ചിറകുവിരിച്ച് നവകേരളം


സി കെ ദിനേശ്
Published on Jan 01, 2025, 12:48 AM | 1 min read
തിരുവനന്തപുരം
നവകേരള സ്വപ്നത്തിന്റെ ചിറകുവിരിച്ച് സുപ്രധാന പദ്ധതികൾ നാടിനുസമർപ്പിക്കുന്ന വർഷമാകും 2025.
അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരള പിറവി ദിനത്തിൽ പ്രഖ്യാപിക്കും. ദുരന്തം നാശംവിതച്ച ചൂരൽമലയിൽ പുതിയ തുടിപ്പുകൾ ഉയരുകയും അന്തിമ പുനരധിവാസ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ചെയ്യും. 83,000 കോടിയിലധികം രൂപയുടെ പദ്ധതികൾ കിഫ്ബിയിലൂടെ പൂർത്തിയാകും. വ്യാവസായിക, ടൂറിസം വളർച്ചയിൽ കുതിച്ചു ചാട്ടം ഉണ്ടാക്കുന്ന വർഷമാകും. മാലിന്യമുക്ത തെരുവെന്ന സ്വപ്നം യാഥാർഥ്യമാകും. ഇന്ത്യയിലെ ഏറ്റവും വലിയ ട്രാൻസ്‌ഷിപ്പ്‌മെന്റ് തുറമുഖമായ വിഴിഞ്ഞത്തിന്റെ കമ്മീഷനിങ് പുതുവർഷ സമ്മാനമായിരിക്കും.
തിരുവനന്തപുരം –- കാസർകോട് ദേശീയപാത 66ന്റെ ബഹുഭൂരിപക്ഷം സ്‌ട്രെച്ചും പൂർത്തിയാകും. എറണാകുളത്തിന് വടക്കോട്ട് പൂർണമായും തെക്കോട്ട് ഭാഗികമായും തുറന്നു നൽകും. 2026 ൽ പരിപൂർണമായും തുറക്കും. കോവളം–- ബേക്കൽ ദേശീയ ജലപാതയും പൂർത്തീകരിക്കും. കോവളം –- ചാവക്കാട് സ്‌ട്രെച്ചിൽ പണി പൂർത്തിയാക്കി സർവ്വീസിന് തയ്യാറാണ്. 616 കി.മീ. ദൈർഘ്യമുള്ളതാണ് പശ്ചിമതീര ജലപാത. ഏഷ്യയിലെ ഏറ്റവും നീളമേറിയ ഡ്രൈവിങ് ബീച്ചായ മുഴപ്പിലങ്ങാട് ‘ ഡ്രൈവ് ഇൻ ബീച്ചി ’ ന്റെ നവീകരണ പ്രവർത്തനങ്ങൾ ഈ വർഷം പൂർത്തിയാകും.









0 comments