28 March Tuesday


പുലരികൾ സന്ധ്യകൾ ; കേന്ദ്രാവഗണനയുടെ നെരിപ്പോടിൽ നിൽക്കുമ്പോഴും എല്ലാ ജനവിഭാഗങ്ങളെയും കൈപിടിച്ചുയർത്തുന്ന ബജറ്റ്‌

ദിനേശ്‌ വർമUpdated: Saturday Feb 4, 2023


തിരുവനന്തപുരം
കേരളത്തിന്റെ സവിശേഷ സാഹചര്യവും അനുകൂല ഘടകങ്ങളും മുന്നേറ്റത്തിനുള്ള ഊർജമാക്കി പുതിയ പുലരിയിലേക്കുള്ള പ്രയാണമായി ബജറ്റ്‌ നിർദേശങ്ങൾ. കേന്ദ്രാവഗണനയുടെ നെരിപ്പോടിൽ നിൽക്കുമ്പോഴും എല്ലാ ജനവിഭാഗങ്ങളെയും കൈപിടിച്ചുയർത്തുന്ന ഉത്തരവാദിത്വം.
കാൽനൂറ്റാണ്ട്‌ മുന്നിൽക്കണ്ട്‌ എൽഡിഎഫ്‌ വിഭാവനം ചെയ്യുന്ന നവകേരള പരിപാടികളുടെ ഭാഗമാണ്‌ പല വികസന നിർദേശങ്ങളും. കാർഷിക, വ്യാവസായിക ഉൽപ്പാദന, തൊഴിൽ മേഖലകളിൽ കുതിപ്പ്‌ നിലനിർത്തും. വയോജനങ്ങളുടെ സന്ധ്യകളെ നക്ഷത്രത്തിളക്കമുള്ളതാക്കും.

മേക്ക്‌ ഇൻ കേരള നരേന്ദ്ര മോദിയുടെ ‘ മേക്ക്‌ ഇൻ ഇന്ത്യ’ തള്ളുപോലെയല്ലെന്ന്‌ വ്യാവസായിക രംഗത്തെ ഇതിനകമുള്ള മുന്നേറ്റം തെളിയിച്ചു. വിദേശ സാങ്കേതിക സഹായത്തോടെ ഗ്രാഫീൻ രംഗത്തുള്ള ഗവേഷണ പ്രവർത്തനം കൂടുതൽ വ്യവസായത്തെ ആകർഷിക്കും. മൊബൈൽ ഫോൺ അടക്കം ഡിജിറ്റൽ ഉപകരണങ്ങളുടെ നിർമാണച്ചെലവ്‌ കുറയ്ക്കുന്നതാണ്‌ ഗ്രാഫീൻ. ഡിജിറ്റൽ പാർക്കിന്റെ ഭാഗമായുള്ള വിവിധ ശാസ്‌ത്ര സംരംഭങ്ങൾ വരുംകാല സമൂഹത്തെ മുന്നിൽക്കണ്ടുകൂടിയുള്ള നിക്ഷേപങ്ങളാണ്‌.

62 ലക്ഷം പേർക്ക്‌ നൽകുന്ന ക്ഷേമ പെൻഷനുൾപ്പെടെ ഒരു ആനുകൂല്യവും ശമ്പള പരിഷ്കരണവും മുടങ്ങില്ലെന്ന ഉറപ്പ്‌, വിലപിടിച്ചുനിർത്താനുള്ള 2200 കോടി എന്നിവ സർക്കാർ ആർക്കൊപ്പമെന്നത്‌ ആവർത്തിച്ച്‌ വ്യക്തമാക്കുന്നു. പൊതുമേഖലയിൽ പണംമുടക്കി വാർത്തെടുക്കുന്ന മിടുക്കരായ വിദ്യാർഥികളുടെ ബൗദ്ധികശേഷിയും സംഭാവനകളും നാടിനുതന്നെ പ്രയോജനപ്പെടുത്തണമെന്ന ആശയം പ്രധാനം. പശ്ചാത്തല, വൈജ്ഞാനിക, വ്യാവസായിക രംഗത്തുണ്ടാക്കുന്ന കുതിച്ചുചാട്ടം ഈ ലക്ഷ്യം നേടുന്നതിന്‌ സഹായകമാണ്‌.

