ad
Deshabhimani

Articles

ജനാധിപത്യത്തിന്റെ മുറിവുകൾ

ജനാധിപത്യത്തിന്റെ മുറിവുകൾ

rss sahaparivar.jpg
എം വി നികേഷ് കുമാരർ

Published on Jul 01, 2026, 11:10 PM | 4 min read

ഇന്ത്യയിലെ ബഹുപാർടി സംവിധാനമാകെ അട്ടിമറിക്കുകയാണ് ബിജെപി. ആം ആദ്മി പാർടി, തൃണമൂൽ കോൺഗ്രസ്, ശിവസേന എന്നീ പാർടികളെ പിളർത്തി. 2024 ൽ ജനം വോട്ട് ചെയ്ത് നിശ്ചയിച്ച ഘടനയല്ല പാർലമെന്റിനുള്ളത്. ലോക്‌സഭയിൽ തൃണമൂലിന്റെ 21ഉം ശിവസേന (യുബിടി)യുടെ ആറും അംഗങ്ങളെ ഇതിനകം ചാക്കിലാക്കി.


2019 ൽ പുൽവാമ ആക്രമണത്തിന് തിരിച്ചടി എന്ന നിലയിൽ ബാലാകോട്ട് സൈനികനീക്കം നടത്തിയത് മോദിയുടെ തിരിച്ചുവരവിന് കാരണമായെന്നാണ് നിരീക്ഷണം. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനുവേണ്ടി അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പണി പൂർത്തിയാക്കാതെതന്നെ പ്രതിഷ്ഠ ക്രമീകരിച്ചു. കേവല ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും എൻഡിഎ അധികാരത്തിൽ വന്നു. 2029 ൽ ജയിക്കാൻ മതത്തിന്റെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം വേണം എന്നാണ് ബിജെപി നിശ്ചയിച്ചിരിക്കുന്നത്.


ലോക്‌സഭയിൽ 240 അംഗങ്ങളാണ് ബിജെപിക്ക്. എൻഡിഎയ്ക്ക് 292 അംഗങ്ങളും. മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടെങ്കിൽ മാത്രമേ, ഭരണഘടനാ ഭേദഗതി സാധ്യമാകൂ. ക്രോസ് വോട്ടിങ്ങിലൂടെ ശ്രമം നടത്തിനോക്കിയെങ്കിലും ഒത്തില്ല. തുടർന്നാണ് പാർടികളെ പിളർത്തുന്ന നീക്കം തുടങ്ങിയത്. ലോക്‌സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാൻ 360 അംഗങ്ങൾ വേണം. അതായത് 68 പേരെക്കൂടി കൂറുമാറ്റണം. തൃണമൂൽ, ശിവസേന ഓപ്പറേഷനുശേഷം ശരദ്‌ പവാറിന്റെ എൻസിപിയെയും സമാജ്‌വാദി പാർടിയെയുമാണ് ബിജെപി നോട്ടമിടുന്നത്.


മണ്ഡല പുനർനിർണയത്തിലൂടെ മതത്തിന്റെ അടിസ്ഥാനത്തിൽ മണ്ഡലങ്ങൾ വിഭജിക്കാനാണ് നീക്കം. അസമിലും ജമ്മു കശ്മീരിലും കുപ്രസിദ്ധമായ ‘ജെറി മാൻഡറിങ്' രീതിയാണ് അവലംബിച്ചത്. മുസ്ലിം സ്വാധീനകേന്ദ്രങ്ങളെ ഹിന്ദുകേന്ദ്രങ്ങളുമായി ജയത്തിന്റെ അനുപാതത്തിൽ ക്രമീകരിച്ചു. കൂടുതൽ സ്വാധീനമുള്ള മുസ്ലിംകേന്ദ്രങ്ങളെ എസ്‌ടി സംവരണമണ്ഡലങ്ങളാക്കി മുസ്ലിങ്ങൾ പ്രതിനിധാനം ചെയ്യുന്നത് ഒഴിവാക്കി. മണ്ഡല അതിർത്തികൾക്ക് ഭൂമിശാസ്ത്രപരമായ അടുപ്പം നിശ്ചയിച്ചില്ല.


