09 October Wednesday

ദുഷ്‌പ്രചാരണങ്ങളെ പാർടി ഒറ്റക്കെട്ടായി നേരിടും

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024


തുടർച്ചയായി രണ്ടാംതവണയും എൽഡിഎഫ്‌ സർക്കാർ അധികാരത്തിലേറിയതുമുതൽ വലതുപക്ഷ മാധ്യമങ്ങളും പ്രതിപക്ഷവും വിചിത്രവും അവിശ്വസനീയവുമായ രീതിയിൽ ആരോപണങ്ങളും വ്യാജവാർത്തകളും സൃഷ്ടിക്കുകയാണ്‌. എല്ലാ പിന്തിരിപ്പൻ ശക്തികളും സ്ഥാപിത താൽപ്പര്യക്കാരും വർഗീയ ശക്തികളും ഒന്നാകെ സർക്കാരിനെതിരെ യുദ്ധപ്രഖ്യാപനം നടത്തുന്നു.  ഇതിന്റെ തുടർച്ചയാണിപ്പോൾ പാർടി ശത്രുക്കൾക്കൊപ്പം ചേർന്ന നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ നിലപാട്‌ മാറ്റം. എൽഡിഎഫിനൊപ്പംനിന്ന്‌ വിജയിച്ച്‌ രണ്ട്‌ തവണ എംഎൽഎയായ അൻവർ വലതുപക്ഷ രാഷ്ട്രീയ ശക്തികളും മാധ്യമങ്ങളും നടത്തുന്ന സിപിഐ എം വിരുദ്ധ പ്രചാരണങ്ങളുടെ ജിഹ്വയായി മാറി പാർടിയെയും സർക്കാരിനെയും തള്ളിപ്പറയുകയാണ്‌. പ്രതിപക്ഷംപോലും പറയാത്ത കാര്യങ്ങളാണ്‌ ഉന്നയിക്കുന്നത്‌.  ആരോപണങ്ങൾ മാധ്യമങ്ങളിലൂടെ പറഞ്ഞതിനു പിന്നാലെ മുഖ്യമന്ത്രിക്ക് അൻവർ പരാതി നൽകിയിരുന്നു. പരാതിയിൽ പറഞ്ഞ എല്ലാ കാര്യങ്ങളെക്കുറിച്ചും സർക്കാർ ഉന്നതതലത്തിൽ വിശദമായ  അന്വേഷണം നടത്തുകയാണ്. സംസ്ഥാന പൊലീസ്‌ മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ്‌ അന്വേഷിക്കുന്നത്‌. എസ്‌പിയെ സസ്പെൻഡ് ചെയ്തു. അന്വേഷണം പൂർത്തിയായാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്.  എന്നാൽ, അന്വേഷണം പൂർത്തിയാകുന്നതുവരെ കാത്തുനിൽക്കാതെ  മുൻകൂട്ടി നിശ്ചയിച്ച ചില അജൻഡകളുമായി അൻവർ കഴിഞ്ഞദിവസം സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വീണ്ടും രംഗത്തുവന്നു. അന്വേഷണമോ നടപടികളോ അല്ല ആവശ്യം, മറിച്ച്‌ ഒരു പുകമറ സൃഷ്ടിച്ച്‌ എൽഡിഎഫ്‌ വിട്ട്‌ പുറത്തുപോകാൻ  ബോധപൂർവം കാരണം കണ്ടെത്തുകയായിരുന്നു.  ഇത്‌ അദ്ദേഹം ഇതുവരെ പിന്തുടർന്ന നിലപാടുകളുടെ വിശ്വാസ്യതയെ തന്നെ സംശയത്തിലാക്കുകയാണ്‌.

അടുത്തകാലംവരെ പലവിധ ആരോപണങ്ങൾ നേരിട്ടിരുന്ന അൻവറെ വലതുപക്ഷ മാധ്യമങ്ങളും പ്രതിപക്ഷവും തുടർച്ചയായി വേട്ടയാടിയിരുന്നു.  വാട്ടർതീം പാർക്ക്‌, തടയണ, മിച്ചഭൂമി കൈയേറ്റം, സ്വകാര്യ ഭൂമി പിടിച്ചെടുക്കൽ, ക്വാറി നടത്തിപ്പിന്റെ പേരിൽ വഞ്ചന, തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പുള്ള സ്വർണഖനനത്തിനായുള്ള  വിദേശയാത്ര, രാഹുൽഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്ന പരാമർശം എന്നിവയായിരുന്നു പ്രധാനം. കെ റെയിലും കേരളത്തിന്റെ ഐടി വികസനവും തടസ്സപ്പെടുത്താൻ  പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ കർണാടകത്തിലെയും ആന്ധ്രപ്രദേശിലെയും ഐടി അനുബന്ധ റിയൽ എസ്‌റ്റേറ്റ്‌ ലോബികളിൽനിന്നും 150 കോടി രൂപ വാങ്ങിയെന്ന ആരോപണവും ഉന്നയിച്ചു. മാധ്യമവേട്ടയിൽനിന്നും രക്ഷപ്പെടാനാണ്‌ ഇപ്പോൾ അൻവർ സിപിഐ എമ്മിനും എൽഡിഎഫ്‌ സർക്കാരിനുമെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്‌. ഇതോടെ ഇതുവരെ പറഞ്ഞതെല്ലാം മറന്ന്‌ വലതുപക്ഷമാധ്യമങ്ങളും പ്രതിപക്ഷ നേതാക്കളും അൻവറിനെ മഹത്വവൽക്കരിക്കാൻ തുടങ്ങി. അൻവറിനെതിരെ നൽകിയ എല്ലാ പരാതികളിലും പൊലീസ്‌ നിഷ്‌പക്ഷമായ സമീപനമാണ്‌ സ്വീകരിച്ചത്‌. ഭൂമി സംബന്ധിച്ച പരാതികളിൽ പൊലീസ്‌ കേസെടുത്തു, കോടതി നിർദേശപ്രകാരം വാട്ടർതീം പാർക്ക്‌ അടച്ചുപൂട്ടി,  അനധികൃതമായി നിർമിച്ച തടയണ പൊളിച്ചു. അതുകൊണ്ടുതന്നെയാണ്‌ സർക്കാർ സ്വജനപക്ഷപാതപരമായി പെരുമാറുന്നില്ല എന്നത്‌ ആരോപണമായി അദ്ദേഹം ഉന്നയിച്ചത്‌. സിപിഐ എമ്മും സർക്കാരും എന്നും സ്വജനപക്ഷപാതത്തിന്‌ എതിരാണ്‌. അത്‌ സ്ഥാപിത താൽപ്പര്യക്കാർക്ക്‌ ഒരുപാട്‌ അലോസരമുണ്ടാക്കുന്നു.

