ഇന്ന് മന്നം ജയന്തി
ചിരസ്മരണകളിലെ പ്രകാശഗോപുരം


അഡ്വ. കെ അനിൽകുമാർ
Published on Jan 01, 2025, 10:12 PM | 3 min read
കേരളത്തിന്റെ പൊതുസമൂഹ നിർമിതിയിൽ നവോത്ഥാന നായകരുടെ പങ്ക് അവിസ്മരണീയമാണ്. മനുഷ്യർ അടിമച്ചന്തകളിൽ വിൽപ്പനച്ചരക്കായിരുന്ന കാലം. ജാതിവ്യവസ്ഥയുടെ നുകത്തിൽ കെട്ടിയിട്ട 64 ജാതി– -ഉപജാതി വിഭാഗങ്ങളായി താഴ്‌ന്ന ജീവിത നിലവാരമായിരുന്നു അന്ന് സാധാരണക്കാർക്കുണ്ടായിരുന്നത്. വർണങ്ങളിൽപ്പെട്ട ജാതികളും അവർണരും നീചരും പതിതരും മലനീചന്മാരും നാട്ടുനീചന്മാരും എന്നൊക്കെയായി തമ്മിൽ കാണാനും തൊടാനും അവകാശമില്ലാതിരുന്നവർ. ഒരുമിച്ചുണ്ണാനും ജോലി ചെയ്യാനും അവകാശമില്ലാതെ വിഘടിതമായിരുന്ന ഒരു സമൂഹത്തിലാണ് നവോത്ഥാനം ആധുനിക പൊതുമണ്ഡല നിർമിതി നടത്തിയത്.
‘എന്റെ ജീവിതകഥ’യിൽ മന്നത്തിനെ എ കെ ജി അനുസ്മരിക്കുന്നുണ്ട്. "ഗുരുവായൂർ സത്യഗ്രഹ സമരത്തിന് പിന്തുണയായി പൊന്നാനി താലൂക്കിൽ സവർണ ജനവിഭാഗങ്ങളിൽ നടത്തിയ ഹിതപരിശോധനയുൾപ്പെടെയുള്ള പ്രചാരണയോഗങ്ങളിൽ മന്നത്ത് പത്മനാഭൻ നടത്തിയ പ്രസംഗങ്ങൾ ജനങ്ങളെ ആകർഷിച്ചതായി’ എ കെ ജി എഴുതി. മലബാർ കേന്ദ്രമാക്കിയാണ് ഗുരുവായൂർ സത്യഗ്രഹം ആരംഭിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും സമരത്തിനായുള്ള കമ്മിറ്റി രൂപീകരിച്ചപ്പോൾ നായർ സർവീസ് സൊസൈറ്റിയുടെ നായകനായ മന്നംതന്നെയാണ് സമരസമിതിയുടെയും അധ്യക്ഷനായത്. എസ്എൻഡിപി സെക്രട്ടറി കുഞ്ഞുകൃഷ്ണൻ, രുക്‌മിണിയമ്മ, സി കുട്ടൻനായർ, കൂറൂർ നീലകണ്ഠൻ നമ്പൂതിരി തുടങ്ങി സമരത്തെ സഹായിച്ചവരുടെ പേരുകളിൽനിന്ന് വിവിധ ജാതികളുടെ ഏകീകരണമല്ല, മാനവികതയെ വിലമതിക്കുന്ന ഒരു പൊതുപ്രസ്ഥാനത്തെയാണ് സമരനേതൃത്വം ലക്ഷ്യമിട്ടതെന്നും എ കെ ജി ചൂണ്ടിക്കാട്ടുന്നു. ‘നമ്പൂതിരിയെ മനുഷ്യനാക്കാൻ’ യോഗക്ഷേമസഭ രംഗത്തിറങ്ങിയത് ജാത്യാഭിമാനപരമായ "നമ്പൂരിത്വ’ത്തെ നിരാകരിക്കാനുള്ള ആഹ്വാനമായി. ഈഴവരാകട്ടെ തങ്ങളേക്കാൾ ചെറുമരായി കരുതിയിരുന്ന ജാതിയിൽപ്പെട്ടവരെ അകറ്റിനിർത്തിയതിനെ ചെറുത്തുകൊണ്ടാണ് സഹോദരൻ അയ്യപ്പൻ പന്തിഭോജനത്തിന് മുതിർന്നത്. മഹാത്മാ അയ്യൻകാളി നേതൃത്വം നൽകിയ വിദ്യാഭ്യാസ പ്രക്ഷോഭവും പണ്ഡിറ്റ് കറുപ്പന്റെ ജാതിക്കുമ്മിയും കായൽ സമ്മേളനവുമെല്ലാം ശ്രീനാരായണ ഗുരു മുന്നോട്ടുവച്ച ‘മനുഷ്യ’കേന്ദ്രീകൃതമായ സമരധാരയിലെ ഏടുകളായി. ഗുരുവായൂരിൽ മണിയടിച്ച് തൊഴുതെന്ന "കുറ്റത്തിന്’ മർദനമേൽക്കേണ്ടി വന്ന പി കൃഷ്ണപിള്ള ഈ നേതൃനിരയിലെ സമരസഖാവായി.
