01 June Thursday

ബ്രിയാൻ വില്യംസിന്റെ 
അവതാരമോ - കെ വി സുധാകരൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023

മലയാളത്തിലും വന്നുവോ ബ്രിയാൻ വില്യംസുമാർ എന്ന് ചോദിച്ചാൽ പെട്ടെന്ന് കാര്യം പിടികിട്ടണമെന്നില്ല. ആരാണ് ബ്രിയാൻ വില്യംസ് എന്നും അയാൾക്ക് എന്താണ് ഇവിടെ കാര്യമെന്നും അന്വേഷിച്ചാൽ ചോദ്യത്തിന് സാംഗത്യമുണ്ടെന്ന് പെട്ടെന്നുതന്നെ മനസ്സിലാകും.  എന്നാൽ, ബ്രിയാൻ വില്യംസിന്റെ  അത്രത്തോളം മാന്യത അയാളുടെ അപരന്മാരെന്ന് വിശേഷിപ്പിക്കാവുന്ന ഇവിടത്തെ ചിലർക്ക് ഉണ്ടോയെന്ന്  സംശയം പിന്നെയും അവശേഷിക്കും.

ഇനി കാര്യത്തിലേക്ക് കടക്കാം. അമേരിക്കൻ ടെലിവിഷൻ വാർത്താരംഗത്ത്‌ താരപദവിയുള്ള മാധ്യമപ്രവർത്തകനാണ് അറുപത്തിമൂന്നുകാരനായ ബ്രിയാൻ. അമേരിക്കൻ ടെലിവിഷൻ നെറ്റ്‌വർക്കായ നാഷണൽ ബ്രോഡ്കാസ്റ്റിങ്‌ കമ്പനി (എൻബിസി)യുടെ നൈറ്റ്‌ലി ന്യൂസ് റിപ്പോർട്ടർ.  ‘ദ ലെവൻത്‌ അവർ’ എന്ന രാഷ്ട്രീയ വാർത്താപരിപാടിയുടെ അവതരണത്തിലൂടെ മികച്ച അവതാരകനെന്ന നിലയിലും പ്രശസ്തനാണ് ബ്രിയാൻ. 2015 ഫെബ്രുവരിയിൽ ചാനലിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടപ്പോഴാണ് ബ്രിയാന്റെ കാര്യങ്ങൾ മാധ്യമലോകം കൂടുതൽ അറിയുന്നത്. സംഭവബഹുലമായ ഒരു വാർത്ത ദുർവ്യാഖ്യാനംചെയ്ത്‌ വസ്തുതാപരമല്ലാതെ അവതരിപ്പിച്ചു എന്നതായിരുന്നു ബ്രിയാൻ ചെയ്ത കുറ്റം.  ബ്രിയാൻ  നൽകിയ വാർത്ത കളവും വ്യാജവും ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതുമാണെന്ന് ഇതിൽ തീർപ്പുകൽപ്പിക്കാൻ ചുമതലപ്പെട്ട ഔദ്യോഗികകേന്ദ്രങ്ങൾ തന്നെ വെളിപ്പെടുത്തിയതോടെ വാർത്തയിലും അതിന്റെ അവതരണത്തിലും ബ്രിയാൻ കാണിച്ച കള്ളത്തരം പ്രേക്ഷകർ തിരിച്ചറിഞ്ഞു. കള്ളവാർത്ത നൽകി പ്രേക്ഷകരെ കബളിപ്പിച്ചതിന്റെ പേരിൽ ചാനലിനെതിരെ വലിയതോതിൽ പ്രതിഷേധമുയർന്നു. കേവലമായ പ്രതിഷേധം മാത്രമായിരുന്നില്ല, ചാനൽ പരിപാടി ബഹിഷ്കരിച്ചാണ് പ്രേക്ഷകർ പ്രതിഷേധത്തിന് മൂർത്തരൂപം നൽകിയത്. ചാനലിന്‌ ഏഴുലക്ഷം പ്രേക്ഷകരുടെ കുറവുണ്ടായതായി അമേരിക്കയിലെ തന്നെ ന്യൂയോർക്ക്‌ പോസ്റ്റ് ടിവി എഡിറ്റർ മൈക്കിൾ സ്റ്റാർ നടത്തിയ പഠനത്തിൽ കണ്ടെത്തി. കള്ളി വെളിച്ചത്തായി എന്നുവന്നതും അതിന്റെ പേരിൽ ചാനൽ തന്നെ പ്രതിസന്ധിയിലേക്ക് പോകുന്നുവെന്ന്‌ തോന്നുകയും ചെയ്തതോടെ തങ്ങൾക്ക് ജനങ്ങളോട് കടപ്പാടുണ്ടെന്നും അതുകൊണ്ട് വ്യാജവാർത്ത നൽകി പ്രേക്ഷകരെ കബളിപ്പിച്ചതിന്റെ പേരിൽ മാപ്പുചോദിക്കുന്നുവെന്നും ബ്രിയാൻ ടിവി ഷോയിലൂടെ തന്നെ പറഞ്ഞു. വാർത്തയിൽ കൃത്രിമത്വം കാണിച്ച ബ്രിയാൻ മാത്രമല്ല, അതിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ചാനലും   ജനങ്ങളോട് മാപ്പുപറഞ്ഞു. ഈ മാപ്പുപറച്ചിൽ മാധ്യമ പ്രവർത്തനത്തിലെ ധാർമികത ഉയർത്തിപ്പിടിക്കുന്ന സംഭവമായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു.

