24 October Thursday

കേരളം സമരഭൂവിൽ - എം വി ഗോവിന്ദൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Sep 14, 2023

ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ അക്ഷരംപ്രതി പാലിച്ചും പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിച്ചും സംസ്ഥാനത്തിന്റെ വികസനം വേഗത്തിലാക്കുന്ന പുതിയ പദ്ധതികൾ ആവിഷ്കരിച്ചുമാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മുന്നോട്ടുപോകുന്നത്. പുതുപ്പള്ളി ഉപതെരഞ്ഞടുപ്പിലെ യുഡിഎഫ് വിജയത്തെ കരുവാക്കി എൽഡിഎഫ് സർക്കാരിന്റെ ഈ മുന്നേറ്റ പാത കൊട്ടിയടയ്‌ക്കാനാകുമോ എന്നാണ് യുഡിഎഫും ബിജെപിയും സകലമാന വലതുപക്ഷ പിന്തിരിപ്പൻ കക്ഷികളും ശ്രമിക്കുന്നത്.  53 വർഷമായി യുഡിഎഫ്‌  കൈവശംവച്ച സീറ്റിൽ, ആ സീറ്റിനെ പ്രതിനിധാനംചെയ്‌ത്‌ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണംമൂലം ഉടലെടുത്ത സഹതാപതരംഗത്തിന്റെ ബലത്തിൽ ഭൂരിപക്ഷം അൽപ്പം ഉയർത്തിയെന്നതൊഴിച്ചാൽ പുതുപ്പള്ളിയിൽനിന്നും മറ്റു രാഷ്ട്രീയ സന്ദേശങ്ങൾ ഒന്നുംതന്നെ വായിച്ചെടുക്കാനില്ല. എന്നിട്ടും ഈ വിജയം ചൂണ്ടിക്കാട്ടി ജനങ്ങൾ എൽഡിഎഫ് സർക്കാരിൽ അസംതൃപ്തരാണെന്നു വരുത്തിത്തീർക്കാനുള്ള കഠിനശ്രമത്തിലാണ് വലതുപക്ഷവും അവരുടെ തന്നെ ഭാഗമായ മാധ്യമങ്ങളും.  

