ad
Deshabhimani

യുജിസി നെറ്റിന്‌ ഇപ്പോൾ അപേക്ഷിക്കാം

ugc net
avatar
പ്രൊഫ. കെ പി ജയരാജന്‍

Published on Oct 15, 2025, 09:27 AM | 2 min read

യുജിസി - നെറ്റ്‌ ഡിസംബർ 2025 ന്‌ അപേക്ഷിക്കേണ്ട സമയമാണിപ്പോൾ. ഭാഷകൾ, ഹ്യുമാനിറ്റീസ്, മാനേജ്മെന്റ്‌, വിഷ്വൽ ആർട്സ്, ജേർണലിസം, ഫോറൻസിക് സയൻസ്, ആയുർവേദ ബയോളജി തുടങ്ങി 85 വിഷയങ്ങളിൽ നടക്കുന്ന പരീക്ഷയ്‌ക്ക് നവംബർ ഏഴുവരെ അപേക്ഷിക്കാം. കോളേജുകളിലും സർവകലാശാലകളിലും അസി. പ്രൊഫസർ തസ്തികകളിലെ നിയമനം, ജൂനിയർ റിസർച്ച് ഫേലോ (ജെആർഎഫ് ) അവാർഡ് എന്നിവയ്‌ക്കുള്ള യോഗ്യത നിർണയിക്കുന്നതിനാണ് ഈ പരീക്ഷ നടത്തുന്നത്. സർവകലാശാലകളിലെ പിഎച്ച്ഡി പ്രവേശനത്തിനും നെറ്റ് യോഗ്യത ഇപ്പോൾ പ്രധാന ഘടകമാണ്. പരീക്ഷ ഡിസംബർ 31 മുതൽ ജനുവരി ഏഴുവരെ. ​


വിഷയങ്ങൾ


ഇംഗ്ലീഷ്, മലയാളം തുടങ്ങിയ ഭാഷ വിഷയങ്ങൾ, ഹിസ്റ്ററി, ഇക്കണോമിക്സ് തുടങ്ങിയ ഹ്യുമാനിറ്റിസ് വിഷയങ്ങൾ, വിഷ്വൽ ആർട്സ്, പെർഫോമിങ് ആർട്സ്, യോഗ, മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം, ക്രിമിനോളജി, ഡിസാസ്റ്റർ മാനേജ്മെന്റ്‌ തുടങ്ങി 85 വിഷയങ്ങളിലാണ് യുജിസി- നെറ്റ് ഡിസംബർ 2025 പരീക്ഷ നടക്കുന്നത്. ഇത്തരം വിഷയങ്ങളുമായി ചേർന്നുനിൽക്കുന്ന കോഴ്സുകൾ പഠിച്ചവർക്ക് ആ വിഷയത്തിൽ പരീക്ഷ എഴുതാം. ഭാഷ ഉൾപ്പെടെ ഹ്യുമാനിറ്റീസ്/ സോഷ്യൽ സയൻസ് വിഷയങ്ങൾ പഠിച്ചവർക്ക് വിമൻ സ്റ്റഡീസ് പേപ്പറിൽ പരീക്ഷ അനുവദിക്കും. ​


