ad
Deshabhimani

Articles

എന്റെ ഭാഗ്യം ഞാൻ ചെയ്‌ത സിനിമകൾ

എന്റെ ഭാഗ്യം ഞാൻ ചെയ്‌ത സിനിമകൾ

shankar
കെ എ നിധിൻ നാഥ്‌ [email protected]

Published on Apr 19, 2026, 01:56 AM | 3 min read

മലയാള സിനിമയിൽ പല തലമുറ മാറ്റങ്ങളുമുണ്ടായി. എന്നാൽ അരനൂറ്റാണ്ടായി ശങ്കർ എന്ന നടൻ മലയാള സിനിമയുടെ മേൽവിലാസമായി നിൽക്കുന്നുണ്ട്‌. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ പ്രേം കൃഷ്ണൻ മുതലിങ്ങോട്ട്‌ ഒരുപാട്‌ കഥാപാത്രങ്ങൾ. വിജയങ്ങളും പരാജയങ്ങളും നിറഞ്ഞ സിനിമാ യാത്രയിൽ ഇടവേളകളും തിരിച്ചു വരവുകളുമായി സിനിമ മാത്രമായൊരു ജീവിതകാലം. ആ യാത്ര ‘എറിക്‌’ എന്ന താൻ മൂന്നാമത്‌ സംവിധാനം ചെയ്‌ത സിനിമയിൽ എത്തി നിൽക്കുകയാണ്‌. നടനും സംവിധായകനുമായ ശങ്കർ സംസാരിക്കുന്നു.

ഹൊറർ ത്രില്ലർ

വർഷങ്ങളായി എന്റെ ഒപ്പമുള്ള സിനിമയാണ്‌ എറിക്‌. ഇതിന്റെ സംവിധാനം വളരെ ബുദ്ധിമുട്ടേറിയ യാത്രയായിരുന്നു. 2015ൽ സംവിധാനം ‍ ചെയ്‌ത തമിഴ്‌ ചിത്രം മണൽനഗരത്തിനുശേഷം ലഭിച്ച കഥയാണ്‌ എറിക്‌. ഒരുപാട്‌ രംഗങ്ങൾ വിദേശത്താണ്‌ ചിത്രീകരിച്ചത്‌. സിനിമാ ചിത്രീകരണം ആരംഭിക്കാൻ നിൽക്കുന്ന ഘട്ടത്തിൽ ആദ്യം പ്രളയം വന്നു. വിദേശത്തേക്ക്‌ പോകാനായില്ല. പിന്നീട്‌ കോവിഡ്‌ സൃഷ്ടിച്ച പ്രതിസന്ധിയും ചിത്രീകരണം വൈകിപ്പിച്ചു. നടക്കില്ലെന്ന്‌ കരുതിയതായിരുന്നു. ലൊക്കേഷൻ, വിസ അങ്ങനെ ഒരുപാട്‌ പ്രതിസന്ധികളുണ്ടായിരുന്നു.

യുകെയിലുള്ള തരത്തിലുള്ള ഫ്ലാറ്റ്‌ കേരളത്തിൽ സെറ്റിട്ടാണ്‌ ചിത്രീകരണം നടത്തിയത്‌. വിദേശത്ത്‌ ഓട്ട്‌ഡോർ രംഗങ്ങളും ചിത്രീകരിച്ചു. ഹൊറർ ത്രില്ലർ സ്വഭാവത്തിലുള്ള സിനിമയാണ്‌. കണ്ടവർ നല്ല അഭിപ്രായമാണ്‌ പറയുന്നത്‌.

സംവിധാനം

സിനിമയിൽ എത്തിയ കാലത്തുതന്നെ സംവിധാനം ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. ആദ്യ കാലങ്ങളിൽ വലിയ തിരക്കിൽ അഭിനയിച്ചു. അപ്പോൾ സംവിധാനത്തെക്കുറിച്ച്‌ ചിന്തിക്കാനായില്ല. 1995നുശേഷം സിനിമയിൽനിന്ന്‌ മാറി നിന്നപ്പോഴാണ്‌ സംവിധാനം ചെയ്യുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നത്‌. കമീഷണർ ഒക്കെ ഇറങ്ങിയ സമയമാണ്‌. സുരേഷ്‌ ഗോപിയോട്‌ ഒരു കഥ പറയുകയും അദ്ദേഹത്തിനു ഇഷ്ടമാകുകയും ചെയ്‌തു. എഴുതി വന്നപ്പോൾ വേറെ പടങ്ങളിൽ സമാനമായ ആശയങ്ങൾ വന്നു. അങ്ങനെ അത്‌ ഉപേക്ഷിച്ചു. അഭിനയം തുടർന്നു. പിന്നീട്‌ 50 മിനിറ്റുള്ള ഹ്രസ്വ ചിത്രം ചെയ്‌തു. അതിനു ശേഷമാണ്‌ കേരളോത്സവം ചെയ്യുന്നത്‌.