എന്നാൽ, ഇതൊന്നും കണ്ട് പരിഭ്രമിച്ച് പിൻവാങ്ങാനല്ല സിപിഐ എമ്മും ഇടതുപക്ഷവും തീരുമാനിച്ചിട്ടുള്ളത്. ജനങ്ങളിൽ പൂർണവിശ്വാസം അർപ്പിച്ച് അവർക്ക് ആവശ്യമായ സഹായങ്ങൾ നൽകി നവകേരളം കെട്ടിപ്പടുക്കാനുള്ള ശ്രമം ശക്തമാക്കാനാണ് സിപിഐ എമ്മും മുന്നണിയും തീരുമാനിച്ചിട്ടുള്ളത്. സംസ്ഥാനത്തിന് അർഹമായ ആനുകൂല്യങ്ങൾ നിഷേധിച്ച് ബോധപൂർവം സാമ്പത്തിക ഞെരുക്കമുണ്ടാക്കി കേരളം, രാജ്യത്തിനു മുന്നിൽ ഉയർത്തുന്ന ബദൽ മാതൃക തകർക്കാനാണ് കേന്ദ്രത്തിലെ മോദി സർക്കാർ ശ്രമിക്കുന്നത്. കേരള ബദൽ ചർച്ച ചെയ്യപ്പെട്ടാൽ പ്രതിച്ഛായ തകരുന്നത് കേന്ദ്ര സർക്കാരിനായിരിക്കുമെന്ന് ബിജെപിക്ക്‌ അറിയാം. ഇതിനകം മികച്ച പ്രകടനത്തിന്  കേന്ദ്ര സർക്കാരിന്റേതുൾപ്പെടെ മൂന്ന് ഡസനോളം അവാർഡുകളും അംഗീകാരങ്ങളുമാണ് പിണറായി വിജയൻ സർക്കാർ നേടിയത്. ലോകത്തിലെ പ്രമുഖ മാധ്യമങ്ങൾ ഉൾപ്പെടെ കേരളത്തിന്റെ സർവതോമുഖമായ വളർച്ചയെ പ്രശംസിച്ച് റിപ്പോർട്ടുകൾ തയ്യാറാക്കുകയുണ്ടായി. ഈ സാഹചര്യത്തിലാണ് കേരള സർക്കാരിനെതിരെ കേന്ദ്രം നടപടികൾ ആരംഭിച്ചത്. അമേരിക്ക ക്യൂബയ്‌ക്കു നേരെ ആറ് ദശാബ്ദമായി തുടരുന്ന ഉപരോധത്തെ ഓർമിപ്പിക്കുംവിധം മോദി സർക്കാർ ഭരണഘടനയിൽ വിവക്ഷിക്കുന്ന യൂണിയൻ ഓഫ് സ്റ്റേറ്റ്സിലെ ഒരംഗമായ കേരളത്തിനെതിരെ ശക്തമായ സാമ്പത്തിക ഉപരോധമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ക്ഷേമ പദ്ധതികളും വികസനപ്രവർത്തനങ്ങളും അസാധ്യമാക്കുംവിധം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുകയാണ് മോദി സർക്കാർ. 10–-ാം ധന കമീഷന്റെ കാലംവരെ സംസ്ഥാനത്തിനുള്ള നികുതി വിഹിതം 3.9 ശതമാനയിരുന്നു. അത്‌ ഇപ്പോൾ രണ്ടു ശതമാനം കുറച്ച് വെറും 1.9 ശതമാനമാക്കിയിരിക്കുന്നു. പകുതിയിലധികമാണ് വെട്ടിക്കുറച്ചത്. അതുപോലെ തന്നെ സംസ്ഥാന വരുമാനത്തിൽ കേന്ദ്ര വിഹിതം വർഷംതോറും കുറഞ്ഞുവരുന്നു. 2020–-21ലെ വരുമാനത്തിൽ 44 ശതമാനമായിരുന്നു കേന്ദ്ര വിഹിതമെങ്കിൽ 2021–--22ൽ  47 ശതമാനമായി. നടപ്പുസാമ്പത്തികവർഷം അത് 29 ശതമാനമായി കുറയുമെന്നാണ് കണക്കാക്കുന്നത്. റവന്യൂ കമ്മി ഗ്രാന്റിനത്തിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 8400 കോടി രൂപയുടെ കുറവാണുണ്ടായത്. ജിഎസ്‌ടി നഷ്ടപരിഹാരം നിർത്തുകയും ചെയ്തു. പൊതു കടമെടുപ്പിൽ നിയമപ്രകാരം അവകാശപ്പെട്ട തുകയിൽ ഭീമൻ കുറവുവരുത്തിയതും കേന്ദ്രാവിഷ്കൃത പദ്ധതിയിൽ വെട്ടിക്കുറവ് വരുത്തുന്നതും സംസ്ഥാനത്തിന് പുതിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. സാമൂഹ്യസുരക്ഷാ പെൻഷന്റെ നാമമാത്രമായ കേന്ദ്രവിഹിതംപോലും കഴിഞ്ഞ രണ്ടു വർഷമായി  നൽകിയില്ല. സ്കൂൾ കുട്ടികളുടെ ഉച്ചക്കഞ്ഞിയിൽ മണ്ണുവാരിയിടുന്ന മോദി സർക്കാരിന്റെ സമീപനവും ഈ സാമ്പത്തിക ഉപരോധത്തിന്റെ ഭാഗംതന്നെയാണ്. കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളിൽ ജനറൽ കോച്ചുകളും സ്ലീപ്പർ കോച്ചുകളും വെട്ടിക്കുറയ്‌ക്കുന്നതും കേന്ദ്ര അവഗണനയുടെ ആഴം വ്യക്തമാക്കുന്നു.


 

മോദി സർക്കാരിന്റെ ഈ കേരളവിരുദ്ധ സമീപനം ജനങ്ങളെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ മാസം 11 മുതൽ 16 വരെ സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലത്തിലും പ്രക്ഷോഭം സംഘടിപ്പിക്കാൻ സിപിഐ എം തീരുമാനിച്ചത്. പാർടി കേന്ദ്ര കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച് നടത്തുന്ന ഈ പ്രക്ഷോഭപരിപാടിയിൽ വൻ ജനപങ്കാളിത്തമാണ് ദൃശ്യമാകുന്നത്.  പതിനാറോടെ 140 നിയോജക മണ്ഡലത്തിലും രാഷ്ട്രീയ വിശദീകരണ യോഗങ്ങളും ധർണകളും പൂർത്തിയാകും. കേന്ദ്രം കേരളത്തിനെതിരെ ഏർപ്പെടുത്തുന്ന സാമ്പത്തിക ഉപരോധത്തിനു പുറമെ മോദി സർക്കാരിന്റെ വാഗ്ദാന ലംഘനങ്ങളെക്കുറിച്ചും പാർടി ജനങ്ങളോട് വിശദീകരിക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനം തൊഴിലില്ലായ്മ തന്നെയാണ്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുവേളയിൽ വർഷംതോറും രണ്ടുകോടി പുതിയ തൊഴിൽ നൽകുമെന്ന്‌ വാഗ്ദാനംചെയ്താണ് മോദി അധികാരത്തിൽ വന്നത്. അതായത് ഒമ്പതുവർഷം പൂർത്തിയാക്കിയ മോദി സർക്കാർ ഇതിനകം 18 കോടി തൊഴിൽ നൽകിയിരിക്കണം. ഏതാനും ലക്ഷം തൊഴിൽ നൽകാൻപോലും മോദി സർക്കാരിന് കഴിഞ്ഞിട്ടില്ല. കേന്ദ്ര സർക്കാരിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി 10 ലക്ഷത്തിലേറെ ഒഴിവുണ്ട്. നിയോ ലിബറൽ സാമ്പത്തികനയം പിന്തുടരുന്ന മോദി സർക്കാർ ഈ ഒഴിവുകൾ നികത്താൻ  തയ്യാറായിട്ടില്ല. അഗ്നിവീർ പദ്ധതി നടപ്പാക്കി സൈന്യത്തിലുള്ള തൊഴിൽ അവസരംപോലും മോദി ഇല്ലാതാക്കുകയുംചെയ്തു. നാണക്കേട് മറയ്‌ക്കാൻ കേന്ദ്ര സർവീസിൽ നാമമാത്രമായി റിക്രൂട്ട് ചെയ്യുന്നവർക്ക്‌ നേരിട്ട് നിയമന ഉത്തരവ് നൽകി മേനി നടിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ഇങ്ങനെ നൽകുന്ന ഉത്തരവുകളിൽ വലിയ ശതമാനം നിലവിൽ സർവീസിലുള്ളവരുടെ പ്രൊമോഷൻ പോസ്റ്റുകളും ഉൾപ്പെടുന്നുവെന്ന വിവരം കഴിഞ്ഞദിവസമാണ് ഒരു വാർത്താ പോർട്ടൽ പുറത്തുവിട്ടത്. പ്രധാനമന്ത്രിയുടെ തൊഴിൽ മാമാങ്കത്തിന്റെ യഥാർഥ ചിത്രം ഇതോടെയാണ് വ്യക്തമായത്. 

