ad
Deshabhimani

കീം 2026: തയ്യാറെടുക്കാം; അപേക്ഷ ശ്രദ്ധയോടെ ​

KEAM EXam
avatar
പി കെ അൻവർ മുട്ടാഞ്ചേരി

Published on Jan 06, 2026, 08:21 AM | 3 min read

സംസ്ഥാനത്ത് എൻജിനിയറിങ്‌/ആർക്കിടെക്‌ചർ/ഫാർമസി/മെഡിക്കൽ/മെഡിക്കൽ അനുബന്ധ മേഖലകളിലെ ബിരുദ കോഴ്സുകളുടെ പ്രവേശനത്തിനുള്ള വിശദമായ വിജ്‌ഞാപനം പ്രവേശന പരീക്ഷാ കമീഷണർ പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷ (KEAM 2026) ഏപ്രിൽ 17 മുതൽ 23 വരെയാണ്‌. ഓൺലൈനിൽ ജനുവരി 31 വരെ അപേക്ഷിക്കാം. അപേക്ഷ നൽകുന്നത്‌ ശ്രദ്ധയോടെയാകണം.


​​കോഴ്സുകൾ


​എൻജിനിയറിങ് (ബിടെക് ), ബിആർക്ക് (ആർക്കിടെക്ചർ), മെഡിക്കൽ (എംബിബിഎസ്, ബിഡിഎസ്, ബിഎച്ച് എംഎസ്, ബിഎഎംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ്), ബിഫാം (ഫാർമസി), മെഡിക്കൽ അനുബന്ധം: ബിഎസ് സി (ഓണേഴ്സ്) അഗ്രികൾച്ചർ, ബിഎസ് സി (ഓണേഴ്സ്) ഫോറസ്ട്രി, ബിഎസ് സി (ഓണേഴ്സ്) കോ- ഓപ്പറേഷൻ ആൻഡ്‌ ബാങ്കിങ്‌/അഗ്രി ബിസിനസ് മാനേജ്മെന്റ്‌, ബിഎസ് സി (ഓണേഴ്സ്) ക്ലൈമറ്റ് ചേഞ്ച് ആൻഡ്‌ എൻവിയോൺമെന്റൽ സയൻസ്, ബിടെക് ബയോടെക്നോളജി (കാർഷിക സർവകലാശാലയിൽ), ബിവിഎസ് സി ആൻഡ്‌ എഎച്ച് (വെറ്ററിനറി), ബിഎഫ്എസ് സി (ഫിഷറീസ്).


​​ഫാർമസിക്ക്‌ പ്രത്യേക പരീക്ഷ


എൻജിനിയറിങ്, ഫാർമസി പ്രവേശനങ്ങൾക്ക് മാത്രമേ പ്രവേശന പരീക്ഷാ കമീഷണർ പരീക്ഷ നടത്തുകയുള്ളൂ. കേരള എൻജിനിയറിങ് പ്രവേശന പരീക്ഷ വഴിയാണ് എൻജിനിയറിങ് പ്രവേശനം. ഫാർമസി പ്രവേശനത്തിനും പ്രത്യേക പരീക്ഷയുണ്ട്. മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളുടെ പ്രവേശനം നീറ്റ് യുജി (NEET UG 2026) സ്കോറടിസ്ഥാനത്തിലാണ്. ആർക്കിടെക്ച്ചർ പ്രവേശനം, നാറ്റാ (NATA) സ്കോറും യോഗ്യതാ പരീക്ഷയുടെ മാർക്കും തുല്യാനുപാതത്തിൽ പരിഗണിച്ചാണ്. എല്ലാ വിഭാഗക്കാരും കേരളത്തിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കണം.


​ഓൺലൈൻ പരീക്ഷ


​കംപ്യൂട്ടർ അധിഷ്ഠിതമായ ഓൺലൈൻ പരീക്ഷ (സിബിടി) ഏപ്രിൽ 17 മുതൽ 23 വരെ നടക്കും. പകൽ രണ്ടുമുതൽ അഞ്ചുവരെയാണ് സമയം. ഏപ്രിൽ 13, 16, 24, 25 എന്നിവ റിസർവ് ദിവസങ്ങളാണ്. ഏപ്രിൽ ഒന്നുമുതൽ അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം.

150 ചോദ്യങ്ങളടങ്ങിയ മൂന്ന് മണിക്കൂർ പരീക്ഷ. മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. മാത്തമാറ്റിക്സിൽ 75, ഫിസിക്സിൽ 45, കെമിസ്ട്രിയിൽ 30 വീതം ചോദ്യങ്ങൾ. ശരിയുത്തരത്തിന് നാലുമാർക്ക്, ഉത്തരം തെറ്റിയാൽ ഒരു മാർക്ക് നഷ്ടപ്പെടും. ഫാർമസി പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി പേപ്പറുകളിൽ യഥാക്രമം 30, 45 ചോദ്യങ്ങളുണ്ടാകും. 90 മിനിറ്റ് പരീക്ഷയാണ്.


