22 September Friday

കൊച്ചി വാട്ടർ മെട്രോ ; ജലവേഗത്തിൽ കുതിപ്പ്‌

പിണറായി വിജയൻUpdated: Tuesday Apr 25, 2023

കേരളത്തിന്റെ സ്വപ്നപദ്ധതികളിലൊന്നായ കൊച്ചി വാട്ടർ മെട്രോ ഇന്ന് രാജ്യത്തിനു സമർപ്പിക്കപ്പെടുമ്പോൾ എൽഡിഎഫ്‌ സർക്കാർ ജനങ്ങൾക്കു നൽകിയ മറ്റൊരു ഉറപ്പുകൂടി യാഥാർഥ്യമാകുകയാണ്.   പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ്ഓഫ് ചെയ്യുന്ന  കൊച്ചി വാട്ടർ മെട്രോ ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ സംവിധാനമാണ്. മാത്രമല്ല, ഈ വലിപ്പത്തിലുള്ള ഏഷ്യയിലെതന്നെ ആദ്യത്തെ സംയോജിത ജലഗതാഗത സംവിധാനമാണ് (ഇന്റഗ്രേറ്റഡ് വാട്ടർ ട്രാൻസ്പോർട്ട് സിസ്റ്റം). കേരളത്തിനു മാത്രമല്ല, രാജ്യത്തിനാകെ അഭിമാനകരമാണിത്. 

ഒരുകാലത്ത് ജലഗതാഗത സംവിധാനങ്ങളെ നല്ല നിലയിൽ ഉപയോഗിച്ചിരുന്ന നാടാണ് കേരളം. പിൽക്കാലത്ത് അവ വേണ്ടവണ്ണം ഉപയോഗിക്കപ്പെടാതെ പോയി. എന്നാൽ, അവയ്ക്കുള്ള സാധ്യതകളെ കാലാനുസൃത നവീകരണത്തോടെ കാര്യക്ഷമമായി ഉപയോഗപ്പെടുത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ദേശീയ ജലപാത നവീകരിക്കുന്നതും കൊച്ചി വാട്ടർ മെട്രോ യാഥാർഥ്യമാക്കിയിരിക്കുന്നതും എല്ലാം ആ വീക്ഷണം പ്രാവർത്തികമാക്കുന്നതിന്റെ ദൃഷ്ടാന്തങ്ങളാണ്. ഇത്തരം ഇടപെടലുകളിലൂടെ അത്യാധുനിക സൗകര്യങ്ങളുള്ളതും വേഗമേറിയതുമായ പൊതുഗതാഗത സംവിധാനങ്ങൾ സാധാരണക്കാരായ ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ  ലഭ്യമാക്കുകയെന്ന എൽഡിഎഫ്‌ സർക്കാരിന്റെ പ്രഖ്യാപിത നയം നടപ്പാകുകയാണ്.

കൊച്ചിയുടെ ഗതാഗതമേഖലയ്ക്കും വിനോദസഞ്ചാരത്തിനും പുതിയ കുതിപ്പേകുന്ന, നാടിന്റെയാകെ അഭിമാനമായ കൊച്ചി വാട്ടർ മെട്രോയ്ക്ക് 1136.83 കോടി രൂപയാണ് ചെലവ്‌.  ഈ തുകയിൽ ജർമൻ ഫണ്ടിങ്‌ ഏജൻസിയായ കെഎഫ്ഡബ്യുവിന്റെ വായ്പയും സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള നിക്ഷേപവും ഉൾപ്പെടുന്നുണ്ട്. പദ്ധതിയുടെ ആദ്യ ഘട്ടമായാണ് ഹൈക്കോർട്ട്– -വൈപ്പിൻ ടെർമിനലുകളിൽനിന്നും വൈറ്റില– -കാക്കനാട് ടെർമിനലുകളിൽനിന്നുമുള്ള സർവീസ് ആരംഭിക്കുന്നത്. ഗതാഗതക്കുരുക്കിൽപ്പെടാതെ 20 മിനിറ്റിൽത്താഴെ സമയംകൊണ്ട് ഹൈക്കോർട്ട് ടെർമിനലിൽനിന്ന് വൈപ്പിൻ ടെർമിനലിൽ എത്താം. വൈറ്റിലയിൽനിന്നാകട്ടെ 25 മിനിറ്റിനകം കാക്കനാട്ട് എത്താം. പദ്ധതി പൂർണതോതിൽ സജ്ജമാകുമ്പോൾ പത്ത് ദ്വീപിലായി 38 ടെർമിനലിനെ ബന്ധിപ്പിച്ച്‌ 78 വാട്ടർ മെട്രോ ബോട്ടിന്‌ സർവീസ് നടത്താം.

