06 June Tuesday

ജനകീയോത്സവ ലഹരിയിൽ - ജാഥാ ഡയറി - എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Saturday Mar 4, 2023

ജനകീയ പ്രതിരോധ ജാഥ ആറ്‌ ജില്ല പര്യടനം പൂർത്തിയാക്കി ഇന്ന്‌ തൃശൂർ ജില്ലയിലേക്ക്‌ പ്രവേശിക്കുകയാണ്‌. കഴിഞ്ഞ മാസം 20ന്‌ തുടങ്ങിയ ജാഥയിൽ ഓരോ ദിവസവും സമൂഹത്തിലെ വിവിധ തുറകളിൽനിന്നുള്ളവരുമായി സംവദിക്കാനും പ്രശ്‌നങ്ങൾ കേൾക്കാനും കഴിഞ്ഞു. അതിൽ വിവിധ രാഷ്ട്രീയപാർടികളിൽപ്പെട്ടവരും സാമുദായിക സംഘടനാ നേതാക്കളുമുണ്ടായിരുന്നു. വെള്ളി രാവിലെ മുണ്ടൂരിലെ എഴക്കാടായിരുന്നു പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്‌ച. ഇത്തരം ചർച്ചയും കൂടിക്കാഴ്‌ചയും കേരള രാഷ്ട്രീയത്തിലെ പുതിയ കാൽവയ്‌പാണെന്ന്‌ ചർച്ചയിൽ പങ്കെടുത്തവർ അഭിനന്ദിച്ചു. മുണ്ടൂരും പറളിയും കായികതാരങ്ങളുടെ നാടാണ്‌. ചർച്ചയിൽ കായികതാരങ്ങൾക്ക്‌ ജോലി നൽകിയ സർക്കാർ നടപടിയെ പ്രശംസിച്ചു. കുറേതാരങ്ങൾ സംസ്ഥാന സർക്കാർ സർവീസിൽ ജോലിചെയ്യണമെന്ന്‌ താൽപ്പര്യമുള്ളവരാണ്‌. അക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന്‌ ഉറപ്പ്‌ നൽകി.

വേലയും പൂരവുമായി  ഉത്സവങ്ങളുടെ നാടാണ്‌ പാലക്കാട്‌. ഒപ്പം ഒരുപാട്‌ സമരങ്ങളുടെ ചരിത്രമുറങ്ങുന്ന ദേശവും. അനവധി രക്തസാക്ഷികളുടെ ചോരവീണ കഥയുമുണ്ട്‌ പറയാൻ. പാലക്കാട്‌ നഗരത്തിലെ ‘ദേശീയോത്സവ’മായ മണപ്പുള്ളിക്കാവ്‌ വേലയായിരുന്നു വ്യാഴാഴ്‌ച. വെള്ളി രാവിലെ ആദ്യ സ്വീകരണം നഗരത്തിനുസമീപം ചന്ദ്രനഗറിൽ. പാലക്കാട്‌, മലമ്പുഴ മണ്ഡലങ്ങൾ സംയുക്തമായി നൽകിയ സ്വീകരണത്തിൽ രക്തസാക്ഷി ഷാജഹാന്റെ അച്ഛനമ്മമാരുമെത്തി. കഴിഞ്ഞവർഷം സ്വാതന്ത്ര്യദിനത്തലേന്ന്‌ രാത്രിയാണ്‌ ആർഎസ്‌എസുകാർ ഷാജഹാനെ കൊലപ്പെടുത്തിയത്‌. സിപിഐ എം മരുതറോഡ്‌ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന സഖാവ്‌ ജീവിച്ചിരുന്നെങ്കിൽ സ്വീകരണത്തിന്‌ മുൻപന്തിയിൽ നിൽക്കേണ്ടയാളാണ്‌.


 

