ad
Deshabhimani

മുട്ടത്ത് വര്‍ക്കി സാഹിത്യ അവാര്‍ഡ് സച്ചിദാനന്ദന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 29, 2015, 12:41 PM | 0 min read

കോട്ടയം > 24-ാമത് മുട്ടത്ത് വര്‍ക്കി സാഹിത്യ അവാര്‍ഡ് പ്രശസ്ത കവി സച്ചിദാനന്ദന്. മുട്ടത്ത് വര്‍ക്കി ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വര്‍ക്കിയുടെ 102-ാം ജന്മദിനമായ ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ 26-ാം ചരമ വാര്‍ഷിക ദിനമായ മെയ് 28ന് സച്ചിദാനന്ദന്റെ ജന്മനാടായ കൊടുങ്ങല്ലൂരില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

സച്ചിദാനന്ദന്റെ 69-ാം ജന്മദിനവുമാണ് അന്ന്. 33,333 രൂപയും പ്രൊഫ. പി ആര്‍ സി നായര്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 1996ല്‍ ഡിസി ബുക്സ് പ്രസിദ്ധപ്പെടുത്തിയ "മലയാളം' എന്ന കവിതാ സമാഹാരത്തിലെ അതേ പേരിലുള്ള കവിതയ്ക്കാണ് അവാര്‍ഡ്. ഇതാദ്യമായാണ് കവിതയ്ക്ക് അവാര്‍ഡ് ലഭിക്കുന്നത്. കവിയാകാന്‍ ആഗ്രഹിച്ച്, 153 ശ്ലോകങ്ങള്‍ അടങ്ങിയ "ആത്മാഞ്ജലി' എന്ന കവിതയിലൂടെ (അവതാരിക: എം പി പോള്‍) സാഹിത്യരംഗത്തേക്ക് കടന്നുവന്ന മുട്ടത്ത് വര്‍ക്കിയുടെ ആ കാവ്യത്തിന് 75 വയസ്സ് തികയുന്ന വര്‍ഷം എന്ന പരിഗണനയിലാണ് ഇക്കുറി കവിതയ്ക്ക് അവാര്‍ഡ് നല്‍കുന്നത്.

ഡോ. എം ലീലാവതി, പ്രൊഫ. കെ പി ശങ്കരന്‍, ഡോ. ഡി ബെഞ്ചമിന്‍ എന്നിവരുള്‍പ്പെട്ട അന്തിമ വിധിനിര്‍ണയ സമിതിയാണ് കവിതയുടെ തെരഞ്ഞെടുപ്പ് നടത്തിയത്. ഇനി മുതല്‍ പത്രപ്രവര്‍ത്തനം, തിരക്കഥ അടക്കമുള്ള മറ്റ് മേഖലകളും അവാര്‍ഡിന് പരിഗണിക്കും.വാര്‍ത്താസമ്മേളനത്തില്‍ ഡോ. ജെയിംസ് മണിമല, പ്രൊഫ. മാത്യു ജെ മുട്ടത്ത്, കുര്യന്‍ വര്‍ഗീസ്, തോമസുകുട്ടി പാലാത്ര, കെ വി തോമസ് എന്നിവര്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home