31 March Friday
നാളെ അയ്യാ 
വൈകുണ്ഠസ്വാമി ജയന്തി

അയ്യാ വൈകുണ്ഠസ്വാമി , നവോത്ഥാനത്തിന്റെ മാർഗദർശി - മന്ത്രി കെ രാധാകൃഷ്ണൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Mar 11, 2023

സമൂഹത്തിൽ നിരവധിയായ സാമൂഹ്യ അസമത്വങ്ങളും അനീതികളും അന്ധവിശ്വാസങ്ങളും നിലനിന്ന കാലത്താണ് നവോത്ഥാനസമര ചരിത്രത്തിലെ നാഴികക്കല്ലായ മേൽമുണ്ട് സമരം അരങ്ങേറുന്നത്. ഈ സമരത്തിന്റെ 200–--ാം വാർഷിക സ്മരണകൾക്കൊപ്പമാണ് നവോത്ഥാനത്തിന്റെ പെരുന്തച്ചനായ അയ്യാ വൈകുണ്ഠസ്വാമിയുടെ 214–--ാം ജന്മദിനവും വന്നുചേരുന്നത്.

നാടിനെ നവോത്ഥാന വീഥികളിലേക്ക്‌ കൈപിടിച്ച പോരാട്ടങ്ങളിലെ ആദ്യ പഥികനാണ് അയ്യാ വൈകുണ്ഠസ്വാമി. ജാതി മേധാവിത്വത്തിന്റെ നുകത്തിനുള്ളിൽ അടിമകളായി കഴിയേണ്ടിവന്ന അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നതിക്കുവേണ്ടി മുന്നിട്ടിറങ്ങിയവർ അന്ന്‌ ചുരുക്കമായിരുന്നു. ഇവിടെയാണ് സമത്വത്തിന്റെയും സ്വാഭിമാനത്തിന്റെയും ആശയങ്ങളും പ്രയോഗങ്ങളും വൈകുണ്ഠസ്വാമി ഉയർത്തിയത്.

പഴയ തിരുവിതാംകൂർ രാജ്യത്തിലെ നാഞ്ചിനാട്ടിലെ സ്വാമിത്തോപ്പിൽ (ഇന്നത്തെ കന്യാകുമാരി ജില്ല) 1809 മാർച്ച് 12ന് പൊന്നുമാടൻ-–-  വെയിലമ്മാൾ ദമ്പതികളുടെ മകനായി വൈകുണ്ഠസ്വാമി ജനിച്ചു. കേരളത്തിൽ ഉയർന്നുവന്ന പിൽക്കാല നവോത്ഥാന പരിശ്രമങ്ങളുടെയും ആശയധാരയുടെയും വേരുകൾ വൈകുണ്ഠസ്വാമിയിലേക്ക് ചെന്നെത്തുന്നത് കാണാമെന്ന് പ്രശസ്ത ചിന്തകനായ പി ഗോവിന്ദപ്പിള്ള ‘കേരള നവോത്ഥാനം ഒരു മാർക്സിസ്റ്റ് വീക്ഷണം' എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ‘അയ്യാ വൈകുണ്ഠരാണ് ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠിക്കുകയെന്ന വിപ്ലവകരമായ കർമം നിർവഹിച്ചത്. വൈകുണ്ഠരുടെയും ശ്രീനാരായണ ഗുരുവിന്റെയും പല ആപ്തവാക്യങ്ങളും സമാനങ്ങളാണെന്നും ശ്രദ്ധേയമാണ്. ഇക്കാരണങ്ങൾ കൊണ്ട് അയ്യാ വൈകുണ്ഠരുടെ ഇപ്പോഴത്തെ ആരാധകരിൽ ഒരു വലിയ പങ്ക് തമിഴ്നാട്ടിൽ ആണെങ്കിലും കേരളത്തിലെ നവോത്ഥാന നായകരുടെ പട്ടികയിൽ പ്രധാന സ്ഥാനം കൽപ്പിക്കുന്നത് ചരിത്രനീതിയാണ്' (പേജ് 144).

ചാന്നാർ സ്ത്രീകൾ മേൽക്കുപ്പായം ധരിക്കാൻ തുടങ്ങിയെങ്കിലും അത് ആചാരലംഘനമായി കണ്ട സവർണർ തെരുവിൽവച്ച് സ്ത്രീകളുടെ മേൽക്കുപ്പായം വലിച്ചുകീറാൻ തുടങ്ങി. ഇതിനെതിരെയുള്ള അടിസ്ഥാന ജനതയുടെ ചെറുത്തുനിൽപ്പായിരുന്നു മാറുമറയ്ക്കൽ സമരം.

