ഡോ. കെ എസ് മണിലാൽ ; സസ്യവര്‍ഗീകരണത്തിന് ജീവിതം സമർപ്പിച്ച പ്രതിഭ


ഡോ. സി ജോർജ് തോമസ്
Published on Jan 01, 2025, 07:00 PM | 2 min read
കേരളത്തിലെ സസ്യ ജൈവവൈവിധ്യ പഠനത്തിന് നൽകിയ സംഭാവനകളുടെ പേരിലാകും ഡോ. കെ എസ് മണിലാൽ എക്കാലവും സ്മരിക്കപ്പെടുക. കോഴിക്കോട് സർവകലാശാലയുടെ സസ്യശാസ്ത്രവിഭാഗം മേധാവിയും പ്രൊഫസറുമായിരുന്ന അദ്ദേഹത്തിന്റെ സംഭാവനകൾ പ്രധാനമായും സസ്യവർഗീകരണ ശാസ്ത്രത്തിലായിരുന്നു. പൊതുവെ അരസികം എന്ന് കരുതപ്പെടുന്ന സസ്യവർഗീകരണ ശാസ്ത്രത്തിൽ മഹത്തായ സംഭാവനകൾ നൽകാൻ അദ്ദേഹത്തിനായി. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട 200 ലേറെ ഗവേഷണ പ്രബന്ധങ്ങളും 15 പുസ്തകങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചു. മാത്രമല്ല, പഠന പര്യടനത്തിന്റെ ഭാഗമായി 19 പുതിയ സസ്യസ്പീഷീസുകളെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തി. ഇവയിൽ നാലെണ്ണം അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്നു എന്നതും സ്മരണീയമാണ്. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സംഭാവന ലത്തീൻ ഭാഷയിൽ എഴുതപ്പെട്ട ‘ഹോർത്തൂസ് മലബാറിക്കൂസ്’ എന്ന കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് വിവരിക്കുന്ന മഹത്തായ ഗ്രന്ഥത്തെക്കുറിച്ച് നടത്തിയ പഠനങ്ങളും ഹോർത്തൂസിന്റെ ഇംഗ്ലീഷ്, മലയാളം പരിഭാഷകളുമാണ്.
പതിനേഴാംനൂറ്റാണ്ടിൽ കൊച്ചിയിലെ ഡച്ച് ഗവർണറായിരുന്ന ഹെൻട്രിക്ക് വാൻ റീഡാണ് (1636–-1691) കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് ആയുർവേദ ചികിത്സകനായിരുന്ന ഇട്ടി അച്യുതന്റെ സഹായത്തോടെ ലത്തീൻ ഭാഷയിൽ 12 വാല്യങ്ങളുള്ള ‘ഹോർത്തൂസ് മലബാറിക്കൂസ്’ തയ്യാറാക്കുന്നത്. നെതർലൻഡ്സിലെ ആംസ്റ്റർഡാമിൽ പുസ്തകത്തിന്റെ ആദ്യ വാല്യം 1678 ൽ അച്ചടിച്ചു. കേരളത്തിലെ 742 സസ്യങ്ങളുടെ സവിശേഷതകൾ, ഇവ ഉപയോഗിച്ച് ചികിത്സിച്ച് ഭേദപ്പെടുത്താവുന്ന രോഗങ്ങൾ, ചികിത്സാവിധിയെ സംബന്ധിച്ച വിശദാംശങ്ങൾ എന്നിവയെല്ലാം ഹോർത്തൂസിലുണ്ട്.
വർഷങ്ങൾ നീണ്ട കഠിനപ്രയത്നത്തിലൂടെയാണ് പ്രൊഫസർ മണിലാൽ, ഹോർത്തൂസിന്റെ ഇംഗ്ലീഷ് പരിഭാഷയും ഗ്രന്ഥത്തിൽ സൂചിപ്പിച്ചിട്ടുള്ള സസ്യങ്ങളുടെ ആധുനിക സസ്യശാസ്ത്ര നാമകരണവും നിർവഹിച്ചത്. തുടർന്ന് മലയാളം പരിഭാഷയും പൂർത്തീകരിച്ചു. ജീവികളുടെ ലത്തീൻവൽക്കരിച്ച ദ്വിപദ നാമകരണത്തിന് തുടക്കമിട്ട പ്രശസ്തനായ കാൾ വോൺ ലിനെ അഥവാ ലിന്നെയസിന് (1707–-1778) മുമ്പ് എഴുതപ്പെട്ടതായതുകൊണ്ട് നമ്മൾ ഇപ്പോൾ പറയുന്ന ആധുനിക ശാസ്ത്രീയ ദ്വിപദ നാമങ്ങൾ സ്വാഭാവികമായും ഹോർത്തൂസിന് ഉണ്ടാകില്ലല്ലോ.
ഹോർത്തൂസ് മലബാറിക്കൂസിന്റെ ചരിത്രം, ബന്ധപ്പെട്ട സസ്യശാസ്ത്ര, വൈദ്യശാസ്ത്ര വിവരങ്ങൾ, പ്രസക്തി തുടങ്ങിയ വിവിധ വശങ്ങൾ ഉൾക്കൊള്ളിച്ച് ‘ഹിസ്‌റ്ററി ആൻഡ് ബോട്ടണി ഓഫ് ഹോർത്തൂസ് മലബാറിക്കൂസ്’(1980), ‘ഹോർത്തൂസ് മലബാറിക്കൂസും ഇട്ടി അച്യുതനും’ (1996) എന്നീ രണ്ട് പുസ്തകങ്ങളും ഡോ. മണിലാൽ എഴുതിയിട്ടുണ്ട്.
സൈലന്റ് വാലിയിലെ സസ്യവൈവിധ്യത്തെക്കുറിച്ച് ഡോ. മണിലാലും കൂട്ടരും നടത്തിയ പഠനവും തുടർന്ന് പ്രസിദ്ധീകരിച്ച ‘ഫ്‌ളോറ ഓഫ് സൈലന്റ് വാലി' (1988) എന്ന പുസ്തകവും ആ അമൂല്യ മഴക്കാടുകളെ സംരക്ഷിക്കുന്നതിന് ചെറുതായൊന്നുമല്ല സഹായകമായത്.
(കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് മുൻ ചെയർമാനാണ് ലേഖകൻ)









0 comments