print edition സാധ്യതകളുമായി ട്രാവൽ ആൻഡ്‌ ടൂറിസം

tourism

എ ഐ പ്രതീകാത്മക ചിത്രം

avatar
പി കെ അൻവർ മുട്ടാഞ്ചേരി

Published on Dec 03, 2025, 09:46 AM | 3 min read

താൽപ്പര്യമുള്ളവർക്ക്‌ മികച്ച കരിയർ മേഖലയാണ് ട്രാവൽ ആൻഡ് ടൂറിസം. വിനോദസഞ്ചാരത്തിനോട് താൽപ്പര്യം വർധിച്ചുവരുന്ന ഇക്കാലത്ത് ഈ കരിയറിന് ഏറെ പ്രസക്തിയുണ്ട്. ആകർഷകമായ വ്യക്തിത്വവും ആശയവിനിമയ ശേഷിയും ഭാഷാ പരിജ്ഞാനവുമുള്ളവർക്ക്‌ ലോകത്തിന്റെ ഏതു കോണിലും മികച്ച ജോലി സാധ്യതകളുണ്ട് എന്നതും ഈ മേഖലയുടെ പ്രത്യേകതയാണ്. സമീപകാലത്തായി കേരളത്തിൽ വിനോദസഞ്ചാര മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുതിപ്പ്‌ വലിയ തൊഴിൽ സാധ്യതയാണ്‌ തുറന്നിരിക്കുന്നത്‌. ​


സാധ്യതകൾ


വിനോദ ടൂറിസം, രാജ്യാന്തര ടൂറിസം, വന്യജീവി ടൂറിസം, മെഡിക്കൽ ടൂറിസം, ഇക്കോ ടൂറിസം, ബീച്ച് ടൂറിസം, അഡ്വഞ്ചർ ടൂറിസം, ഫിലിം ടൂറിസം, സ്പോർട്സ് ടൂറിസം, ഫാഷൻ ടൂറിസം, ഇവന്റ്‌ മാനേജ്മെന്റ്‌, ലോജിസ്റ്റിക്സ്, കാർഗോ തുടങ്ങി നിരവധി മേഖലകളിൽ ഇന്ത്യയിലും വിദേശത്തുമായി മികച്ച അവസരങ്ങളുണ്ട്. ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ വിവിധ പ്രോഗ്രാമുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ട്രാവൽ എക്സിക്യൂട്ടീവ്, ടൂർ ഗൈഡ്, ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ മാനേജർ, ട്രാവൽ കൺസൾട്ടന്റ്‌, ട്രാവൽ ആൻഡ് മീറ്റിങ്‌ കോഓർഡിനേറ്റർ, ട്രാവൽ കൗൺസിലർ, ട്രാവൽ അഗ്രഗേറ്റർ, അക്കോമഡേഷൻ സർവീസ് മാനേജർ, അമ്യൂസ്മെന്റ്‌ പാർക്ക് മാനേജർ, ഇവന്റ്‌ പ്ലാനർ, ടൂറിസം മാർക്കറ്റിങ്‌ മാനേജർ, ട്രാവൽ റൈറ്റർ, എയർ ലൈൻ സ്റ്റാഫ്/ ഗ്രൗണ്ട് സ്റ്റാഫ്, ഹോട്ടൽ മാനേജർ, വിസ കൺസൾട്ടന്റ്‌, ട്രാൻസ്പോർട്ട് ഓഫീസർ തുടങ്ങി നിരവധി തസ്തികകളിൽ ജോലി സാധ്യതകളുണ്ട്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, കെടിഡിസി, ടൂറിസം ഇൻഫർമേഷൻ ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളിൽ ബിരുദധാരികൾക്ക് അവസരമുണ്ട്. ഹോം സ്റ്റേ, ടെന്റ്‌ അക്കോമഡേഷൻ, ട്രാവൽ ഏജൻസി, കാർ റെന്റൽ, ടൂർ ഓപ്പറേറ്റിങ്‌ കമ്പനി തുടങ്ങിയ സംരംഭങ്ങൾ സ്വന്തമായി തുടങ്ങാനുമാകും. ​