ഓരോ സെഷനിലും വ്യത്യസ്ത ചോദ്യപേപ്പർ ഉപയോഗിക്കുന്നതിനാൽ നോർമലൈസേഷൻ രീതി നടപ്പാക്കിയായിരിക്കും സ്കോർ കണക്കാക്കുക. പ്ലസ് ടുവിൽ (രണ്ടാം വർഷം) ഫിസിക്സ്, കെമിസ്ട്രി മാത്തമാറ്റിക്സ് വിഷയങ്ങളിൽ ലഭിച്ച മാർക്കിനും പ്രവേശന പരീക്ഷയിൽ ലഭിച്ച മാർക്കിനും തുല്യ പരിഗണന നൽകിയാണ് എൻജിനിയറിങ് റാങ്ക് പട്ടിക തയ്യാറാക്കുക.


​​പ്രവേശന യോഗ്യത


​അപേക്ഷകന് 2026 ഡിസംബർ 31 ന് 17 വയസ്സ്‌ തികഞ്ഞിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളുടെ പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയിൽ മൊത്തം 50 ശതമാനം മാർക്കോടെ പ്ലസ് ടു ജയിച്ചിരിക്കണം എന്നതാണ് പൊതുവായ യോഗ്യത. വിവിധ കോഴ്സുകൾക്കനുസരിച്ചുള്ള അധിക യോഗ്യതകൾ പ്രോസ്പെക്ടസിൽ വിശദമാക്കിയിട്ടുണ്ട്.

എൻജിനിയറിങ് പ്രവേശനത്തിന് മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്ക് മൊത്തം 45 ശതമാനം മാർക്ക് വാങ്ങി പ്ലസ് ടു ജയിച്ചിരിക്കണം. പ്ലസ്ടുവിൽ കെമിസ്ട്രി പഠിച്ചില്ലെങ്കിൽ കംപ്യൂട്ടർ സയൻസും ഇവ രണ്ടും പഠിച്ചില്ലെങ്കിൽ ബയോടെക്നോളജിയും ഇവ മൂന്നും പഠിച്ചിട്ടില്ലെങ്കിൽ ബയോളജിയും മൂന്നാം വിഷയമായി പരിഗണിക്കും.


ബിഫാം പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് / ബയോളജി, ഇംഗ്ലീഷ് പഠിച്ച് പ്ലസ് ടു ജയിച്ചിരിക്കണം. ബിആർക്ക് പ്രവേശനത്തിന് മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾ പഠിച്ച് പ്ലസ്ടുവിന് മൊത്തത്തിൽ 50 ശതമാനം മാർക്ക് നേടിയിരിക്കണം. മാത്തമാറ്റിക്സ് ഉൾപ്പെട്ട മൂന്ന് വർഷ ഡിപ്ലോമയിൽ മൊത്തം 50 ശതമാനം മാർക്ക് നേടിയാലും മതി. നിലവിൽ പ്ലസ്‌ടുവിന്‌ പ-ഠിക്കുന്നവർക്കും അപേക്ഷിക്കാം. ​


എല്ലാ ജില്ലകളിലും സെന്റർ


​പ്രവേശന പരീക്ഷാകമീഷണറുടെ വെബ്‌സൈറ്റു വഴി ജനുവരി 31 വൈകിട്ട്‌ അഞ്ചുവരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷകരുടെ പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, ജനനതീയതി, നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, പുതിയ ഫോട്ടോ, ഒപ്പ്, സംവരണത്തിനുവേണ്ട രേഖകൾ എന്നിവ അപേക്ഷയോടൊപ്പം ഓൺലൈനായി സമർപ്പിക്കണം.


വിവിധ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ അപ്‌ലോഡ്‌ ചെയ്യാൻ ഫെബ്രുവരി ഏഴുവരെ സമയമുണ്ട്. എല്ലാ കോഴ്സുകൾക്കും ഒറ്റ അപേക്ഷ മതി. അപേക്ഷയുടെയോ രേഖകളുടെയോ പകർപ്പ് അയക്കേണ്ടതില്ല. ഏപ്രിൽ ഒന്ന് മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. കേരളത്തിൽ എല്ലാ ജില്ലകളിലും പരീക്ഷ എഴുതാം . മുംബൈ, ബംഗളൂരു, ചെന്നൈ, ന്യൂഡൽഹി, യുഎഇ എന്നിവിടങ്ങളിലും കേന്ദ്രങ്ങളുണ്ട്. മെയ് പത്തിന് ഫലം പ്രതീക്ഷിക്കാം.


​​അപേക്ഷാ ഫീസ്


​എൻജിനിയറിങ്/ ഫാർമസിക്ക് 925 രൂപ, ആർക്കിടെക്ചർ /മെഡിക്കൽ ആൻഡ്‌ അലൈഡിന് 650 രൂപ എന്നിങ്ങനെ അപേക്ഷാ ഫീസ് അടയ്‌ക്കണം. പട്ടികജാതി വിഭാഗക്കാർക്ക് ഫീസിൽ ഇളവുണ്ട്. പട്ടികവർഗ വിഭാഗക്കാർക്ക് ഫീസില്ല. യുഎഇയിൽ പരീക്ഷയെഴുതണമെങ്കിൽ 16,000 രൂപ അധികമായി അടക്കേണ്ടി വരും. വിവരങ്ങൾക്ക്‌: www.cee. kerala.gov.in, ഇമെയിൽ: ceekinfo. [email protected] ഫോൺ: 0471-2332120.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home