07 June Wednesday

പാകിസ്ഥാനിൽ ബാക്കിയാകുന്നത്

വെബ് ഡെസ്‌ക്‌Updated: Tuesday Mar 7, 2023

ഇടയ്ക്കൊക്കെ ജനാധിപത്യപരമായ തെരഞ്ഞെടുപ്പുകൾ നടക്കാറുണ്ടെങ്കിലും, യഥാർഥത്തിൽ സൈന്യത്താൽ നയിക്കപ്പെടുന്ന രാജ്യമാണ് പാകിസ്ഥാൻ. അതിനാൽ മറ്റുള്ള എല്ലാവരെക്കാളും മുന്തിയ പരിഗണന ലഭിക്കുന്ന വിഭാഗമാണ് പാകിസ്ഥാൻസേന. ആ സൈന്യത്തിന് ഇപ്പോൾ രണ്ടുനേരത്തെ ഭക്ഷണംപോലും ലഭിക്കാതായിരിക്കുന്നുവെന്നത് പാകിസ്ഥാൻ എത്തിപ്പെട്ടിരിക്കുന്ന അതിതീവ്രപ്രതിസന്ധിയാണ്‌ വെളിവാക്കുന്നത്.

ഗുരുതരമായ സാമ്പത്തികപ്രതിസന്ധിക്കുപുറമെ, ഭീകരാക്രമണങ്ങളും തുടർക്കഥയായിരിക്കുന്നു. തെഹ്‌രി- കെ- താലിബാൻ പാകിസ്ഥാൻ (ടിടിപി) എന്ന ഭീകരസംഘടന ആസൂത്രണംചെയ്യുന്ന ആക്രമണങ്ങളിൽ പലതും സൈന്യത്തിനും പൊലീസിനുമെതിരെയാണ് നടക്കുന്നത്. ഈവർഷം പാർലമെന്റ് തെരഞ്ഞെടുപ്പു നടക്കേണ്ട പാകിസ്ഥാനിലെ രാഷ്ട്രീയരംഗവും സംഘർഷഭരിതമാണ്. ഇതെല്ലാം വീക്ഷിച്ചുകൊണ്ട് പാകിസ്ഥാൻ സൈന്യവും അവസരം പാർത്തിരിക്കുന്നുണ്ട്.

സാമ്പത്തികപ്രതിസന്ധി

അതിഗുരുതരമായ സാമ്പത്തികത്തകർച്ചയാണ് പാകിസ്ഥാനെ ഉറ്റുനോക്കുന്നത്. ആ രാജ്യത്തിന്റെ ഇപ്പോഴത്തെ വിദേശകടബാധ്യത 130,00 കോടി ഡോളറാണ്. ദേശീയ ബജറ്റിന്റെ പകുതിയും വിദേശകടം വീട്ടുന്നതിനായി മാറ്റിവയ്‌ക്കേണ്ട സ്ഥിതിയാണിപ്പോൾ. ഭക്ഷ്യവസ്തുക്കളും ഇന്ധനവും മറ്റും ഇറക്കുമതി ചെയ്യുന്നതിനാവശ്യമായ വിദേശനാണ്യശേഖരം വറ്റിവരണ്ടു. വിദേശകടബാധ്യതയുടെ ഭാഗമായി അടുത്ത ഒരുവർഷത്തിനുള്ളിൽ പാകിസ്ഥാൻ തിരിച്ചടയ്‌ക്കേണ്ടത് 2200 കോടി ഡോളറാണ്. എന്നാൽ, അവരുടെ കൈയിലുള്ള വിദേശനാണ്യശേഖരം വെറും 300കോടി ഡോളർമാത്രം. ഏറ്റവുമൊടുവിലുള്ള വിവരമനുസരിച്ച് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നാൽപ്പതു ശതമാനമാണ് വർധിച്ചിരിക്കുന്നത്. ഇതിന്റെ ഫലമായി പെട്രോളിന് 267 രൂപയും ഡീസലിന് 184 രൂപയും മണ്ണെണ്ണയ്ക്ക് 187 രൂപയുമാണ് വില. കടഭാരം കുറയ്ക്കാൻ മുതലാളിത്തരാജ്യങ്ങൾ പിന്തുടരുന്ന, പൊതുമേഖലാസ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുക, നികുതിപരിഷ്കാരങ്ങൾ എന്നിവ നടത്തി നോക്കിയെങ്കിലും ഫലംകണ്ടില്ല. പാവങ്ങളുടെമേൽ കൂടുതൽ നികുതിഭാരം അടിച്ചേൽപ്പിക്കുകയുംചെയ്തു.