പഠനാവസരങ്ങൾ ​


വിനോദസഞ്ചാര മേഖലകളിലെ പ്രവർത്തനങ്ങൾ പരിചയപ്പെടുവാനും ആ മേഖലകളിൽ ജോലി ചെയ്യാൻ വേണ്ട അറിവും നൈപുണികളും ആർജിക്കാനും സഹായിക്കുന്ന നിരവധി ഡിപ്ലോമ, ഡിഗ്രി, പിജി, പിജി ഡിപ്ലോമ പ്രോഗ്രാമുകൾ ലഭ്യമാണ്. ചില സ്ഥാപനങ്ങളിൽ ഗവേഷണത്തിനും അവസരമുണ്ട്. വിവിധ പ്രോഗ്രാമുകൾ നൽകുന്ന പ്രമുഖ സ്ഥാപനങ്ങളെ പരിചയപ്പെടാം. ​


കിറ്റ്സ് ​


ടൂറിസം രംഗത്ത് കേരളത്തിലെ മികച്ച സ്ഥാപനമാണ് തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (KITTS). സംസ്ഥാന വിനോദസഞ്ചാര വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണിത്. തലശ്ശേരിയിലും മലയാറ്റൂരും (എറണാകുളം) സ്റ്റഡി സെന്ററുകളുണ്ട്. വിവിധ സെന്ററുകളിലായി എംബിഎ (ട്രാവൽ ആൻഡ് ടൂറിസം ), മാസ്റ്റർ ഓഫ് ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റ്‌, പി ജി ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്‌, പിജി ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ് ഇൻ ടൂറിസം, ബികോം കൊമേഴ്സ് ആൻഡ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ്‌, ബിബിഎ ടൂറിസം മാനേജ്മെന്റ്‌, ഡിപ്ലോമ ഇൻ ഏവിയേഷൻ & ടൂറിസം മാനേജ്മെന്റ്‌, ഡിപ്ലോമ ഇൻ എയർപോർട്ട് ഓപ്പറേഷൻസ്, ഡിപ്ലോമ ഇൻ മൾട്ടി സ്കിൽഡ് ഹോസ്പിറ്റാലിറ്റി എക്സിക്യൂട്ടീവ് (പെൺകുട്ടികൾക്ക് മാത്രം), ഡിപ്ലോമ ഇൻ ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ്‌, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് മാനേജ്മെന്റ്‌, ഡിപ്ലോമ ഇൻ ടൂറിസം എൻട്രപ്രണർഷിപ്പ്, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ വെൽനെസ് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ടൂറിസം മാനേജ്മെന്റ്‌ തുടങ്ങിയ പ്രോഗ്രാമുകളുണ്ട്. ചില അയാട്ട പ്രോഗ്രാമുകളും സർട്ടിഫിക്കറ്റ് കോഴ്സുകളും ലഭ്യമാണ്. ഇന്റേൺഷിപ്പിനും അവസരമുണ്ട് . പ്ലേസ്മെന്റ്‌ അസിസ്റ്റൻസും ലഭ്യമാണ്. വിവരങ്ങൾക്ക്‌: www.kittsedu.org


ഐഐടിടിഎം ഗ്വാളിയോർ


ബിരുദ -ബിരുദാനന്തര തലത്തിൽ പ്രോഗ്രാമുകൾ നൽകുന്ന സ്ഥാപനമാണ് മധ്യപ്രദേശിലെ ഗ്വാളിയോറിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ്‌ (IITTM). കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഈ സ്ഥാപനത്തിൽ ബിബിഎ (ടൂറിസം ആൻഡ് ട്രാവൽ ), എംബിഎ (ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ്‌ ) എന്നീ പ്രോഗ്രാമുകളുണ്ട് (ഗ്വാളിയോർ, ഭുവനേശ്വർ, നെല്ലൂർ, നോയിഡ, ഗോവ ക്യാമ്പസുകളിൽ).ന്യൂഡൽഹിയിലെ ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ് പ്രോഗ്രാമുകൾ നടത്തുന്നത്. പ്രത്യേക പ്രവേശന പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവേശനം . പ്രവേശനത്തിന് സിയു ഇടി സ്കോറും പരിഗണിക്കും. എംബിഎ പ്രവേശനത്തിന് ക്യാറ്റ് അടക്കമുള്ള വിവിധ മാനേജ്മെന്റ്‌ പരീക്ഷകളുടെ സ്കോറും പരിഗണിക്കും. വിവരങ്ങൾക്ക്‌: www.iittm.ac.in


