02 April Sunday

ശരീരം സമരായുധം - മഹനാസ്‌ മൊഹമ്മദി സംസാരിക്കുന്നു

കെ എ നിധിൻനാഥ്‌Updated: Friday Dec 16, 2022

ഞങ്ങൾ മറ്റുള്ളവരെ ആശ്രയിച്ചാണ്‌ പ്രക്ഷോഭം നടത്തുന്നതെന്ന്‌ ചിത്രീകരിക്കാനാണ്‌ ഇറാൻ ഭരണനേതൃത്വം ആഗ്രഹിക്കുന്നത്‌. പക്ഷേ, ഞങ്ങൾ ശരീരം സമരായുധമാക്കി സർക്കാരിനെതിരെ പോരാടുകയാണ്‌. അടിച്ചമർത്തലിൽനിന്ന് സ്വയം മോചിതരാകാൻ ഞങ്ങളുടെ സിരകളിലെ രക്തം മാത്രമാണ് ഏക ആയുധം. പ്രക്ഷോഭത്തെ പിന്തുണയ്‌ക്കുന്ന പാശ്ചാത്യരാജ്യങ്ങൾ ഇസ്ലാമിക് റിപ്പബ്ലിക് വേണ്ടെന്നു പറയുന്ന ഭൂരിപക്ഷം ഇറാനിയൻ ജനതയുടെയും ശബ്ദം കേൾക്കണം–ഐഎഫ്‌എഫ്‌കെയുടെ സ്‌പിരിറ്റ്‌ ഓഫ്‌ സിനിമാ അവാർഡ്‌ ജേതാവ് സംവിധായികയും ഇറാനിലെ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുന്നതിൽ പ്രമുഖയുമായ മഹനാസ്‌ മൊഹമ്മദി ദേശാഭിമാനിയോട് ഇ–മെയിൽ വഴി പ്രതികരിക്കുന്നു

‘സ്‌ത്രീ–ജീവിതം–-സ്വാതന്ത്ര്യം’ എന്ന വിപ്ലവത്തിന്റെ വിജയം നിങ്ങളോടൊപ്പം കേരളത്തിൽ ആഘോഷിക്കാൻ ഡിസംബർ ഒമ്പതുവരെ ഞാൻ ജീവിച്ചിരിക്കുമെന്നാണ്‌ എന്റെ പ്രതീക്ഷ എന്നായിരുന്നു ഐഎഫ്‌എഫ്‌കെയുടെ സ്‌പിരിറ്റ്‌ ഓഫ്‌ സിനിമാ അവാർഡ്‌ പ്രഖ്യാപനത്തോട്‌ മഹനാസ്‌ മൊഹമ്മദി പ്രതികരിച്ചത്‌. പക്ഷേ, ഇറാൻ ഭരണകൂടത്തിന്റെ യാത്രാവിലക്ക്‌ കാരണം അവാർഡ്‌ സ്വീകരിക്കാനായി മഹനാസിന്‌ എത്താനായില്ല. ഇറാനിലെ പ്രക്ഷോഭങ്ങളിൽ സജീവ സാന്നിധ്യമായ മഹനാസിന്‌ 10 വർഷത്തിലേറെയായി രാജ്യത്തിനു പുറത്തേക്ക്‌ യാത്ര ചെയ്യുന്നതിന്‌ വിലക്കുണ്ട്‌. 2007നു ശേഷം നാലു തവണയാണ്‌ അവർ അറസ്റ്റ്‌ ചെയ്യപ്പെട്ടത്‌. കുറ്റങ്ങളെല്ലാം സർക്കാരിനെതിരെ ശബ്ദം ഉയർത്തിയെന്നതു മാത്രം.
വനിതകൾക്ക്‌ തുല്യാവകാശത്തിനായി പ്രവർത്തിക്കുന്ന യുഎൻ സാമ്പത്തിക, സാമൂഹ്യ കൗൺസിലിൽനിന്ന്‌ ഇറാനെ വ്യാഴാഴ്‌ചയാണ്‌ പുറത്താക്കിയത്‌. ഇതിനുവേണ്ടി വിവിധ രാജ്യങ്ങളുമായി ബന്ധപ്പെട്ട്‌ പ്രക്ഷോഭകർ നടത്തിയ പ്രചാരണത്തിന്‌ നേതൃത്വമായും മഹനാസ്‌ ഉണ്ടായിരുന്നു.

