വിജ്ഞാന ഉൽപ്പാദനം ഉത്തരവാദിത്വമായി കണ്ടു

b iqbal
avatar
ഡോ. ബി ഇക്‌ബാൽ

Published on Jan 01, 2025, 02:00 PM | 1 min read

ഗവേഷണത്തിലുള്ള ഡോ. കെ എസ്‌ മണിലാലിന്റെ താൽപ്പര്യം എന്നെ അത്ഭുതപ്പെടുത്തിയ ഒന്നാണ്‌. ഗവേഷണ വിദ്യാർഥികൾക്ക്‌ ഏറ്റവും നല്ല മാർഗദർശിയാകാൻ അദ്ദേഹത്തിന്‌ കഴിയുമായിരുന്നു. അത്തരം വിദ്യാർഥികൾ അദ്ദേഹത്തെ സന്ദർശിക്കണമെന്ന്‌ ആഗ്രഹിച്ചയാളാണ്‌ ഞാൻ. കേരളത്തിലെ വിവിധ സസ്യങ്ങളുടെ വർഗീകരണത്തിൽ (ടാക്‌സോണമി) പ്രധാനപ്പെട്ട സംഭാവനകളാണ്‌ അദ്ദേഹം നൽകിയത്‌. കേരളത്തിന്‌ വലിയ സാധ്യതകൾ നൽകുന്ന ഒരു മേഖലയാണ്‌ അദ്ദേഹം തുറന്നിട്ടത്‌. സൈലന്റ്‌ വാലിയിലെ സസ്യസമ്പത്തിനെക്കുറിച്ച് ഡോ. മണിലാലിന്റെ നേതൃത്വത്തിൽ നടന്ന വിലപ്പെട്ട പഠനങ്ങളെക്കൂടി മുൻനിർത്തിയാണ് അവിടെ അണക്കെട്ട് പാടില്ലെന്ന നിർണായക തീരുമാനത്തിലേക്ക് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി എത്തിയത്‌.


ചെറുപ്പത്തിൽ പിതാവിന്റെ പഠനമുറിയിൽ കണ്ട ഒരു കടലാസിലാണ് ഹോർത്തൂസിനെപ്പറ്റി ആദ്യമായി ഡോ. മണിലാൽ മനസ്സിലാക്കിയത്. പിന്നീട് അരനൂറ്റാണ്ടിലേറെക്കാലം അദ്ദേഹം ഹോർത്തൂസുമായി ബന്ധപ്പെട്ട ഗവേഷണ സപര്യയിൽ മുഴുകി. ഇന്ത്യൻ സസ്യജാലങ്ങളെക്കുറിച്ച്‌ അമൂല്യ വിവരങ്ങളടങ്ങിയതാണ് ഹോർത്തൂസ് മലബാറിക്കൂസ് എന്നിരിക്കെ മണിലാൽസാർ ഒഴികെ മറ്റൊരു ഇന്ത്യൻ സസ്യശാസ്ത്രജ്ഞനോ ആയുർവേദ ആചാര്യനോ ഈ വിശിഷ്ഠ ഗ്രന്ഥത്തെപ്പറ്റി പഠിക്കാനോ ഗവേഷണം നടത്താനോ ശ്രമിച്ചിട്ടില്ല.


കേരള സർവകലാശാല വൈസ്ചാൻസലറായിരുന്നപ്പോൾ എനിക്കേറ്റവും സംതൃപ്തിയും സന്തോഷവും നൽകിയ അനുഭവം ഹോർത്തൂസ് മലബാറിക്കൂസിന്റെ ഇംഗ്ലീഷ് പരിഭാഷ 2003ൽ പ്രസിദ്ധീകരിക്കാനായതാണ്‌. ഞാൻ കോഴിക്കോട് നേരിട്ടെത്തിയാണ്‌ ഹോർത്തൂസിന്റെ പരിഭാഷ പ്രസിദ്ധീകരിക്കുന്നത്‌ സംബന്ധിച്ച സർവകലാശാലയുടെ ആവശ്യം അദ്ദേഹത്തെ അറിയിച്ചത്‌. ആ കാലത്ത്‌ സർവകലാശാലകളോട്‌ ചേർന്ന്‌ പ്രവർത്തിക്കാൻ അദ്ദേഹം വിമുഖത കാണിച്ചിരുന്നു. നിരന്തരം സംസാരിച്ചപ്പോൾ തയ്യാറായി. അങ്ങനെയാണ്‌ ആ ഗവേഷകപ്രതിഭയെ പരിചയപ്പെടാൻ കഴിഞ്ഞത്‌.


സുഖമില്ലാതെ കോഴിക്കോട്ടെ വീട്ടിൽ വിശ്രമിക്കുന്ന മണിലാൽസാറിനെ കഴിഞ്ഞ ആഗസ്‌തിൽ കാണാനും അൽപ്പസമയം സംസാരിക്കാനും സാധിച്ചിരുന്നു. കേരളത്തിലെ ഔഷധസസ്യങ്ങളുടെ അടിസ്ഥാനത്തിൽ ഔഷധഗവേഷണത്തിന്‌ വലിയ സാധ്യതയാണ്‌ അദ്ദേഹം നമുക്ക്‌ നൽകിയത്‌. പക്ഷേ, അദ്ദേഹത്തിന്റെ മഹത്വവും സംഭാവനകളും ആരും കൃത്യമായി മനസ്സിലാക്കിയിട്ടില്ല എന്നാണ്‌ എന്റെ അഭിപ്രായം. വിജ്ഞാന ഉൽപ്പാദനം ഉത്തരവാദിത്വമായി കണ്ടയാളാണ്‌ അദ്ദേഹം. പിന്നീട്‌ ആരോഗ്യം മോശമാകുകയും പക്ഷാഘാതം വന്ന്‌ കിടപ്പാകുകയും ചെയ്തു. അദ്ദേഹത്തിന്റെ മരണം കേരളത്തിന്‌ വലിയ നഷ്‌ടമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home