05 August Wednesday

പരിസ്ഥിതി കാഴ്‌ചപ്പാട്‌ സുവ്യക്‌തം - കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു

കോടിയേരി ബാലകൃഷ്ണൻ Updated: Friday Jun 5, 2020പരിസ്ഥിതി സംരക്ഷണത്തിലെ കമ്യൂണിസ്റ്റ് കാഴ്‌ചപ്പാട് എന്ത് എന്ന ചോദ്യം ലോക പരിസ്ഥിതിദിനമായ ഇന്ന് സ്വാഭാവികമായി വരാം. പ്രത്യേകിച്ച് കോവിഡ്–-19 മനുഷ്യരാശിയുടെ നിലനിൽപ്പിനെ വെല്ലുവിളിക്കുമ്പോൾ. പ്രകൃതിയും പ്രകൃതിയുടെ പ്രതിഭാസങ്ങളും കോവിഡിന്റെ സൃഷ്ടിക്ക് കാരണമായിട്ടുണ്ടെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രകൃതിയുടെ പകപോക്കലാണോ ഈ വൈറസ്‌ വ്യാപനം എന്ന ആശങ്ക പ്രകടിപ്പിക്കുന്നവരുമുണ്ട്. കൃഷി, മൃഗപരിപാലനം, വ്യവസായം, കമ്പോളം, ശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയവയെ പ്രകൃതിപരമല്ലാത്ത രീതിയിലൂടെ മനുഷ്യൻ കൈകാര്യം ചെയ്യുന്നുണ്ട്. അത് അമിതലാഭംമാത്രം ലക്ഷ്യംവയ്ക്കുന്ന വ്യവസ്ഥിതിയുടെ തകരാറാണ്. ഇതിന്റെ ഫലമായാണ് പുതിയ  വൈറസ്‌ വ്യാപനം  ഉണ്ടായതെന്ന് ചില പ്രഗത്ഭ ശാസ്ത്രജ്ഞർ വിലയിരുത്തുന്നുണ്ട്. അതായത്‌, മുതലാളിത്തവ്യവസ്ഥയുടെ സാർവദേശീയ ധനവിപണിയുടെ ലാഭമോഹം പ്രകൃതിനാശത്തിന് ഇടയാക്കുന്നുവെന്ന് സാരം.

കൊറോണ വൈറസിനെ നിർവീര്യമാക്കാനുള്ള മരുന്നും വാക്സിനും കണ്ടുപിടിക്കാനുള്ള കൊണ്ടുപിടിച്ച പരിശ്രമത്തിലാണ്‌ ലോകം. ഭൂമിയുടെ ആരോഗ്യവും മനുഷ്യന്റെ ആരോഗ്യവും പരസ്പരം ബന്ധിതമാണ്. ഭൂമിക്ക്‌ ചൂട് കൂടിയാൽ മനുഷ്യന്റെ ആരോഗ്യസ്ഥിതിയെ ബാധിക്കും. ആഗോളതാപനം പരിസ്ഥിതി ആഘാതം സൃഷ്ടിക്കും. ഈ പശ്ചാത്തലത്തിൽ വേണം കോവിഡ്–- 19നെ വിലയിരുത്താൻ. 66 ലക്ഷം പേർ രോഗബാധിതരാണ്‌. 3.89  ലക്ഷം പേർ മരിക്കുകയുംചെയ്തു. ഇന്ത്യയിലാകട്ടെ രോഗബാധിതരുടെ എണ്ണം രണ്ട്‌ ലക്ഷം കടന്നു. ഈ ഘട്ടത്തിൽ സാമൂഹ്യമായ പ്രതിരോധ പ്രവർത്തനങ്ങളും വ്യക്തിപരമായ ചികിത്സയും ഫലപ്രദമാക്കുകയെന്നതാണ് ചെയ്യേണ്ടത്. ഇക്കാര്യത്തിൽ ലോകത്തിലെയും ഇന്ത്യയിലെയും നല്ലൊരു പങ്ക് പ്രദേശങ്ങൾ പരാജയപ്പെട്ടിരിക്കുകയാണ്. എന്നാൽ, കേരളം നല്ല ചുവടുവയ്‌പോടെ ലോകമാതൃകയായിരിക്കുകയാണ്. അതിന് കാരണം ‘ആരോഗ്യവ്യവസായം' എന്ന മുതലാളിത്ത രീതിക്കുപകരം ‘ആരോഗ്യസേവനം' എന്നതിൽ എൽഡിഎഫ് സർക്കാർ കേരളത്തെ നയിക്കുന്നതുകൊണ്ടാണ്.

