08 June Thursday

തട്ടിമറിക്കപ്പെട്ട ഗ്രാമീണ ജീവിതം

പി ബി ഹർഷകുമാർUpdated: Friday Mar 10, 2023

2023–-24 ലെ കേന്ദ്രബജറ്റോടെ ഇന്ത്യയിലെ ഗ്രാമീണ ജീവിതം കൂടുതൽക്കൂടുതൽ ദരിദ്രവൽക്കരിക്കപ്പെട്ടു. രാജ്യസമ്പത്തിന്റെ സിംഹഭാഗവും കോർപറേറ്റുകളുടെ കൈവശത്തിലായി. സമ്പത്തിന്റെ 73 ശതമാനവും ജനസംഖ്യയുടെ മുകൾത്തട്ടിലെ 10 ശതമാനം പേരുടെ കൈകളിൽ ഭദ്രമാക്കിക്കൊടുത്തു. അതിൽത്തന്നെ വലിയൊരുഭാഗവും ഉപരിതലത്തിലുള്ള അതിസമ്പന്നരുടെ പെട്ടിയിലാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ ദരിദ്രർ അധിവസിക്കുന്ന രാജ്യമായി ഇന്ത്യ മാറിയത് ഈ നയത്തിന്റെ ദുരന്തഫലം മൂലമാണ്. ഭൂഗോളത്തിൽ ഏറെക്കൂടുതൽ ദരിദ്രരെയും പേറിക്കൊണ്ടാണ് നമ്മൾ ജി-–-20  നായകസ്ഥാനത്തു നിൽക്കുന്നതെന്ന തമാശ കൂടി നമുക്കാസ്വദിക്കാം. അവരുടെ എണ്ണം 228.9 ദശലക്ഷമാണ്.

പാചകവാതകമുൾപ്പെടെയുള്ള ഇന്ധനങ്ങൾക്കുമേൽ കേന്ദ്ര ഗവൺമെന്റ് പരിധിയില്ലാതെ സെസ്‌ ചുമത്തി മാനംമുട്ടെ വില ഉയർത്തിയതിന്റെ കെടുതി കുടുംബ ബജറ്റുകളെ തകിടം മറിച്ചു. വളം സബ്സിഡി പിൻവലിച്ചതിന്റെ ഫലമായി കൃഷിക്കാരന് ചെലവ് താങ്ങാനാകാത്തതാക്കി. ഉൽപ്പാദനച്ചെലവും ഉൽപ്പന്നത്തിന് ലഭിക്കുന്ന വിപണി വിലയും തമ്മിലുള്ള പൊരുത്തക്കേട് ഗ്രാമീണ കർഷകനെ കാർഷിക സംസ്കാരത്തിൽ നിന്നും ആട്ടിയോടിച്ചു. കാർഷികവൃത്തി നിത്യജീവിതസഹായി ആകില്ലെന്ന അനുഭവ ബോധ്യം ഗ്രാമീണ കൃഷിക്കാരുടെ ചിന്താരീതിയെത്തന്നെ മാറ്റി മറിച്ചു. അവർ കൃഷിഭൂമിയെ ഉപേക്ഷിക്കാൻ തുടങ്ങിയതോടെ കോടിക്കണക്കിന് കർഷകത്തൊഴിലാളികളും ചെറുകിട കർഷകരും തൊഴിൽ രഹിതരായി.

അവർ ജീവിതമാർഗം തേടി, നിർമാണ ജോലികളിൽ ആകൃഷ്ടരായി കുടുംബസമേതം വൻ നഗരങ്ങളിലേക്ക് കുടിയേറി. റോഡുവക്കിലും പണിയിടങ്ങൾക്കരികിലുമായി പുതിയ ചേരികൾക്ക് രൂപം കൊടുത്ത് അവർ തങ്ങളുടെ ജീവിതം പറിച്ചു നട്ടു. ക്ഷണിച്ചു കൊണ്ടുവരുന്ന വിദേശ രാഷ്ട്ര തലവന്മാരുടെ സന്ദർശന വേളകളിൽ വൻമതിലുകൾക്കൊണ്ട് മറയ്ക്കപ്പെടേണ്ട ‘ദേശ്-വാസികളായി’ അവർ രൂപം മാറി. നഗരങ്ങളിലേക്ക് കുടിയേറപ്പെട്ട ഇവർ നല്ല വായു, നല്ല ആരോഗ്യം, ശുദ്ധജലം തുടങ്ങിയ മൗലികാവകാശങ്ങളുടെ വേലിക്ക് പുറത്തുതന്നെയായി.