2003ൽ അമേരിക്ക ഇറാഖിനുമേൽ നടത്തിയ അധിനിവേശ വാർത്തയുമായി ബന്ധപ്പെട്ട്‌ 2015 ജനുവരി 30ന് നൈറ്റ്‌ലി ന്യൂസ് സംപ്രേഷണത്തിൽ നടത്തിയ വ്യാജമായ അവകാശവാദമാണ് വിവാദമായത്. ഇറാഖ് അധിനിവേശം റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ താൻ സഞ്ചരിച്ച ഹെലികോപ്റ്റർ ഒരു റോക്കറ്റ് വേധ ഗ്രനേഡ് വന്നിടിച്ചതിനെത്തുടർന്ന് പെട്ടെന്ന് താഴെ ഇറക്കേണ്ടി വന്നുവെന്നാണ് ബ്രിയാൻ പറഞ്ഞത്. തകർന്നുവീഴുന്ന ഒരു ഹെലികോപ്റ്ററിന്റെ ദൃശ്യവും വാർത്തയ്ക്കൊപ്പം കാണിച്ചു. ഈ വാർത്ത സംപ്രേഷണം ചെയ്തതിന് തൊട്ടുപിന്നാലെ ആക്രമണം നേരിട്ട ഹെലികോപ്റ്ററുകളിൽ ഒന്നിന്റെ ഫ്ലൈറ്റ് എൻജിനിയർ (ലാൻഡ് റെയ്നോൾഡ്സ്) നിഷേധ പ്രസ്താവനയുമായി രംഗത്തുവന്നു. ബ്രിയാൻ സഞ്ചരിച്ച ഹെലികോപ്റ്റർ മറ്റൊരു കൂട്ടം ഹെലികോപ്റ്ററുകളിൽ ഉൾപ്പെട്ടതായിരുന്നു. അതാകട്ടെ ആക്രമണം നേരിട്ട ഹെലികോപ്റ്ററുകൾ സഞ്ചരിച്ചതിനേക്കാൾ അരമണിക്കൂർ പിന്നിലായിരുന്നു. ബ്രിയാൻ സഞ്ചരിച്ച ഹെലികോപ്റ്റർ താഴെ ഇറക്കേണ്ടിവന്നത് ആക്രമണത്തെത്തുടർന്ന്‌ ആയിരുന്നില്ലെന്നും മണൽക്കാറ്റ് ശല്യംമൂലം ആയിരുന്നെന്നുമാണ് റെയ്‌നോൾസും ഹെലികോപ്റ്ററിലെ മറ്റ് ജോലിക്കാരും പറഞ്ഞത്. തുടർന്ന് ഹെലികോപ്റ്ററുകളിൽ ഉണ്ടായിരുന്ന മറ്റ് സൈനികരും ആക്രമണത്തിനു വിധേയമായ കോപ്‌റ്ററുകളിൽ ഒന്നും ബ്രിയാൻ ഉണ്ടായിരുന്നില്ലെന്നും അയാൾ സ്വന്തം പേര് ഈ സ്റ്റോറിയിൽ വ്യാജമായി കുത്തിത്തിരുകുക ആയിരുന്നെന്നും സാക്ഷ്യപ്പെടുത്തി. യഥാർഥത്തിലുള്ള ആക്രമണത്തിനുശേഷം ഒരു മണിക്കൂർകൂടി കഴിഞ്ഞാണ് ബ്രിയാൻ സംഭവസ്ഥലത്ത്‌ എത്തിയതെന്നും ചില സൈനികർ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.ഇങ്ങനെയെല്ലാം പരിഹാസ്യമായതിനുശേഷമാണ് ബ്രിയാൻ തെറ്റ്‌ ഏറ്റുപറഞ്ഞ് മാപ്പ് അപേക്ഷിച്ചത്. സൈനികർ പറഞ്ഞത് പൂർണമായും ശരിയാണെന്നും താൻ പറഞ്ഞത് തെറ്റാണെന്നും ബ്രിയാൻ ടെലിവിഷനിലൂടെ പറയുകയും അത് ഫെയ്‌സ്ബുക്കിൽ കുറിക്കുകയും ചെയ്‌തു.