അടിച്ചമർത്തലുകളെ 
അതിജീവിക്കും
ഇറാനിലെ തെരുവുകളിലേക്ക്‌ നോക്കിയാൽ സ്‌ത്രീകൾ അവരുടെ ശരീരം സമരായുധമാക്കി പ്രക്ഷോഭം നടത്തുന്നത്‌ കാണാം. ഇറാനിലെ ഏകാധിപത്യ ഭരണത്തിനെതിരെ ഞങ്ങൾ ചെറുത്തുനിൽപ്പ്‌ നടത്തുകയാണ്‌. ഈ സംവിധാനം ഇല്ലാതാക്കുന്നതുവരെ പ്രതിഷേധങ്ങൾ അവസാനിക്കില്ല.

സ്‌പിരിറ്റ്‌ ഓഫ്‌ സിനിമ അവാർഡ്‌ സ്വീകരിക്കാൻ കേരളത്തിലേക്ക്‌ വരാനായില്ല. ഇറാനിലെ രാഷ്‌ട്രീയ നേതൃത്വമാണ്‌ യാത്രയ്‌ക്ക്‌ തടസ്സം സൃഷ്ടിച്ചത്‌. അവർ യാത്ര തടഞ്ഞെന്ന്‌ മനസ്സിലാക്കിയപ്പോഴാണ്‌ മുടി മുറിച്ച്‌ ഐഎഫ്‌എഫ്‌കെ വേദിയിൽ കൈമാറാൻ അതീന റേച്ചൽ സംഗാരിയെ ഏൽപ്പിച്ചത്‌. ശരീരംതന്നെ ഒരു രാഷ്ട്രീയവേദിയാണെന്ന സന്ദേശം നൽകാനാണ്‌ ശ്രമിച്ചത്‌. കേരളാ സർക്കാർ എന്റെ യാത്രാവിലക്ക്‌ മാറ്റാനും ചലച്ചിത്രമേളയിൽ എത്തിക്കാനുമായി ശ്രമം നടത്തി. നിർഭാഗ്യവശാൽ വിസയും പാസ്‌പോർട്ടും നിയന്ത്രിക്കുന്നത് ഞാൻ നിങ്ങളോടൊപ്പം ഉണ്ടാകുന്നത്‌ ഇഷ്ടപ്പെടാത്ത ഭരണനേതൃത്വമാണ്‌.

ഏതു സാഹചര്യത്തിലും നിങ്ങൾ ആളുകളുമായി ഒന്നിക്കാൻ ശ്രമിച്ചാൽ അടിച്ചമർത്തപ്പെടുമെന്ന സാഹചര്യത്തിലാണ്‌ ഇറാനിലെ ജനതയുള്ളത്‌. സിനിമാ പ്രവർത്തകരടക്കമുള്ളവരും വ്യാപകമായി അറസ്റ്റ്‌ ചെയ്യപ്പെടുകയാണ്‌. സിനിമ ചെയ്യാനോ മുമ്പ്‌ ചെയ്‌തവ പ്രദർശിപ്പിക്കാനോ  അനുമതിയില്ല. പക്ഷേ, ഈ അടിച്ചമർത്തലുകൾ ഞങ്ങൾ മറികടക്കും. മറികടന്നേ മതിയാകൂ.

ഇപ്പോഴുമുണ്ട്‌ മത പൊലീസ്‌
മത പൊലീസിനെ ഇറാൻ പിൻവലിച്ചെന്നത്‌ വ്യാജവാർത്തയാണ്‌. അവർ അങ്ങനെ ചിന്തിക്കുന്നു പോലുമില്ല. ഐക്യരാഷ്‌ട്ര സംഘടനയിലെ സ്‌ത്രീകളുമായി ബന്ധപ്പെട്ട കമീഷനിലെ അംഗത്വം നഷ്ടമാകാതിരിക്കാനായി മാത്രം സൃഷ്ടിച്ചതാണ്‌ ആ വാർത്ത. സമരത്തിന്റെ വീഡിയോകൾ നോക്കിയാൽ ഇപ്പോഴും മത പൊലീസിനെ കാണാനാകും. ഇറാൻ ഭരണകൂടത്തിൽനിന്ന്‌ ഒരിക്കലും സത്യം അറിയാൻ കഴിയില്ല. ഐഎഫ്‌എഫ്‌കെയിൽ പ്രദർശിപ്പിച്ച ലൈലാസ്‌ ബ്രദേഴ്സ്‌ ഇറാൻ സർക്കാർതന്നെ നിർമിച്ച സിനിമയാണ്‌. പക്ഷേ, ആ ചിത്രംപോലും രാജ്യത്ത്‌ പ്രദർശനവിലക്ക്‌ നേരിടുകയാണ്‌. നിരവധി സിനിമകളാണ്‌ ഭരണനേതൃത്വത്തിന്റെ വിലക്ക്‌ അടക്കമുള്ള നടപടി  കാരണം ജനങ്ങളിലേക്ക്‌ എത്താതെ പോകുന്നത്‌. നിയന്ത്രണങ്ങൾക്കെതിരെ പരാതി പറയുമ്പോൾ അത്‌ കേൾക്കാൻ പോലും തയ്യാറാകാതെ അടിച്ചമർത്തുന്ന സർക്കാരാണ്‌ ഇവിടെയുള്ളത്‌. സർക്കാരിനെ ഒറ്റപ്പെടുത്തുകയും എതിർക്കുകയുമല്ലാതെ മറ്റു മാർഗമില്ല. ഇറാൻ സിനിമയുടെ വളർച്ചയിൽ ഒരു സർക്കാർസ്ഥാപനത്തിനും അവകാശവാദം ഉന്നയിക്കാനാകില്ല. നിരപരാധികളായ സ്ത്രീകളുടെയും കുട്ടികളുടെയും രക്തംപുരണ്ട കൈകളാണ്‌ അവരുടേത്‌.