മണ്ഡല പുനർനിർണയം ആവശ്യമാണ് എന്നുപറയുന്ന ഭരണഘടനാ വിദഗ്ധരുണ്ട്. അവരുടെ വാദം ന്യായവുമാണ്. പതിനഞ്ചു ലക്ഷം വോട്ടർമാരുള്ള ഒരു ലോക്‌സഭാ മണ്ഡലത്തിലെ വോട്ടറും ഇരുപത്തിയഞ്ച് ലക്ഷം വോട്ടർമാരുള്ള മണ്ഡലത്തിലെ ഒരു വോട്ടറും‘ഒരു വോട്ട് ഒരു മൂല്യം' എന്ന തത്വത്തെ ലംഘിക്കുന്നു എന്നത് ശരിയാണ്. എന്നാൽ, ജനവിധിയെയാകെ അട്ടിമറിക്കുന്നവർക്ക് ഇത് പറയാൻ എന്ത് അവകാശമാണുള്ളത്. ബംഗാളിലെ തൃണമൂൽ ജയിപ്പിച്ച 21 എംപിമാർ ശരാശരി കണക്ക് എടുത്താൽ 3-4 കോടി ജനങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്.


ആ 3-4 കോടിയുടെ ജനവിധി ചാക്ക് നിറയെ പണംകൊടുത്ത് വാങ്ങിയ ബിജെപി ഒരു വോട്ടറുടെ മൂല്യത്തിൽ വരുന്ന കുറവിൽ ആശങ്കപ്പെടുന്നതെങ്ങനെ.

അതിനേക്കാൾ വലിയ തമാശ തൃണമൂലിന്റെ വിമതരായ ഇരുപത് എംപിമാരോട് ‘നാഷണലിസ്റ്റ് സിറ്റിസൺസ് പാർടി ഓഫ് ഇന്ത്യ' എന്ന പാർടിയിൽ ലയിക്കാനാണ് ബിജെപി ആവശ്യപ്പെട്ടത്‌. അതുവരെ ആരും അറിഞ്ഞിട്ടില്ലാത്ത ഈ പാർടി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല. അതായത് പൂജ്യം വോട്ട്. ത്രിപുരയിൽ രണ്ട് സീറ്റിൽ മത്സരിച്ചു, കിട്ടിയത് 822 വോട്ട്. അതായത് 0.03 ശതമാനം. 822 വോട്ട് മാത്രം കിട്ടിയ സിറ്റിസൺസ് പാർടി ലോക്‌സഭയിലെ അഞ്ചാമത്തെ കക്ഷി ആണ്.


നമ്മുടെ രാജ്യത്ത് രാഷ്ട്രീയ പാർടികളിലെ പിളർപ്പ് അസാധാരണമൊന്നുമല്ല. നേതൃത്വത്തിനെതിരായ കലാപങ്ങളിലൂടെ, പ്രാദേശികമായ അതൃപ്തിയിലൂടെ പിളർപ്പ് ഉണ്ടാകാറുണ്ട്. സ്ഥാനമാനങ്ങളും പണവും വാഗ്‌ദാനം നൽകി എംഎൽഎമാരെയും എംപിമാരെയും വാങ്ങുന്നത് കോൺഗ്രസ് രാജ്യത്ത് നടപ്പാക്കിയ രീതിയാണ്. എന്നാൽ 2014 ന് ശേഷം, കേന്ദ്ര അന്വേഷണ ഏജൻസികളെ വ്യാപകമായി ദുരുപയോഗിച്ചു.


ഒറ്റ മാസത്തിനുള്ളിലാണ് മൂന്ന്‌ പ്രമുഖ ദേശീയപാർടികളിൽനിന്ന് മൂന്നിൽ രണ്ട് അംഗങ്ങളെ അടർത്തിയെടുത്തത്. എല്ലാവരും പിളർപ്പിന് തയ്യാറാകില്ല. ‘ഞാനെന്തിന് കളം മാറണം. മന്ത്രിസ്ഥാനം എനിക്ക് കിട്ടില്ലല്ലോ' എന്ന് ചിന്തിച്ചിരിക്കുന്നവർക്ക് പണം നൽകും. നിലവിൽ കേസുകൾ ഉണ്ടെങ്കിൽ പിൻവലിക്കും. കേസില്ലാത്തവരാണെങ്കിൽ ഭാവിയിൽ അവർക്കെതിരായി വരാനിരിക്കുന്ന കേസുകളുടെ എണ്ണം പറയും. 50 മുതൽ 85 കോടിവരെ ഒരു ശിവസേന (യുബിടി) എംപിക്ക് ലഭിച്ചു എന്നാണ് സഞ്ജയ് റാവത്ത് പറയുന്നത്. കൈനിറയെ പണം, കേസില്ലാത്ത ജീവിതം. നീതിനിർവഹണം തരിമ്പുപോലും ബാക്കിയാകാത്ത ഇരുട്ടുമുറിയായി ജനാധിപത്യ ഇന്ത്യ മാറി.


