print edition സ്പെഷ്യാലിറ്റി നഴ്സിങ് പ്രോഗ്രാം, അപേക്ഷ 16 വരെ

എ ഐ പ്രതീകാത്മക ചിത്രം
ആരോഗ്യ രംഗത്തെ നൂതന ചികിത്സാരീതികൾക്കനുസൃതമായി നഴ്‌സുമാരെ പരിശീലിപ്പിക്കുന്നതിനുള്ള നിരവധി സ്പെഷ്യാലിറ്റി കോഴ്സുകളുണ്ട്. നഴ്സുമാരായി രജിസ്റ്റർ ചെയ്ത് സേവനം തുടങ്ങിയവർക്ക് വിപുലമായ ക്ലിനിക്കൽ അനുഭവങ്ങൾ നൽകുന്ന പഠന പ്രോഗ്രാമുകളാണ് ഇവ. ഒപി, ഐപി, ഐസിയു ഉൾപ്പെടെ വ്യത്യസ്ത മെഡിക്കൽ/സർജിക്കൽ സ്പെഷ്യാലിറ്റികളിൽ വൈദഗ്‌ധ്യമുള്ളവരാക്കി മാറ്റുന്നതാണ് ഈ കോഴ്സുകളുടെ ഘടന.
ശ്രീചിത്രയിൽ 2 കോഴ്‌സ്
ദേശീയപ്രാധാന്യമുള്ള സ്ഥാപനമായ തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ ഇത്തരം രണ്ട് സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സുകളുകളിൽ ചേരാൻ അവസരമുണ്ട്. കാർഡിയോ തൊറാസിക് നഴ്സിങ്, ന്യൂറോ സയൻസ് നഴ്സിങ് എന്നീ പോസ്റ്റ് ബേസിക് ഡിപ്ലോമ പഠന പ്രോഗ്രാമുകളാണ് ഇവ. കോഴ്സ് ദൈർഘ്യം ഒരു വർഷം. ഡിസംബർ 16 വരെ ഓൺലൈനിൽ അപേക്ഷിക്കാം. ഇന്ത്യൻ നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനുള്ള നഴ്സുമാർ/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 2026 ജനുവരി ഒന്നിന് 35 വയസ്സ് കവിയരുത്. പിന്നാക്കക്കാർക്ക് 38 വയസ്സ്. പട്ടിക വിഭാഗം/ അഞ്ചു വർഷത്തെ സേവന പരിചയമുള്ള വിമുക്തഭടന്മാർ/ സ്പോൺസേഡ് വിദ്യാർഥികൾ തുടങ്ങിയവർക്ക് 40 വയസ്സുവരെ അർഹതയുണ്ട്.
പ്രവേശന പരീക്ഷ 22ന്
സ്ഥാപനത്തിൽ ഡിസംബർ 22ന് നടക്കുന്ന പ്രവേശന പരീക്ഷ, പ്രായോഗിക പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഒരു മാർക്ക് വീതമുള്ള മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലുള്ള പരീക്ഷയ്‌ക്ക് നെഗറ്റിവ് മാർക്ക് ഇല്ല. നിശ്ചയിക്കുന്ന മിനിമം മാർക്ക് നേടിയവർക്കുള്ള പ്രായോഗിക പരീക്ഷയും അഭിമുഖവും അതേ ദിവസംതന്നെ നടക്കും.
ഫീസ്
ട്യൂഷൻ ഫീസ് ഒരു വർഷം 10,000 രൂപ. ഓരോ മാസവും 11,400 രൂപ സ്റ്റൈപെൻഡ് ലഭിക്കും. കൂടുതൽ ക്ലിനിക്കൽ പരിശീലനത്തിനായി ഒരു വർഷംകൂടി തുടരാൻ ആഗ്രഹിക്കുന്നവർക്ക് 13,350 രൂപ കിട്ടും. അപേക്ഷാ ഫീസ് 800 രൂപ. പട്ടിക വിഭാഗക്കാർക്ക് 640 രൂപ. ക്ലാസ് ജനുവരി ഒന്നിന് തുടങ്ങും.