തന്റെ പ്രാഗത്ഭ്യം തെളിയിക്കാനെന്ന മട്ടിൽ സമാനമായ പല വ്യാജവാർത്തകളും ഉണ്ടാക്കിയ ആളാണ് ബ്രിയാനെന്ന് പിന്നീട് തെളിയിക്കപ്പെട്ടിട്ടുണ്ട്. ബെർലിൻ മതിൽ പൊളിക്കുന്ന ദിവസം രാത്രി താൻ ബ്രാൻസൻബർഗ്‌ ഗേറ്റിൽ ഉണ്ടായിരുന്നെന്ന്‌ വാർത്തയിൽ പറഞ്ഞു. എന്നാൽ, ബെർലിൻ മതിൽ പൊളിച്ച്‌ ഒരു ദിവസം കഴിഞ്ഞതിനുശേഷവും ബ്രിയാൻ അവിടെ എത്തിയിരുന്നില്ലെന്ന്‌ സിബിഎസ് പോലുള്ള ചാനലുകൾ തെളിയിച്ചു. ഒടുവിൽ ഇത്തരം വ്യാജവാർത്തയുടെ പേരിൽ 2021 ഡിസംബറിൽ ബ്രിയാന് ചാനൽ വിട്ടുപോകേണ്ടിവന്നു.

ഏഷ്യാനെറ്റ് ന്യൂസ് തട്ടിക്കൂട്ടിയ ലഹരിവിരുദ്ധ ക്യാമ്പയിൻ വാർത്ത സൃഷ്ടിച്ച കൗതുകവും സംശയവുമാണ് ബ്രിയാൻ വില്യംസിനെ ഓർമിപ്പിച്ചത്. ഏഷ്യാനെറ്റ് ന്യൂസിന്റേത്‌ വ്യാജവാർത്ത ആയിരുന്നെന്ന് ഇതിനകം ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുള്ളതാണ്. നാലുമാസംമുമ്പ് കൊടുത്ത വാർത്ത പുതിയൊരു വാർത്തയെന്ന മട്ടിൽ അവതരിപ്പിക്കുകയും അതിനു ശക്തിപകരാൻ കൃത്രിമമായ ഒരു ദൃശ്യം (അഭിമുഖം നടത്തുന്ന) കാണിക്കുകയും ചെയ്തിരിക്കുന്നു. ഇതു പഴയ വാർത്തയാണെന്നും ഇത് ആവർത്തിക്കുമ്പോൾ ഒരു പുതിയ ദൃശ്യം കാണിക്കുകയാണ് ചെയ്യുന്നത് എന്നുപറഞ്ഞാൽ പ്രശ്‌നം തീരുന്നതേയുള്ളൂ. ക്രൈം സ്റ്റോറികളിലൊക്കെ അങ്ങനെ ദൃശ്യങ്ങൾ പുനഃസൃഷ്ടിക്കുന്ന രീതിയുണ്ട്. 