മോദി സർക്കാരിനെ രാജ്യത്തെ ജനങ്ങൾ വെറുക്കാൻ പ്രധാന കാരണം അസാധാരണമായ വിലക്കയറ്റമാണ്. ഇന്ത്യൻ ഗ്രാമങ്ങളിലെ ചൂടേറിയ ചർച്ചാവിഷയമാണ്‌ ഇത്. തക്കാളിക്കും ഉള്ളിക്കും അനുഭവപ്പെട്ട വിലക്കയറ്റം സാരമായി ബാധിച്ചു. ഗ്രാമീണമേഖലയിലെ വിലക്കയറ്റം 39 ശതമാനമായി ഉയർന്നു. -വൻകിട കോർപറേറ്റുകൾക്ക് 10 ലക്ഷം കോടിയുടെ കടങ്ങൾ എഴുതിത്തള്ളിയ മോദി സർക്കാർ, കാർഷിക സബ്സിഡി ഇല്ലാതാക്കുകയും പൊതുവിതരണ സമ്പ്രദായം ദുർബലപ്പെടുത്തുകയും ചെയ്തു .ഇതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. അതോടൊപ്പം പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനയും. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പാചകവാതക സിലിണ്ടറിന് 200 രൂപ കുറയ്‌ക്കാൻ മോദി നിർബന്ധിതനായി. 2014ൽ മോദി അധികാരത്തിൽ വരുമ്പോൾ 500 രൂപയിൽ താഴെയായിരുന്ന പാചകവാതക സിലിണ്ടറിന് 700 രൂപയോളമാണ് വർധിപ്പിച്ചത്. അതായത് 200 രൂപ കുറച്ചെങ്കിലും 500 രൂപയുടെ വർധന നിലനിൽക്കുകയാണ്. മോദിയുടെ ഈ രീതിയല്ല കേരളത്തിന്റേത്.

വിപണിയിൽ ഇടപെട്ട് പരമാവധി വിലക്കുറവിൽ അവശ്യസാധനങ്ങൾ ജനങ്ങൾക്ക്‌ ഉറപ്പുവരുത്തുകയാണ് കേരളത്തിലെ സർക്കാർ ചെയ്യുന്നത്. അതുപോലും അസാധ്യമാക്കുന്ന സാമ്പത്തിക ഉപരോധം മോദി തീർത്തപ്പോഴാണ് അതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭപാതയിലേക്ക് നീങ്ങാൻ സിപിഐ എം തയ്യാറായിട്ടുള്ളത്. കേരളത്തെ സ്നേഹിക്കുന്ന, ജനങ്ങളെ സ്നേഹിക്കുന്ന എല്ലാവരും ഈ പ്രക്ഷോഭത്തിൽ അണിചേരണം. കക്ഷിരാഷ്ട്രീയം തടസ്സമാകരുത്. എന്നാൽ, വിചിത്രമെന്നു പറയട്ടെ കേരളത്തിലെ കോൺഗ്രസ് പാർടി മോദി സർക്കാരിന്റെ എല്ലാ കേരളവിരുദ്ധ സമീപനങ്ങളെയും പിന്തുണയ്‌ക്കുകയാണ്. കേരളം നശിച്ചാലും സിപിഐ എമ്മും ഇടതുപക്ഷവും രക്ഷപ്പെടരുതെന്ന സമീപനമാണ് അവർക്കുള്ളത്. കോൺഗ്രസിന്റെ തെറ്റായ സമീപനവും ജനങ്ങൾ ശരിയായി വിലയിരുത്തുമെന്ന്‌ ഞങ്ങൾ പ്രതീക്ഷിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top