കേരള ചരിത്രത്തിന്റെ ഗതിമാറ്റിയ പല സാമൂഹ്യ വിപ്ലവങ്ങളുടെയും ചിന്താസരണികളിൽ അഗ്നി പകർന്നത് സ്വാമിയാണ്. മേൽമുണ്ട് വിപ്ലവം, ചാന്നാർ ലഹള എന്നീ പേരുകളിൽ അറിയപ്പെടുന്ന മാറുമറയ്ക്കൽ സമരകാലത്ത് കീഴാള സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. എന്നാൽ, ക്രിസ്തു മതത്തിലേക്ക് ചേർന്ന ചാന്നാർ സ്ത്രീകൾ മേൽക്കുപ്പായം ധരിക്കാൻ തുടങ്ങിയെങ്കിലും അത് ആചാരലംഘനമായി കണ്ട സവർണർ തെരുവിൽവച്ച് സ്ത്രീകളുടെ മേൽക്കുപ്പായം വലിച്ചുകീറാൻ തുടങ്ങി. ഇതിനെതിരെയുള്ള അടിസ്ഥാന ജനതയുടെ ചെറുത്തുനിൽപ്പായിരുന്നു മാറുമറയ്ക്കൽ സമരം. ഇവരുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കുന്നതിനായി തലപ്പാവ് ധരിക്കാനും സ്ത്രീകളും പുരുഷന്മാരും ഇഷ്ടമുള്ള വേഷം ധരിക്കാനും വൈകുണ്ഠസ്വാമി ആഹ്വാനംചെയ്തു. ‘തോൾശീലൈ ഉരിമൈ' സമരം എന്ന വിഖ്യാതമായ മേൽമുണ്ട് സമരത്തിന്റെ 200–--ാം വാർഷികം പഴയ തിരുവിതാംകൂറിൽപ്പെട്ട നാഗർകോവിലിൽ ആചരിച്ചിരുന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും മുഖ്യമന്ത്രിമാരായ  പിണറായി വിജയനും എം കെ  സ്റ്റാലിനും  ഈ സമ്മേളനത്തിൽ ഒന്നിച്ച് പങ്കെടുത്തു.

ഊഴിയം വേലയ്ക്കെതിരെ നടന്ന സമരത്തിലും വൈകുണ്ഠസ്വാമിയുടെ പങ്ക് നിസ്തുലമാണ്. അക്കാലത്തെ തിരുവിതാംകൂർ രാജ്യത്തിലെ ജന്മിമാരുടെയും ക്ഷേത്രങ്ങളുടെയും മറ്റും പണികൾ ചെയ്യാൻ കീഴാള സമൂഹം നിർബന്ധിക്കപ്പെട്ടിരുന്നു. അത്തരം ജോലികൾക്ക് പ്രതിഫലം ഉണ്ടായിരുന്നില്ല. യഥാർഥത്തിൽ അത് അടിമവേല തന്നെയായിരുന്നു.  ഇതിനെതിരെ ‘വേല ചെയ്താൽ കൂലി കിട്ടണം' എന്ന മുദ്രാവാക്യം അദ്ദേഹം ഉയർത്തി. അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ  അവകാശപ്പോരാട്ടങ്ങൾക്കൊപ്പം നിന്ന വൈകുണ്ഠസ്വാമി, ദക്ഷിണേന്ത്യയിൽ ആദ്യമായി തൊഴിലാളി സമരം നടത്തിയ സാമൂഹ്യ പരിഷ്കർത്താവായി പരിഗണിക്കപ്പെടുന്നു.

1836-ൽ അദ്ദേഹം സ്ഥാപിച്ച സംഘടനയുടെ പേര് ‘സമത്വ സമാജം' എന്നായിരുന്നു. ജാതീയമായ ഉച്ചനീചത്വങ്ങൾ അരങ്ങുവാണിരുന്ന കാലത്ത് ഈ പേര് എത്രമാത്രം വിപ്ലവാത്മകം ആയിരുന്നുവെന്നത് ശ്രദ്ധേയമാണ്.