 

ചായ്‌വ് ആരോടാണെന്ന് വ്യക്തമാക്കിക്കൊണ്ട് കോവിഡിന് മുന്നേ തന്നെ മോദി, 2019ൽ കോർപറേറ്റ് നികുതി 22 ശതമാനമാക്കി ഇളവ് ചെയ്ത് കൊടുത്തിരുന്നു. ഇത് തന്നാണ്ടത്തെ വരുമാനത്തിൽമാത്രം 1.84 ലക്ഷം കോടി രൂപയുടെ ഇടിവാണ് ഖജനാവിൽ സൃഷ്ടിച്ചത്. 2019-–-20 വർഷത്തെ നികുതി വരുമാനത്തെ ഈ വിടവ് കീഴ്‌മേൽ മറിച്ചു. 10 ശതമാനത്തിന്റെ ഈ കുറവ് നികത്താൻ വേണ്ടി സാധാരണക്കാരന്റെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന ജിഎസ്ടി നിരക്ക് വർധനയിലാണ് കേന്ദ്രം അഭയം തേടിയത്. ഇന്ധന വില വർധനയുടെ ഭാരത്തോടൊപ്പം ഇതും കൂടിയായപ്പോൾ ദരിദ്രരുടെ  ജീവിതം ഇന്ത്യയിൽ അസാധ്യമാക്കിത്തീർത്തു. ഇത്തവണത്തെ ബജറ്റിൽ കേന്ദ്രം കോർപറേറ്റ് നികുതി വീണ്ടും ഏഴ്‌ ശതമാനംകൂടി കുറച്ച് 15 ശതമാനമാക്കി കോർപറേറ്റ് സേവതന്നെയാണ് തങ്ങളുടെ മുഖ്യ അജൻഡയെന്ന് സംശയലേശമന്യേ പ്രസ്താവിച്ചുകഴിഞ്ഞു.

ഒരു പരിധിവരെ എങ്കിലും ഗ്രാമീണ ദാരിദ്ര്യത്തിന്റെ രൂക്ഷതയെ ചെറുക്കാൻ ജനങ്ങൾക്ക് സഹായമായിരുന്നത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി  ആയിരുന്നു. ഈ പദ്ധതിയോട് മോദി സർക്കാർ തുടക്കം മുതലേ വിമുഖത പ്രകടിപ്പിച്ചു പോന്നിരുന്നു. ഏറ്റവും അവസാന ബജറ്റിൽ തന്നാണ്ടത്തെ പ്രതീക്ഷിത ചെലവായ 89,000 കോടി രൂപയിൽനിന്ന്‌ 60,000 കോടിയായി വിഹിതം വെട്ടിച്ചുരുക്കി.

121 രാജ്യത്തെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 107–-ാം സ്ഥാനത്താണ്. 20 കോടി ജനങ്ങൾ പ്രാഥമിക ഭക്ഷ്യ ലഭ്യതയില്ലാത്തവരായി ഇന്ത്യയിലുണ്ട് എന്ന വാർത്തപോലും നമ്മെ ഭരിക്കുന്നവരെ അസ്വസ്ഥരാക്കുന്നില്ല. ഈ ക്രൂര യാഥാർഥ്യം ഓക്സ്ഫാം റിപ്പോർട്ട് 2023, ചൂണ്ടിക്കാട്ടിയതിനുശേഷം അവതരിപ്പിച്ച ബജറ്റിലും ഭക്ഷ്യ സബ്സിഡി വൻതോതിൽ ആണ് വെട്ടിക്കുറച്ചത്. ഈ നിത്യജീവിത യാഥാർഥ്യങ്ങളെ ജനങ്ങളുടെ ഓർമയിൽനിന്നും മായ്ക്കേണ്ടത് ഫാസിസ്റ്റ് വൽക്കരണ പ്രക്രിയയിൽ ഒഴിവാക്കാനാകാത്ത ഒന്നാണ്.

അതിനാണ് ഭയപ്പെടുത്തിയും പ്രീണിപ്പിച്ചും മാധ്യമങ്ങളെ വരുതിയിലാക്കി എമ്പാടും നുണകൾ നിർമിച്ച് വിതറുന്നത്. വർഗീയമായി വിഭജിച്ച് യഥാർഥ പ്രശ്നങ്ങൾ ഒളിപ്പിച്ച് ആ വിടവിലൂടെ തങ്ങളുടെ ഫാസിസ്റ്റ് വണ്ടി യഥേഷ്ടം ഓടിക്കുകയാണ് ഇവർ. ഈ തടസ്സവേലികളൊക്കെ പൊളിച്ചടുക്കി ജനകീയ മുന്നേറ്റം ഉണ്ടാക്കുക എന്ന ഒറ്റ പോംവഴി മാത്രമാണ് നമ്മുടെ മുന്നിൽ അവശേഷിക്കുന്നത്.

(സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top