മറ്റ് സ്ഥാപനങ്ങൾ


ഡൽഹി സർവകലാശാല, ജാമിയ മിലിയ ഇസ്ലാമിയ, ബനാറസ് ഹിന്ദു സർവകലാശാല, ആന്ധ്രപ്രദേശ്, ജമ്മു തുടങ്ങിയ കേന്ദ്ര സർവകലാശാലകളിൽ ടൂറിസം ബിരുദ പ്രോഗ്രാമുകളുണ്ട്. പോണ്ടിച്ചേരി യൂണിവേഴ്സിറ്റി, അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി, ഇന്ദിരാഗാന്ധി ട്രൈബൽ യൂണിവേഴ്സിറ്റി , കേരള, കർണാടക, തമിഴ്നാട്, ഹരിയാന കേന്ദ്ര സർവകലാശാലകൾ, ദേവി അഹല്യ സർവകലാശാല ഇൻഡോർ, ദുർഗാപുർ സൊസൈറ്റി ഓഫ് കളിനറി സ്കിൽസ് ആൻഡ് മാനേജ്മെന്റ്‌ സയൻസസ് തുടങ്ങിയ സ്ഥാപനങ്ങളിൽ വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും ലഭ്യമാണ്.


ഹൈദരാബാദിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റിലും എംബിഎ, ബിബിഎ അടക്കമുള്ള പ്രോഗ്രാമുകളുണ്ട്. കേരള, കലിക്കറ്റ്, മഹാത്മാഗാന്ധി, കണ്ണൂർ സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്ത നിരവധി സ്ഥാപനങ്ങളിൽ ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ ബിരുദ, ബിരുദാനന്തര പഠനത്തിന് അവസരങ്ങളുണ്ട്. ജിപിഎം ഗവ.കോളേജ് മഞ്ചേശ്വരം, സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റ്‌ വയനാട്, സെന്റ്‌ തോമസ് കോളേജ് റാന്നി, മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരം, എസ്എൻ കോളേജ് കുമരകം, നിർമല കോളേജ് മൂവാറ്റുപുഴ, എംഇഎസ് ആർട്സ് ആൻഡ് സയൻസ് കോളേജ് കുറ്റിപ്പുറം, പ്രൊവിഡൻസ് വിമൻസ് കോളേജ് മലാപറമ്പ് തുടങ്ങിയവ ഉദാഹരണങ്ങളാണ് . ​


അയാട്ട പ്രോഗ്രാമുകൾ ​


എയർലൈൻ വ്യവസായവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും മാനദണ്ഡങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കുന്ന അന്താരാഷ്ട്ര സ്ഥാപനമാണ് അയാട്ട (IATA : International Air Transport Asso ciation). മുന്നൂറോളം എയർലൈനുകൾ ഇതിൽ പങ്കാളികളാണ്. ട്രാവൽ പ്രൊഫഷണലാകാനുള്ള പരിശീലനവും അയാട്ട നൽകുന്നുണ്ട്. അയാട്ടയുടെ അംഗീകൃത സ്ഥാപനങ്ങൾ മനസ്സിലാക്കി, വിവിധ പ്രോഗ്രാമുകൾ പൂർത്തിയാക്കിയാൽ എയർലൈനുകൾ, ട്രാവൽ ഏജൻസികൾ തുടങ്ങിയ മേഖലകളിൽ ജോലി സാധ്യതകളുണ്ട്. വിവരങ്ങൾക്ക്‌: www.iata.org



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home