പാർടി ഏൽപ്പിച്ചത് ജനങ്ങളെ സേവിക്കാൻ, മതിലുചാടാനല്ല; രാഹുലിനെതിരെ കടുത്ത നടപടി: കെ മുരളീധരൻ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗീകചൂഷണവും ബലാത്സംഗവും നിർബന്ധിത ഗർഭഛിദ്രവും ഉൾപ്പെടെയുള്ള പരാതികൾ പുറത്തുവരുന്ന സാഹചര്യത്തിൽ നടപടി കടുപ്പിക്കാൻ കെപിസിസി. പാർടി ഏൽപ്പിച്ചത് ജനങ്ങളെ സേവിക്കാനാണെന്നും അല്ലാതെ മതിലുചാടാനല്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ പറഞ്ഞു.
പുകഞ്ഞ കൊള്ളി പുറത്താണെന്നും ബ്രഹ്മാസ്ത്രം പ്രയോഗിക്കാൻ സമയമായെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ വിഷയത്തിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു പ്രതികരണം. രാഹുലിനെതിരെ നടപടി കടുപ്പിക്കാൻ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി സംസാരിച്ചു. നടപടി ഉടൻ ഉണ്ടാകുമെന്നും കെ മുരളീധരൻ വ്യക്തമാക്കി.
ഇന്നലെ അതിജീവിത ഔദ്യോഗികമായി പാർടി അധ്യക്ഷന് പരാതി നൽകി. കെപിസിസി പ്രസിഡന്റ് പരാതി ഡിജിപിക്ക് കൈമാറി. സാധാരണഗതിയിൽ പാർടിക്കാരനായിരുന്നെങ്കിൽ പാർടി തലത്തിലാണ് അന്വേഷിക്കുക. സസ്പെൻഷനിലായതിനാൽ ഡിജിപിക്ക് പരാതി കൈമാറുകയായിരുന്നു. രാഹുലിനെതിരെ പാർടി ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെറ്റ് തിരുത്തലിന് സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. എംഎൽഎയായി തുടരണോ എന്ന് തീരുമാനിക്കേണ്ടത് രാഹുലാണ്. നേതാക്കളുമായി നടപടിയെടുക്കുന്നത് സംബന്ധിച്ച് സംസാരിച്ചിട്ടുണ്ട്. പുകഞ്ഞ കൊള്ളി പുറത്താണെന്നും ആ കൊള്ളിയോട് സ്നേഹമുള്ളവർക്കും പുറത്ത് പോകാമെന്നും കെ മുരളീധരൻ വ്യക്തമാക്കി.








0 comments