ad
Deshabhimani

ബയോ ഇൻഫർമാറ്റിക്സ്; കോഴ്സുകളും സ്ഥാപനങ്ങളും

bioinformatics courses
avatar
പ്രൊഫ. കെ പി ജയരാജന്‍

Published on Nov 05, 2025, 11:10 AM | 2 min read

ജൈവസാങ്കേതികവിദ്യയും വിവരസാങ്കേതികവിദ്യയും ചേർന്നുള്ള നൂതന ശാസ്ത്ര പഠനശാഖയാണ് ബയോ ഇൻഫർമാറ്റിക്സ്. ഇത് വൈദ്യശാസ്ത്രാനുബന്ധ വിഷയമായും പരിഗണിക്കുന്നു. മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, വിവരസാങ്കേതികവിദ്യ, ജിനോമിക്സ് തുടങ്ങിയ ശാസ്ത്രശാഖകൾ കൂട്ടിയിണക്കുന്ന പഠനമേഖല. ഇന്റർ ഡിസിപ്ലിനറി ഘടനയിൽ ബയോകെമിസ്ട്രി, മോളിക്യുലാർ ബയോളജി, ജനിറ്റിക് എൻജിനിയറിങ്, ബയോ സ്റ്റാറ്റിസ്റ്റിക്സ്, ജീനോമിക്സ് എന്നീ വിഷയങ്ങളും ഈ പഠനശാഖയിൽ ഒത്തുചേരുന്നു.


ജൈവശാസ്ത്രപരമായ പുതിയ ഉൾക്കാഴ്ച കണ്ടെത്തുന്നതിന് ജൈവവിവരങ്ങളുടെ വീണ്ടെടുക്കൽ, ബന്ധിപ്പിക്കൽ, സംഭരണം, സംസ്കരണം, വിശകലനം, മാനേജ്മെന്റ്‌ തുടങ്ങിയവ ഇത്‌ കൈകാര്യം ചെയ്യുന്നു. ജീനോമിക്സ്, സ്ട്രക്ചറൽ ബയോളജി, സിസ്റ്റംസ് ബയോളജി, കംപ്യൂട്ടേഷണൽ ബയോളജി തുടങ്ങിയവയുടെ വിപുലമായ അപ്ലിക്കേഷനുകളും ഉൾപ്പെടുന്നു. അതോടൊപ്പം ഡാറ്റ പ്രോസസിങ്ങിന്റെ പങ്കാളിത്തത്തോടെ ജീവശാസ്‌ത്രത്തിൽ പരീക്ഷണാത്മകപഠനവും വന്നുചേരുന്നു. അതിനാൽ ബയോ സയൻസിലും സാങ്കേതികവിദ്യയിലും അഭിനിവേശവും ഇവയിലെ ശാസ്ത്രീയ പര്യവേക്ഷണത്തിൽ ആഭിമുഖ്യവുമുള്ള വിദ്യാർഥികൾക്ക് ഈ ശാസ്ത്രശാഖയിലെ പഠനത്തിലൂടെ തൊഴിൽമേഖലയിൽ പുതുവഴി തേടാൻ അവസരവും ലഭിക്കും.


​തൊഴിൽ സാധ്യത


പഠനമികവുള്ളവർക്ക്‌ ബയോ ഇൻഫർമാറ്റിക്സ് അനലിസ്റ്റ്, ഡാറ്റബേസ് ഡെവലപ്പർ, ക്ലിനിക്കൽ റിസർച്ച് കോ ഓർഡിനേറ്റർ, ബയോ ഇൻഫർമാറ്റിക്സ് ശാസ്‌ത്രജ്ഞൻ/ കൺസൾട്ടന്റ്‌ തുടങ്ങിയ ജോലികൾക്ക്‌ സാധ്യതയുണ്ട്‌. എപ്പിഡെമിയോളജി, ജീനോമിക്സ് തുടങ്ങിയ ബയോമെഡിക്കൽ ഗവേഷണമേഖല ബയോ ഇൻഫർമാറ്റിക്സ് പഠനം കഴിഞ്ഞിറങ്ങുന്നവരെ കാത്തുനിൽക്കുന്നു. മോളിക്യുലാർ ബയോളജിയോടൊപ്പം ഇതിലെ വിവരസാങ്കേതികവിദ്യയിലും ലഭിക്കുന്ന പ്രാവീണ്യം ശാസ്‌ത്ര ലാബുകളിലൂടെ സ്വയം സംരംഭരാകാനുള്ള അവസരവും നൽകുന്നു.