രാജ്യത്തിന്റെ നിലനിൽപ്പിനെത്തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന സ്ഥിതിവിശേഷം നേരിടാൻ, സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുക, വിദേശരാജ്യങ്ങളിൽ പ്രവർത്തിക്കുന്ന  പാകിസ്ഥാൻ എംബസിയുടെ എണ്ണത്തിൽ കുറവുവരുത്തുക, ചാരസംഘടനയായ ഐഎസ്ഐയ്ക്കുള്ള സാമ്പത്തികസഹായം വെട്ടിച്ചുരുക്കുക എന്നിങ്ങനെ സർക്കാരിന്റെ പ്രവർത്തനങ്ങളെത്തന്നെ താളംതെറ്റിക്കുന്ന കടുത്ത ചെലവുചുരുക്കൽ നടപടിയിലേക്ക് നീങ്ങുകയാണ് പാകിസ്ഥാൻ. അത് ഇപ്പോൾത്തന്നെ പ്രതിസന്ധിയിലായിരിക്കുന്ന ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്ക്‌ തള്ളിവിടും.

സാമ്പത്തികപ്രതിസന്ധിയെ അതിജീവിക്കാൻ അന്തർദേശീയ നാണയനിധി (ഐഎംഎഫ്)യാണ് പാകിസ്ഥാന്റെ അവസാനത്തെ ആശ്രയം. ഇപ്പോൾ ലഭിക്കാൻ പോകുന്ന സഹായത്തിനുപുറമെ, ഐഎംഎഫ് ഇതിനകം പാകിസ്ഥാന് 22 തവണ വായ്പകൾ നൽകിയിട്ടുണ്ട്. ഇപ്പോഴും ഐഎംഎഫിൽനിന്ന്‌ ലഭിച്ചേക്കാവുന്ന 650 കോടി ഡോളറിന്റെ വായ്പയിലാണ് പാകിസ്ഥാൻ പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. അതിനായി ഘടനാപരമായ പരിഷ്കാരങ്ങളുൾപ്പെടെ നിരവധി ഉപാധികൾ ഐഎംഎഫ് മുന്നോട്ടു വച്ചിട്ടുമുണ്ട്. അത് അംഗീകരിക്കാതെ, വിദേശനാണയശേഖരം വർധിപ്പിക്കാനും വിദേശകടങ്ങളുടെ ഗഡുക്കൾ തിരികെ കൊടുക്കാനും പാകിസ്ഥാന്റെമുന്നിൽ മറ്റുവഴികളൊന്നുമില്ലതാനും. അതിനുപുറമെ, സൗദി അറേബ്യ ഉൾപ്പെടുന്ന പശ്ചിമേഷ്യൻ രാജ്യങ്ങളോടും ചൈനയോടും പാകിസ്ഥാൻ സഹായം അഭ്യർഥിച്ചിട്ടുണ്ട്.

