പോളിടെക്നിക്കുകളിൽ 28,230 സീറ്റ്‌ അപേക്ഷ ഇപ്പോൾ

poly technic
വെബ് ഡെസ്ക്

Published on May 22, 2025, 11:02 AM | 2 min read

സാങ്കേതിക മേഖലയിൽ ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് പരിഗണിക്കാവുന്ന ശ്രദ്ധേയമായ മേഖലയാണ് പോളിടെക്നിക്കുകൾ. കേരളത്തിലെ ടെക്നിക്കൽ എഡ്യൂക്കേഷൻ വകുപ്പിന്റെ കീഴിലുള്ള വിവിധ പോളിടെക്നിക്കുകൾ നടത്തുന്ന ത്രിവത്സര ഡിപ്ലോമ പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ഗവൺമെന്റ്‌, ഗവൺമെന്റ്‌ എയ്ഡഡ്, ഗവൺമെന്റ്‌ കൺട്രോൾഡ് സെൽഫ് ഫിനാൻസിങ്‌, പ്രൈവറ്റ് സെൽഫ് ഫിനാൻസിങ്‌ എന്നീ വിഭാഗം സ്ഥാപനങ്ങളിലേക്കാണ് പ്രവേശനം. ആകെ 28,230 സീറ്റുണ്ട്. ഇതിൽ 21,419 സീറ്റും സർക്കാർ പോളിടെക്‌നിക്കുകളിലാണ്‌.


യോഗ്യത

എസ്എസ്എൽസി /ടിഎച്ച്എസ്എസ്എൽസി / തത്തുല്യ പരീക്ഷകൾ ഉപരിപഠന അർഹതയോടെ വിജയിച്ചിരിക്കണം. മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, സയൻസ് വിഷയങ്ങൾ പഠിച്ചവർക്ക് എൻജിനിയറിങ് സ്ട്രീമുകൾക്കും (സ്ട്രീം 1) മാനേജ്മെന്റ്‌ സ്ട്രീമുകൾക്കും (സ്ട്രീം 2) അപേക്ഷിക്കാം. എന്നാൽ മാത്തമാറ്റിക്സും ഇംഗ്ലീഷും പഠിച്ചെങ്കിലും മറ്റ് സയൻസ് വിഷയങ്ങൾ പഠിക്കാത്തവർക്ക് സ്ട്രീം രണ്ടിനു മാത്രമേ അപേക്ഷിക്കാനാകൂ. രണ്ടിൽ കൂടുതൽ ചാൻസെടുത്ത് യോഗ്യതാ പരീക്ഷ വിജയിച്ചവർക്ക് അപേക്ഷിക്കാൻ അർഹതയില്ല. സേ / ബെറ്റർമെന്റ്‌ അധിക ചാൻസായി പരിഗണിക്കില്ല. യോഗ്യതാ പരീക്ഷയിൽ ലഭിച്ച ഗ്രേഡ് പോയിന്റ്‌ പരിഗണിച്ചാണ് അലോട്ട്മെന്റ്‌.


പ്രോഗ്രാമുകൾ 
രണ്ട് സ്ട്രീമുകളിൽ

സ്ട്രീം 1: ഡിപ്ലോമ ഇൻ എൻജിനിയറിങ്‌ & ടെക്നോളജി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീൻ ലേണിങ്, ഓട്ടോമൊബൈൽ, ബയോ മെഡിക്കൽ, ക്ലൗഡ് കംപ്യൂട്ടിങ്‌ & ബിഗ് ഡാറ്റ, സിവിൽ എൻജിനിയറിങ്, ആർക്കിടെക്ചർ, സൈബർ ഫോറൻസിക് & ഇൻഫർമേഷൻ സെക്യൂരിറ്റി, ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ്, കെമിക്കൽ, സിവിൽ എൻജിനിയറിങ് & പ്ലാനിങ്, കംപ്യൂട്ടർ ഹാർഡ്‌വെയർ, കമ്യൂണിക്കേഷൻ & നെറ്റ്‌വർക്കിങ്, സിവിൽ & റൂറൽ എൻജിനിയറിങ്, സിവിൽ & എൻവയോൺമെന്റൽ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ എൻജിനിയറിങ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, എൻവയോൺമെന്റൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ എൻജിനിയറിങ് & ഇലക്ട്രിക് വെഹിക്കിൾസ് ടെക്നോളജി, ഫുഡ് പ്രോസസിങ്‌ ടെക്നോളജി, ഇന്റഗ്രേറ്റഡ് സർക്യൂട്ട് ഡിസൈൻ & ഫാബ്രിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി, മെക്കട്രോണിക്സ്, മെക്കാനിക്കൽ, മൈക്രോ ഇലക്ട്രോണിക്സ്, മാനുഫാക്ചറിങ് ടെക്നോളജി, പോളിമർ ടെക്നോളജി, പ്രിന്റിങ്‌ ടെക്നോളജി, ഓട്ടോമേഷൻ & റോബോട്ടിക്സ്, റിന്യൂവബിൾ എനർജി, റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ, വുഡ് & പേപ്പർ ടെക്നോളജി, ടൂൾ & ഡൈ എൻജിനിയറിങ്, ടെക്സ്റ്റൈൽ ടെക്നോളജി തുടങ്ങി വിവിധ ശാഖകൾ.


സ്ട്രീം 2 : ഡിപ്ലോമ ഇൻ മാനേജ്മെന്റ്‌ കംപ്യൂട്ടർ ആപ്ലിക്കേഷൻ & ബിസിനസ് മാനേജ്മെന്റ്‌

കൊമേഴ്സ്യൽ പ്രാക്ടീസ്,ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ്‌ & കാറ്ററിങ്‌ ടെക്നോളജി.


അപേക്ഷ

ജൂൺ 10 നകം ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കി ഫീസടക്കണം. ജൂൺ 12 നകം അപേക്ഷ സമർപ്പിക്കണം. ഒരാൾക്ക്‌ 30 ഓപ്ഷനുകൾവരെ നൽകാം. സ്പോർട്സ് ക്വോട്ട അപേക്ഷകർ ഓൺലൈൻ അപേക്ഷയുടെ പകർപ്പ് കളമശ്ശേരിയിലെ SITTR ജോയിന്റ്‌ ഡയറക്ടർക്കും എൻസിസി ക്വോട്ടക്കാർ തിരുവനന്തപുരം എൻസിസി ഡയറക്‌ടറേറ്റിലേക്കും അയക്കണം. എയ്ഡഡ് പോളിടെക്നിക്കുകളിലെ എയ്ഡഡ് /സ്വാശ്രയ മാനേജ്മെന്റ്‌ സീറ്റുകൾ, സ്വാശ്രയ കോളേജുകളിലെ മാനേജ്മെന്റ്‌ സീറ്റുകൾ എന്നിവയുടെ പ്രവേശനത്തിന് ഓരോ സ്ഥാപനത്തിലേക്കും പ്രത്യേകം അപേക്ഷിക്കണം. ലാറ്ററൽ എൻട്രി വഴിയും പ്രവശനമുണ്ട്‌. വിവരങ്ങൾക്ക്‌: www.polyadmission.org



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home