23 July Tuesday

ഐക്യസമരം 
ശക്തിപ്പെടുത്തുക - സിഐടിയു മെയ്‌ദിന മാനിഫെസ്‌റ്റോ 2023

വെബ് ഡെസ്‌ക്‌Updated: Monday May 1, 2023

തൊഴിലാളികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ തൊഴിലാളി സംഘടനകളുടെ ഐക്യ പോരാട്ടങ്ങളെ ശക്തിപ്പെടുത്തുന്നതിന് സിഐടിയു എന്നും പ്രതിബദ്ധതയോടെ മുന്നിലുണ്ടാകും. തൊഴിലാളികൾക്കിടയിൽ ഉയർന്നുവരുന്ന അസംതൃപ്തിയെ അവരുടെ യഥാർഥ മിത്രങ്ങളും ശത്രുക്കളും ആരാണെന്ന് തിരിച്ചറിയുന്നതിന് സഹായിക്കുന്ന ഉയർന്ന അവബോധമായി പരിവർത്തനം ചെയ്യാനും അവരുടെ മുഴുവൻ ശക്തിയെയും രാജ്യം ഭരിക്കുന്ന കോർപറേറ്റ് വർഗീയ കൂട്ടുകെട്ടിനെതിരെ അണിനിരത്താനും ശ്രമിക്കാം

തൊഴിലാളിവർഗ ഐക്യദാർഢ്യത്തിന്റെ അന്തർദേശീയ ദിനമായ ഈ മെയ്‌ ദിനത്തിൽ, തൊഴിലാളിവർഗത്തിന്റെ അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള പോരാട്ടത്തിൽ ജീവത്യാഗം ചെയ്ത ചിക്കാഗോ രക്തസാക്ഷികളെയും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വർഗപരമായ ചൂഷണത്തിൽനിന്ന് അവരെ മോചിപ്പിക്കുന്നതിനും പടപൊരുതി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവൻ ബലിയർപ്പിച്ചവരെയും സിഐടിയു ആദരവോടെ സ്മരിക്കുന്നു. നമ്മുടെ രാജ്യത്ത് മെയ് ദിനാചരണം 100 വർഷം പൂർത്തിയാക്കുന്നുവെന്ന പ്രത്യേകതകൂടി ഈ മെയ് ദിനത്തിനുണ്ട്‌. 1923ലാണ് എം ശിങ്കാരവേലു അന്നത്തെ മദ്രാസിൽ ചെങ്കൊടി ഉയർത്തി ഇന്ത്യയിൽ മെയ് ദിനാചരണത്തിന് തുടക്കം കുറിച്ചത്. ഇന്ത്യൻ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മാർഗദർശികളായിരുന്ന എല്ലാവരുടെയും ഓർമകൾക്ക് അഭിവാദ്യമർപ്പിക്കുന്നു.

