ശിവഗിരി തീർഥാടനത്തിന്റെ ഭാഗമായുള്ള മഹാസമ്മേളനം ഉദ്ഘാടനം ചെയ്‌ത് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗത്തിന്റെ പ്രസക്‌തഭാഗം
ഗുരുവിന്റെ ആശയം നവയുഗ മാനവികധർമം


പിണറായി വിജയൻ
Published on Jan 01, 2025, 10:23 PM | 4 min read
ഈ പരിപാടിയിൽ വളരെ പ്രധാനപ്പെട്ട സാമൂഹ്യ ഇടപെടലിന്റെ ഭാഗമായുള്ള ഒരു സന്ദേശം ആദരണീയനായ സച്ചിദാനന്ദ സ്വാമിയിൽനിന്നും ഉണ്ടായിട്ടുണ്ട്. ആരാധനാലയങ്ങളിൽ ഉടുപ്പൂരിയേ കടക്കാൻ പാടുള്ളൂ എന്ന ഒരു നിബന്ധനയ്‌ക്ക് കാലാനുസൃതമായ മാറ്റം ശ്രീനാരായണഗുരുവിന്റെ സദ്പാരമ്പര്യം ഉയർത്തിപ്പിടിച്ചുതന്നെ നിർദേശമായി സച്ചിദാനന്ദ സ്വാമി വച്ചിട്ടുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട ഒരു സാമൂഹ്യ ഇടപെടലാകാൻ സാധ്യതയുണ്ട്. ഈ വഴിക്ക് പല ആരാധനാലയങ്ങളും വരുമെന്ന കാര്യം ഉറപ്പാണ്.
ലോകത്തിന്റെ പല ഭാഗങ്ങളിലും മതത്തിന്റെ പേരിലുള്ള ചിന്തകൾ തീവ്രവാദത്തിലേക്കും അതിനപ്പുറം ഭീകരവാദത്തിലേക്കും നീങ്ങുന്നതിന്റെ റിപ്പോർട്ടുകൾ നിത്യേന പുറത്തുവരുന്നുണ്ട്. വംശീയ വേർതിരിവുകളാലും അതിന്റെ അടിസ്ഥാനത്തിലുള്ള സംഘർഷങ്ങളാലും ലോകത്തിന്റെ പല ഭാഗങ്ങളിലും വലിയ ചോരപ്പുഴകൾ ഒഴുകുന്നുണ്ട്. എല്ലായിടത്തും ചോർന്നുപോകുന്നതു മനുഷ്യത്വമാണ്.
ഗുരു ജീവിച്ച് മനുഷ്യത്വം പടർത്തിയ മണ്ണാണിവിടെയുള്ളത് എന്നതുകൊണ്ടാണ് കേരളത്തിൽ വംശീയവിദ്വേഷം ഭീകരമായ തോതിൽ ആളിപ്പടരാതിരിക്കുന്നത്. ഗുരുസന്ദേശങ്ങൾ ലോകമെമ്പാടും പടർത്താനുള്ള ശ്രമങ്ങൾ നടത്തണം. ഈ അടുത്ത കാലത്ത് ആലുവ സർവമത സമ്മേളനത്തിന്റെ ശതാബ്ദി റോമിൽ ആഘോഷിക്കുകയും മാർപാപ്പ ഉൾപ്പെടെ അതിന്റെ ഭാഗമാകുകയും ചെയ്തത് ഏറെ ശ്ലാഘനീയമാണ്.
സനാതന ധർമത്തിന്റെ വക്താവും പ്രയോക്താവുമായി ശ്രീനാരായണ ഗുരുവിനെ സ്ഥാപിക്കാനുള്ള സംഘടിതമായ ശ്രമം നടക്കുന്നുണ്ട്. ഈ ശിവഗിരി തീർഥാടന സമ്മേളനത്തിൽത്തന്നെ പ്രസംഗകന്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു വാദം ഉയർന്നു. ഗുരു ശിവഗിരി തീർഥാടനത്തെക്കുറിച്ചു സങ്കൽപ്പിച്ചതുതന്നെ സംവാദങ്ങളുടെ വേദിയായിക്കൂടിയാണ് എന്നതുകൊണ്ട് ആ മിഥ്യാധാരണ തിരുത്തേണ്ടത് ഇവിടെ വച്ചുതന്നെയാണ്.