ബിജെപി പക്ഷത്തേക്ക് കൂറുമാറിയത് മണ്ഡലം ‘വികസിപ്പിക്കാനുള്ള' ഫണ്ട് കിട്ടാൻ വേണ്ടിയാണ് എന്നാണ് ശിവസേനയുടെ ആറ് എംപിമാരിൽ ഒരാളായ നാഗേഷ് പാട്ടീൽ അഷ്തികാർ പറയുന്നത്. ആറ് എംപിമാർക്കും ഉടൻതന്നെ ഫണ്ട് അനുവദിച്ചു കിട്ടി. കമീഷൻ അല്ല പ്രശ്നം, ബിജെപിക്കൊപ്പം ചേർന്നാലേ, വികസനഫണ്ട് കിട്ടൂ എന്ന് പരസ്യമായി പറയുന്നു എന്നതാണ്. അത് ജനാധിപത്യമല്ല, രാഷ്ട്രീയവുമല്ല. ജനവിധി കച്ചവടം ചെയ്യലാണ്.

ആശയാടിത്തറയിലല്ല പുതിയ രാഷ്ട്രീയ പാർടികൾ രൂപീകരിക്കപ്പെടുന്നത്.


താൻ മുന്നോട്ടുവയ്‌ക്കുന്ന കാഴ്ചപ്പാടിന് ഭാവിയുണ്ടെന്ന തോന്നൽ ഇവർക്കില്ല. ചെറിയ തിരിച്ചടികൾ ഇവരെ ഭയപ്പെടുത്തുന്നു. ഏജൻസികൾ വിരട്ടിയാൽ പേടിച്ചുപോകുന്നു. കൂറുമാറ്റമാണ് അവർക്ക് അതിനേക്കാൾ യുക്തിസഹമായ കരിയർ മാർഗം. രാഘവ് ഛദ്ധമാരും ഋതബ്രത ബാനർജിമാരും ഉണ്ടാകുന്നതിങ്ങനെയാണ്. രാജ്യത്ത് നൂറുകോടി വോട്ടർമാരുണ്ടെന്നും അതിൽ എഴുപത് കോടി ആളുകൾ വോട്ട് ചെയ്തു എന്നുപറഞ്ഞിട്ട് കാര്യമില്ല. ഭരണഘടനാ സ്ഥാപനങ്ങൾ ശൂന്യമാകുന്നു, ജനാധിപത്യം രോഗം പിടിപെട്ട് കിടപ്പിലാണ്. ഇലക്‌ടഡ് ഓട്ടോക്രസിയിൽനിന്നും ഹിന്ദുത്വ ഏകാധിപത്യത്തിലേക്കുള്ള യാത്രയിലാണ് നമ്മൾ.


പത്താം പട്ടിക നൽകിയത് ഒരു പാർടിക്ക് മറ്റൊരു പാർടിയിൽ ലയിക്കാനുള്ള അവകാശമാണ്. എന്നിട്ടും, ഈ ഭരണഘടനാ വിരുദ്ധനീക്കം തെരഞ്ഞെടുപ്പ് കമീഷനും സുപ്രീംകോടതിയും നോക്കിനിൽക്കുന്നത് കുറ്റകരം തന്നെ. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി വിദേശ ടൂറിലാണ്. മൂന്ന് ഇന്ത്യ ബ്ലോക്ക് പാർടികൾ നിലനിൽപ്പിനുവേണ്ടി സകലവാതിലും മുട്ടുമ്പോൾ രാഹുൽ ഏത് രാജ്യത്താണെന്ന് കോൺഗ്രസുകാർക്കെങ്കിലും അറിയാമോ.