മറ്റ് പഠന പ്രോഗ്രാമുകളും
കാർഡിയാക്, ന്യൂറോ ഉപകരണങ്ങൾ ഹാർഡ് ടിഷ്യൂ ഇംപ്ലാന്റുകൾ തുടങ്ങിയ മേഖലകളിൽ ബയോ മെറ്റീരയലുകളുടെയും ബയോ മെഡിക്കൽ ഉപകരണങ്ങളുടെയും ഗവേഷണത്തിനും വികാസത്തിനും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ മറ്റ് കോഴ്സുകളുമുണ്ട്.
ഡിഎം
കാർഡിയോളജി/ ന്യൂറോളജി/ ന്യൂറോ അനസ്തേഷ്യ/കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലർ അനസ്തേഷ്യ/ന്യൂറോ ഇമേജിങ് ആൻഡ് ഇന്റർവെൻഷണൽ ന്യൂറോ റേഡിയോളജി/ കാർഡിയോ വാസ്കുലർ ഇമാജിങ് ആൻഡ് വാസ്കുലർ ഇന്റർവെൻഷണൽ റേഡിയോളജി.
എംസിഎച്ച്
കാർഡിയോ വാസ്കുലർ ആൻഡ് തൊറാസിക് സർജറി/ വാസ്കുലർ സർജറി/ ന്യൂറോ സർജറി.
എംഡി
ട്രാൻസ്ഫ്യൂഷൻ മെഡിസിൻ
പിജി ഡിപ്ലോമ
കാർഡിയോ വാസ്കുലർ ലാബ് ടെക്നോളജി/ബ്ലഡ് ബാങ്കിങ് ടെക്നോളജി/ ന്യൂറോ ടെക്നോളജി/ ക്ലിനിക്കൽ പെർഫ്യൂഷൻ/മെഡിക്കൽ റിക്കാർഡ്സ് സയൻസ്/അഡ്വാൻസ്ഡ് മെഡിക്കൽ ഇമേജിങ് ടെക്നോളജി.
ഡിപ്ലോമ
ഓപ്പറേഷൻ തിയറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി/ അഡ്വാൻസ്ഡ് മെഡിക്കൽ ഇമേജിങ് ടെക്നോളജി
പോസ്റ്റ് ഡോക്ടറൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ
വാസ്കുലാർ സർജറി/ ന്യൂറോ അനസ്തേഷ്യ/കാർഡിയോ തെറാസിക് ആൻഡ് വാസ്കുലർ അനസ്തേഷ്യ/ഡയനോഗ്സ്റ്റിക് ന്യൂറോ റേഡിയോളജി/ കാർഡിയോവാസ്കുലർ ഇമേജിങ് ആൻഡ് വാസ്കുലർ ഇന്റർവെൻഷണൽ റേഡിയോളജി.
പൊതുജനാരോഗ്യ കോഴ്സുകൾ
മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്/ഡിപ്ലോമ ഇൻ പബ്ലിക് ഹെൽത്ത്. കൂടാതെ ഐഐടി മദ്രാസ്, സിഎംസി വെല്ലൂർ എന്നിയയുമായി സഹകരിച്ച് ക്ലിനിക്കൽ എൻജിനിയറിങ്/ബയോ മെഡിക്കൽ എൻജിനിയറിങ് എന്നിവയിൽ എംടെക്, ബയോ മെഡിക്കൽ ഡിവൈസസ് ആൻഡ് ടെക്നോളജിയിൽ പിഎച്ച്ഡി തുടങ്ങിയ പ്രോഗ്രാമുകളിലും അവസരമുണ്ട്.
ചെന്നൈ നാഷണൽ എപ്പിഡെമിയോളജി ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് സിസ്റ്റംസ് ഇൻ എപ്പിഡെമിയോളജി/പിജി ഡിപ്ലോമ ഇൻ എച്ച്ഐവി ആൻഡ് എപ്പിഡെമിയോളജി എന്നീ പ്രോഗ്രാമുകളും ഉണ്ട്. വിവിധ കോഴ്സുകൾക്കുള്ള അപേക്ഷായോഗ്യത, ഫീസ് നിരക്ക്, സ്‌റ്റൈപെൻഡ് ആനുകൂല്യം തുടങ്ങിയ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. വിവരങ്ങൾക്ക്: www.sctimst. ac.in ഫോൺ:0471/ 2524269, 2524649, 2443152 ഇ മെയിൽ: sct@sctimst. ac.in, reg@sctmist. ac.in








0 comments