ശ്രീനാരായണ ഗുരു സനാതന ധർമത്തിന്റെ വക്താവോ പ്രയോക്താവോ ആയിരുന്നില്ല, മറിച്ച്, ആ ധർമത്തെ ഉടച്ചുവാർത്ത് പുതിയ കാലത്തിനായുള്ള ഒരു നവയുഗ ധർമത്തെ വിളംബരം ചെയ്ത സന്യാസിവര്യനായിരുന്നു. സനാതന ധർമം എന്നതുകൊണ്ടു വിവക്ഷിക്കുന്നതെന്താണ്. അത് വർണാശ്രമ ധർമമല്ലാതെ മറ്റൊന്നുമല്ല. ആ വർണാശ്രമ ധർമത്തെ വെല്ലുവിളിച്ചുകൊണ്ടും മറികടന്നുകൊണ്ടും കാലത്തിനൊത്തു നിലനിൽക്കുന്നതാണ് ഗുരുവിന്റെ നവയുഗ മാനവിക ധർമം.
മതങ്ങൾ നിർവചിച്ചുവച്ചതേയല്ല ഗുരുവിന്റെ ഈ നവയുഗ ധർമം. ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്ന് അതുവരെ ഏതെങ്കിലും മതം പറഞ്ഞിരുന്നോ. ഇല്ല. സർവമതങ്ങളുടെയും സാരം ഏകമാണ് എന്ന് അതുവരെ ഏതെങ്കിലും മതം പറഞ്ഞിരുന്നോ. ഇല്ല. അപ്പോൾ വ്യക്തമാകുന്നതെന്താണ്. മതാതീതമായ മാനുഷ്യകത്തിന്റെ സത്തയെ ഉൾക്കൊള്ളുന്ന മനുഷ്യത്വപരമായ വിശ്വദർശനമാണ് ഗുരു ഉയർത്തിപ്പിടിച്ചത് എന്നതാണ്. അതിനെ സനാതന തത്വത്തിന്റെ ചട്ടക്കൂടിനുള്ളിലാക്കാൻ നിന്നാൽ അതു ഗുരുവിനോടു ചെയ്യുന്ന വലിയ നിന്ദയാകും.
സനാതന ധർമത്തിന്റെ പര്യായമോ അവിഭാജ്യ ഘടകമോ ആണ് വർണാശ്രമ ധർമം. ചാതുർവർണ്യ പ്രകാരമുള്ള വർണാശ്രമ ധർമം. അത് ഉയർത്തിപ്പിടിച്ചതെന്താണ്. കുലത്തൊഴിലിനെയാണ്. ശ്രീനാരായണ ഗുരു ചെയ്തതോ കുലത്തൊഴിലിനെ ധിക്കരിക്കാൻ ആഹ്വാനം ചെയ്യലാണ്. അപ്പോൾ പിന്നെ ഗുരു എങ്ങനെ സനാതന ധർമത്തിന്റെ വക്താവാകും. ചാതുർവർണ്യ വ്യവസ്ഥ ഉടനീളം ചോദ്യം ചെയ്യുന്നതും ധിക്കരിക്കുന്നതുമായിരുന്നു ഗുരുവിന്റെ സന്യാസ ജീവിതം. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്നുദ്‌ഘോഷിച്ച ഗുരു എങ്ങനെ ഒരു മതത്തിന്റെ പരിമിതിക്കുള്ളിൽ രൂപപ്പെട്ടുവന്ന സനാതന ധർമത്തിന്റെ വക്താവാകും. വർണവ്യവസ്ഥയ്ക്ക് എതിരായ ധർമമാണ് ഗുരു ഉയർത്തിപ്പിടിച്ചത്.

സനാതന ധർമത്തെ അനുസരിക്കുന്നതും സംശയത്തോടെ കാണുന്നതും വെല്ലുവിളിച്ചു ധിക്കരിക്കുന്നതുമായ മൂന്നു ധാരകൾ ഇന്ത്യയിൽ ഉണ്ടായിരുന്നിട്ടുണ്ട്. ഇതിലെ മൂന്നാമത്തെ ധാരയുടെ പ്രതിനിധിയാണ് ഗുരു. ഗോത്ര വ്യവസ്ഥ പിൻവാങ്ങി വർണവ്യവസ്ഥ വരുന്ന കാലമാറ്റത്തിന്റെ ഘട്ടത്തിലുണ്ടായ സാംസ്‌കാരിക ഉൽപ്പന്നമാണ് മഹാഭാരതം. അതുപോലും ഏതാണു ധർമമെന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം പറയാതെ സംശയത്തിന്റെ ചോദ്യചിഹ്നമുയർത്തി പിൻവാങ്ങുന്നതേയുള്ളൂ.
