്ടുള്ളതും വേൾഡ് ഫെഡറേഷൻ ഓഫ് ഒക്യുപേഷണൽ തെറാപ്പിയുടെ (WFOT) ഭാഗമായി അക്കാദമിക് കൗൺസിൽ ഓഫ് ഒക്യുപേഷണൽ തെറാപ്പി (ACOT/AIOTA) അംഗീകാരമുള്ളതുമായ ബിരുദ പ്രോഗ്രാമാണിത്. പ്ലസ്ടു പരീക്ഷകളിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി (https://www.lbscentre.in) ആണ് മെറിറ്റ്, മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള അലോട്ട്മെന്റും പ്രവേശനവും നടത്തുന്നത്.
ബാച്ചിലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി: ആരോഗ്യ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ളതും റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ചതുമായ ബിരുദതല പ്രോഗ്രാമാണ്. മെറിറ്റ്, മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള അലോട്ട്മെന്റും പ്രവേശനവും പ്ലസ്ടു പരീക്ഷകളിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി (https://www.lbscentre.in) നടത്തുന്നു.
എംഎസ്‌സി ഇൻ സ്പീച്ച് ലാംഗ്വേജ് പാത്തോളജി / എംഎസ്‌സി ഇൻ ഓഡിയോളജി: എംഎസ്‌സി ഇൻ സ്പീച്ച് ലാംഗ്വേജ് പാത്തോളജിയും എംഎസ്‌സി ഇൻ ഓഡിയോളജിയും റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ചതും ആരോഗ്യ സർവകലാശാല അംഗീകരിച്ചതുമായ പിജി പ്രോഗ്രാമുകളാണ്. പ്രവേശനം എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി നടത്തുന്ന കേന്ദ്രീകൃത അലോട്ട്മെന്റ് നടപടിക്രമംവഴിയാണ്. ബിഎഎസ്എൽപി/ബിഎസ്‌സി സ്പീച്ച് ആൻഡ് ഹിയറിങ് ബിരുദത്തിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. വിവരങ്ങള്‍ക്ക്: www.nish.ac.in
നിപ്‌മർ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (നിപ്മര്‍) കേരള സർക്കാരിന്റെ സാമൂഹികനീതിവകുപ്പിനുകീഴില്‍ ഇരിങ്ങാലക്കുടയിൽ പ്രവര്‍ത്തിക്കുന്ന സ്വയംഭരണസ്ഥാപനമാണ്.
കോഴ്സുകള്‍
ബാച്ചിലർ ഓഫ് ഒക്യുപേഷണൽ തെറാപ്പി: കേരള ആരോഗ്യ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന കോഴ്സിന്റെ കാലാവധി നാലുവര്‍ഷമാണ്. ആറുമാസം ഇന്റേൺഷിപ് കൂടി ചെയ്യേണ്ടതുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളോടുകൂടി കേരള ഹയര്‍ സെക്കൻഡറി അല്ലെങ്കില്‍ തത്തുല്യ യോഗ്യത നേടിയിരിക്കണം.
ബാച്ചിലര്‍ ഓഫ് പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ്: കേരള ആരോഗ്യ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്‌ത കോഴ്സിന്റെ കാലാവധി നാലുവര്‍ഷമാണ്. ആറുമാസം ഇന്റേൺഷിപ് ചെയ്യേണ്ടതുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളോടുകൂടി കേരള ഹയര്‍ സെക്കൻഡറി അല്ലെങ്കില്‍ തത്തുല്യ യോഗ്യത നേടിയിരിക്കണം.
ഡിപ്ലോമ ഇൻ സ്പെഷ്യൽ എഡ്യുക്കേഷൻ (ഇന്റലക്ച്വൽ ആൻഡ് ഡെവലപ്മെന്റൽ ഡിസെബിലിറ്റീസ്: രണ്ടുവര്‍ഷമാണ് കോഴ്സിന്റെ കാലാവധി. 12–ാംക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് www.ni pmr.org.in
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ സഹായത്തോടെ മൈസൂരുവില്‍ പ്രവർത്തിക്കുന്ന സ്വയംഭരണസ്ഥാപനമാണ്.
കോഴ്സുകള്‍
ഡിപ്ലോമ ഇൻ ഏർലി ചൈൽഡ്ഹുഡ് സ്പെഷ്യൽ എഡ്യുക്കേഷൻ (ഹിയറിങ് ഇംപെയർമെന്റ്), ഡിപ്ലോമ ഇൻ ഹിയറിങ് എയ്ഡ് ആൻഡ് ഇയർ മോൾഡ് ടെക്നോളജി, ബാച്ചിലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി, ബാച്ചിലർ ഓഫ് എഡ്യുക്കേഷൻ - സ്പെഷ്യൽ എഡ്യുക്കേഷൻ (ഹിയറിങ് ഇംപെയർമെന്റ്) -ബിഎഡ് സ്പെ. എഡ്. (എച്ച്ഐ), എംഎസ്‌സി (സ്പീച്ച്-ലാംഗ്വേജ് പാത്തോളജി), മാസ്റ്റർ ഓഫ് എഡ്യുക്കേഷൻ സ്പെഷ്യൽ എഡ്യുക്കേഷൻ (ഹിയറിങ് ഇംപെയർമെന്റ്) -എംഎഡ് സ്പെ എഡ്(എച്ച്ഐ), പിജി ഡിപ്ലോമ ഓഡിറ്ററി വെർബൽ തെറാപ്പി.
പിഎച്ച്ഡി പ്രോഗ്രാം
ഓഡിയോളജി, സ്പീച്ച്ലാംഗ്വേജ് പത്തോളജി, സ്പീച്ച് ആൻഡ് ഹിയറിങ്, സ്പെഷ്യല്‍ എഡ്യുക്കേഷന്‍, ലിങ്ക്വിസ്ടിക്സ് എന്നിവയാണ് ഗവേഷണ മേഖലകള്‍. അപേക്ഷകർ എംഎസ്‌സി (ഓഡിഷൻ) / എംഎസ്‌സി (സ്‌പെഷ്യൽ ആൻഡ് എച്ച്ജി) / എംഎഎസ്‌എൽപി / എംഎഎസ്‌എൽപി ബിരുദം മൈസൂരു സർവകലാശാലയിൽനിന്നോ തത്തുല്യമായി പരിഗണിക്കുന്ന മറ്റേതെങ്കിലും സർവകലാശാലയിൽനിന്നോ കുറഞ്ഞത് 55 ശതമാനം (എസ്‌സി/എസ്‌ടി വിഭാഗത്തിൽപ്പെട്ടവർക്ക് 50 ശതമാനം) മാർക്കോടെ വിജയിച്ചിരിക്കണം. പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമുകളുമുണ്ട്. വിവരങ്ങള്‍ക്ക് www.aiishmysore.in








0 comments