എല്ലാവിഭാഗം തൊഴിലാളികളും അണിനിരക്കുന്ന പോരാട്ടങ്ങളുടെ അലയടികൾ എല്ലാ രാജ്യങ്ങളിലും ഇന്ന് ദൃശ്യമാകുകയാണ്. നൂറ്റാണ്ടുകളായി നടന്ന പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ജീവിക്കാൻ ആവശ്യമായ കൂലി, സാമൂഹ്യസുരക്ഷ ഉൾപ്പെടെയുള്ള തൊഴിലാളികളുടെ അവകാശങ്ങളെ ഇല്ലാതാക്കാൻ എന്തും ചെയ്യാൻ മടിക്കാത്ത മുതലാളിവർഗം കിരാതമായ നീക്കങ്ങൾ നടത്തുകയാണ്‌. ലോകത്താകെ മുതലാളിത്ത വ്യവസ്ഥിതി നേരിടുന്ന രൂക്ഷമായ പ്രതിസന്ധിക്ക് അതിന്റെ ചട്ടക്കൂടിനുള്ളിൽനിന്ന്‌ പരിഹാരം കണ്ടെത്താൻ സാധിക്കുന്നില്ല. ഈ പശ്ചാത്തലത്തിൽ മുതലാളിവർഗം അടിമത്ത വ്യവസ്ഥയ്ക്ക് സമാനമായ സാഹചര്യത്തെ വ്യവസ്ഥാപിതമാക്കുകയെന്ന ലക്ഷ്യത്തോടെ അധ്വാനിക്കുന്ന വർഗത്തിനു നേരെ വൈരാഗ്യ ബുദ്ധിയോടെ ആഞ്ഞടിക്കുകയാണ്. ഭരണകൂട സംവിധാനങ്ങളുടെ പിന്തുണയോടെയുള്ള ചൂഷക വർഗത്തിന്റെ ഇത്തരം ആക്രമണങ്ങൾക്ക് കീഴടങ്ങാതെ എല്ലാ പ്രദേശങ്ങളിലും ശക്തമായ പോരാട്ടങ്ങളിലൂടെ തൊഴിലാളിവർഗം ധീരതയോടെ തിരിച്ചടിക്കുന്നുണ്ട്‌. അമേരിക്ക, ജർമനി, യുകെ, ഫ്രാൻസ്, ഇറ്റലി, ഗ്രീസ് തുടങ്ങിയ നിരവധി രാജ്യങ്ങളിലെ തൊഴിലാളികൾ വൻ പണിമുടക്കുകളും അതിവിപുലമായ പ്രകടനങ്ങളും നടത്തി ഇന്ന് പ്രക്ഷോഭത്തിന്റെ പാതയിലാണ്. വ്യവസായം, ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം, പോസ്റ്റൽ, സർക്കാരിന്റെ കീഴിൽ വരുന്നവ ഉൾപ്പെടെയുള്ള സേവനങ്ങൾ, ചില്ലറ വ്യാപാരം ഉൾപ്പെടെയുള്ള സമസ്ത മേഖലകളിലെയും ദശലക്ഷക്കണക്കിന് തൊഴിലാളികൾ പണിമുടക്കുകളിൽ അണിനിരക്കുന്നു. വിരമിക്കൽ പ്രായം 62ൽനിന്ന് 64 ആക്കുന്ന മാക്രോൺ സർക്കാരിന്റെ തീരുമാനത്തിനെതിരെ ഫ്രാൻസിലെ തൊഴിലാളികൾ നടത്തിയ പണിമുടക്കുകളാണ് ഏറ്റവും അവസാനത്തെ ഉദാഹരണം. വിലക്കയറ്റം, പ്രത്യേകിച്ച് ഭക്ഷണം, ഇന്ധനം എന്നിവയുടെ ജീവിത നിലവാരത്തകർച്ച, മോശമാകുന്ന തൊഴിൽ സാഹചര്യങ്ങൾ, സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങളുടെ വെട്ടിച്ചുരുക്കൽ, തൊഴിലിടങ്ങളിലെ അവകാശങ്ങളും സംഘടനാ സ്വാതന്ത്ര്യവും കവർന്നെടുക്കൽ, വർധിച്ചുവരുന്ന തൊഴിലില്ലായ്മ, കുത്തകകൾക്കും വമ്പൻ കോർപറേറ്റുകൾക്കും പൊതുസമ്പത്ത് കൊള്ളയടിക്കാൻ സൗകര്യമൊരുക്കൽ എന്നിവ എല്ലായിടത്തും സമാനമാണ്.

ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും മനുഷ്യൻ കൈവരിച്ച അഭൂതപൂർവമായ മുന്നേറ്റങ്ങളുടെ സഹായത്തോടെ തൊഴിലാളികളും കർഷകരും വലിയ അളവിൽ ഉൽപ്പാദിക്കുന്ന സമ്പത്തെല്ലാം ഇന്ന് ചില വികസിത രാജ്യങ്ങളും വമ്പൻ കുത്തകകളും കോർപറേറ്റുകളും കൈക്കലാക്കുകയാണ്. അസമത്വം അപമാനകരമായ നിലയിലെത്തി. തൊഴിൽ നഷ്ടങ്ങളും തൊഴിലില്ലായ്മയും ഭാഗികമായോ താൽക്കാലികമായോ മാത്രം തൊഴിൽ ലഭിക്കുന്ന അവസ്ഥയും ആശങ്കാജനകമായി വർധിച്ചു. മഹാഭൂരിപക്ഷത്തിനും മനുഷ്യത്വപരമായ അടിസ്ഥാന ആവശ്യങ്ങൾപോലും നിഷേധിക്കപ്പെടുമ്പോൾ അതിസമ്പന്നർ മനം മടുപ്പിക്കുന്ന ആഡംബര ജീവിതങ്ങൾ നയിക്കുകയാണ്. മുതലാളിത്ത വ്യവസ്ഥിതി ഇന്ന് വ്യവസ്ഥാപരമായ പ്രതിസന്ധിയുടെ പിടിയിലാണ്. ഈ പ്രതിസന്ധിയെ മറികടക്കുന്നതിന് ജനങ്ങളുടെ മേൽ കൂടുതൽ ഭാരം അടിച്ചേൽപ്പിക്കുക എന്നതല്ലാതെ മറ്റ് മാർഗങ്ങളൊന്നും മുതലാളിത്തത്തിന്റെ പക്കലില്ല. ആഗോള പ്രതിസന്ധി കാരണം വെല്ലുവിളികളെ നേരിടുമ്പോഴും ചൈന, വിയറ്റ്നാം, ക്യൂബ, വടക്കൻ കൊറിയ എന്നിവ ഉൾപ്പെടെയുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതനിലവാരം, സർവത്രികമായ ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം എന്നിവയിൽ ഉണ്ടാകുന്ന അഭിവൃദ്ധി സോഷ്യലിസ്റ്റ് വ്യവസ്ഥിതിയുടെ മേൽകൈ കൂടുതൽ വ്യക്തമാകുകയാണ്.

കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ വിവേചനപരമായ സമീപനങ്ങളെ അതിജീവിച്ചും രാജ്യത്ത് ഇന്ന് നിലനിൽക്കുന്ന വ്യവസ്ഥിതി അടിച്ചേൽപ്പിക്കുന്ന അങ്ങേയറ്റത്തെ പരിമിതികളെ നേരിട്ടും ജനാനുകൂലനയങ്ങൾ നടപ്പാക്കുകയും അതിഥിത്തൊഴിലാളികൾ ഉൾപ്പെടെയുള്ള അധ്വാനിക്കുന്ന ജനങ്ങളിലെ വലിയൊരു വിഭാഗത്തിന് ക്ഷേമ ആനുകൂല്യങ്ങൾ ലഭ്യമാക്കിയും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന് സിഐടിയു അഭിവാദ്യം അർപ്പിക്കുന്നു. ത്രിപുരയിൽ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനു ശേഷം വീടുകൾക്ക് തീവച്ചും മീൻ വളർത്തുന്ന കുളങ്ങളിൽ വിഷം കലക്കിയും കൊലപാതകങ്ങൾ നടത്തിയും ബിജെപി ഗുണ്ടകൾ അഴിച്ചുവിടുന്ന മൃഗീയമായ ആക്രമണങ്ങൾക്കെതിരെ പോരാടുന്ന അവിടത്തെ ജനങ്ങൾക്കും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു.

മോദി സർക്കാർ ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യുന്നതിന് അനുവദിക്കുന്നില്ല. അദാനിയുടെ ഓഹരി തിരിമറികളെ തുറന്നുകാട്ടിയ ഹിൻഡൻബർഗ് റിപ്പോർട്ടിനെക്കുറിച്ചും പാർലമെന്റിൽ ചർച്ചയ്ക്ക് തയ്യാറാകാത്ത മോദി സർക്കാർ ഈ വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതിയുടെ അന്വേഷണം നടത്തണമെന്ന ആവശ്യത്തെയും അവഗണിച്ചു. സിബിഐ, ഇഡി, ആദായ നികുതി വകുപ്പ്, പൊലീസ് തുടങ്ങിയ എല്ലാ സർക്കാർ സംവിധാനങ്ങളെയും സർക്കാരിന്റെ നയങ്ങൾക്ക് എതിരായി ഉയരുന്ന ശബ്ദങ്ങളെ ഭീഷണിപ്പെടുത്തി നിശ്ശബ്ദമാക്കുന്നതിനായി ദുരുപയോഗം ചെയ്യുകയാണ്. അടുത്ത വർഷം നടക്കാനിരിക്കുന്ന ചില സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും ലോക്‌സഭാ തെരഞ്ഞെടുപ്പും മുന്നിൽക്കണ്ട് ബിജെപിയും ആർഎസ്എസും വർഗീയ ധ്രുവീകരണം ശക്തിപ്പെടുത്തുകയാണ്. നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെയും അംബേദ്കറുടെ നേതൃത്വത്തിൽ എഴുതിയുണ്ടാക്കിയതും രാജ്യത്തെ ജനങ്ങൾ അംഗീകരിച്ചതുമായ ഭരണഘടനയെയും അട്ടിമറിച്ച്‌ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ആർഎസ്എസിന്റെയും മറ്റ് വർഗീയ ശക്തികളുടെയും വിഘടന തന്ത്രങ്ങൾക്കെതിരെ ജാഗരൂകരായി നിലകൊള്ളുന്നതിനും ജനങ്ങളുടെ ഐക്യത്തെ കാത്തുസൂക്ഷിക്കുന്നതിനും തൊഴിലാളി വർഗം മുന്നിട്ടിറങ്ങണം.