കേരളത്തിനുമുന്നിൽ തുറന്നിടുന്ന വൻസാധ്യതയാണ്‌ ആഗോള ഹെൽത്ത്‌ ഹബ്ബ്‌. വൻചികിത്സാ ചെലവുള്ള രാജ്യങ്ങളിൽനിന്ന്‌ ആളുകളെ ആകർഷിക്കാനാകും. ആയുർവേദവും വിനോദസഞ്ചാരവും മറ്റുമായി ബന്ധിപ്പിച്ച്‌ ഇതിന്റെ സാധ്യതകൾ വർധിപ്പിക്കാം. കാർഷിക മേഖലയിലുള്ള ഊന്നലിൽ മാറ്റമില്ല. കെടുതിയനുഭവിക്കുന്ന റബർകർഷകരോട്‌ കേന്ദ്രം കണ്ണടച്ചപ്പോൾ കേരളം 600 കോടി വകയിരുത്തി. യാഥാർഥ്യങ്ങളെ ഉൾക്കൊണ്ട്‌ എപ്രകാരം മുന്നേറാമെന്നതാണ്‌ ഈ ബജറ്റ്‌. ജനങ്ങൾക്ക്‌ നൽകേണ്ടതെല്ലാം വിൽപ്പനയ്ക്കുവയ്ക്കുന്ന കേന്ദ്രനയത്തിന്‌ ബദലായി എങ്ങനെ പരമാവധി ജനങ്ങളെ ഉൾക്കൊള്ളാമെന്ന സന്ദേശം.

മുതിർന്നവർക്കും കരുതൽ
വയോധികരുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള സായംപ്രഭ പദ്ധതിക്കായി 6.8 കോടി രൂപ വകയിരുത്തി. വയോമിത്രം പദ്ധതിയുടെ വിവിധ പ്രവർത്തനങ്ങൾക്കായി 27.50 കോടിയും അനുവദിച്ചു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 574.50 കോടി രൂപ വകയിരുത്തി.

അങ്കണവാടിക്കും പരിരക്ഷ
അങ്കണവാടി പ്രവർത്തകർക്ക്‌ ആക്‌സിഡന്റ് ഇൻഷുറൻസും ലൈഫ് ഇൻഷുറൻസും ഉൾപ്പെടുത്തി അങ്കണം എന്ന പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ചു. വാർഷിക പ്രീമിയം 360 രൂപ നിരക്കിൽ അപകടമരണത്തിന് രണ്ടു ലക്ഷം രൂപയും ആത്മഹത്യ അല്ലാതെയുള്ള മറ്റു മരണങ്ങൾക്ക് ഒരു ലക്ഷം രൂപയുമാണ്‌ പരിരക്ഷ.
 

ക്ഷേമഭരിതം
കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കാൻ ശ്രമിക്കുന്നതിനിടയിലും സംസ്ഥാനത്തിന്റെ വരുമാനവർധനയും ജനക്ഷേമവുമുറപ്പിച്ച്‌ കെ എൻ ബാലഗോപാലിന്റെ മൂന്നാം ബജറ്റ്‌. രാവിലെ മാധ്യമപ്രവർത്തകർക്കും ധനവകുപ്പ്‌ ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കുമൊപ്പം പ്രഭാതഭക്ഷണത്തിനുശേഷം ബജറ്റവതരണത്തിനായി ബാലഗോപാൽ ഔദ്യോഗിക വസതിയിൽനിന്ന്‌ പുറപ്പെട്ടു.

