ആതുരസേവനത്തിന്റെ യുഗസഞ്ചാരം

എഐ പ്രതീകാത്മകചിത്രം
ഡോ. കീർത്തിപ്രഭ
Published on Jun 30, 2026, 10:04 PM | 2 min read
ജൂലൈ ഒന്നിന് ദേശീയ ഡോക്ടേഴ്സ് ദിനം ആചരിക്കുമ്പോൾ, അത് കേവലമൊരു ആശംസാദിനം മാത്രമല്ല; വൈദ്യശാസ്ത്രത്തിന്റെ ദീർഘയാത്രയെയും അതിന്റെ ഭാവിയെയും പുനർവിചിന്തനം ചെയ്യാനുള്ള അവസരംകൂടിയാണ്. ഇന്ത്യയിൽ ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ഡോ. ബി സി റോയിയുടെ സ്മരണാർഥമുള്ള ഈ ദിനം ലോകം ആരോഗ്യരംഗത്ത് അഭൂതപൂർവമായ സാങ്കേതിക പരിവർത്തനങ്ങളിലൂടെ കടന്നുപോകുന്ന വേളയിലാണ് വീണ്ടും എത്തുന്നത്. മനുഷ്യനാഗരികതയുടെ ചരിത്രത്തോളംതന്നെ പഴക്കമുണ്ട് രോഗത്തിനും രോഗശാന്തിക്കായുള്ള അന്വേഷണങ്ങൾക്കും. അതുകൊണ്ടുതന്നെ, സാമ്പത്തികവും സാമൂഹ്യവുമായ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് കൂടുതൽ അനിവാര്യമായി നിലനിൽക്കുന്ന മേഖലയാണ് വൈദ്യശാസ്ത്രം. ഈ യാത്ര ശിലായുഗത്തിലെ പരീക്ഷണങ്ങളിൽനിന്ന് നിർമിതബുദ്ധിയുടെയും റോബോട്ടിക്സിന്റെയും യുഗത്തിലേക്ക് എത്തുമ്പോൾ ഓരോ ഘട്ടവും മനുഷ്യബുദ്ധിയുടെ വിജയഗാഥയാണ്.
ഫ്രാൻസിലെ 27,000 വർഷം പഴക്കമുള്ള ഗുഹാചിത്രങ്ങളാണ് ഔഷധസസ്യങ്ങളുടെ ഉപയോഗത്തെയും ‘ട്രെപനേഷൻ' എന്ന ശസ്ത്രക്രിയാരീതിയെയും കുറിച്ചുള്ള ആദ്യതെളിവുകൾ നൽകുന്നത്. പ്രാചീന ഈജിപ്തുകാർ പൊതുജനാരോഗ്യസംവിധാനവും ശസ്ത്രക്രിയാരീതികളും വികസിപ്പിച്ചപ്പോൾ ബാബിലോണിയക്കാർ ആദ്യ രോഗനിർണയ ഗ്രന്ഥവും മരുന്ന് കുറിപ്പടികളും രൂപപ്പെടുത്തി. ഈ പാരമ്പര്യത്തെ കൂടുതൽ ശാസ്ത്രീയമാക്കിയത് ഗ്രീക്ക് വൈദ്യശാസ്ത്രമാണ്. ഹിപ്പോക്രാറ്റസിന്റെ ‘ഹിപ്പോക്രാറ്റിക് കോർപസ്’ ഇന്നും മെഡിക്കൽ ധാർമികതയുടെ അടിസ്ഥാനരേഖയാണ്. തുടർന്ന് മിഡിൽ ഈസ്റ്റിലെ ആശുപത്രികളും ആധുനികശസ്ത്രക്രിയാ ഉപകരണങ്ങളും ഇറ്റലിയിലെ മെഡിക്കൽ വിദ്യാഭ്യാസവും പത്തൊമ്പതാം നൂറ്റാണ്ടിലെ രസതന്ത്രം, രോഗപ്രതിരോധശാസ്ത്രം, ജനിതകശാസ്ത്രം എന്നിവയിലെ മുന്നേറ്റങ്ങളും വൈദ്യശാസ്ത്രത്തെ ഉയരങ്ങളിലെത്തിച്ചു. ഇന്ത്യയുടെ വൈദ്യപാരമ്പര്യവും അത്രത്തോളം സമ്പന്നമാണ്. സുശ്രുതന്റെയും ചരകന്റെയും സംഭാവനകൾ ആയുർവേദത്തെ ലോകത്തിലെ ആദ്യ വ്യവസ്ഥാപിത ചികിത്സാശാഖകളിലൊന്നാക്കി. പിന്നീട് യൂനാനി ചികിത്സാരീതിയും ഇന്ത്യൻ പാരമ്പര്യത്തിന്റെ ഭാഗമായി. ബ്രിട്ടീഷ് ഭരണകാലത്താണ് ഇന്ത്യയിൽ പാശ്ചാത്യ വൈദ്യശാസ്ത്രവും (അലോപ്പതി) ആധുനിക മെഡിക്കൽ കോളേജുകളും സ്ഥാപിക്കപ്പെടുന്നത്. സ്വാതന്ത്ര്യാനന്തരം ആധുനിക സാങ്കേതികവിദ്യയുടെയും മെഡിക്കൽ ഗവേഷണങ്ങളുടെയും സഹായത്തോടെ ഇന്ത്യൻ ഡോക്ടർമാർ ആഗോളതലത്തിൽത്തന്നെ മികവ് തെളിയിക്കുകയും ഏറ്റവും വലിയ ആരോഗ്യ പരിപാലന ശൃംഖലകളിലൊന്നായി ഇന്ത്യയെ മാറ്റുകയും ചെയ്തു.
ഇന്നത്തെ മെഡിക്കൽ രംഗം ഡിജിറ്റൽ യുഗത്തിന്റെ അതിവേഗപ്പാതയിലാണ്. വരുംദിനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബോട്ടിക്സും ഈ മേഖലയെ പുനർനിർവചിക്കും. ഡോക്ടർമാരുടെ സഹായശക്തിയായി എഐ മാറിയിട്ടുണ്ട്. ലക്ഷക്കണക്കിന് രോഗികളുടെ എക്സ്-റേ, എംആർഐ സ്കാനുകൾ, ബയോപ്സി റിപ്പോർട്ടുകൾ എന്നിവ സെക്കൻഡുകൾക്കുള്ളിൽ വിശകലനം ചെയ്യാൻ എഐക്ക് സാധിക്കും. രോഗനിർണയത്തിലെ പിഴവുകൾ ഇല്ലാതാക്കാനും ഡോക്ടർമാർക്ക് കൃത്യമായ തീരുമാനങ്ങൾ വേഗത്തിൽ എടുക്കാനും ഇത് വഴിതുറക്കുന്നു. ആധുനിക വൈദ്യശാസ്ത്ര മേഖല ഇന്ന് നേരിടുന്ന പ്രതിസന്ധി ഡോക്ടർമാരും രോഗികളും തമ്മിലുള്ള പരസ്പര വിശ്വാസത്തിലുണ്ടായ വിള്ളലാണ്. നിർഭാഗ്യവശാൽ, ആശുപത്രികളിൽ ഡോക്ടർമാർക്കുനേരെ നടക്കുന്ന അതിക്രമങ്ങൾ പതിവ് വാർത്തകളായി. പരസ്‌പര വിശ്വാസം വീണ്ടെടുത്താൽ മാത്രമേ ഭയമില്ലാത്ത ഒരു ചികിത്സാ അന്തരീക്ഷം കെട്ടിപ്പടുക്കാൻ സാധിക്കൂ.