അനുഭവങ്ങൾ വലുത്‌

ഓരോ സിനിമയിൽനിന്നും പഠിക്കാനുണ്ട്‌. അത്‌ നൽകുന്ന അനുഭവങ്ങൾ വലുതാണ്‌. നമ്മൾ എത്ര പഠിച്ചാലും സിനിമയിൽ ഭാഗ്യം പ്രധാനമാണ്‌. എത്ര വലിയ ഹിറ്റുകൾ നൽകിയ സംവിധായകർക്കും ഇപ്പോൾ വിജയിക്കാൻ കഴിയുന്നില്ല. കഥ, അഭിനേതാക്കൾ, വിതരണം, പ്രചാരണം ഇങ്ങനെ എല്ലാം ഒന്നുചേർന്ന്‌ വന്നാൽമാത്രമേ സിനിമ വിജയിക്കൂ.

വീഴ്‌ചകൾ

സിനിമയിൽ വന്നതുതന്നെ ഭാഗ്യമാണ്‌ എന്നാണ്‌ ഇപ്പോഴും കരുതുന്നത്‌. ഇത്രയും സിനിമകൾ ചെയ്യാനാകുമെന്നും ഹിറ്റുകളുണ്ടാകുമെന്നും കരുതിയിട്ടില്ല. ഫിലിം സ്‌കൂളിൽ പഠിക്കുമ്പോൾ നസീർ സാറിന്റെ മകനായിട്ട്‌ അഭിനയിക്കണം എന്നായിരുന്നു ഏറ്റവും വലിയ ആഗ്രഹം. സിനിമയിൽ വിജയങ്ങൾപോലെ തന്നെയാണ്‌ പരാജയങ്ങളും. ഒരു ഘട്ടത്തിൽ വീഴ്‌ചകളും ഉണ്ടാകും. എനിക്കും ഉണ്ടായി. അപ്പോൾ സിനിമയിൽനിന്ന്‌ മാറിനിന്നു. അതിനെ നേരിട്ടു.

വെല്ലുവിളി

പരാജയങ്ങളുണ്ടാകുമ്പോൾ നമ്മുടെ ശ്രദ്ധ അതിൽനിന്ന്‌ മാറ്റാനാണ്‌ ശ്രമിക്കാറ്‌. അങ്ങനെയാണ്‌ അതിൽനിന്ന്‌ ആശ്വാസം കണ്ടെത്തിയത്‌. ഓരോ പടവും ഒരു വെല്ലുവിളിയാണ്‌. ചെറിയ പടങ്ങൾ ഹിറ്റാകും. കോടികൾ ഇറക്കി എടുക്കുന്ന പടം പരാജയപ്പെടും. അഭിനേതാവ്‌ എന്ന നിലയിൽ നമ്മൾ നമ്മുടെ ജോലി ചെയ്യുക എന്നതാണ്‌ പ്രധാനം.

ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഞാൻ പഠിക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന രണ്ടു പേരാണ്‌ വളരെ ശ്രദ്ധിക്കപ്പെട്ടത്‌. ഒന്ന്‌ ചിരഞ്ജീവിയും മറ്റൊരാൾ ശ്രീനിവാസനുമാണ്‌. അവിടത്തെ ആദ്യ ബാച്ചിലാണ്‌ രജനികാന്ത്‌ പഠിച്ചത്‌. ബാക്കിയുള്ളവർ ശ്രദ്ധിക്കപ്പെട്ടില്ല. ഞാൻ ഇവിടെവരെ എത്താനായി എന്നാണ്‌ കരുതുന്നത്‌.

ഭാഗ്യം എന്റെ

സിനിമകളാണ്‌

എനിക്ക്‌ നല്ല തുടക്കം കിട്ടി. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ പോലെ സിനിമ ചെയ്യാനായി. ഒരു ഗോഡ്‌ഫാദറുണ്ടായി. സിനിമ 365 ദിവസം ഓടി. എന്റെ ഭാഗ്യം ഞാൻ ചെയ്‌ത സിനിമകളാണ്‌. കുറേ ഹിറ്റുകൾ, നല്ല പാട്ടുകൾ ഒക്കെ ചെയ്‌തു. ആളുകൾ എന്നെ മറക്കില്ല. ട്രെൻഡ്‌ സെറ്റ്‌ ചെയ്‌ത സിനിമകളുടെ ഭാഗമായി. ഇപ്പോൾ ടിവിയിലുമൊക്കെയായി ആളുകൾ വീണ്ടും കാണുകയും അതെല്ലാം ഓർക്കുകയും ചെയ്യുന്നുണ്ട്‌.