ധർമയുദ്ധം നടത്തി എന്നുപറയുന്ന ധർമപുത്രർ ഉടലോടെ സ്വർഗത്തിൽ ചെന്നപ്പോൾ അതുവരെ അധർമത്തിന്റെ യുദ്ധം നടത്തി എന്ന് ആരോപിക്കപ്പെട്ട ദുര്യോധനനെ അവിടെ കാണുന്നു. സ്വർഗത്തിൽ പോകാനുള്ള നന്മ കൗരവർ ചെയ്തതായി സൂചിപ്പിക്കുന്നിടത്ത് ധർമത്തെക്കുറിച്ചു മഹാഭാരതം തന്നെ സന്ദേഹമല്ലേ ഉണർത്തുന്നത്. ആ സന്ദേഹം പിന്നെ ചോദ്യം ചെയ്യലായി വളർന്നു. ആ ചോദ്യം ചെയ്യൽ ഏറ്റവും ശക്തമായി നടത്തിയതു നമ്മുടെ ഗുരുവാണ് എന്നതാണു സത്യം.
സനാതന ധർമത്തിന്റെ രാഷ്ട്രം എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് മാർത്താണ്ഡവർമ പല പരിഷ്‌കാരങ്ങളും തിരുവിതാംകൂറിൽ വരുത്തിയത്. ഇന്നും ഇടയ്ക്കിടയ്ക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ മുഴങ്ങിക്കേൾക്കുന്ന വാക്കാണ് സനാതനഹിന്ദുത്വം. രാജാധിപത്യത്തിനും വർഗീയാധിപത്യത്തിനും ഒരുപോലെ പ്രിയപ്പെട്ടതാകുന്നു ഈ വാക്ക് എന്നത് ശ്രദ്ധിക്കണം. സനാതനഹിന്ദുത്വം എന്ന വാക്കിലൂടെ സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നത് ബ്രാഹ്‌മണാധിപത്യത്തിന്റെ പഴയ രാജവാഴ്ചക്കാലമാണെന്നതിന് ഇതിൽപ്പരം എന്തു തെളിവാണു വേണ്ടത്. ജനാധിപത്യം അലർജിയാണെന്നതിനും മറ്റെന്തു തെളിവാണു വേണ്ടത്.
സനാതനഹിന്ദുത്വം എന്നത് അതിമഹത്തും അഭിമാനകരവുമായ എന്തോ ഒന്നാണ് എന്നും അതിന്റെ പുനഃസ്ഥാപനമാണ് എല്ലാ സാമൂഹ്യപ്രശ്‌നങ്ങൾക്കും ഉള്ള ഏക പോംവഴി എന്നും ഉള്ള വാദം ശക്തിപ്പെടുന്ന കാലമാണിത്. ഇതിന്റെ മുഖ്യ അടയാള വാക്യമായി അവർ ഉയർത്തിക്കാട്ടുന്നത് ‘ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന ആശംസാവാക്യമാണ്. ലോകത്തിനാകെ സുഖമുണ്ടാകട്ടെ എന്നതാണ് ഇതിന്റെ അർഥം. ഇത് ഒരു വിധത്തിലും എതിർക്കപ്പെടേണ്ടതല്ലല്ലോ. ഏറ്റവും ഉദാത്തമായ ഒരു സങ്കൽപ്പമാണല്ലോ. ലോകത്ത് ഹിന്ദുത്വം മാത്രമല്ലേ ഇത്ര ശ്രേഷ്ഠമായ ഒരു അടയാളവാക്യം മുമ്പോട്ടുവച്ചിട്ടുള്ളൂ. ഇതൊക്കെയാണു വാദം.