കൊച്ചിൻ കപ്പൽ നിർമാണശാലയാണ് കൊച്ചി വാട്ടർ മെട്രോയ്ക്കു വേണ്ട ബോട്ടുകൾ തയ്യാറാക്കുന്നത്. അലുമിനിയം ഉപയോഗിച്ചു നിർമിക്കുന്ന അത്യാധുനിക ഡിസൈനിലുള്ള ഈ ബോട്ടുകൾ ഭാരംകുറഞ്ഞവയാണ്. അവയിലെ ലിഥിയം ടൈറ്റനേറ്റ് ഓക്സൈഡ് (എടിഒ) ബാറ്ററികൾ കൂടുതൽ കാലം നിലനിൽക്കുന്നവയാണ്. മാത്രമല്ല, അവ വേഗത്തിൽ ചാർജുചെയ്യാനാകുകയും ചെയ്യും. ഇന്ന് വ്യാവസായികാടിസ്ഥാനത്തിൽ  ലഭ്യമായവയിലെ ഏറ്റവും മികച്ച ബാറ്ററികളാണവ. ഈ ബോട്ടുകളിൽ ഏറ്റവും നൂതനമായ ഗതിനിയന്ത്രണ– -ആശയവിനിമയ സംവിധാനങ്ങളുണ്ട്. ഒരു സ്റ്റേറ്റ് ഓഫ് ദ ആർട്ട് ഓപ്പറേറ്റിങ്‌ കൺട്രോൾ സെന്ററിൽ (ഒസിസി)നിന്ന് അവയെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും കഴിയും.


 

യാത്രക്കാർക്ക് ഇത്രയധികം സുരക്ഷിതവും സുഖപ്രദവുമായ യാത്രാ സൗകര്യം ഉറപ്പുവരുത്തുന്ന കൊച്ചി വാട്ടർ മെട്രോയുടെ ഇലക്ട്രിക്–- ഹൈബ്രിഡ് ബോട്ടുകൾ ഇതിനോടകംതന്നെ അന്താരാഷ്ട്ര  ശ്രദ്ധ നേടി. ഇലക്ട്രിക് ബോട്ടുകൾക്കായുള്ള രാജ്യാന്തര പുരസ്കാരമായ ഗുസീസ് ഇലക്ട്രിക് ബോട്ട്സ് അവാർഡ് 2022  കൊച്ചി വാട്ടർ മെട്രോയ്ക്ക് ലഭിച്ചിരുന്നു. ഭിന്നശേഷി സൗഹൃദമായാണ് ടെർമിനലുകളും ബോട്ടുകളും സജ്ജീകരിച്ചിരിക്കുന്നത്. വേലിയേറ്റ, വേലിയിറക്ക സമയങ്ങളിലുൾപ്പെടെ ബോട്ടുകളുമായി ഒരേ ലെവലിൽ നിൽക്കാൻ കഴിയുന്ന ഫ്ളോട്ടിങ്‌ പോണ്ടൂണുകൾ കൊച്ചി വാട്ടർ മെട്രോയുടെ പ്രത്യേകതയാണ്. തുച്ഛമായ തുകയിൽ സുരക്ഷിതമായ യാത്രയാണ് ശീതീകരിച്ച ഇലക്ട്രിക് ബോട്ടുകളിൽ ജനങ്ങളെ കാത്തിരിക്കുന്നത്.  മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്. സ്ഥിരം യാത്രികർക്കായി പ്രതിവാര, പ്രതിമാസ പാസുകളും ഉണ്ട്. കൊച്ചി വൺ കാർഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റെയിലിലും കൊച്ചി വാട്ടർ മെട്രോയിലും യാത്ര ചെയ്യാം. കൊച്ചി വൺ ആപ് വഴി ഡിജിറ്റലായും ടിക്കറ്റ് ബുക്ക് ചെയ്യാം. ഇത്തരം സൗകര്യങ്ങൾ ഉള്ളതുകൊണ്ടാണ് കൊച്ചി വാട്ടർ മെട്രോ ഒരു സംയോജിത ജലഗതാഗത സംവിധാനമാണെന്ന് പറയുന്നത്. 