വെള്ളപ്പൊക്കം കൂടാതെ, കോവിഡ് മഹാമാരിയുടെ ആഘാതത്തിൽനിന്ന്‌ കരകയറുംമുമ്പ്‌, കഴിഞ്ഞവർഷം സിന്ധ്, ബലൂചിസ്ഥാൻ, ഖൈബർ പക്തൂൺക്വാ എന്നീ  പ്രവിശ്യകൾ തകർത്തെറിഞ്ഞ വെള്ളപ്പൊക്കം പാകിസ്ഥാന്റെ നട്ടെല്ലൊടിച്ചെന്നുപറയാം.  മൂന്നരക്കോടി ജനങ്ങളെ ദുരിതത്തിലാക്കുകയും ആയിരത്തിഎണ്ണൂറിലേറെപ്പേരുടെ ജീവനപഹരിക്കുകയും ഇരുപതുലക്ഷത്തിലേറെപ്പേരെ ഭവനരഹിതരാക്കുകയുംചെയ്ത വെള്ളപ്പൊക്കം 1500 കോടി  ഡോളറിന്റെ നാശനഷ്ടമാണ് വരുത്തിവച്ചത്.

നിലച്ചുപോയ അമേരിക്കൻ എടിഎം

1951നും 2011നുമിടയിലുള്ള ആറുദശാബ്ദം അമേരിക്ക 6700 കോടി ഡോളറിന്റെ സാമ്പത്തിക സഹായമാണ് പാകിസ്ഥാന്‌ നൽകിയത്. എന്നാൽ, കഴിഞ്ഞ ഇരുപതു വർഷത്തിനുള്ളിൽ അമേരിക്ക 3200 കോടി ഡോളറിന്റെ  സാമ്പത്തികസഹായം പാകിസ്ഥാന് നൽകി. അതിനുപുറമെ, കോവിഡ് മഹാമാരിയെ നേരിടാൻ എട്ടുകോടി ഡോളറിന്റെ സഹായവും നൽകി. ഏതാണ്ട് 1960കൾമുതൽ പാകിസ്ഥാൻ പിന്തുടർന്ന അമേരിക്കൻ അനുകൂല വിദേശനയത്തിന്റെ ഭാഗമായിരുന്നു  ഈ സാമ്പത്തിക സഹായത്തിലേറെയും. പ്രൊഫ. അജയ് ദർശൻ ബെഹ്‌റ ചൂണ്ടിക്കാണിച്ചതുപോലെ, 1960കളിൽ ജനറൽ യഹ്‌യാഖാന്റെ കാലത്തും 1980കളിൽ അമേരിക്കൻ പക്ഷത്തുനിന്നുകൊണ്ട് സോവിയറ്റ് യൂണിയനെതിരായി അഫ്‌ഗാനിസ്ഥാനിൽ ഇടപെട്ട ജനറൽ സിയാ ഉൾ ഹഖിന്റെ കാലത്തും രണ്ടായിരത്തിനുശേഷം അഫ്‌ഗാനിലെ താലിബാനെതിരായ നീക്കങ്ങൾ നടത്തിയ ജനറൽ പർവേസ് മുഷാറഫിന്റെ കാലത്തുമാണ് അമേരിക്കൻപണം പാകിസ്ഥാനിലേക്കൊഴുകിയത്.

അഫ്‌ഗാനിസ്ഥാനിൽ പരാജയം സമ്മതിച്ച് പിന്മാറിയതോടെ അമേരിക്കയ്ക്ക് പാകിസ്ഥാനെ വേണ്ടാതെയുമായി. അമേരിക്കയുടെ ഭൗമരാഷ്ട്രീയ താൽപ്പര്യങ്ങളിൽ കണ്ണ്‌ മഞ്ഞളിച്ചുപോയതാണ് പാകിസ്ഥാന്റെ പിഴവ്. അമേരിക്കൻ പ്രസിഡന്റായിരുന്ന ഡോണൾഡ് ട്രംപും, ഇപ്പോൾ ജോ ബൈഡനും അടുത്ത അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയാകാൻ തയ്യാറായിരിക്കുന്ന ഇന്ത്യൻ വംശജ കൂടിയായ നിക്കി ഹേലിയും പാകിസ്ഥാനെതിരായി പടവാളോങ്ങുകയാണ്. പാകിസ്ഥാനുൾപ്പെടെയുള്ള ‘കെട്ടരാജ്യങ്ങളുടെ’ എടിഎം ആകരുത് അമേരിക്കയെന്നും താൻ അധികാരത്തിലെത്തിയാൽ പാകിസ്ഥാനുള്ള സാമ്പത്തിക സഹായം വെട്ടിച്ചുരുക്കുമെന്നും ഹേലി, ‘ന്യൂ യോർക്ക് പോസ്റ്റ്’ പത്രത്തിലെഴുതിയ ലേഖനത്തിൽ വ്യക്തമാക്കിക്കഴിഞ്ഞു.