ജാതീയമായ വേർതിരിവുകളെയും അസ്‌പൃശ്യതയെയും ഇല്ലായ്മ ചെയ്യുന്നതിനായി ‘സമപന്തിഭോജനം' നടത്തുകയും അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും തുറന്നെതിർക്കുകയും ചെയ്തു."ഒൻറേ ജാതി, ഒൻറേ മതം, ഒൻറേ ദൈവം, ഒൻറേ കുലം, ഒൻറേ ഉലകം, ഒൻറേ അരശ്, ഒൻറേ മൊഴി, ഒൻറേ നീതി’ എന്ന അദ്ദേഹത്തിന്റെ ആപ്തവാക്യം സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും പാഠങ്ങളാണ് നൽകുന്നത്. വൈകുണ്ഠസ്വാമി ഏതെങ്കിലും പ്രത്യേക ജനവിഭാഗത്തിനുവേണ്ടിമാത്രം പ്രവർത്തിച്ചിരുന്ന ഒരാളായിരുന്നില്ല എന്ന് അദ്ദേഹത്തിന്റെ ആശയങ്ങളെയും പ്രവർത്തനങ്ങളെയും മുൻനിർത്തി പറയാൻ സാധിക്കും. 1836-ൽ അദ്ദേഹം സ്ഥാപിച്ച സംഘടനയുടെ പേര് ‘സമത്വ സമാജം' എന്നായിരുന്നു. ജാതീയമായ ഉച്ചനീചത്വങ്ങൾ അരങ്ങുവാണിരുന്ന കാലത്ത് ഈ പേര് എത്രമാത്രം വിപ്ലവാത്മകം ആയിരുന്നുവെന്നത് ശ്രദ്ധേയമാണ്.
ഒരേസമയം ബ്രിട്ടീഷ് കോളനി മേധാവിത്വത്തെയും തിരുവിതാംകൂർ ഭരണാധികാരികളെയും അദ്ദേഹം ധീരമായി വിമർശിച്ചു. രാജവാഴ്ചയുടെ ദുരന്തംപേറുന്ന ജനതയെ ഉയിർത്തെഴുന്നേൽപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. അക്കാലത്തെ ഭരണാധികാരികളെ കറുത്ത നീചനെന്നും വെളുത്ത നീചനെന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇതിന്റെയൊക്കെ ഫലമായി 1837-ൽ അദ്ദേഹത്തെ തിരുവനന്തപുരത്തെ ശിങ്കാരത്തോപ്പ് ജയിലിൽ അടയ്ക്കുകയുണ്ടായി. ഇക്കാലത്താണ് വൈകുണ്ഠസ്വാമി തൈക്കാട് അയ്യാഗുരുവിനെ പരിചയപ്പെടുന്നത്. പിന്നീട് അയ്യാഗുരു വൈകുണ്ഠസ്വാമിയുടെ പ്രധാന ശിഷ്യനായി മാറി.

ഉത്സവഘോഷയാത്രയിൽ പങ്കെടുത്തെന്ന പേരിൽ ദളിതരുടെ വീടുകൾ കത്തിക്കുകയും  സ്ത്രീകളെ ആക്രമിക്കുകയും ചെയ്ത സംഭവം കഴിഞ്ഞദിവസം കർണാടകത്തിലെ ഹവേരി ജില്ലയിലെ നന്ദി ഹള്ളി ഗ്രാമത്തിലുണ്ടായി. സ്വാതന്ത്ര്യം കിട്ടി 75 വർഷം പൂർത്തിയായിട്ടും രാജ്യത്തെ ദളിതരും പിന്നാക്ക ജനവിഭാഗങ്ങളും സവർണരുടെ ആക്രമണത്തിന് നിരന്തരം ഇരയാകുന്നു. ഇന്ത്യയുടെ രാഷ്ട്രപതിയായി പട്ടിക വർഗക്കാരി  അധികാരമേറ്റതിന് അടുത്തനാളിലാണ് രാജസ്ഥാനിലെ സ്കൂളിൽ ദളിത് വിദ്യാർഥി അധ്യാപകന്റെ അടിയേറ്റ് മരിച്ചത്. മുന്നാക്ക സമുദായക്കാർക്ക് കുടിക്കാൻവച്ച പാത്രത്തിൽനിന്ന് വെള്ളം എടുത്തു എന്നതായിരുന്നു ആ പിഞ്ചുബാലൻ ചെയ്ത കുറ്റം. വൈകുണ്ഠ സ്വാമിയും നവോത്ഥാന നായകരും നിരന്തര പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സാമൂഹ്യ മാറ്റങ്ങളാണ് സംഘപരിവാർ - ഹിന്ദുത്വ ശക്തികളുടെ ഇടപെടലിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top