പൊലീസ് കള്ളക്കടത്തുസ്വർണം പിടികൂടുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഉന്നയിച്ച ആരോപണങ്ങളിൽ പ്രധാനം. കഴിഞ്ഞദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ  ഇത്‌ തെളിയിക്കാനായി ഹാജരാക്കിയതാകട്ടെ സ്വർണക്കടത്തുകേസിൽ പിടിക്കപ്പെട്ടവരെയും. പൊലീസ്‌ ഉദ്യോഗസ്ഥന്റെയടക്കം ഫോൺചോർത്തിയെന്ന പരാതി നേരിടുമ്പോഴാണ്‌  സ്വർണക്കടത്ത്‌, ഹവാല കേസ്‌ പ്രതികളുടെ ആരോപണം ഏറ്റുപിടിച്ച്‌ അൻവർ സർക്കാരിനെതിരെ തിരിഞ്ഞിരിക്കുന്നത്‌.  ഇതോടെ, ഇതുവരെ ഉന്നയിച്ച ആരോപണങ്ങളുടെ വിശ്വാസ്യതതന്നെ തകർന്നു.  സ്വർണം, മയക്കുമരുന്ന്, കള്ളപ്പണം എന്നിവ കടത്തുന്നത് നാടിനെതിരായ കുറ്റകൃത്യമാണ്‌. സംസ്ഥാനത്ത് നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ കണ്ടെത്തി തടയാൻ പൊലീസിന്‌ കർശന നിർദേശം സർക്കാർ നൽകിയിട്ടുണ്ട്‌. പൊലീസിന് നിർഭയമായും നീതിപൂർവമായും പ്രവർത്തിക്കാനും നിയമവിരുദ്ധ പ്രവൃത്തികൾ തടയാനുമുള്ള സാഹചര്യം ഉറപ്പാക്കും എന്നത്‌ സർക്കാരിന്റെ പ്രഖ്യാപിത നയമാണ്‌.  പൊലീസിന്റെ ഭാഗത്തുനിന്ന് തെറ്റായ കാര്യങ്ങൾ ഉണ്ടാകില്ല എന്നുറപ്പാക്കുന്നതോടൊപ്പം സേനയുടെ മനോവീര്യം തകർക്കാനുള്ള നീക്കത്തോട് ഒരു തരത്തിലും യോജിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്‌.  എൽഡിഎഫിൽനിന്നും അൻവർ സ്വയം പുറത്തേക്കുപോകുകയായിരുന്നു. ചില നിഗൂഢ ശക്തികളുടെ പ്രേരണകൊണ്ടാണിതെന്ന്‌ വ്യക്തമായിട്ടുണ്ട്‌. ആരോപണങ്ങൾ ഉന്നയിച്ച്‌ മുഖ്യമന്ത്രിയുടെയും പാർടി നേതൃത്വത്തിന്റെയും വിശ്വാസ്യത തകർത്ത്‌ സിപിഐ എമ്മിനെ ദുർബലപ്പെടുത്തുക എന്നത്‌ വലതുപക്ഷ ശക്തികൾ എത്രയോ കാലമായി പിന്തുടരുന്ന തന്ത്രമാണ്‌. സിപിഐ എമ്മിനെ തകർത്തുകളയാമെന്നത് വ്യാമോഹം മാത്രമാണ്‌.  നിരവധി പ്രതിസന്ധികളെയും അപവാദപ്രചാരണങ്ങളെയും നേരിട്ട്‌ കേരളത്തിൽ ശക്തിപ്പെട്ട പ്രസ്ഥാനമാണ്‌ സിപിഐ എം. ഏതു വെല്ലുവിളികളെയും രാഷ്ട്രീയമായും സംഘടനാപരമായും നേരിടാനുള്ള കരുത്ത്‌ കേരളത്തിൽ സിപിഐ എമ്മിനുണ്ട്‌. ഇതിനായി പാർടി പ്രവർത്തകർ ഒറ്റക്കെട്ടായി രംഗത്തിറങ്ങും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top