പഠന പ്രോഗ്രാമുകൾ


ഈ വിഷയം ബിടെക് /എംഎസ്‌സി തലത്തിൽ പഠിക്കാൻ വ്യത്യസ്‌ത സ്ഥാപനങ്ങളിൽ അവസരമുണ്ട്. ഉയർന്നുവരുന്ന ഒരു ശാസ്ത്രശാഖയാണെങ്കിലും പല എൻജിനിയറിങ് കോളേജുകളിലും ബിടെക് ഇൻഫർമാറ്റിക്സ് പ്രോഗ്രാം ബയോടെക്നോളജി വിഷയത്തോട് ചേർന്നാണ്‌ ഉൾപ്പെടുത്തിയിട്ടുള്ളത്. കോഴ്സ് മോഡ്യൂളിൽ ബയോ ഇൻഫർമാറ്റിക്സിന് ഏറെ പ്രാധാന്യം നൽകുന്നുണ്ട് എന്നതിനാൽ ഈ വിഷയത്തിലെ തുടർപഠനത്തിന് അത് സഹായമാകും.


ഐഐടികളിൽ


​ഐഐടി ഹൈദരാബാദിൽ ബയോടെക്നോളജി ആൻഡ് ബയോ ഇൻഫർമാറ്റിക്സ് എന്ന വിധത്തിലാണ് ബിടെക് കോഴ്സുള്ളത്. ബയോ ഇൻഫർമാറ്റിക്സിൽ എംടെക്കിനും ഇവിടെ പഠിക്കാം. മദ്രാസ് ഐഐടിയിൽ ബയോ ഇൻഫർമാറ്റിക്സ് എംഎസ് പ്രോഗ്രാമുണ്ട്. ഭൂരിപക്ഷം ഐഐടികളിലെയും ബിടെക് ബയോടെക്നോളജിയുടെ സിലബസ്‌ കംപ്യൂട്ടേഷണൽ ബയോളജി ഉൾപ്പെടെ ബയോ ഇൻഫർമാറ്റിക്സ് മേഖലയിൽ ഫോക്കസ് ചെയ്യുന്നതായതിനാൽ ഈ വിഷയത്തിലെ പിജി പഠനത്തിന് അത് വഴിയൊരുക്കുന്നു. ​


സ്ഥാപനങ്ങൾ വേറെയും


ബംഗളൂരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ഇൻഫർമാറ്റിക്സ് ആൻഡ് അപ്ലൈഡ് ബയോടെക്നോളജിയിൽ ഇൻഫർമാറ്റിക്സ് വിഷയത്തിൽ എംഎസ്‌സിക്കും ബിഗ് ഡാറ്റ ബയോളജിയിൽ പിജി ഡിപ്ലോമയ്‌ക്കും പഠിക്കാം. ബയോ ഇൻഫർമാറ്റിക്സിൽ പിഎച്ച്ഡി പ്രോഗ്രാമും ഇവിടെയുണ്ട്. പോണ്ടിച്ചേരി സർവകലാശാലയിൽ ബയോ ഇൻഫർമാറ്റിക്സിൽ എംഎസ്‌സിക്കും പിഎച്ച്ഡിക്കും എംടെക് കംപ്യൂട്ടേഷണൽ ബയോളജിക്കും ചേരാം. കോയമ്പത്തൂരിലെ തമിഴ്‌നാട് കാർഷിക സർവകലാശാലയിൽ ബയോ ഇൻഫർമാറ്റിക്സിൽ ബിടെക്/ എംഎസ്‌സി എന്നിവ പഠിക്കാം. ന്യൂഡൽഹി നേതാജി സുഭാഷ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ ഈ വിഷയത്തിൽ എംടെക് കോഴ്സുണ്ട്. ഭാരതിദാസൻ യൂണിവേഴ്സിറ്റി തിരുച്ചിറപ്പള്ളി, ജാമിയ മിലിയ ഡൽഹി തുടങ്ങിയ സർവകലാശാലകളിലും പുണെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലും എംഎസ്‌സി കോഴ്സുകളുണ്ട്‌. കേരളത്തിൽ കേരള സർവകലാശാല കാര്യവട്ടം ക്യാന്പസിലും കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിലും ബയോ ഇൻഫർമാറ്റിക്സ് എംഎസ്‌സി കോഴ്സിനു പഠിക്കാൻ അവസരമുണ്ട്. വിവിധ കോളേജുകളിൽ എംഎസ്‌സി കോഴ്‌സുകളുമുണ്ട്‌. കോഴിക്കോട് എൻഐടിയിൽ ബിടെക് ബയോടെക്നോളജി പ്രോഗ്രാമിൽ ബയോ ഇൻഫർമാറ്റിക്സ് വിഷയങ്ങൾ ചേർന്നുനിൽക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home