പരിസ്ഥിതി സംരക്ഷണ വിഷയങ്ങളിൽ കമ്യൂണിസ്റ്റുകാർ വേണ്ടത്ര ഗൗരവം ഇന്നലെവരെ കാട്ടിയിരുന്നില്ലെന്നും അതിനെ അവഗണിച്ചെന്നും വിമർശം വരാറുണ്ട്. ഇക്കാര്യത്തിൽ സ്വയംവിമർശം നടത്താനും ഏതെങ്കിലും ഘട്ടത്തിൽ അപ്രകാരം നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിൽ ആ തെറ്റ് തുറന്നുപറയാനും തിരുത്താനും കമ്യൂണിസ്റ്റുകാർക്ക് മടിയില്ല. എന്നാൽ, പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത കാൾ മാർക്സും ഏംഗൽസുമെല്ലാം സഗൗരവം പരിഗണിച്ചിട്ടുണ്ട്. മനുഷ്യൻ പ്രകൃതിയുടെ അവിഭാജ്യഘടകമാണെന്നും അത് മറന്നുകൊണ്ട് പ്രകൃതിയിൽ മാറ്റം വരുത്താൻ മനുഷ്യൻ ഇടപെടരുതെന്നും മാർക്സും ഏംഗൽസും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രകൃതിക്കുമേൽ ഇടപെട്ട് മനുഷ്യസമൂഹം പല നേട്ടങ്ങളും ഉണ്ടാക്കുന്നുണ്ടെങ്കിലും ഓരോ വിജയത്തിലും പ്രകൃതി നമ്മളോട് പകരം വീട്ടുന്നുണ്ടെന്ന് ഏംഗൽസ് ‘ഡയലറ്റിക്‌സ്‌ ഓഫ്‌ നേച്ചർ' എന്ന കൃതിയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആദ്യം ജയിച്ചാലും രണ്ടാമതോ മൂന്നാമതോ വലിയ പ്രത്യാഘാതം മനുഷ്യന് സംഭവിക്കും എന്നുവരെ ഏംഗൽസ് പറഞ്ഞുവച്ചിരുന്നു. കോവിഡ്–- 19ന്റെ വ്യാപനഘട്ടത്തിൽ അദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രസക്തിയേറുന്നു.


 

അതിനാൽ, പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിച്ചുകൊണ്ടുള്ള വികസനം, നിർമാണം, വ്യാപാരം, കണ്ടുപിടിത്തങ്ങൾ തുടങ്ങിയവയാണ്‌ വേണ്ടത്.  ഇതാണ് സിപിഐ എമ്മിന്റെ പരിസ്ഥിതി കാഴ്‌ചപ്പാട്. അതിന് യോജിച്ച വിധത്തിലാണ് എൽഡിഎഫ് സർക്കാർ കഴിഞ്ഞ നാലുവർഷം ഭരണ ചുവടുവയ്‌പുകൾ നടത്തിയിട്ടുള്ളത്. രണ്ട് പ്രളയം നേരിട്ട കേരളത്തെ കോവിഡ് അനന്തരകാലത്ത് നവകേരളമായി പടുത്തുയർത്തണം. പരിസ്ഥിതിയും അതിന്റെ സംരക്ഷണവും പുതിയ കേരളത്തിന്റെ മുൻനിര പട്ടികയിലുണ്ടാകും. കാലാവസ്ഥാ അഭയാർഥികൾ എന്ന  വിധത്തിൽ മാറ്റപ്പെടുന്ന ഒരുവിഭാഗം ജനങ്ങൾ കേരളത്തിലുണ്ടെന്ന് പ്രകൃതിക്ഷോഭങ്ങൾ വിളിച്ചറിയിക്കുന്നു. കാലാവസ്ഥാമാറ്റം വളരെവേഗം ബാധിക്കുന്നവരാണ് അവർ. ഈ വിഭാഗത്തിന് എങ്ങനെയെല്ലാം പുനരധിവാസം ഒരുക്കണമെന്ന് ശാസ്ത്രീയമായി നിശ്ചയിച്ച്‌  വീടുവച്ചുകൊടുക്കുന്ന പ്രവർത്തനങ്ങളിൽ എൽഡിഎഫ് സർക്കാർ ഇതിനകംതന്നെ ഏർപ്പെട്ടിട്ടുണ്ട്‌. പുനർനിർമാണ പ്രക്രിയയിലെ ഒരു പ്രധാന കാര്യമാണിത്. നിലവിൽ തകർന്നുപോയവയെ അതേ ഇടത്തിൽ പുനർനിർമിക്കണോ, അപകടമേഖലയിൽനിന്ന് മാറ്റി നിർമിക്കണോ, പ്രകൃതിക്ഷോഭത്തെ അതിജീവിക്കാൻ കഴിയുന്ന രീതിയിൽ നിർമിക്കണോ എന്ന വിഷയം വന്നു. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പാർപ്പിടമെന്നത് ഒഴിവാക്കപ്പെടുക എന്ന പൊതുധാരണയുണ്ടാക്കി. എന്നാൽ, കൃഷിഭൂമി അവിടെ തുടരുന്നതിൽ അപാകതയില്ല. സുരക്ഷിതസ്ഥലങ്ങളിൽ ഫ്ലാറ്റുൾപ്പെടെ നിർമിച്ചു നൽകാനും സർക്കാർ നടപടിയെടുത്തു. നിർമാണകാര്യങ്ങളിൽ പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനും ശ്രദ്ധിച്ചു. വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന നിർമാണരീതി കുട്ടനാട്ടിലെ പുതിയ കെട്ടിടങ്ങൾക്ക് സർക്കാർ സ്വീകരിച്ചത് ഓർക്കപ്പെടുന്നതാണ്.