തെഹ്‌രി- കെ താലിബാൻ പാകിസ്ഥാൻ

ഇത് പ്രതിസന്ധിയുടെ ഒരുവശംമാത്രം. കരസേനാമേധാവിയായിരുന്ന സിയാ ഉൾ ഹഖ് പട്ടാളഭരണാധികാരിയായിരിക്കെ അമേരിക്കൻ പിന്തുണയോടെ സോവിയറ്റ് യൂണിയനെതിരായി വളർത്തിയെടുത്ത താലിബാന്റെ ഉപോൽപ്പന്നമായ  മതതീവ്രവാദ സംഘടനയായ തെഹ്‌രി- കെ താലിബാൻ പാകിസ്ഥാൻ (ടിടിപി) പാകിസ്ഥാൻ ഭരണകൂടത്തിനെതിരെ ഉയർത്തുന്ന വെല്ലുവിളിയും ഭീകരാക്രമണങ്ങളുമാണ് മറ്റൊരുവശത്ത്. അഫ്‌ഗാനിസ്ഥാനിലെപ്പോലെ പൂർണമായും ഇസ്ലാമിക രാഷ്ട്രമായി പാകിസ്ഥാനെയും മാറ്റലാണ് ടിടിപിയുടെ ലക്ഷ്യം. അതിനായി നിരപരാധികളെ മരണത്തിലേക്കു തള്ളിവിടുന്ന ഭീകരാക്രമണം അഴിച്ചുവിട്ടിരിക്കുകയാണവർ.

2022 ഏപ്രിലിൽ അവിശ്വാസപ്രമേയത്തിലൂടെ പ്രധാനമന്ത്രിസ്ഥാനത്തുനിന്ന്‌ പുറത്താക്കപ്പെട്ട തെഹ്‌രി-കെ ഇൻസാഫ് പാർടി നേതാവായ ഇമ്രാൻ ഖാനും സമരത്തിലാണ്. സൈന്യത്തിന്റെ ഇടപെടലിലൂടെ പുറത്താക്കപ്പെട്ട ഇമ്രാനാണ് ഇപ്പോഴും ജനപിന്തുണയുള്ള നേതാവ്. നവംബറിൽ ഇമ്രാനെതിരെ നടന്ന വധശ്രമം ഷെഹ്ബാസ് ഷെരീഫ് സർക്കാരിന്റെ നില കൂടുതൽ പരുങ്ങലിലാക്കിയിട്ടുണ്ട്. വിദേശഫണ്ട് സ്വീകരിക്കൽ, ആക്രമണം, കൊലപാതകശ്രമം, നിരവധി അഴിമതിക്കേസുകൾ എന്നിവ  ഇമ്രാനെതിരെ നിലനിൽക്കുന്നെങ്കിലും പാകിസ്ഥാൻ കോടതികൾ ഇമ്രാനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന ആരോപണവും ശക്തമാകുന്നുണ്ട്.

കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇമ്രാൻ ഖാൻ വിജയിച്ചത് പാകിസ്ഥാൻ സൈന്യത്തിന്റെ ഇടപെടലിലൂടെയായിരുന്നെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. സൈന്യത്തിലെ സുപ്രധാന പദവികളിലേക്കുള്ള നിയമനകാര്യത്തിൽ ഇമ്രാനും സേനാമേധാവിയും തമ്മിലുണ്ടായ അഭിപ്രായഭിന്നതയാണ് ഇമ്രാൻ ഖാന്റെ പ്രധാനമന്ത്രിപദം നഷ്ടപ്പെടുത്തിയത്. അതിനെത്തുടർന്നാണ്, മുൻപ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരൻ ഷെഹ്ബാസ് ഷെരീഫ് പ്രധാനമന്ത്രിയായത്. ആ മന്ത്രിസഭാ രൂപീകരണത്തിലും സൈന്യത്തിനു പങ്കുണ്ടായിരുന്നു. ചുരുക്കത്തിൽ സേനയെ അവഗണിച്ചും പിണക്കിയും പാകിസ്ഥാനിൽ ഒരു സർക്കാരിനും മുന്നോട്ടുപോകാനാകില്ല. ഐഎംഎഫ് ലോൺ ലഭിക്കണമെങ്കിൽ പ്രതിരോധച്ചെലവുകളും വെട്ടിച്ചുരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ അതിനു തുനിഞ്ഞാൽ സൈന്യം അത് അംഗീകരിക്കുമോയെന്നതും കണ്ടറിയണം. അത് ഒരുപക്ഷേ മറ്റൊരു പട്ടാള അട്ടിമറിയിലേക്ക്‌ നയിക്കുകയും ചെയ്യാം. ചുരുക്കത്തിൽ, പാകിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും തീഷ്ണമായ ദുർദിനങ്ങളിലൂടെയാണ് കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്.

പാകിസ്ഥാന്റെ ജനനത്തിനു നിദാനമായ മതവാദമാണ്‌ പിൽക്കാലത്ത്, അവസരവാദികളായ രാഷ്ട്രീയക്കാരുടെയും സൈനിക നേതൃത്വത്തിന്റെയും അമേരിക്കയുടെയും ഒത്താശയോടെ മതമൗലികവാദത്തിനും ഭീകരപ്രവർത്തനത്തിനും വഴിമരുന്നിട്ടത്‌. അമേരിക്കയുൾപ്പെടെയുള്ള ആഗോള മേധാവിത്വശക്തികളുടെ സജീവ പിന്തുണയോടെയാണ് പാകിസ്ഥാൻരാഷ്ട്രീയത്തിൽ സൈന്യം പിടിമുറുക്കിയത്. മതമൗലികവാദവും ഭീകരാക്രമണങ്ങളും അധികാരക്കൊതിമൂത്ത സൈന്യവും ജനാധിപത്യത്തിൽ അടിയുറപ്പില്ലാത്ത രാഷ്ട്രീയകക്ഷികളും തകരുന്ന സാമ്പത്തികരംഗവും അപകടകാരിയായ ആണവായുധങ്ങളുമാണ് ഇന്ന് പാകിസ്ഥാനിൽ ബാക്കിയാകുന്നത്. അമേരിക്കൻ ഭൗമരാഷ്ട്രീയത്തിന് വിടുപണി ചെയ്യുകയും അവർ നൽകിയ സാമ്പത്തിക സഹായത്തിന്റെ അപ്പക്കഷണം നുണയുകയും ചെയ്തപ്പോൾ സ്വന്തം കാൽച്ചുവട്ടിലെ മണ്ണൊലിച്ചുപോയത് മനസ്സിലാക്കാതെപോയ ഒരു രാജ്യത്തിന്റെ ദുരന്തചിത്രമാണ് ഇന്ന് പാകിസ്ഥാൻ നൽകുന്നത്. സാമ്രാജ്യത്വ താൽപ്പര്യത്തോടെ കരുക്കൾ നീക്കുന്ന അമേരിക്കയുടെ ആഗോള താൽപ്പര്യങ്ങൾക്ക് ദാസ്യവേല ചെയ്യാൻ വെമ്പുന്ന രാഷ്ട്രങ്ങൾക്കുള്ള  മികച്ച പാഠപുസ്തകമാണ് ദുരന്തമു നമ്പിലെത്തി നിൽക്കുന്ന പാകിസ്ഥാൻ.

(കേരള സർവകലാശാല അന്താരാഷ്‌ട്ര മാർക്സിയൻ പഠനഗവേഷണ കേന്ദ്രം ഡയറക്ടറാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top