കേരളത്തിൽ വേരുറപ്പിക്കാൻ സമൂഹത്തെ ജാതീയമായി പിളർത്തി വർഗീയമായി ഏകീകരിക്കാൻ സംഘപരിവാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മതരാഷ്ട്രവാദത്തിന്റെ മറുപുറമായി ന്യൂനപക്ഷ വർഗീയതയും നീക്കങ്ങൾ ശക്തമാക്കിയിരിക്കുന്നു. ഈ വർഗീയശക്തികൾക്ക് തടയിടാൻ ചരിത്രവഴികളിലെ സമരനന്മകൾ നാം ഉയർത്തിപ്പിടിക്കണം. നമ്മുടെ സമരങ്ങളാൽ രൂപപ്പെട്ടതാണ് ആധുനിക മലയാളിയെന്ന തിരിച്ചറിവ് നഷ്ടപ്പെടുന്ന ചരിത്ര ബധിരത (Historical deafnes) ബാധിച്ച ഒരു അലസസമൂഹമായി കേരളം മാറാതിരിക്കാനുള്ള ജാഗ്രതയാണ് ഓരോ പോരാട്ടത്തെയും ഓർമിക്കുന്നതിലൂടെ നാം നടത്തുന്നത്.
വൈക്കം സത്യഗ്രഹസമരത്തെ കേരളമാകെ പടർത്തിയ സവർണജാഥയുടെ നൂറാം വാർഷികം ആഘോഷിക്കുമ്പോഴാണ് അതിന്റെ നായകനിരയിലെ നക്ഷത്രമായിരുന്ന മന്നത്ത് പത്മനാഭന്റെ ജന്മദിനം ജനുവരി രണ്ടിന് വീണ്ടുമെത്തുന്നത്. വൈക്കത്തുനിന്ന് രാജകൊട്ടാരത്തിലേക്ക് പ്രവഹിച്ച സവർണജാഥ തങ്ങൾക്ക് ക്ഷേത്രവഴികളിൽ ഇടം കിട്ടാത്തതിനാലല്ല, അതിനുള്ള അവകാശം നിഷേധിക്കപ്പെട്ടവർക്കുവേണ്ടിയാണ് സമരക്കനൽ ജ്വലിപ്പിച്ചത്. വൈക്കത്തുനിന്ന് ഗുരുവായൂർ ക്ഷേത്രനടയിലേക്കും സമരത്തിന്റെ അലകൾ ഉയർത്തിയതിൽ മന്നത്ത് പത്മനാഭൻ മുൻനിരക്കാരനായി.
എൻഎസ്എസിന്റെ പിറവിക്ക് തിരികൊളുത്തിയതിലും സമർപ്പിത ജീവിതത്തിലൂടെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ നിരവധി സ്ഥാപനങ്ങളുടെ നിർമിതിയിലും മന്നം തന്റെ നേതൃവൈഭവം പ്രകടിപ്പിച്ചു. നായർ സമുദായത്തെ ഭിന്നിപ്പിച്ചിരുന്ന ഉപജാതികൾക്കിടയിലെ വൈജാത്യങ്ങളെ മറികടക്കുന്നതിന് എൻഎസ്എസ് പൊരുതി.