ഞങ്ങൾ ലോകത്തിന്റെ 
കണ്ണ്‌ തുറപ്പിച്ചു
മഹ്സ അമിനിയുടെ ‘മരണ’ത്തെ തുടർന്നുണ്ടായ പ്രക്ഷോഭത്തിന്‌ ലോകത്തിന്റെ പല ഭാഗത്തുനിന്നും ലഭിക്കുന്ന പിന്തുണയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. 1919-ലും 1986-ലും ആയിരക്കണക്കിന് സഹപ്രവർത്തകർ വധിക്കപ്പെട്ടപ്പോൾ മാധ്യമങ്ങളും സർക്കാരുകളും പ്രക്ഷോഭങ്ങളെ അവഗണിക്കുകയായിരുന്നു. 2019ൽ ഇന്ധനവില 200 മടങ്ങാണ്‌ വർധിച്ചത്‌. തുടർന്നു നടന്ന പ്രക്ഷോഭത്തിൽ 1500  പേരാണ്‌ കൊല്ലപ്പെട്ടത്‌. പക്ഷേ, അന്ന്‌ അന്താരാഷ്ട്ര വേദികളിൽ ആരും ഇതിനെ ചോദ്യം ചെയ്‌തില്ല.

ഇപ്പോൾ തെരുവിലിറങ്ങി നടത്തിയ പ്രതിഷേധങ്ങളും ഞങ്ങളുടെ പെൺകുട്ടികളുടെ ത്യാഗവുംകൊണ്ട് അവർ ലോകത്തിന്റെ കണ്ണുകൾ തുറപ്പിക്കുകയാണ്. ലോകമെമ്പാടുമുള്ള ജനങ്ങളുടെ പിന്തുണ  പോരാട്ടത്തിന്‌ കൂടുതൽ ഊർജം നൽകുന്നതാണ്‌. ഇതെല്ലാം ഭരണനേതൃത്വത്തിൽ ആശയക്കുഴപ്പത്തിന്റെയും ഭയത്തിന്റെയും ലക്ഷണങ്ങൾ കാണിക്കുന്നുമുണ്ട്‌.

ഞങ്ങൾ മറ്റുള്ളവരെ ആശ്രയിച്ചാണ്‌ പ്രക്ഷോഭം നടത്തുന്നതെന്ന്‌ ചിത്രീകരിക്കാനാണ്‌ ഇറാൻ ഭരണനേതൃത്വം ആഗ്രഹിക്കുന്നത്‌. പക്ഷേ, ഞങ്ങൾ ശരീരം സമരായുധമാക്കി സർക്കാരിനെതിരെ പോരാടുകയാണ്‌. അടിച്ചമർത്തലിൽനിന്ന് സ്വയം മോചിതരാകാൻ ഞങ്ങളുടെ സിരകളിലെ രക്തം മാത്രമാണ് ഏക ആയുധം. പ്രക്ഷോഭത്തെ പിന്തുണയ്‌ക്കുന്ന പാശ്ചാത്യരാജ്യങ്ങൾ ഇസ്ലാമിക് റിപ്പബ്ലിക് വേണ്ടെന്നു പറയുന്ന ഭൂരിപക്ഷം ഇറാനിയൻ ജനതയുടെയും ശബ്ദം കേൾക്കണം. ഭരണനേതൃത്വവുമായി അന്താരാഷ്ട്ര ഇടപാടുകളിൽ ഏർപ്പെടരുത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top