വോട്ട് പ്രതിഷ്ഠയിൽ ഇന്ത്യ

ബാബ്‌റി മസ്‌ജിദ് തകർത്തയിടത്ത് നിർമിച്ച രാമക്ഷേത്രത്തിൽ ജനുവരി 22ന് പ്രതിഷ്‌ഠ നടത്തി മോദി. പണിതീരാത്ത ക്ഷേത്രമാണ് വോട്ട് ലക്ഷ്യംവച്ച് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തത്.
കേവലഭൂരിപക്ഷമില്ലാതെ ബിജെപി
400 സീറ്റിന്റെ അവകാശവാദവുമായി രംഗത്തിറങ്ങിയ ബിജെപി തെരഞ്ഞെടുപ്പില്‍ 240 സീറ്റിലൊതുങ്ങി. സർക്കാർ രൂപീകരിച്ചത് ടിഡിപിയുടെയും ജെഡിയുവിന്റെയും പിൻബലത്തിൽ. ഇന്ത്യ കൂട്ടായ്‌മ 234 സീറ്റു നേടിയപ്പോൾ ബിജെപിക്ക് ഹിന്ദി ഹൃദയഭൂമിയിലുടനീളം തിരിച്ചടിയുണ്ടായി.
രാഹുൽഗാന്ധി പ്രതിപക്ഷ നേതാവ്
കോൺഗ്രസ് രാഹുൽ ഗാന്ധിയെ ലോക്‌സഭയിലെ പ്രതിപക്ഷനേതാവായി. രാജസ്ഥാനിലെ കോട്ടയിൽനിന്നുള്ള എംപി ഓം ബിർള രണ്ടാമതും സ്‌പീക്കർ. ഈ സഭയിലും ഡെപ്യൂട്ടി സ്‌പീക്കറെ തെരഞ്ഞെടുത്തില്ല.
എട്ടിടത്ത് തെരഞ്ഞെടുപ്പ്
ഒഡീഷയിൽ ബിജെപി അധികാരത്തിൽ. മോഹൻ ചരൺ മാജി മുഖ്യമന്ത്രി. ആന്ധ്രാപ്രദേശിൽ എൻഡിഎക്ക് ഭൂരിപക്ഷം. ടിഡിപിയിലെ ചന്ദ്രബാബു നായിഡു മുഖ്യമന്ത്രി. സിക്കിമിൽ സിക്കിം ക്രാന്തികാരി മോർച്ചയ്‌ക്ക് തുടർഭരണം. അരുണാചൽ പ്രദേശിൽ ബിജെപിയിലെ പേമ ഖണ്ഡു മൂന്നാം തവണയും മുഖ്യമന്ത്രി. ഹരിയാനയിൽ ബിജെപി അധികാരം നിലനിർത്തി. മഹാരാഷ്ട്രയിൽ മഹായുതി അധികാരം പിടിച്ചു. ദേവേന്ദ്ര ഫഡ്‌നവിസ് മുഖ്യമന്ത്രി. ജാർഖണ്ഡിൽ ഇന്ത്യ കൂട്ടായ്‌മ ഭൂരിപക്ഷം നേടി. ജമ്മു കശ്‌മീരിൽ ഇന്ത്യ കൂട്ടായ്‌മയ്‌ക്ക് വിജയം. നാഷണൽ കോൺഫ്രൻസ് നേതാവ് ഒമർ അബ്ദുള്ള മുഖ്യമന്ത്രി.
ഇലക്ടറൽ ബോണ്ട്‍ റദ്ദാക്കി
ഒന്നാംമോദി സർക്കാർ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ട് പദ്ധതി ഫെബ്രുവരി 15ന് സുപ്രീംകോടതി ഭരണഘടനാബെഞ്ച് റദ്ദാക്കി. പദ്ധതിക്കെതിരെ നിയമപോരാട്ടം നടത്തുകയും ഇലക്‌ടറൽ ബോണ്ട് സ്വീകരിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്‌ത സിപിഐ എമ്മിന്റെ ധീരനിലപാടാണ് ശരിവച്ചത്.
ചരിത്രപോരാട്ടം
സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസർക്കാരിന് താക്കീതുമായി ഫെബ്രുവരി എട്ടിന് ഡൽഹിയിൽ കേരളത്തിന്റെ ഐതിഹാസിക സമരം. പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ അന്നത്തെ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, തമിഴ്‌നാട് മന്ത്രി പളനിവേൽ ത്യാഗരാജ് ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മൻ, ജമ്മു കശ്‌മീർ മുൻമുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുള്ള, കപിൽ സിബൽ എന്നിവർ പിന്തുണയുമായെത്തി.
കെജ്‌രിവാളിന്റെ രാജി
മദ്യനയക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. അതിഷി മുഖ്യമന്ത്രിയായി.
ഹിൻഡൻബർഗ് വീണ്ടും
സെബിയുടെ ചെയർപേഴ്സൺ മാധബി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്റെ നിഴൽ കമ്പനികളിൽ പങ്കാളിത്തമുണ്ടെന്ന വെളിപ്പെടുത്തലുമായി അമേരിക്കൻ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ്. കേന്ദ്രം കാര്യമായി അന്വേഷിച്ചില്ല.
അദാനിക്ക് അറസ്റ്റ് വാറണ്ട്
സൗരോർജ വൈദ്യുതി വിൽപ്പന കരാർ നേടിയെടുക്കാൻ ഇന്ത്യയിൽ 2000 കോടിയിലേറെ രൂപയുടെ കോഴയിടപാട് നടത്തിയതിന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, അനന്തിരവൻ സാഗർ അദാനി എന്നിവരടക്കം എട്ടുപേർക്കെതിരെ ന്യൂയോർക്ക് ഗ്രാൻഡ് ജൂറി അറസ്റ്റ്‌വാറണ്ട്.
