തെരഞ്ഞെടുപ്പ് വർഷം; ഒപ്പം അട്ടിമറികളും

ആഗോള തെരഞ്ഞെടുപ്പ് വർഷമായിരുന്നു 2024, ഒപ്പം പ്രധാനപ്പെട്ട 2 രാഷ്ട്രീയ അട്ടിമറികളുടെയും. ഏതാണ്ട് 80 രാഷ്ട്രങ്ങളിലെ, ലോക ജനസംഖ്യയുടെ പകുതിയിലേറെപ്പേർ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളായി. ബംഗ്ലാദേശില്‍ അധികാരത്തുടർച്ച നേടിയ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കും സിറിയയിൽ ബഷാർ അൽ അസദിനും പലായനം ചെയ്യേണ്ടി വന്നു.
അമേരിക്കയിൽ തീവ്രവംശീയത പടര്‍ത്തി ട്രംപ് വീണ്ടും ജയിച്ചു. യൂറോപ്യൻ പാർലമെന്റിൽ തീവ്ര വലതുപക്ഷ ദേശീയതയും നവഫാസിസവും പിടിമുറുക്കിയെങ്കിലും മധ്യവലതുപക്ഷ ശക്തികൾക്ക് കോട്ട സംരക്ഷിക്കാനായി. വെനസ്വേല, ശ്രീലങ്ക, മെക്‌സിക്കോ, ഉറുഗ്വേ എന്നിവിടങ്ങളിൽ ഇടതുപക്ഷം കരുത്തറിയിച്ചു. ഫ്രാൻസിലും ഇറ്റലിയിലും ഡെന്മാർക്കിലും ബെൽജിയത്തിലും ഹംഗറിയിലും തീവ്ര വലതുപക്ഷ ദേശീയത മുന്നേറ്റമുണ്ടാക്കി.
● പാകിസ്ഥാനിൽ തൂക്കുസഭ. ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ്‌രിക് ഇ ഇൻസാഫ് പാർടി (പിടിഐ) ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും പാകിസ്ഥാൻ മുസ്ലിംലീഗ് (നവാസ്) പാകിസ്ഥാൻ പീപ്പിൾസ് പാർടിയുമായി സഖ്യമുണ്ടാക്കി സർക്കാർ രൂപീകരിച്ചു. ഷഹബാസ് ഷെറിഫ് പ്രധാനമന്ത്രി. ആസിഫ് അലി സർദാരി പ്രസിഡന്റ്.
● റഷ്യയിൽ വീണ്ടും പുടിൻ യുഗം. അഞ്ചാം തവണയും അധികാരത്തിൽ. പ്രസിഡന്റ് പദത്തിൽ 25 വർഷം.
● ദക്ഷിണാഫ്രിക്കൻ തെരഞ്ഞെടുപ്പിൽ 30 വർഷത്തിൽ ആദ്യമായി ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന് ഒറ്റയ്‌ക്ക് കേവല ഭൂരിപക്ഷം നേടാനായില്ല. പ്രസിഡന്റ് രമഫോസയുടെ നേതൃത്വത്തിൽ കൂട്ടുകക്ഷി സർക്കാർ.
● യുകെയിൽ ലേബർ പാർടി. കെയർ സ്റ്റാർമർ പ്രധാനമന്ത്രി.
● ഇറാനിൽ പരിഷ്‌കരണവാദിയായ ഡോ. മസൂദ് പെസെഷ്‌ക്യൻ.
ചുവപ്പിന്റെ കരുത്തിൽ
● മെക്‌സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റായി ഇടതുപക്ഷാഭിമുഖ്യമുള്ള മൊറീന പാർടി നേതാവ് ക്ലോഡിയ ഷീൻബാമിനെ തെരഞ്ഞെടുത്തു.
● ഫ്രാൻസ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാർടികളുടെ മുന്നണിയായ ന്യൂ പോപ്പുലർ ഫ്രണ്ട് 182 സീറ്റുനേടി. ഇമ്മാനുവൽ മാക്രോണിന്റെ പാർടിക്ക് 163 സീറ്റ്, തീവ്ര വലതുപാർടി നാഷണൽ റാലി 143ൽ ഒതുങ്ങി. സർക്കാർ രൂപീകരണത്തിൽനിന്ന് എൻപിഎഫിനെ ഒഴിവാക്കി മാക്രോൺ വലതുപക്ഷക്കാരെ പ്രധാനമന്ത്രിയാക്കി.