കേരളത്തിന്റെ വാണിജ്യ തലസ്ഥാനമാണെന്ന് വിലയിരുത്തപ്പെടുന്ന നഗരമാണ് കൊച്ചി. കൊച്ചിയിലും കൊച്ചിക്കു ചുറ്റുമുള്ള 10 ദ്വീപിലും കാര്യമായ ജനവാസമുണ്ട്. ദ്വീപുകളിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസത്തിനും ഉപജീവനത്തിനും ഉൾപ്പെടെ ഏത് പ്രധാന കാര്യത്തിനും കൊച്ചി നഗരവുമായി നിരന്തരം ബന്ധപ്പെടണം. അതിനു സഹായകരമായ ബോട്ട്‌ സർവീസുകൾ നിലവിലുണ്ടെങ്കിൽപ്പോലും അവ അപര്യാപ്തമാണ് എന്നതായിരുന്നു വിലയിരുത്തൽ. ആ പ്രശ്നത്തിന് പരിഹാരം കാണാനാണ് കൊച്ചി വാട്ടർ മെട്രോയിലൂടെ സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.

ഈ ജലഗതാഗത സംവിധാനം ദ്വീപുവാസികളുടെ സാമൂഹ്യ– -സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനോടൊപ്പം ദ്വീപുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനു വഴിതെളിക്കുകയും ചെയ്യും. ഇത് കുറഞ്ഞ തോതിൽമാത്രം മലിനീകരണം സൃഷ്ടിക്കുന്ന ഒരു സുസ്ഥിര ഗതാഗത സംവിധാനമാണ്. കാരണം, ഇത് പ്രവർത്തിക്കുന്നത് പുനരുപയോഗ സാധ്യതയുള്ള ഊർജസ്രോതസ്സുകളെ ആശ്രയിച്ചാണ്. ഇതിന് വലിയ തോതിലുള്ള നിർമാണപ്രവർത്തനങ്ങളോ ഭൂവിനിയോഗമോ വേണ്ടിവരുന്നില്ല. അതുകൊണ്ടൊക്കെത്തന്നെ കായലിലെ ആവാസവ്യവസ്ഥയെയും സസ്യ–- ജന്തുജാലങ്ങളെയും സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്ക് ഈ പദ്ധതിയൊരു മുതൽക്കൂട്ടാകും.


 

ആദ്യ ഘട്ടത്തിൽത്തന്നെ വാട്ടർ മെട്രോയിലൂടെ പ്രതിദിനം 34,000 പേർക്ക് യാത്ര ചെയ്യാം. ഇത് കൊച്ചിയുടെ നഗരവീഥികളിലെ തിരക്കും കൊച്ചി നഗരത്തിന്റെ കാർബൺ ബഹിർഗമനവും കുറയ്ക്കാൻ സഹായിക്കും. പദ്ധതി പൂർണസജ്ജമാകുന്നതോടെ പ്രതിവർഷ കാർബൺ ബഹിർഗമനത്തിൽ 44,000 ടണ്ണിന്റെ കുറവു വരുത്താൻ കഴിയും. ആ നിലയ്ക്ക്, കേരളത്തെ കാർബൺ ന്യൂട്രലാക്കി മാറ്റാൻ സംസ്ഥാന സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് കൊച്ചി വാട്ടർ മെട്രോ വലിയ ഊർജം പകരും.

പൂർണതോതിൽ പ്രവർത്തനസജ്ജമാകുന്നതോടെ നഗര ജലഗതാഗതത്തിനായി ഇലക്ട്രിക് ബോട്ടുകളുള്ള ലോകത്തെ ഏറ്റവും വലിയ സംവിധാനമായി കൊച്ചി വാട്ടർ മെട്രോ മാറും. ഇത്ര പരിസ്ഥിതിസൗഹൃദപരമായ ഈ ജലഗതാഗത സംവിധാനത്തെ ഇന്ത്യയിലെ മറ്റ് 40‌ നഗരത്തിലെങ്കിലും ഉപയോഗപ്പെടുത്താൻ കഴിയും. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളിൽ രാജ്യത്തിനാകെത്തന്നെ മാതൃകയായിത്തീർന്നിട്ടുള്ള കേരളം നഗരഗതാഗതത്തിലും മാതൃകയാകാൻ പോകുകയാണ്.

നമ്മൾ ഒത്തൊരുമിച്ച് സൃഷ്ടിക്കുന്ന നവകേരളത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നാണ് മാതൃകാപരമായ പൊതുഗതാഗത സൗകര്യങ്ങൾ. അതിൽ പ്രധാനപ്പെട്ടതാണ് കൊച്ചി വാട്ടർ മെട്രോ. അത് ഓരോ കേരളീയന്റെയും സ്വപ്നസാക്ഷാൽക്കാരമാകുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top