സംഘപരിവാറിനൊപ്പം നിന്നില്ലെങ്കിൽ നിലനിൽപ്പില്ല എന്ന സന്ദേശം രാജ്യമെങ്ങും എത്തിക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. പ്രതിപക്ഷത്തെ ഭയപ്പെടുത്താൻ കഴിഞ്ഞു. തെലങ്കാന, ഹിമാചൽ പ്രദേശ്,കർണാടകം സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാരുകൾ ബിജെപി പറയുന്ന എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. കേരളത്തിലും സ്ഥിതി വ്യത്യസ്തമാകില്ല. മാത്രമല്ല, മുസ്ലിംലീഗ് ഉൾപ്പെട്ട സർക്കാർ അതിവേഗമാണ് ബിജെപി ആശയങ്ങൾ നടപ്പാക്കാൻ ധൃതിപിടിക്കുന്നത്. യുഡിഎഫ് വന്നതിനുശേഷം രണ്ട് വിസിമാരെയാണ് നിയമിച്ചത്.


രണ്ടും സംഘപരിവാറുകാർ. പത്തൊമ്പത് സെനറ്റ് അംഗങ്ങളിൽ പത്തൊമ്പതും ബിജെപിക്കാർ. തെരഞ്ഞെടുപ്പ് കമീഷണറായി നിയമിക്കപ്പെട്ടത് സംഘപരിവാറുകാരൻ ആണെന്ന് പറയുന്നത് കെപിസിസി ജനറൽ സെക്രട്ടറിയാണ്. എജിക്കും അനുഭാവം അങ്ങോട്ടാണ് എന്നുപറയുന്നത് ലോയേഴ്സ് കോൺഗ്രസ് ആണ്. പിഎം ശ്രീ നടപ്പാക്കുന്നതിലോ പിഎംഎവൈ വീടുകളിൽ മോദിയുടെ ലോഗോ വയ്‌ക്കുന്നതിലോ അശേഷം മടിയില്ല.


മുപ്പത് സീറ്റിൽ യുഡിഎഫ് ജയിച്ചത് ബിജെപി വോട്ടുകൾകൊണ്ടാണ്. മൂന്ന് സീറ്റിൽ ബിജെപി ജയിച്ചത് കോൺഗ്രസ് മൂന്നാംസ്ഥാനത്ത് ആയതുകൊണ്ടാണ്. തെരഞ്ഞെടുപ്പിനുശേഷം മുസ്ലിംലീഗിന്റെ മന്ത്രി അടക്കം പറയുന്നത് ‘കേന്ദ്ര സർക്കാരിനോട് അനാരോഗ്യകരമായ തർക്കങ്ങൾക്ക് ഇല്ല' എന്നാണ്. 2014 മുതൽ അധികാരത്തിൽ ഉള്ള മോദി സർക്കാരിന്റെ കേരളത്തോടുള്ള നീചമായ എല്ലാ നീക്കങ്ങളും പൊതുമധ്യത്തിൽ ഉള്ളതാണ്. ഒരു ചെറുവിരൽപോലും അതിനെതിരായി അനക്കാൻ യുഡിഎഫ് തയ്യാറല്ല. കേരളത്തിൽ ബിജെപിക്ക് ഏതുതരത്തിലുള്ള ഇടപെടലും നടത്താൻ കഴിയുന്നവിധം തന്ത്രപ്രധാനമായ എല്ലാ സ്ഥാനങ്ങളിലും സംഘപരിവാറുകാരെ അനുവദിക്കുകയാണ്.


സംഘപരിവാറിനെ രാഷ്ട്രീയമായി പ്രതിരോധിക്കുന്നില്ല എങ്കിൽ നിങ്ങളുടെ കഴുത്തുഞെരിക്കാൻ അവർ വരും. ആം ആദ്മിക്കും ശിവസേനയ്ക്കും തൃണമൂലിനും പറ്റിയത് അതാണ്. അവർ ഒളിഞ്ഞും തെളിഞ്ഞും ബിജെപിയുടെ ആശയങ്ങൾ നടപ്പാക്കി. കോൺഗ്രസും ലീഗും അടങ്ങുന്ന യുഡിഎഫും അതേ പാതയിലാണ്.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home