എല്ലാ കാലവും എല്ലാവർക്കും നിലനിൽക്കാനാകില്ല. രജനി, മോഹൻലാൽ, മമ്മൂട്ടി എന്നിവർ നിൽക്കുന്നപോലെ എല്ലാവർക്കും പറ്റില്ല.

പ്രൊമോഷൻ പ്രധാനം

ഇപ്പോൾ സിനിമ ചെയ്യുന്നതുപോലെ തന്നെ പ്രധാനമാണ്‌ അതിന്റെ പ്രൊമോഷനും. പണ്ട്‌ നാല്‌ പോസ്റ്റർ ഒട്ടിച്ച്‌ സിനിമ ഇറക്കാൻ പറ്റും. ഇന്നത്‌ പറ്റില്ല. ശരിക്കും പ്രചാരണം നടത്തണം. അതിനൊപ്പംതന്നെ വിതരണം, തിയറ്റർ ഒക്കെ പ്രധാനമായി മാറി. അഭിനേതാക്കൾക്ക്‌ അപ്പുറം നിർമാതാക്കളടക്കം സെലിബ്രറ്റി സ്റ്റാറ്റസ്‌ ലഭിക്കാൻ തുടങ്ങി.

ഒടിടി

ഒടിടി വന്നതോടെ സിനിമകൾ കാണാനുള്ള സാധ്യതകൂടി. നമ്മുടെ സിനിമകൾ എല്ലാവരും കണ്ടുതുടങ്ങി. പക്ഷേ, എത്ര സിനിമകൾ എല്ലാവരും കാണുന്നുണ്ട്‌. ഒരു ദൃശ്യം, തുടരും, എക്കോ തുടങ്ങി വളരെ ശ്രദ്ധിക്കപ്പെട്ട സിനിമകൾ മാത്രമാണ്‌ ആളുകൾ കാണുന്നത്‌. ഹിറ്റ്‌ സിനിമകൾക്കുമാത്രമാണ്‌ ഒടിടിയിലും കാഴ്‌ചക്കാരുള്ളത്‌. പക്ഷേ, നമ്മുടെ ആളുകൾ എല്ലാതരം സിനിമകളും കാണുന്നുണ്ട്‌.

പുതിയ തലമുറ

മലയാള സിനിമയിലെ പുതിയ തലമുറ വളരെ സ്‌മാർട്‌ ആണ്‌. അവർ ആദ്യംമുതൽ കൃത്യമായ പ്ലാനുകളോടെയാണ്‌ കാര്യങ്ങൾ ചെയ്യുന്നത്‌. പണ്ട്‌ അതുണ്ടായിരുന്നില്ല. എം ജി ആർ, ശിവാജി ഗണേഷൻ എന്നിവർക്കായുള്ള കഥകളാണ്‌ ഉണ്ടായിരുന്നത്‌. നസീർ സാർ ഒരു കൂട്ടം സംവിധായകരുടെ സിനിമകളാണ്‌ അധികവും ചെയ്‌തിരുന്നത്‌. എന്നാലിപ്പോൾ അങ്ങനെയല്ല. ഒന്ന്‌ ക്ലിക്കായാൽ അവർ വളരെ ശ്രദ്ധയോടെ പ്ലാൻ ചെയ്‌താണ്‌ കാര്യങ്ങൾ ചെയ്യുന്നത്‌. നിർമാണം, വിതരണം അങ്ങനെ എല്ലാ മേഖലയിലും അവർ ഭാഗമാകുന്നുണ്ട്‌. പണ്ട്‌ അഭിനേതാക്കൾ കുറവാണ്‌. എന്നാലിന്‌ 20–25 നല്ല അഭിനേതാക്കളുണ്ട്‌.

മാറ്റം

പുതിയ കാലത്തിന്റെ രീതിക്കനുസരിച്ച്‌ മാറണം. രീതികളിലും സാങ്കേതികതയിലുമെല്ലാം മാറ്റംവന്നു. പക്ഷേ, ഇമോഷൻസ്‌ ഒന്നുതന്നെയാണ്‌. ഇന്ന്‌ 200–300 സ്‌ക്രീനിലാണ്‌ സിനിമ കളിക്കുന്നത്‌. പണ്ട്‌ ഇങ്ങനെ ഒരു കാര്യം വിചാരിച്ചിട്ട്‌ പോലുമില്ല. പുതിയ തലമുറ സ്വാധീനിക്കുന്നുണ്ട്‌. അതിനാലാണ്‌ ഇപ്പോഴും നിലനിൽക്കാൻ കഴിയുന്നത്‌.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home