ഈ വാദം ആവർത്തിക്കുന്നവർ ഇതിനു തൊട്ടുമുമ്പുള്ള വരി ബോധപൂർവം മറച്ചുവയ്‌ക്കുന്നുണ്ട്. ‘ഗോബ്രാഹ്‌മണേഭ്യോ ശുഭമസ്തു നിത്യം' എന്നതാണ് തൊട്ടുമുമ്പുള്ള ആ വരി. ഗോവിനും, അതായതു പശുവിനും ബ്രാഹ്‌മണനും സുഖമുണ്ടാകട്ടെ എന്നർഥം ചേർത്തുവായിച്ച് അർഥം മനസ്സിലാക്കിയാൽ, പശുവിനും ബ്രാഹ്‌മണനും സുഖമുണ്ടായാൽ ലോകത്തിനാകെ സുഖമായി! എത്രയധികം ചേർന്നുപോകുന്നു, ‘ലോകാസമസ്താ സുഖിനോഭവന്തു’ എന്ന സനാതനത്വത്തിന്റെ മുദ്രാവാക്യവും ഇന്നത്തെ പശു കേന്ദ്രീകൃത, ബ്രാഹ്‌മണ കേന്ദ്രീകൃത രാഷ്ട്രീയവും എന്നു നോക്കുക.
അക്കാലത്തു നിലനിന്ന സാമൂഹ്യഅനീതികളൊക്കെ ഇന്നു മാഞ്ഞുപോയി എന്നു കരുതാനാകുമോ. അതൊക്കെ പല രൂപങ്ങളിൽ നിലനിൽക്കുന്നുണ്ട്. അന്ന് രാഷ്ട്രീയാധികാരത്തിന്റെ രക്ഷാകർതൃത്വം അതിനുണ്ടായിരുന്നു. ആ രക്ഷാകർതൃത്വം ഇന്നുമുണ്ട്. അതുകൊണ്ടാണ് ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ഇന്നും ദളിതരും പിന്നാക്കക്കാരും ന്യൂനപക്ഷങ്ങളും പീഡിപ്പിക്കപ്പെടുന്നത്. അതുകൊണ്ടാണ് ആ പീഡകരൊക്കെ നിയമവ്യവസ്ഥയ്ക്കു മുമ്പിൽനിന്നു രക്ഷപ്പെടുന്നതും. അതിനൊക്കെ സംരക്ഷണമേകുന്നവരുടെ വാദമാണ് സനാതന ധർമവാദം. അതായിക്കോട്ടെ. എന്നാൽ, ഗുരുവിനെ അതുമായി ചേർത്തുവയ്‌ക്കേണ്ടതില്ല.
ഒരു ആശയത്തെ നമ്മൾ പിന്തുടരേണ്ടത് അത് ലോകത്തിനാകെ വെളിച്ചം പകരുകയും അത് മനുഷ്യ ജീവിതങ്ങളെ മെച്ചപ്പെടുത്തുകയും ചെയ്യുമ്പോഴാണ്. ആ ആശയം കാരണം മനുഷ്യൻ ദുഃഖിക്കാനും കഷ്ടപ്പെടാനും തുടങ്ങുന്നുവെങ്കിൽ അതിനെ സ്വാഭാവികമായും അകറ്റണം
ഒരു ആശയത്തെ നമ്മൾ പിന്തുടരേണ്ടത് അത് ലോകത്തിനാകെ വെളിച്ചം പകരുകയും അത് മനുഷ്യ ജീവിതങ്ങളെ മെച്ചപ്പെടുത്തുകയും ചെയ്യുമ്പോഴാണ്. ആ ആശയം കാരണം മനുഷ്യൻ ദുഃഖിക്കാനും കഷ്ടപ്പെടാനും തുടങ്ങുന്നുവെങ്കിൽ അതിനെ സ്വാഭാവികമായും അകറ്റണം. അങ്ങനെ എത്രയെത്ര ആശയങ്ങളാണ് കാലത്തിനൊപ്പം നവീകരിക്കപ്പെടാത്തതുകൊണ്ട് വിസ്‌മൃതിയിൽ ആണ്ടുപോയത്. എന്നാൽ ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ അദ്ദേഹം ജനിച്ചുജീവിച്ച സഹസ്രാബ്ദത്തെയും കടന്ന് ലോകത്തിനാകെ വെളിച്ചം പകരുകയാണ്. അതിലുണ്ട് ശ്രീനാരായണ ഗുരുവിന്റെ മഹത്വം. ആ യുഗപ്രഭാവന്റെ ആശയങ്ങൾ ഉൾക്കൊണ്ട് നടത്തപ്പെടുന്ന ശിവഗിരി തീർഥാടനവും അങ്ങനെ മഹത്വമാർജിക്കുന്നു.