താലികെട്ട്, തിരണ്ടുകുളി, പുളികുടി തുടങ്ങിയ ആർഭാടപൂർണമായ ആചാരങ്ങൾമൂലം തകർന്ന കുടുംബങ്ങളെ വീണ്ടെടുക്കലായി അത് മുന്നേറി. അനാചാരങ്ങൾ നിറഞ്ഞ് ഉറകെട്ട് പോയിരുന്ന ഒരു കുടുംബാന്തരീക്ഷത്തിൽ ചെളികൊണ്ട് നിർമിക്കപ്പെട്ട മന്നത്തുവീട്ടിൽ 1878 ജനുവരി രണ്ടിന് പാർവതിയമ്മയുടെയും വാകത്താനത്ത് നീലമന ഇല്ലത്തിൽ ഈശ്വരൻ നമ്പൂതിരിയുടെയും മകനായി ജനിച്ച ബാല്യത്തെ ഓർമിച്ചുകൊണ്ടാണ് മന്നത്ത് പത്മനാഭൻ ‘ചിരസ്മരണകൾ' ജീവിതകഥയായി എഴുതിയത്. സ്വമാതാവും മാതാമഹിയും ഉൾപ്പെടെ നിരക്ഷരരായിരുന്ന ഒരു കുടുബത്തിൽ മെച്ചപ്പെട്ട വിദ്യാഭ്യാസം നേടിയതിലൂടെ അഭിവൃദ്ധിയിലേക്ക് ഉയർന്ന ഒരു വ്യക്തി തനിക്ക് ഉയർന്ന ജീവിതനിലവാരം നൽകുന്ന അഭിഭാഷകജോലി പൊതുജീവിതത്തിനായി ഉപേക്ഷിച്ചു. സമർപ്പിതമായ ഒരു പൊതുപ്രവർത്തനത്തിന് അദ്ദേഹം ഇറങ്ങിത്തിരിക്കുമ്പോൾ ആദ്യത്തെ നായർ കരയോഗ രൂപീകരണത്തിനപ്പുറം എൻഎസ്എസ് മുന്നേറിയിരുന്നില്ല. അന്ധവിശ്വാസ ജടിലവും അനാചാരങ്ങൾ നിറഞ്ഞതുമായ ജീവിതമാണ് സമുദായത്തിലുണ്ടായിരുന്നത്.
സാംസ്കാരിക തകർച്ചയ്‌ക്കിടയാക്കുന്ന സംബന്ധവിവാഹങ്ങൾ സൃഷ്ടിക്കുന്ന അസ്തിത്വ പ്രതിസന്ധിയും കൂട്ടുകുടുംബ വ്യവസ്ഥയുടെ ഇടർച്ചകളും ചേർന്ന് ഇരുൾപടർന്ന ജീവിത ഇടങ്ങളിൽ പ്രകാശം നിറയ്‌ക്കാനാണ് തുടർന്ന് മന്നം തന്റെ ജീവിതം ചെലവഴിച്ചത്.1910ൽ പെരുന്നയിൽ മന്നം സെക്രട്ടറിയായി ആദ്യം കരയോഗം രജിസ്റ്റർ ചെയ്തതുമുതൽ സമർപ്പിച്ച പൂർണജീവിതം സ്വസമുദായത്തിനു മാത്രമല്ല കേരളക്കരയ്ക്കാകെ ചൈതന്യം പകരുന്നതായി. 1955ൽ ഹിന്ദുകോഡിലൂടെ രാജ്യത്ത് വ്യക്തിനിയമങ്ങൾ പരിഷ്കരിക്കുന്നതിന് നാലു പതിറ്റാണ്ടുമുമ്പാണ് അതേ വഴിയിൽ എൻഎസ്എസും മന്നവും സഞ്ചരിച്ചത്. 1936ലെ ക്ഷേത്രപ്രവേശന വിളംബരത്തിനും ഒരു ദശകംമുമ്പുതന്നെ പെരുന്നയിലെ കരയോഗംവക ദേവീക്ഷേത്രത്തിൽ ഹിന്ദുമതത്തിലെ അവർണർക്ക് പ്രവേശനം നൽകി മന്നവും സഹപ്രവത്തകരും മാതൃകയായി. അതിന്റെ കരുത്തുതന്നെയാണ് സവർണജാഥയുടെ നായകസ്ഥാനവും ഗുരുവായൂർ സത്യഗ്രഹത്തിലെ മുൻനിര പോരാളി എന്ന ഇടവും നേടാൻ മന്നത്ത് പത്മനാഭനെ പ്രാപ്തനാക്കിയത്.