പരിസ്ഥിതി സംരക്ഷണത്തിൽ യുഡിഎഫ് സർക്കാരിൽനിന്ന്‌ തികച്ചും വ്യത്യസ്തമാണ് എൽഡിഎഫ് സർക്കാരെന്ന് ഭരണനടപടികൾ സാക്ഷ്യപ്പെടുത്തുന്നു. ആറന്മുളയിൽ കൃഷിയിടങ്ങൾ നശിപ്പിച്ച് വിമാനത്താവളം നിർമിക്കാനാണ് യുഡിഎഫ് സർക്കാർ ശ്രമിച്ചതെങ്കിൽ, പരിസ്ഥിതി സംരക്ഷിച്ച് ശബരിമലയിൽ വിമാനത്താവളം നിർമിക്കാനാണ് എൽഡിഎഫ് സർക്കാർ  മുന്നോട്ടുപോകുന്നത്. സിപിഐ എം സംസ്ഥാന കമ്മിറ്റിതന്നെ പരിസ്ഥിതിവിഷയത്തെപ്പറ്റി ചർച്ചചെയ്ത് നയം രൂപപ്പെടുത്തിയിട്ടുണ്ട്. സർക്കാരിന്റെമാത്രം വിഷയമായി പരിസ്ഥിതി  സംരക്ഷണത്തെ കാണരുത്. അനുഭവങ്ങൾ നൽകുന്ന പാഠം ഉൾക്കൊള്ളുക. അതിന്റെ അടിസ്ഥാനത്തിൽ ഇതുവരെ സ്വീകരിച്ച നിലപാട്‌ സ്വയംവിമർശനാത്മകമായി വിലയിരുത്തി പുതുക്കണം. രണ്ട് പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് ആ നയം പാർടി രൂപപ്പെടുത്തിയത്. ഇന്നലെകളിൽ സ്വീകരിച്ച നിലപാടുകളിൽ ചിലത്‌ തെറ്റായിരുന്നെന്നും ചില നിഗമനങ്ങൾ പാളിപ്പോയി എന്നും അനുഭവം പഠിപ്പിച്ചു.


 

തിരിഞ്ഞുനോക്കി അവ തിരുത്തുക പ്രധാനമാണ്. പരിസ്ഥിതി സംരക്ഷണം സർക്കാരിന്റെമാത്രം ഉത്തരവാദിത്തമാണെന്ന പൊതുബോധത്തിൽ മാറ്റംവരുത്തുന്നതിനുവേണ്ടി നല്ല ക്യാമ്പയിൻ സംഘടിപ്പിക്കേണ്ടതുണ്ട്. സ്വന്തം നിലയിൽ ജീവിതസൗകര്യങ്ങൾ ഉണ്ടാക്കുന്നതിന് പ്രകൃതിയെ പരമാവധി അപകടപ്പെടുത്താമെന്ന് കരുതുന്നവരുണ്ട്. ഇക്കൂട്ടർ പരിസ്ഥിതി സംരക്ഷണം വേണമെന്ന് മുദ്രാവാക്യം മുഴക്കാറുമുണ്ട്. ഈ ഇരട്ടത്താപ്പ് തുറന്നുകാട്ടി അവരെ തിരുത്തണം. പ്രവാസികളുടെ തിരിച്ചുവരവിന്റെ ഈ ഘട്ടത്തിൽ അവരുടെ പുനരധിവാസത്തിനുവേണ്ടി പ്രത്യേക പദ്ധതികൾ നടപ്പാക്കേണ്ടിവരും. അതിന് കേന്ദ്രസർക്കാരിന്റെ വലിയതോതിലുള്ള സഹായമുണ്ടാകണം. അപ്രകാരം നടപ്പാക്കുന്ന പുനരധിവാസ വ്യവസായ, കാർഷിക, ടൂറിസം തുടങ്ങിയ മേഖലയിലെ പദ്ധതികളെല്ലാംതന്നെ പരിസ്ഥിതി സംരക്ഷണം ഉറപ്പുനൽകുന്നതാകണം.

