അടിച്ചുകേറി വന്ന വാക്കുകൾ നോക്കാം


വിനോദ് പായം
Published on Dec 31, 2024, 11:52 PM | 2 min read
ഭാഷയിൽ പുതിയ വാക്കുകൾ കടന്നുവരുന്നതിന്റെ വേഗം വല്ലാതെ കൂടിയിട്ടുണ്ട്, ഈ സമൂഹമാധ്യമകാലത്ത്. മുമ്പ് വർത്തമാനപത്രങ്ങൾ പറഞ്ഞുപറഞ്ഞ് തഴമ്പിച്ച വാക്കുകൾ, പതിയെ സംസാരഭാഷയിലേക്കും പിന്നീട് നിഘണ്ടുവിലേക്കും ചേക്കേറും. പിന്നീട് ഈ റോൾ ജനപ്രിയ സിനിമകൾ ഏറ്റെടുത്തു. അവിടെ ക്ലിക്കായ പ്രയോഗങ്ങൾ പൊതുമണ്ഡലത്തിലും വേരുപിടിക്കുന്നു. പുതിയ കാലത്ത്, ഭാഷ അതിവേഗം പരിണമിക്കുന്നത് പ്രധാനമായും സമൂഹമാധ്യമങ്ങളിലെ ഇടപാടിലൂടെ. അവിടെ പ്രതികരണമായി കുറിക്കുന്ന വാക്കുകൾ, കൂടുതലും ഇംഗ്ലീഷ് വാക്കുകൾ, പിന്നീട് പൊതുമലയാള പ്രയോഗമാകുന്നു.
മാപ്ര (മാധ്യമ പ്രവർത്തകൻ), നിർമിതബുദ്ധി (എഐ), പൊളി സാനം (മികച്ച സാധനം) തുടങ്ങിയ വാക്കുകൾ രണ്ടുവർഷം മുമ്പുതന്നെ സമൂഹമാധ്യമങ്ങൾ ക്ലിക്കാക്കിയവയാണ്. ഇത്തരത്തിൽ 2025ൽ സമൂഹമാധ്യമങ്ങൾ ‘അടിച്ചുകയറ്റി’ കൊണ്ടുവന്ന വാക്കുകൾ ഏതെന്ന് നോക്കാം.
ഫഹദ് ഫാസിലിന്റെ ‘ആവേശം’ ഹിറ്റായതോടെ, സമൂഹമാധ്യമങ്ങളിൽ തരംഗമായ പ്രയോഗങ്ങളാണ് ‘അട മോനെ’, ‘ശ്രദ്ധിക്കണ്ടേ അമ്പാനെ’ എന്നീ വാക്കുകൾ. എടാ എന്ന പ്രയോഗം ‘അട’ എന്നതിലേക്ക് മൊഴിമാറി. അമ്പാൻ എന്നൊരു പുതിയ പ്രയോഗവും വന്നു. സുഹൃത്ത്, സഹോദരൻ എന്നൊക്കെയാണ് ഇതിനർഥം. ഇതിനോടു അമ്പാന്റെ പ്രതികരണം ‘ശ്രദ്ധിക്കുന്നുണ്ടണ്ണാ’ എന്ന പ്രയോഗവും പ്രചാരത്തിലുണ്ട്.
‘അടിച്ചു കേറി വാ’ എന്നൊരു പ്രയോഗമാണ് 2024ൽ ഏറെ ഹിറ്റായത്. 2004ൽ റിലീസായ ജലോത്സവം എന്ന സിനിമയിൽ റിയാസ് ഖാൻ അവതരിപ്പിച്ച ദുബായ് ജോസ് എന്ന കഥാപാത്രമാണ് ഈ പ്രയോഗം ഉപയോഗിച്ചത്. 20 വർഷം കഴിഞ്ഞ് ആ വാക്ക് ഹിറ്റായി. ഗായകൻ അശ്വിൻ ഭാസ്‌കറാണ് യുട്യൂബിൽ റിലീസാക്കിയ റീമിക്‌സിൽ ഈ വാക്ക് വീണ്ടും അടിച്ചുകേറ്റിയത്.‘ഷിബുദിന’വും 2024ൽ ഹിറ്റാണ്. സമൂഹമാധ്യമങ്ങളിൽ മോട്ടിവേഷൻ (മോട്ടിവിഷം എന്ന് സമൂഹമാധ്യമപരിഹാസം) പ്രഭാഷണക്കാർ ഉപയോഗിക്കുന്ന ‘ശുഭദിനം’ എന്ന വാക്കിന് ബദലായാണ് ഷിബുദിനം വന്നത്. ബഞ്ചമിൻ പി ജോയി എന്ന ഇൻസ്‌റ്റഗ്രാം ഐഡിയിൽനിന്നാണ് ഈ പ്രയോഗം വരുന്നതും ഹിറ്റാകുന്നതും. ‘മസിനഗുഡി വഴി ഊട്ടി’ എന്നതും സമാനമായി പ്രചാരത്തിലായി. കണ്ണൂരിലെ യാത്രാബ്ലോഗറായ ഒ എം അസ്ലമാണ് ആദ്യം ഉപയോഗിച്ച പ്രയോഗമെടുത്ത് ട്രോളന്മാർ അർമാദിച്ചു.പഴയ ആശയങ്ങൾ മുറകെപിടിക്കുന്നവരെയും പുതുതലമുറയെ അംഗീകാരിക്കാത്തവരെയും സമൂഹമാധ്യമങ്ങളിൽ വിളിച്ച പേരാണ് ‘തന്ത വൈബ്’. താമസിയാതെ നിഘണ്ടുവിലേക്ക് ചേക്കേറാൻ യോഗ്യതയുള്ള വാക്ക്.
കൺവിൻസിങ് സ്‌റ്റാർ (പറഞ്ഞ് പറ്റിക്കുന്ന കൂട്ടുകാരൻ), ബെസ്റ്റി (ഏറ്റവും അടുത്ത് ആത്മബന്ധമുള്ളയാൾ, പക്ഷേ കാമുകനൊ കാമുകിയോ അല്ല), റിയലീ അമേസി (അത്ഭുതം എന്ന് കളിയാക്കി പറയുന്നത്), സെറ്റ് (റെഡി), തൂക്കി (അതിന്റെ ഗുണം മറ്റുള്ളവർക്ക് കിട്ടി എന്ന അർഥത്തിൽ), ബ്ലഡി കിരിമിനൽ (മുൻ ഗവർണറുടെ പ്രയോഗം), ഞാപകം, ഒറ്റയ്‌ക്ക് വഴിവെട്ടി വന്നവൻ, മൻസിലായോ അമൽ ഡേവീസേ, ഞാൻ ആരാ ഏട്ടാ, അപ്പു പക്ഷേ അങ്ങനെയല്ല, നിനക്ക് പോകാൻ അനുവാദമില്ല്യാ..., ഇവനൊക്കേ ഇത്രേയുള്ളൂ ചേച്ചി... തുടങ്ങിയ സിനിമാ പ്രയോഗങ്ങളും തരാതരംപോലെ സമൂഹമാധ്യമ പടുക്കൾ പോയവർഷം എടുത്ത് കളറാക്കി.









0 comments