യോഗ്യത


വിഷയത്തിൽ 55 ശതമാനം മാർക്കോടെ പിജി ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പിന്നാക്ക/സാമ്പത്തിക പിന്നാക്ക/പട്ടിക/ ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം. പരീക്ഷാഫലം കാത്തു നിൽക്കുന്നവർക്കും അർഹതയുണ്ട്. നാലുവർഷ/ തത്തുല്യം ഡിഗ്രി നേടിയവർക്ക് 75 ശതമാനം മാർക്ക് വേണം. സംവരണ വിഭാഗക്കാർക്ക് അഞ്ചു ശതമാനം മാർക്കിളവുണ്ട്. അസി.പ്രൊഫസർ നിയമനം/ പിഎച്ച്ഡി പ്രവേശനം എന്നിവയ്ക്കുള്ള അപേക്ഷയ്‌ക്ക് പ്രായപരിധി ബാധകമല്ല. ജെആർഎഫിന് അപേക്ഷിക്കുന്നുണ്ടെങ്കിൽ 2025 ഡിസംബർ ഒന്നിന് പ്രായം 30 വയസ്സ് കവിയരുത്. വനിതകൾക്കും സംവരണ വിഭാഗക്കാർക്കും അഞ്ചു വർഷവും എൽഎൽഎം ബിരുദധാരികൾക്ക് മൂന്നു വർഷവും ഇളവുണ്ട്. നെറ്റ് യോഗ്യത നേടുന്ന നാലു വർഷ ബിരുദക്കാർക്ക് ജെആർഎഫിനും പിഎച്ച്ഡി പ്രവേശനത്തിനും യോഗ്യത ഉണ്ടെങ്കിലും അസി.പ്രൊഫസർ നിയമനത്തിന് അപേക്ഷാ അർഹതയില്ല.


പരീക്ഷാഘടന


കംപ്യൂട്ടറധിഷ്ഠിത പരീക്ഷ മൾട്ടിപ്പിൾ ചോയ്സ് ഒബ്ജക്റ്റീവ് മാതൃകയിൽ രണ്ട് പേപ്പർ ഉണ്ട്. പേപ്പർ ഒന്ന് -50 ചോദ്യങ്ങൾ, 100 മാർക്ക്. പേപ്പർ രണ്ട് -100 ചോദ്യങ്ങൾ, 200 മാർക്ക്. രണ്ടു പേപ്പറും ചേർന്ന് ആകെ മൂന്നുമണിക്കൂർ തുടർച്ചയായി പരീക്ഷ എഴുതണം. പേപ്പർ ഒന്ന് എല്ലാ വിഷയങ്ങൾക്കും പൊതുവായിട്ടുള്ളതാണ്. അധ്യാപനം, ഗവേഷണം തുടങ്ങിയവയിലെ ആഭിമുഖ്യം മനസ്സിലാക്കുവാനുള്ളത്. ജനറൽ അവേർനസ്, റീസണിങ് എബിലിറ്റി, കോം പ്രിഹെൻഷൻ തുടങ്ങിയവയിൽ നിന്നുള്ള ചോദ്യങ്ങൾ ഉണ്ടാകും. പേപ്പർ രണ്ടിൽ വിഷയത്തെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളും. തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്കില്ല. അതിനാൽ ചോദ്യത്തിനു താഴെയുള്ളഏറ്റവും അനുയോജ്യമായ ഓപ്ഷൻ ഉത്തരമായി എഴുതുവാൻ ശ്രമിക്കണം. ​


മറ്റ് വിവരങ്ങൾ


കേരളത്തിൽ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പരീക്ഷാ സെന്ററുണ്ട്. മംഗളൂരു, ഉഡുപ്പി, ഗൂഡല്ലൂർ, സേലം, കോയമ്പത്തൂർ, തിരുനൽവേലി, കവരത്തി തുടങ്ങിയ സ്ഥലങ്ങളിലും പരീക്ഷ എഴുതാം. അനുവദിച്ച സെന്റർ മറ്റ് വിവരങ്ങൾ ഡൗൺലോഡ് ചെയ്യുന്ന അഡ്മിറ്റ് കാർഡിൽ ഉണ്ടാകും. പരീക്ഷാ ഫീസ് അപേക്ഷയുടെ അവസാന തീയതിക്കുമുൻപു തന്നെ അടയ്‌ക്കണം. അപേക്ഷയിൽ നവംബർ 10 നും 12 നുമിടയിൽ തിരുത്തൽ വരുത്താം. അപേക്ഷാ ഫീസ് 1150 രൂപ. പിന്നാക്ക/സാമ്പത്തിക പിന്നാക്കം 600 രൂപ. പട്ടിക/ ഭിന്നശേഷി വിഭാഗം 325 രൂപ. വിവരങ്ങൾക്ക്: www.nta. ac.in,https://ugcnet. nta.nic.in ഫോൺ: 011/ 40759000. ഇ മെയിൽ [email protected]



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home