നിറയട്ടെ ഹൃദയം

മഹാദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾ നൽകിയാണ് 2024 കടന്നുപോയത്. ഒടുവിൽ വർഷാന്ത്യത്തിൽ മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വിടവാങ്ങലും.വൻ നഷ്ടങ്ങൾക്കിടയിലും പ്രതീക്ഷയുടെ പൊൻവെളിച്ചവുമായാണ് പുതുവത്സരപ്പിറവി. ഏത് പ്രതിസന്ധിയിലും തണലാകുന്ന സംസ്ഥാന സർക്കാറിന്റെ കരുതൽ നാടിന് പ്രത്യാശ പകരുന്നു.
വിഴിഞ്ഞത്ത് വികസനത്തിന്റെ കപ്പലടുത്തു. ജലപാതകളിൽ പുതിയ ഓളങ്ങൾ വിരിയുന്നു. വിവര സാങ്കേതികതയിലും വ്യവസായ രംഗത്തും കുതിച്ചുകയറുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ രാജ്യത്തിന്റെ നെറുകയിലാണ്. ഉത്തരവാദിത്ത ടൂറിസം, നഗരഭരണ മികവ്, മികച്ച മറൈൻ സംസ്ഥാനം എന്നിവയിലെല്ലാം കേരളമാണ് നമ്പർ വൺ. വ്യാവസായിക സംരംഭക സൗഹൃദമെന്ന നിലയിൽ ഈസ് ഓഫ് ഡൂയിങ് ബിസിനസ്സിലും കേരളമാണ് ഒന്നാമത്. പട്ടികജാതി, ഗോത്ര വിഭാഗങ്ങൾ താമസിക്കുന്ന ഇടങ്ങളെ കോളനി എന്ന വിളിപ്പേരിൽനിന്ന് മാറ്റിയ ചരിത്രപരമായ ഉത്തരവിറങ്ങിയ വർഷംകൂടിയാണ് 2024.
ദുരന്തങ്ങളിൽ തളരാതെ
വയനാട് മുണ്ടക്കൈയിലെയും ചൂരൽമലയിലെയും മുന്നൂറോളം പേരുടെ ജീവൻ ഒറ്റരാത്രികൊണ്ട് കവർന്ന ഉരുൾപൊട്ടലിൽനിന്ന് നാട് ഉയിർത്തെഴുന്നേൽക്കുന്നതേയുള്ളു. ജൂലൈ 30 പുലർച്ചെ കേരളം ഞെട്ടിയുണർന്നത് ദുരന്തവാർത്ത കേട്ടായിരുന്നു. തളർന്നിരിക്കാതെ സർക്കാർ സംവിധാനവും നാടാകെയും നീങ്ങി. ലോകത്തിന് മാതൃകയായ രക്ഷാപ്രവർത്തനവും തെരച്ചിലും. ഇപ്പോഴിതാ പുനരധിവാസത്തിലും മാതൃക തീർക്കാൻ ഒരുങ്ങുകയാണ്. പുതുവർഷദിനത്തിൽ ചേരുന്ന മന്ത്രിസഭാ യോഗം ടൗൺഷിപ്പ് നിർമാണത്തിനുള്ള അന്തിമരൂപരേഖയ്‌ക്ക് അംഗീകാരം നൽകും. ഈ വർഷംതന്നെ പുതിയ വീടുകൾ ഒരുങ്ങും. ദുരന്തത്തിന്റെ ഇരയായ ശ്രുതിയെ ജോലി നൽകിയാണ് സർക്കാർ ചേർത്തുപിടിച്ചത്. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രിപെറുക്കിയും മറ്റും 20.44 കോടി രൂപ സമാഹരിച്ച് മാതൃകയായി.
വേർപാടുകളുടെ വർഷം
എം ടിക്കു പുറമേ നടി കവിയൂർ പൊന്നമ്മ, സംവിധായകൻ ഹരികുമാർ, ഹൃദയശസ്‌ത്രക്രിയാ വിദഗ്‌ധൻ ഡോ. എം എസ് വല്യത്താൻ, ദീർഘകാലം ട്രേഡ് യൂണിയൻ നേതാവായിരുന്ന മുതിർന്ന സിപിഐ എം നേതാവ് എം എം ലോറൻസ്, കൂത്തുപറമ്പ് വെടിവയ്‌പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്‌പൻ എന്നിവരുടെ വേർപാടും പോയവർഷമാണ്. ലോറി ഡ്രൈവർ ആയിരുന്ന കോഴിക്കോട്ടെ അർജുൻ കർണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചതും 2024ന്റെ നൊമ്പരമാണ്. 72 ദിവസത്തെ തിരച്ചിലിൽ മനസ്സുകൊണ്ട് ഒപ്പംചേരാത്ത മലയാളിയുണ്ടാകില്ല. ആലപ്പുഴ കളർകോട്ട് വാഹനാപകടത്തിൽ ആറ് മെഡിക്കൽ വദ്യാർഥികളുടെയും പാലക്കാട് കല്ലടിക്കോട് ലോറി മറിഞ്ഞ് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന നാലു വിദ്യാർഥികളുടെയും മരണം മനസ്സിനെ പിടിച്ചുലച്ചതാണ്. നീലേശ്വരത്ത് കളിയാട്ടക്കാവിലെ വെടിക്കെട്ടപകടത്തിൽ ആറുപേരാണ് മരിച്ചത്.