ചന്ദ്രനഗറിനുശേഷം ചിറ്റൂരായിരുന്നു സ്വീകരണം. ചിറ്റൂർ കൊങ്ങൻപട പ്രസിദ്ധമാണ്‌. ഈ മാസം ആറിനാണ്‌ കൊങ്ങൻപട ചിറ്റൂരിലെ ജനങ്ങൾ ആഘോഷിക്കുന്നത്‌. ജാഥാ സ്വീകരണം ഉത്സവാഘോഷത്തിന്‌ സമാനമായി. കത്തുന്ന വെയിലൊന്നും അവിടെ തടസ്സമായില്ല. സംസ്ഥാനത്താകെ പ്രശസ്‌തമായ വേലകളിലൊന്നാണ്‌ നെന്മാറ–- വല്ലങ്ങി വേല. നെന്മാറയിലെ ജാഥാ സ്വീകരണവും വേല ആഘോഷംപോലെ ജനങ്ങൾ ഏറ്റെടുത്ത കാഴ്‌ചയായിരുന്നു. പിന്നീട്‌ ആലത്തൂരിലായിരുന്നു സ്വീകരണം. ഇവിടെ ഒരുകൂട്ടം ആളുകൾ എനിക്ക്‌ മധുരം സമ്മാനിച്ചു. പത്ത്‌ കുടുംബത്തിന്റെ സ്‌നേഹസമ്മാനം. ആലത്തൂർ ഏരിയ കമ്മിറ്റി ഓഫീസായ ആലത്തൂർ ആർ കൃഷ്‌ണൻ മന്ദിരം തറക്കല്ലിടൽ ചടങ്ങിൽ പാർടി ഒരു തീരുമാനമെടുത്തിരുന്നു. ഓഫീസ്‌ ഉദ്‌ഘാടനത്തിനുമുമ്പ്‌ പത്ത്‌ നിർധന കുടുംബത്തിന്‌ സ്‌നേഹവീട്‌ നിർമിച്ചുനൽകുമെന്ന്‌. എട്ട്‌ മാസത്തിനുശേഷം ഫെബ്രുവരി 13ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഓഫീസ്‌ ഉദ്‌ഘാടനത്തിനെത്തിയപ്പോൾ പത്ത്‌ കുടുംബത്തിനും വീടിന്റെ താക്കോൽ കൈമാറി. ആ പത്ത്‌ കുടുംബമാണ്‌ മധുരവുമായി കാത്തുനിന്നത്‌. ഇത്‌ ഏറെ സന്തോഷവും അഭിമാനവും നൽകിയ നിമിഷമായിരുന്നു. ജനങ്ങളോടുള്ള കരുതലും കടപ്പാടും എത്രത്തോളം സിപിഐ എം കാത്തുസൂക്ഷിക്കുന്നുവെന്നതിന്‌ ഇതിൽപ്പരം മറ്റൊരു തെളിവില്ല.


 

ജില്ലയിലെ അവസാന സ്വീകരണം തരൂർ മണ്ഡലത്തിലെ വടക്കഞ്ചേരിയിലായരുന്നു. ജാഥ അവിടെയെത്തുമ്പോൾ ഇരുട്ട്‌ വീണുതുടങ്ങി. നാഗസഹായം–- ഗണപതി സഹായം വേല വടക്കഞ്ചേരിയിലെ പ്രധാന ഉത്സവമാണ്‌. അന്നാണ്‌ നഗരമാകെ ദീപപ്രഭയിൽ മുങ്ങുന്നത്‌. അവിടത്തെ സ്വീകരണവും അങ്ങനെയൊരു അന്തരീക്ഷത്തിനാണ്‌ സാക്ഷ്യം വഹിച്ചത്‌. ദീപാലംകൃതമായ നഗരത്തിലൂടെ ജനസഞ്ചയം ഒഴുകിയെത്തി. പാലക്കാട്ടെ  മിക്ക സ്വീകരണങ്ങളിലും പരമ്പരാഗത കലാരൂപങ്ങളും  കലാപരിപാടികളും അവതരിപ്പിക്കപ്പെട്ടതും പ്രത്യേകതയാണ്‌. സ്വീകരണ സംഘാടകസമിതി ചെയർമാൻമാർ ഭൂരിഭാഗവും പൊതുസമ്മതരാണ്‌ എന്നതും ജാഥ മുന്നോട്ടുവയ്‌ക്കുന്ന ലക്ഷ്യത്തിന്‌ ജനപിന്തുണയേറുന്നതിന്റെ തെളിവാണ്‌. മണ്ണാർക്കാട്ടെ സ്വീകരണയോഗത്തിൽ അധ്യക്ഷനായത്‌ എംഇഎസ്‌ നേതാവും കല്ലടി കോളേജ്‌ മാനേജിങ്‌ കമ്മിറ്റി ചെയർമാനുമായ കെ സി കെ സെയ്‌താലിയാണ്‌. അത്തരത്തിൽ ഇതുവരെ സിപിഐ എമ്മിന്റെ പരിപാടിക്ക്‌ അണിനിരക്കാത്തവരും  സംഘാടനത്തിന്‌ നേതൃത്വം നൽകിയെന്നതും സവിശേഷതയാണ്‌.  കലാകാരന്മാരും എഴുത്തുകാരുമെല്ലാം ഈ മുദ്രാവാക്യത്തോട്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ജാഥാ സ്വീകരണത്തിന്‌ എത്തിച്ചേരുകയാണ്‌. ജാഥ ശനിയാഴ്‌ച ചെറുതുരുത്തി വഴി തൃശൂർ ജില്ലയിലേക്ക്‌ പ്രവേശിക്കും.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top