മനുഷ്യസ്നേഹത്തിന്റെ നദി ഒഴുകട്ടെ

gaza
avatar
ഷീലാ ടോമി

Published on Jan 01, 2025, 12:43 AM | 1 min read

പല ദേശങ്ങളിൽ, രാജ്യങ്ങളിൽ, യുദ്ധങ്ങളുടെയും അധിനിവേശത്തിന്റെയും പലായനത്തിന്റെയും രക്തനദികൾ ഒഴുകിയ വർഷമാണ് കടന്നുപോകുന്നത്. പലസ്‌തീനിൽ വടക്കുനിന്ന് തെക്കോട്ട് അധിനിവേശ സേന തുരത്തി വിട്ട ഇരുപത് ലക്ഷം മനുഷ്യരുടെ വ്യഥകൾ ഇന്നും അണയാതെ നിൽക്കുന്നു. ലോകത്തിലെ ആറായിരത്തിൽ പരം ഭാഷകൾക്കും വിവരിക്കാനാവില്ല എല്ലാം നഷ്ടപ്പെട്ട ദേശമില്ലാത്ത ജനതയുടെ നൊമ്പരങ്ങൾ.


ഗാസയിൽ കുഞ്ഞിക്കാലുകളിൽ പേരെഴുതുന്ന അമ്മമാരെ നാം കണ്ടു, പോയവർഷം. ശരീരഭാഗം എങ്കിലും തിരിച്ചറിയാൻ. ഇസ്രയേലി സൈന്യം ഗാസയിലെ അവസാനത്തെ ആശുപത്രിയും ബോംബിട്ട് തകർത്തപ്പോൾ ഓക്സിജൻ ഇല്ലാതെ, ജീവൻ രക്ഷാ ഉപകരണങ്ങൾ ഇല്ലാതെ മരിക്കുന്ന മനുഷ്യരെയും അവർക്ക് കൂട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകരെയും നാം കണ്ടു. നിശബ്ദരാക്കപ്പെട്ടവരും കൊല്ലപ്പെട്ടവരുമായ കവികളെ കണ്ടു. ഇതെല്ലാം ലോകത്തെ അറിയിക്കേണ്ട മാധ്യമപ്രവർത്തകരെയും ഉന്നംവച്ച്‌ കൊല്ലുന്നതും കണ്ടു.


വ്യക്തിയെ, ജനതയെ, മാനസികമായും ശാരീരികമായും തകർക്കാൻ നാസികൾ പ്രയോഗിച്ച ഭീകരതയുടെ മനശാസ്‌ത്രംതന്നെ നാസിസത്തിനിരയായ ജൂതന്മാരുടെ പേരിൽ ഇന്ന്‌ സയണിസ്‌റ്റുകൾ ലോകത്തിന്റെ മറ്റൊരു കോണിൽ നടപ്പാക്കുമ്പോൾ ലോകം അന്ധാളിക്കുകയാണ്‌. എത്ര വേഗമാണ്‌ ഇരകൾ വേട്ടക്കാരായി മാറിയത്‌. മതിലുകളോ ചെക്‌പോസ്‌റ്റുകളോ ഇല്ലാത്ത ലോകമാണ്‌ പലസ്‌തീനിലെ ഓരോ കുഞ്ഞും സ്വപ്നം കാണുന്നത്‌. നമ്മൾ ‘സ്വതന്ത്ര മനുഷ്യർ’ എഴുതാൻ മടിക്കുന്ന സത്യമാണവർ. നമുക്കറിയില്ല, കാൽക്കീഴിലെ ഭൂമി തട്ടിയെടുക്കപ്പെടുന്നവരുടെ നൊമ്പരം. അവർ മുക്കാൽ നൂറ്റാണ്ടായി അനുഭവിക്കുന്ന കെടുതികൾ നമുക്ക്‌ വാർത്തകൾ പോലുമല്ലാതായി.


മനുഷ്യാവകാശ ലംഘനങ്ങൾ ലോകമെങ്ങും തുടർക്കഥ ആവുമ്പോൾ ഭരണകൂടങ്ങളും തീവ്ര മതാധിഷ്ഠിത നിലപാടുകളും ‘പ്രതി’പക്ഷത്തു തന്നെ. സമാധാനം പുലരുന്ന ഒരു പുതുവർഷം കാണാനെങ്കിലും ഇനി ആവുമോ എന്ന ആശങ്ക ലോകമെങ്ങുമുണ്ട്‌. എങ്കിലും നമുക്ക്‌ മനുഷ്യസ്നേഹത്തിന്റെ നദി ഒഴുകുന്ന ഒരു പുതുവർഷം പ്രത്യാശിക്കുകയെങ്കിലും ചെയ്യാം.


(പലസ്‌തീൻ പ്രമേയമായ ‘ആ നദിയോട്‌ പേര്‌ ചോദിക്കരുത്‌’ എന്ന നോവലിന്റെ രചയിതാവാണ്‌ ലേഖിക)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home