എന്നാൽ, ഇക്കാര്യം സത്യസന്ധമായി പറയുന്നതിനുപകരം ലഹരിക്കച്ചവടവും അതുമായി ബന്ധപ്പെട്ട്‌ കുട്ടികളെ ദുരുപയോഗം ചെയ്യലും വർധിച്ചുവരികയാണെന്ന പ്രതീതിയുണ്ടാക്കാനും അതിൽ എക്സൈസ് വകുപ്പിന്റെയും  ആത്യന്തികമായി സർക്കാരിന്റെയും കുറ്റം കണ്ടുപിടിക്കാനുള്ള തത്രപ്പാടാണ് ഏഷ്യാനെറ്റ് ന്യൂസ് കാണിച്ചിരിക്കുന്നത്. രണ്ടു സന്ദർഭത്തിലെ വാർത്തയും ദൃശ്യങ്ങളും ശ്രദ്ധിച്ചാൽ ഏതൊരാൾക്കും ഇത് മനസ്സിലാകുകയും ചെയ്യും. ചാനലിന്റെ കൊച്ചി ഓഫീസിൽ എസ്‌എഫ്‌ഐ നടത്തിയ ‘ആക്രമണത്തെ’ക്കുറിച്ചും ചാനലിന്റെ കോഴിക്കോട് ഓഫീസിൽ പൊലീസ് നടത്തിയ പരിശോധനയെപ്പറ്റിയും വാർത്തകൾ ആവർത്തിച്ചുനൽകിയപ്പോഴും  വാർത്തയുടെ ‘കണ്ടന്റ്‌’ എന്ന് പറഞ്ഞതല്ലാതെ എന്താണ്‌ ആ കണ്ടന്റ്‌ എന്നുപറയാനുള്ള ‘നിർഭയത്വം’ ചാനൽ കാട്ടിയില്ല. ‘കാള പെറ്റു എന്നുകേട്ടപ്പോൾ കയർ എടുത്തു’ എന്ന്‌ പറഞ്ഞുപഴകിയ പ്രയോഗം ഓർമിപ്പിക്കുന്ന മട്ടിൽ പ്രതിപക്ഷനേതാവ് അടക്കമുള്ള യുഡിഎഫ് നേതാക്കൾ ചാനലിലും നിയമസഭയിലും വലിയ വായിൽ സംസാരിച്ചപ്പോഴും എന്തായിരുന്നു വിവാദ വാർത്തയുടെ കണ്ടന്റ്‌ എന്ന് അന്വേഷിക്കാനോ പറയാനോ തയ്യാറായില്ല. അതുപിന്നെ രാഷ്ട്രീയമാണെന്ന്‌ കരുതാം. എന്നാൽ, അതിൽ വമ്പിച്ച പ്രതിഷേധം രേഖപ്പെടുത്തി സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രത്തിലും പത്രപ്രവർത്തക യൂണിയന്റെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർ മാർച്ചും ധർണയും നടത്തുകയും ‘മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്നതിനെതിരെ ’ പ്രസംഗിക്കുകയും ചെയ്തു. അവർ പോലും വിവാദമായ വാർത്തയുടെ ‘കണ്ടന്റ്‌’ എന്താണെന്ന് അറിയാനോ പറയാനോ ശ്രമിച്ചില്ല എന്നതാണ് ഖേദകരം. ഒരു നൂറ്റാണ്ടുമുമ്പ് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ ഗാർഡിയൻ പത്രാധിപർ സി പി സ്കോട്ട് പറഞ്ഞ ആപ്തവാക്യം– comment is free- but facts are sacred–- നമ്മുടെ പല മാധ്യമപ്രവർത്തകരെയും നോക്കി ചിരിക്കുന്നുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top