● വെനസ്വേലയിൽ വീണ്ടും ഇടതുപക്ഷം. പ്രസിഡന്റ് പദത്തിൽ മൂന്നാംവട്ടവും നിക്കോളാസ് മഡൂറോ.
● ശ്രീലങ്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർടിയായ ജനതാ വിമുക്തി പെരമുന (ജെവിപി)യുടെ നേതാവ് നേതാവ് അനുര കുമാര ദിസനായകെയ്ക്ക് ജയം. പിന്നാലെ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ വിജയിച്ചു. ശ്രീലങ്കയുടെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായി ഹരിണി അമരസൂര്യ ചുമതലയേറ്റു.
● ഉറുഗ്വേയിൽ മധ്യ ഇടതുപക്ഷമായ ബ്രോഡ് ഫ്രണ്ടിന്റെ യമാണ്ടു ഓർസി പ്രസിഡന്റായി.
രാഷ്ട്രീയം, അട്ടിമറി, ചെറുത്തുനിൽപ്പ്
സിറിയയിൽ അട്ടിമറി
സിറിയൻ തലസ്ഥാനമായ ഡമാസ്‌കസ് പിടിച്ചെടുത്ത് അബു മുഹമ്മദ് അൽ ജൊലാനിയുടെ നേതൃത്വത്തിലുള്ള ഭീകര സംഘടന ഹയാത് തെഹ്‌രീർ അൽ ഷാം (എച്ച്ടിഎസ്). പ്രസിഡന്റ് ബഷാർ അൽ അസദ് റഷ്യയിൽ അഭയം തേടി.
ബംഗ്ലാദേശിൽ കലാപം
വിദ്യാർഥി പ്രക്ഷോഭം കലാപത്തിലേക്ക് നീങ്ങിയതോടെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ആഗസ്തില്‍ ഇന്ത്യയിൽ അഭയം തേടി. നൊബേൽ ജേതാവ് മുഹമ്മദ് യൂനുസിനെ മുഖ്യ ഉപദേഷ്ടാവാക്കി ഇടക്കാല സർക്കാർ നിലവിൽ വന്നു. കുറ്റവിചാരണയ്‌ക്കായി ഹസീനയെ വിട്ടുനൽകണമെന്ന് ഇടക്കാല സര്‍ക്കാര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു.
പ്രസിഡന്റിനെ ജനാധിപത്യം പഠിപ്പിച്ച ദക്ഷിണ കൊറിയ
ദക്ഷിണ കൊറിയയിൽ പട്ടാളഭരണം ഏർപ്പെടുത്താൻ ശ്രമിച്ച പ്രസിഡന്റ് യൂൺ സുക് യോളിന് ജനം തിരിച്ചടി നൽകി. ഡിസംബർ മൂന്നിന് യൂൺ സുക് യോൾ രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചത്. പ്രതിഷേധത്തെ തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ നിയമം പിൻവലിച്ചു. പ്രസിഡന്റിനെ പാർലമെന്റ് ഇംപീച്ച് ചെയ്തു.
● ജനകീയ പിന്തുണയോടെ പട്ടാള അട്ടിമറിനീക്കം വീണ്ടും പരാജയപ്പെടുത്തി ബൊളീവിയ. പതിനായിരക്കണക്കിന് തൊഴിലാളികളും യുവജനങ്ങളുമാണ് പ്രസിഡന്റ് ലൂയിസ് ആർസെയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാരിന് പ്രതിരോധം തീർത്തത്.
റഷ്യ–-ഉക്രയ്ൻ യുദ്ധം
എണ്ണസംഭരണ കേന്ദ്രങ്ങളും എംബസികളും ഊർജകേന്ദ്രങ്ങളും ലക്ഷ്യമാക്കി റഷ്യ–- ഉക്രയ്ൻ യുദ്ധം തുടരുമ്പോൾ വിട്ടുവീഴ്‌ചകൾക്ക് തയ്യാറെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പുടിൻ. നാറ്റോ സഖ്യരാജ്യങ്ങളിൽനിന്ന് ലഭിച്ച ദീർഘദൂര മിസൈൽ റഷ്യക്കുനേരെ ഉക്രയ്‌ൻ പ്രയോഗിച്ചത് യുദ്ധത്തിന്റെ ഗതി മാറ്റിയിട്ടുണ്ട്.
തയ്യാറാക്കിയത് അഖില ബാലകൃഷ്‌ണൻ









0 comments