എന്തിനുവേണ്ടിയാണ് ശിവഗിരി തീർഥാടനം. ഗുരുവിന് ഇക്കാര്യത്തിൽ വ്യക്തമായ ധാരണയുണ്ടായിരുന്നു. ശ്രീബുദ്ധന്റെ അഷ്ടാംഗമാർഗം പോലെ എട്ടു കാര്യങ്ങൾ ഗുരുവും നിർദേശിക്കുകയുണ്ടായി. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, സാങ്കേതിക പരിശീലനം എന്നിങ്ങനെയുള്ള എട്ടു കാര്യങ്ങളാണ് ഓരോ ശിവഗിരി തീർഥാടകനും ലക്ഷ്യമായി കരുതേണ്ടത് എന്ന് ഗുരു പറയുമ്പോൾ അത് സ്വസമുദായത്തിന്റെ അഭിവൃദ്ധി മാത്രമല്ല സമൂഹത്തിന്റെ മൊത്തത്തിലുള്ള വികസനമാണ് ലക്ഷ്യമാക്കിയത് എന്നു വ്യക്തമാണ്. അറിവു നേടാനും സാമ്പത്തികമായി സ്വാശ്രയത്വത്തിലെത്താനുമാണ് ഗുരു ഉപദേശിച്ചത്. സാങ്കേതിക ജ്ഞാനമടക്കം നേടണമെന്ന് അന്നേ ഗുരു പറഞ്ഞു. എത്ര വലിയ ദീർഘദർശിത്വമാണ് അതിലുള്ളത്. ഈ പാതയിൽ തന്നെയാണ് സംസ്ഥാനം ഇപ്പോൾ നീങ്ങുന്നതെന്ന് അഭിമാനപൂർവം പറയട്ടെ. വിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയും കാർഷിക സ്വയംപര്യാപ്തതയിലേക്ക് നാടിനെ നയിച്ചും മാലിന്യനിർമാർജനത്തിനായി പ്രത്യേക ക്യാമ്പയിനുകൾ ആരംഭിച്ചും വിദ്യാഭ്യാസവും വ്യവസായവും തമ്മിലുള്ള ജൈവികമായ ബന്ധം ദൃഢപ്പെടുത്തിയുമെല്ലാം ഗുരു തെളിച്ച പാതയിലൂടെ തന്നെയാണ് സംസ്ഥാന സർക്കാരും നീങ്ങുന്നത്.
മനുഷ്യസ്‌നേഹമായിരുന്നു ഗുരുവിന്റെ സന്ദേശം. ആ സ്‌നേഹത്തിൽ ജാതിയുടെയോ മതത്തിന്റെയോ വേർതിരിവില്ല. അത്തരം വേർതിരിവുകൾ കൽപ്പിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ ഗുരു അതു സഹിക്കുമായിരുന്നില്ല. അങ്ങനെയുള്ള ഗുരുവിനെത്തന്നെ ജാതിയുടെയോ മതത്തിന്റെയോ വേലികെട്ടി അതിനുള്ളിൽ പ്രതിഷ്ഠിക്കാൻ ആരെങ്കിലും ശ്രമിച്ചാലോ. അതിൽ കവിഞ്ഞ ഗുരുനിന്ദയുണ്ടാകാനില്ല. ഗുരു എന്തിനൊക്കെയെതിരെ പൊരുതിയോ അതിന്റെയൊക്കെ വക്താവായി ഗുരുവിനെ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകും. അതുണ്ടായിക്കൂടാ.
ജാതിഭേദവും മതദ്വേഷവുമില്ലാത്ത ഒരുകേരളത്തെയാണ് ശ്രീനാരായണഗുരു സ്വപ്‌നം കണ്ടത്. സഹോദരങ്ങളായി എല്ലാവരും പാർക്കുന്ന മാതൃകാസ്ഥാനമായാണ് അദ്ദേഹം നാടിനെ സങ്കൽപ്പിച്ചത്. അത് സാക്ഷാൽക്കരിക്കാനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്താനുള്ള നീക്കം ഒരു ഭാഗത്തുനിന്നും ഉണ്ടായിക്കൂടാ.









0 comments