പുതിയ ക്രിമിനൽ നിയമം
ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി) ഭാരതീയ ന്യായ് സംഹിത (ബിഎൻഎസ്)യും സിആർപിസി ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്‌എസ്)യും തെളിവുനിയമം ഭാരതീയ സാക്ഷ്യ അധിനിയമുമായി (ബിഎസ്‌എ) മാറുന്ന പുതിയ ക്രിമിനൽ നിയമങ്ങൾ ജൂലൈ ഒന്നിന് പ്രാബല്യത്തിൽ.
പൗരത്വഭേദഗതി നടപ്പാക്കി
മാർച്ച് 11ന് വിജ്ഞാപനംചെയ്‌ത പൗരത്വ ഭേദഗതി നിയമം രാജ്യത്ത് പ്രാബല്യത്തിൽ. കേരള സർക്കാരും മുസ്ലിംലീഗും സിഎഎയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു.
ഇന്ത്യ – കാനഡ
ഹർദീപ് സിങ് നിജ്ജാർ വധക്കേസിനെച്ചൊല്ലി ഇന്ത്യ–- കാനഡ ഉഭയകക്ഷി ബന്ധത്തിൽ വിള്ളൽ. നിജ്ജാറിന്റെ കൊലപാതകം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നയതന്ത്ര ഉദ്യോഗസ്ഥരുടെയും അറിവോടെയെന്ന് കാനഡ.
തീയണയാതെ മണിപ്പുർ
കുക്കി മേഖലകളിൽ തീവ്ര മെയ്‌ത്തീ സായുധ സംഘങ്ങൾ ഡ്രോൺ ആക്രമണം നടത്തിയതോടെ മണിപ്പുര്‍ അശാന്തമായി തുടരുന്നു. സംഘർഷമേഖലയിൽനിന്ന് അസം റൈഫിൾസിനെ പിൻവലിച്ച് സിആർപിഎഫിനെ വിന്യസിച്ചു. ഗവർണർ സംസ്ഥാനം വിട്ടു. പ്രധാനമന്ത്രി തിരിഞ്ഞുനോക്കിയിട്ടില്ല.
നീറ്റ്, നെറ്റ് വിവാദം
മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റി(നീറ്റ് യുജി)ന്റെ നടത്തിപ്പിൽ ക്രമക്കേട്. രാജ്യമാകെ പ്രതിഷേധം. യുജിസി നെറ്റ് പരീക്ഷയിലും ക്രമക്കേടുകൾ.
പുതിയ ചീഫ്‍ ജസ്റ്റിസ്
ജസ്റ്റിസ് സഞ്‌ജീവ് ഖന്ന സുപ്രീംകോടതിയുടെ 51–-ാമത് ചീഫ് ജസ്റ്റിസായി നവംബർ 10ന് അധികാരമേറ്റു.
പാലങ്ങളുടെ തകർച്ച
ബിഹാറിൽ 11 പാലം തകർന്നുവീണു. ഗുജറാത്തിൽ നിർമാണത്തിലിരുന്ന ബുള്ളറ്റ് ട്രെയിൻ പാലം തകർന്നു. കോടികൾ ചെലവിട്ട് നിർമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിൽ അനാച്ഛാദനം ചെയ്‌ത ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നു. പുതിയ പാർലമെന്റ് മന്ദിരത്തിലും അയോധ്യ രാമക്ഷേത്രത്തിലും ചോർച്ച. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌ത മധ്യപ്രദേശിലെ ജബൽപുർ എയർപോർട്ടിന്റെയും ഡൽഹി എയർപോർട്ടിന്റെയും മേൽക്കൂര തകർന്നു.
കൊൽക്കത്ത ബലാത്സംഗം
കൊൽക്കത്തയിലെ, ആർ ജി കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിൽ രാജ്യവ്യാപക പ്രതിഷേധം.
ജമ്മുവിൽ പിഴച്ച് കേന്ദ്രം
ജമ്മു കശ്‌മീരിൽ സമാധാനം കൊണ്ടുവന്നെന്ന് കേന്ദ്രം അവകാശപ്പെടുമ്പോൾ ഭീകരവാദികളുടെ ആക്രമണത്തിൽ 25ലേറെ സൈനികരാണ് ഈ വർഷം കൊല്ലപ്പെട്ടത്.
ഹാഥ്‌രസ് ദുരന്തം
ഉത്തർപ്രദേശിലെ ഹാഥ്‌രസിലെ ഫുൽറായ് ഗ്രാമത്തിൽ ആൾദൈവം ഭോലെ ബാബയുടെ പ്രാർഥനായോഗത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 120 ലധികം പേർ മരിച്ചു.
ന്യൂനപക്ഷ ആക്രമണങ്ങൾ
ഉത്തർപ്രദേശിലെ സംഭലിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഷാഹി ജുമാ മസ്‌ജിദിലെ സർവേയ്‌ക്കിടെയുണ്ടായ പൊലീസ് വെടിവയ്‌പിൽ അഞ്ച് മരണം. വിവിധ സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങളുടെ വീടുകൾക്ക് നേരെയും മുസ്ലിം പള്ളികൾക്ക് നേരെയും ബുൾഡോസർ രാജ്. ഹരിയാനയിൽ ഗോസംരക്ഷകർ 12–-ാം ക്ലാസ് വിദ്യാർഥിയെ വെടിവച്ച് കൊന്നു.









0 comments