രാജ്യത്തിന്റെ സമ്പദ്ഘടനയെയും രാഷ്ട്രീയ സംവിധാനത്തെയും സാമൂഹ്യവ്യവസ്ഥിതിയെയും കൈകാര്യം ചെയ്യുന്ന നിലവിലുള്ള രീതികളെ മാറ്റി, ഫാസിസ്റ്റ്‌ കാഴ്ചപ്പാടുള്ള അക്രമോത്സുകമായ സ്വേച്ഛാധിപത്യത്തിന്റെ രീതിയിലേക്ക് പുനക്രമീകരിക്കാൻ ലക്ഷ്യമിടുന്ന കേന്ദ്രഭരണം കൈയാളുന്ന കോർപറേറ്റ്‌– -വ-ർഗീയ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭ്രാന്തവും വിനാശകരവുമായ നീക്കങ്ങളിലേക്ക് ഈ മെയ്ദിനത്തിൽ തൊഴിലാളി വർഗത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ്. രാജ്യം ആഴത്തിലുള്ള പ്രതിസന്ധിയെ നേരിടുന്ന ഘട്ടത്തിലും സ്വകാര്യ കോർപറേറ്റ് ശക്തികൾക്ക് രാജ്യത്തിന്റെ വിഭവങ്ങളും ആസ്തികളും അടിസ്ഥാന സൗകര്യ മേഖലയും കൊള്ളയടിക്കുന്നതിന് ഒത്താശ ചെയ്യുന്നു. തൊഴിൽ ബന്ധങ്ങളെ ദുർബലമാക്കുകയെന്ന ലക്ഷ്യത്തോടെ തൊഴിലിടങ്ങളിൽ തൊഴിലാളികളെ ഒരുവിധ അവകാശങ്ങളുമില്ലാത്ത അടിമകളായി തരംതാഴ്ത്തുകയും അംഗീകൃത തൊഴിലാളി സംഘടനകളെയും ഉഭയ കക്ഷി/ത്രികക്ഷി കരാറുകളെയും അപ്രസക്തമാക്കുകയും ചെയ്യുകയാണ്. തൊഴിൽ കോഡുകൾ പാസാക്കി ഇതിന്‌ കളമൊരുക്കിയ ശേഷം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രവൃത്തി സമയം വർധിപ്പിക്കുന്നതിനും സേവന വ്യവസ്ഥകൾ നിയന്ത്രണ വിമുക്തമാക്കുന്നതിനോ കൂടുതൽ അയവുള്ളതാക്കുന്നതിനോ വേണ്ടി ഭരണപരവും നിയമനിർമാണവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കി.

വിനാശകരവും ജനവിരുദ്ധവും അമിതാധികാര പ്രവണത പ്രകടമാക്കുന്നതുമായ ഭരണവർഗത്തിന്റെയും അതിന്റെ ഏജന്റുമാരുടെയും കുതന്ത്രങ്ങൾക്കെതിരെ തൊഴിലാളി വർഗത്തിന്റെ യോജിച്ച പോരാട്ടങ്ങളെ എതിർപ്പിന്റെയും ചെറുത്തുനിൽപ്പിന്റെയും തലങ്ങളിലേക്ക് വ്യാപിപ്പിച്ച്‌ നിശ്ചയദാർഢ്യത്തോടുകൂടി തുടർന്നും പോരാടുമെന്ന് ഈ മെയ് ദിനത്തിൽ സിഐടിയു വീണ്ടും പ്രതിജ്ഞയെടുക്കുകയാണ്. തൊഴിലാളികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ തൊഴിലാളി സംഘടനകളുടെ ഐക്യ പോരാട്ടങ്ങളെ ശക്തിപ്പെടുത്തുന്നതിന് സിഐടിയു എന്നും പ്രതിബദ്ധതയോടെ മുന്നിലുണ്ടാകും. തൊഴിലാളികൾക്കിടയിൽ ഉയർന്നുവരുന്ന അസംതൃപ്തിയെ അവരുടെ യഥാർഥ മിത്രങ്ങളും ശത്രുക്കളും ആരാണെന്ന് തിരിച്ചറിയുന്നതിന് സഹായിക്കുന്ന ഉയർന്ന അവബോധമായി പരിവർത്തനം ചെയ്യാനും അവരുടെ മുഴുവൻ ശക്തിയെയും രാജ്യം ഭരിക്കുന്ന കോർപറേറ്റ് വർഗീയ കൂട്ടുകെട്ടിനെതിരെ അണിനിരത്താനും ശ്രമിക്കാം.ജനവിരുദ്ധ തൊഴിലാളിവിരുദ്ധ ദേശവിരുദ്ധ മോദി സർക്കാരിനെ പരാജയപ്പെടുത്തുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാം. ജനാനുകൂല ബദൽനയങ്ങൾക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ ശക്തിപ്പെടുത്താം.

മെയ് ദിനം നീണാൾ വാഴട്ടെ.
തൊഴിലാളി ഐക്യം നീണാൾ വാഴട്ടെ.
തൊഴിലാളി കർഷക ഐക്യം നീണാൾ വാഴട്ടെ.
സോഷ്യലിസം നീണാൾ വാഴട്ടെ.
മുതലാളിത്തം തകരട്ടെ.
സാമ്രാജ്യത്വം തകരട്ടെ.
തൊഴിലാളിവർഗ അന്തർദേശീയത നീണാൾ വാഴട്ടെ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top