വ്യവസായസൗഹൃദം
വ്യവസായ സംരംഭകർക്ക് സൗഹാർദപരവും അനുകൂലവുമായ അന്തരീക്ഷം ഒരുക്കുന്നതിൽ (ഈസ് ഓഫ് ഡൂയിങ് ബിസിനസ്) രാജ്യത്ത് കേരളം ഒന്നാമതായി. സംരംഭകവർഷം പദ്ധതിയിലൂടെ 3.36 ലക്ഷം സംരംഭങ്ങൾ തുടങ്ങി. എംഎസ്‌എംഇ മേഖലയിലെ ബെസ്റ്റ് പ്രാക്‌ടീസ് പുരസ്‌കാരം സംരംഭകവർഷം പദ്ധതിക്ക് ലഭിച്ചു. ലോകോത്തര കമ്പനികൾ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു. കൊച്ചി–- ബംഗളൂരു വ്യവസായ ഇടനാഴി യാഥാർഥ്യമാകുന്നു.
ഉന്നതവിദ്യാഭ്യാസത്തിൽ ഉയരെ
നാലുവർഷ ബിരുദം തുടങ്ങി ഉന്നത വിദ്യാഭ്യാസ മേഖലയിൽ വൻ മാറ്റംവരുത്തിയത് 2024ൽ. ഇന്ത്യയിലെ മികച്ച സ്‌കൂളുകളുടെ പട്ടികയിൽ കേരളത്തിൽനിന്ന് അഞ്ചെണ്ണം ഇടംപിടിച്ചു. നടക്കാവ് സ്‌കൂളാണ് പട്ടികയിൽ രണ്ടാമത്. സർവകലാശാലകളുടെ ആഗോള റാങ്കിങ്ങിൽ തിളങ്ങി കേരളയും എംജിയുമുണ്ട്. രാജ്യത്തെ മികച്ച 15 സർവകലാശാലകളിൽ മൂന്നെണ്ണം കേരളത്തിലാണ്–- കേരള, എംജി, കുസാറ്റ്. ഉന്നതവിദ്യാഭ്യാസം നേടുന്നവരുടെ എണ്ണത്തിലും കേരളംതന്നെ ഒന്നാമത്.
ആതുരസേവനത്തിലും മുന്നിൽ
കേരളത്തിന്റെ ആരോഗ്യ മേഖലയെ ലോക ബാങ്കുംനീതി ആയോഗും അഭിനന്ദിച്ചു. രാജ്യത്തെ എണ്ണംപറഞ്ഞ ആശുപത്രികൾക്കൊപ്പമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയെ നീതി ആയോഗ് -–-ഐസിഎംആർ പഠനം തെരഞ്ഞെടുത്തത്.
കുറ്റാന്വേഷണത്തിലും മികവ്
കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ സൈബർ കുറ്റകൃത്യം തടയുന്നതിൽ ജാഗ്രതപാലിച്ചതിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം കേരള പൊലീസ് നേടി. പൊലീസിന്റെ അന്വേഷണ മികവിലുമുണ്ട് കുറേ പൊൻതൂവലുകൾ. വളപട്ടണം കവർച്ചക്കേസിനു തുമ്പുണ്ടാക്കിയത് ദിവസങ്ങൾക്കകമാണ്.
വിഴിഞ്ഞം വികസനകവാടം
വിഴിഞ്ഞം തുറമുഖം കേരളത്തിന്റെയും അതുവഴി രാജ്യത്തിന്റെയും വികസന കവാടമാകുന്നതാണ് കഴിഞ്ഞവർഷത്തെ ഏറ്റവും പ്രധാന നേട്ടം. പൂർണനിലയിൽ കമീഷൻ ചെയ്യുന്നതോടെ, രാജ്യത്തെ പ്രമുഖ തുറമുഖമാകും വിഴിഞ്ഞം.
ദേശീയപാത വികസനം അതിവേഗം
കാസർകോട് –-തിരുവനന്തപുരം ദേശീയപാത 66 പ്രവൃത്തികൾ അതിവേഗം കുതിക്കുന്നു. 701. 451 കി.മീ ദേശീയപാതയിൽ 360 കി.മീ നിർമാണം പൂർത്തിയായി. 2025 അവസാനത്തോടെ പദ്ധതി പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ 16 റീച്ചിലും നിർമാണം പുരോഗമിക്കുകയാണ്. ഏഴ് റീച്ചുകളുടെ നിർമാണം പൂർത്തിയായി. ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ ദേശീയപാത അതോറിട്ടിക്ക് 5580.73 കോടി രൂപ കൈമാറി.
കേന്ദ്ര അവഗണനയിൽ പ്രതിഷേധം
കേന്ദ്ര അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഡൽഹിയിൽ സത്യഗ്രഹം നടത്തി കേരളത്തിന്റെ പ്രതിഷേധം അറിയിച്ചത് കഴിഞ്ഞവർഷമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പും ഉപതെരഞ്ഞെടുപ്പുകളും നടന്നതും കഴിഞ്ഞവർഷമാണ്. കെ രധാകൃഷ്‌ണൻ എംപിയായി തെരഞ്ഞെടുക്കപ്പെട്ട ഒഴിവിൽ ഒ ആർ കേളു മന്ത്രിയായി.









0 comments