എട്ടേമുക്കാലോടെ സഭയ്‌ക്കുള്ളിൽ. മുഖ്യന്ത്രി പിണറായി വിജയനും മന്ത്രിമാരായ വി ശിവൻകുട്ടി, വി എൻ വാസവൻ, റോഷി അഗസ്റ്റിൻ, കെ കൃഷ്‌ണൻകുട്ടി, ജെ ചിഞ്ചുറാണി, എ കെ ശശീന്ദ്രൻ തുടങ്ങിയവരും കക്ഷിനേതാക്കളും ഭരണപക്ഷ എംഎൽഎമാരും ചേർന്ന്‌ ധനമന്ത്രിയെ സീറ്റിലേക്ക്‌ ആനയിച്ചു. മേശപ്പുറത്ത്‌ ബജറ്റ്‌ പ്രസംഗമടങ്ങിയ ബാഗ്‌ വച്ചശേഷം പ്രതിപക്ഷ നിരയിലേക്ക്‌ നടന്നു. കെ കെ രമ, റോജി ജോൺ, എൻ ഷംസുദീൻ, അനൂപ്‌ ജേക്കബ്‌, ടി സിദ്ദിഖ്‌, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങി പ്രതിപക്ഷ ബെഞ്ചിലുണ്ടായിരുന്നവരുമായി സംസാരിച്ചശേഷം വീണ്ടും സീറ്റിലേക്ക്‌. സിപിഐ എം സംസ്ഥാന സെക്രട്ടറി കൂടിയായ എം വി ഗോവിന്ദനുമായും കുശലാന്വേഷണം. സീറ്റിൽ മടങ്ങിയെത്തിയ മന്ത്രിക്കരികിലേക്ക്‌ എം ബി രാജേഷ്‌, ആന്റണി രാജു, പി രാജീവ്‌, വി അബ്ദുറഹിമാൻ, വീണാ ജോർജ്‌ തുടങ്ങിയവരെത്തി അഭിവാദ്യമർപ്പിച്ചു.

ടാബ്‌ ഓൺചെയ്‌തപ്പോഴേയ്‌ക്കും സ്പീക്കർ എ എൻ ഷംസീർ സഭയിലെത്തി. കൃത്യം ഒമ്പതിനാരംഭിച്ച ബജറ്റ്‌ പ്രസംഗം രണ്ട്‌ മണിക്കൂറും 18 മിനിറ്റും നീണ്ടു.  ബജറ്റ്‌ കേൾക്കാൻ ബാലഗോപാലിന്റെ ഭാര്യ ആശാപ്രഭാകരനും മകൻ ശ്രീഹരിയും സഭയിലെത്തിയിരുന്നു. ബജറ്റവതരണം പൂർത്തിയായതോടെ മുഖ്യമന്ത്രിയടക്കമുള്ളവർ അഭിനന്ദനവുമായി സീറ്റിനരികിലേക്ക്‌. പ്രതിപക്ഷം പതിവ്‌ പ്രതിഷേധവുമായി എഴുന്നേറ്റു. പ്രതിഷേധത്തെ തോൽപ്പിക്കുന്ന കൈയടികൾക്കിടയിലൂടെയാണ്‌ മന്ത്രി ബജറ്റവതരണം പൂർത്തിയാക്കി മടങ്ങിയത്‌.

അവൾക്കൊപ്പം
സ്‌ത്രീശാക്തീകരണം ഉറപ്പിച്ച്  ജനകീയസർക്കാരിന്റെ രണ്ടാം ബജറ്റ്. സ്ത്രീമുന്നേറ്റത്തിനുള്ള നിയമവും അവലോകനവും പ്രവർത്തനത്തിനുമള്ള പ്രത്യേക തുക ബജറ്റിൽ ഉൾപ്പെടുത്തി. വനിതകൾക്ക്‌ നാമമാത്ര തുക മാത്രമാണ്‌ കേന്ദ്ര ബജറ്റിലുണ്ടായിരുന്നത്‌.

സ്ത്രീസുര​ക്ഷാ നിയമം കൊണ്ടുവരാൻ  14 കോടി
ജെൻഡർ പാർക്കിന് 10 കോടി ‍
ട്രാൻസ്ജെൻഡർ മഴവിൽ പദ്ധതിക്ക്  5.2 കോടി
വനിതാ വികസന കോർപറേഷന്‌ 19.30 കോടി
നിർഭയ പദ്ധതിക്ക്‌ 10 കോടി
കുടുംബശ്രീക്ക്‌ 260 കോടി
വനിതാ സഹകരണ സംഘങ്ങൾക്കും 
ഫെഡിനും 2.5 കോടി
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക്‌ 230 കോടി
പട്ടികജാതി യുവതികൾക്ക് വിവാ​ഹ  ധനസഹായം 84.39 കോടി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top