കോവിഡിന്റെ പശ്ചാത്തലത്തിൽ ഭരണപരാജയം മറച്ചുവയ്ക്കുന്നതിന് അമേരിക്കൻ പ്രസിഡന്റ്  ഡോണൾഡ് ട്രംപ് ലോകാരോഗ്യ സംഘടനയെ എതിർക്കുന്നുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനുള്ള ഉച്ചകോടിയുടെ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് അമേരിക്കയുടെ വിഹിതം നൽകുന്നതിനുള്ള വിസമ്മതം ട്രംപ് നേരത്തേ പ്രകടിപ്പിച്ചിരുന്നു. പരിസ്ഥിതി രാഷ്ട്രീയത്തിൽ ക്രിമിനൽ റോളാണ് അമേരിക്കൻ ഭരണകൂടത്തിനുള്ളത്. ഇന്ത്യൻ പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പദ്ധതിയിൽ പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിനുള്ള കാഴ്‌ചപ്പാടുണ്ടായില്ല. കേന്ദ്ര പരിസ്ഥിതി–-  വനം– -കാലാവസ്ഥാ മന്ത്രാലയത്തിന്റെ ഒരു വിജ്ഞാപനം നേരത്തേ വന്നിരുന്നു. അത് പ്രകൃതിയെയും പരിസ്ഥിതിയെയും അപകടത്തിലാക്കുന്നതാണ്. അത് പ്രാബല്യത്തിൽ വരുത്തുമെന്നാണ് പ്രധാനമന്ത്രിയുടെ ഉത്തേജക പദ്ധതിയിലെ പ്രഖ്യാപനം. ഇതുവഴി മോഡി സർക്കാരിന്റെ പരിസ്ഥിതിനയമെന്തെന്ന്‌  വ്യക്തമാവുകയാണ്. 20 ലക്ഷംകോടി രൂപയുടെ ഉത്തേജക പദ്ധതി കാർഷികമേഖലയിലും കോർപറേറ്റുവൽക്കരണത്തെ ശക്തിപ്പെടുത്തുന്നതാണ്. ഏതെല്ലാം തലത്തിൽ നോക്കിയാലും കേന്ദ്രസർക്കാർ നയം ജനപക്ഷ പരിസ്ഥിതി താൽപ്പര്യങ്ങൾക്ക് നിരക്കുന്നതല്ല.

കേന്ദ്രസർക്കാരിൽനിന്ന്‌ വ്യത്യസ്തമായി പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള നടപടികളാണ് എൽഡിഎഫ് സർക്കാർ സ്വീകരിക്കുന്നത്. കോവിഡ്–-19ന്റെ ആഘാതം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ ഭക്ഷ്യലഭ്യതയെ ഗുരുതരമായി ബാധിക്കുന്നതാണ്. മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള പച്ചക്കറി ഉൾപ്പെടെയുള്ളവയുടെ വരവ് കുറയും. ഇത് മുൻകൂട്ടിക്കണ്ടാണ് ‘സുഭിക്ഷ കേരളം' എന്ന കാർഷികമേഖലയിലെ ജനകീയ പദ്ധതി എൽഡിഎഫ് സർക്കാർ നടപ്പാക്കുന്നത്. ഇതിനുകൂടി ശക്തി പകർന്നുകൊണ്ടാണ് പരിസ്ഥിതിദിനത്തിൽ സംസ്ഥാനത്തെമ്പാടും സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഫലവൃക്ഷത്തൈകൾ നടുന്നത്. പാർടിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും പ്രവർത്തകരുടെ വീടുകളിലും തൈകൾ നടണം. നടുന്ന തൈകളുടെ പരിപാലനത്തിനുള്ള ശ്രദ്ധ പാർടി ഘടകങ്ങൾക്കും പ്രവർത്തകർക്കും ഉണ്ടാകണം. ഭൂമിയുടെയും പരിസ്ഥിതിയുടെയും സംരക്ഷണവും പച്ചപ്പും മനുഷ്യന്റെ ആരോഗ്യജീവിതത്തിന് അനിവാര്യമാണ്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top