വിദ്യാഭ്യാസത്തോട് പുറംതിരിഞ്ഞുനിന്ന് ക്ഷേത്രോപജീവികളായി ഒതുങ്ങിക്കൂടുകയെന്ന രീതിയിലാണ് സമുദായത്തിലെ ഒരു പങ്ക് ജീവിച്ചത്. എടുപ്പുകുതിരകളെ ചുമന്നെറിയുന്നതടക്കമുള്ള കായികവിരുതുകളിൽ അഭിരമിക്കുകയും അഭിമാനിക്കുകയും ചെയ്തിരിക്കുന്ന ഒരു സമുദായം. അവിടെനിന്ന് പിടിയരി പിരിച്ചെടുത്താണ് മുൻനിര വിദ്യാഭ്യാസസ്ഥാപനങ്ങൾ മന്നത്തിന്റെ നേതൃത്വത്തിൽ എൻഎസ്‌എസ് പടുത്തുയർത്തിയത്. ചൈതന്യവത്തായ അതിന്റെ സമരധാരയെ ദുർബലമാക്കി സാംസ്‌കാരികമണ്ഡലത്തെ പിന്നോട്ടടിപ്പിക്കാൻ കേരളത്തിലെ വലതുപക്ഷം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഈ ചരിത്രപാരമ്പര്യങ്ങളെ അവർ റാഞ്ചാതിരിക്കാനുള്ള ജാഗ്രത കാലം ആവശ്യപ്പെടുന്നു . ഈ ചരിത്രരഥ്യയിലൂടെ വികസിതമായ നമ്മുടെ പൊതുമണ്ഡലത്തെയാണ് മതരാഷ്ട്രവാദികൾ പകുത്തെടുക്കാൻ വർഗീയത പടർത്തി ഇപ്പോൾ പരിശ്രമിക്കുന്നത്. പുതിയ ഒരു വിമോചനസമരത്തിന്റെ തറയൊരുക്കത്തിനായി എല്ലാ വർഗീയ ശക്തികളെയും ഒരു കുടക്കീഴിൽ എത്തിക്കാൻ വലതുപക്ഷം മഴവിൽസഖ്യം രൂപീകരിച്ചിരിക്കുന്നു. മാധ്യമങ്ങൾ ഉൾപ്പെടെ അതിന്റെ പിന്തുണാ സംവിധാനങ്ങളെയാകെ ഏകീകരിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നതിന് നാം സാക്ഷ്യം വഹിക്കുകയാണ്. പുരോഗമനവിരുദ്ധരായ അക്കൂട്ടരെയാകെ എതിർത്താണ് കേരളത്തിന് അതിജീവിക്കേണ്ടത്.
നമ്മുടെ വർത്തമാനകാലത്തെ നിർണയിക്കുന്ന പോരാട്ടത്തിന്റെ ഇന്ധനപ്പുരയായി നവോത്ഥാന പൈതൃകത്തെ കാത്തുസൂക്ഷിക്കാൻ കഴിയണം. ചട്ടമ്പിസ്വാമികൾ ‘പ്രാചീന മലയാള’മെന്ന കൃതിയിലൂടെ പ്രത്യയശാസ്ത്രപരമായി ചോദ്യം ചെയ്ത ഇരുട്ടിന്റെ ശക്തികളാണ് ഹിന്ദുത്വയുടെ മറവിൽ സമൂഹത്തെ പിന്നോട്ടടിപ്പിക്കാൻ ഉഴറുന്നത്. അതിന്റെ ബദലായി പുതിയ കേരള സൃഷ്ടിയിൽ അവിതർക്കിതമായ മുന്നേറ്റമാണ് പിണറായി സർക്കാരുകൾ നടത്തിയിരിക്കുന്നത്. അതിന്റെ ലക്ഷ്യമായ നവകേരള നിർമിതിക്കായി പുതിയ പോരാട്ടങ്ങൾ ഏറ്റെടുക്കാൻ നാം തയ്യാറെടുക്കുമ്പോൾ മന്നത്ത് പത്മനാഭൻ രൂപപ്പെടുത്തിയ ജനകീയ ഐക്യത്തിന്റെ മാതൃക പുതിയ ചുമതലകൾ ഏറ്റെടുക്കാൻ നമുക്ക് പ്രാപ്തി നൽകുമെന്ന് പ്രതീക്ഷിക്കാം.









0 comments