Articles

മതമൗലികവാദികളെയും സ്വേച്ഛാധിപതികളെയും വെല്ലുവിളിച്ച കവിത

ഫൈസ് അഹ്‌മദ് ഫൈസ് രചിച്ച ‘ഹം ദേംഖേംഗെ’

ahmed faize cover

ഫൈസ് അഹ്‌മദ് ഫൈസ്

avatar
കെ പി എ സമദ്

Published on May 03, 2025, 03:06 PM | 7 min read

ജാമിയ മിലിയ സർവകലാശാല വിദ്യാർഥികളുടെ പ്രതിഷേധപ്രകടനങ്ങളിൽ പൊതുവായി മുഴങ്ങിക്കേട്ടത് ഒരു ഉർദു കവിതയായിരുന്നു. നാൽപ്പത്‌ വർഷങ്ങൾക്കുമുമ്പ് പാകിസ്ഥാനി കവി ഫൈസ് അഹ്‌മദ് ഫൈസ് രചിച്ച ‘ഹം ദേംഖേംഗെ’ എന്ന കവിത. അതു പിന്നീട് മുംബൈയിലെയും പട്‌നയിലെയും അഹമ്മദാബാദിലെയും കൊൽക്കത്തയിലെയും കാൺപൂരിലെയും വിദ്യാർഥികൾ ഏറ്റുപാടി.



2019 ഡിസംബർ 4‐ന് ഇന്ത്യൻ ഭരണകൂടം പാർലമെന്റിൽ പൗരത്വഭേദഗതി ബിൽ പാസാക്കിയെടുത്തതും അതിനെതിരെ രാജ്യമാകെ ശക്തമായ പ്രതിഷേധം ഉയർന്നുവന്നതും സമീപകാലസംഭവമാണ്. സംഘപരിവാർ അനുകൂലികളല്ലാത്ത സംസ്ഥാന ഭരണകൂടങ്ങളും പൗരസമൂഹവും ഏകമനസ്സോടെയാണ് ബില്ലിനെതിരെ അണിനിരന്നത്.


പ്രതിഷേധങ്ങൾ ഭരണകൂടം ഉരുക്കുമുഷ്ടിയോടെ അടിച്ചമർത്താൻ ശ്രമിച്ചെങ്കിലും വർധിതവീര്യത്തോടെ അവ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു ഫലം. ഒടുവിൽ ആഗോളവ്യാപകമായി പടർന്നുപിടിച്ച മാരകമായ കോവിഡിനെതിരെ 2020 മാർച്ച് 24‐ന് രാജ്യത്ത് ലോക്ഡൗൺ ഏർപ്പെടുത്തിയതോടെയാണ് അവയ്‌ക്ക്‌ വിരാമമാവുന്നത്.


അതിനിടയിൽ, 65 പേർ കൊല്ലപ്പെടുകയും 175 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും മൂവായിരത്തിലേറേപേർ ഇരുമ്പഴികൾക്കുള്ളിലാവുകയും ചെയ്‌തുവെന്നാണ് ഔദ്യോഗിക കണക്ക്.


ഈ കരിനിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങൾക്ക് തുടക്കമിട്ടതും മുൻനിരയിൽനിന്ന് പൊരുതിയതും ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്കിരയായതും വിദ്യാർഥികളായിരുന്നു.


വിശേഷിച്ചും കേന്ദ്രഭരണ സിരാകേന്ദ്രമായ ഡൽഹിയിലെ ജെഎൻയുവിലെയും ജാമിയ മിലിയയിലേയും വിദ്യാർഥികൾ. അവരുടെ പ്രതിഷേധപ്രകടനങ്ങളിൽ പൊതുവായി മുഴങ്ങിക്കേട്ടത് ഒരു ഉർദു കവിതയായിരുന്നു. നാൽപ്പത്‌ വർഷങ്ങൾക്കുമുമ്പ് പാകിസ്ഥാനി കവി ഫൈസ് അഹ്‌മദ് ഫൈസ് രചിച്ച ‘ഹം ദേംഖേംഗെ’ എന്ന കവിത.


jamia miliyaജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥി പ്രക്ഷോഭം


അതു പിന്നീട് മുംബൈയിലെയും പട്‌നയിലെയും അഹമ്മദാബാദിലെയും കൊൽക്കത്തയിലെയും കാൺപൂരിലെയും വിദ്യാർഥികൾ ഏറ്റുപാടി. ഇന്ത്യൻ കലാലയങ്ങളിലെ വിദ്യാർഥി സമൂഹത്തെ ഏകോപിപ്പിച്ചുനിർത്തിയ ചെറുത്തുനിൽപ്പിന്റെ സങ്കീർത്തനമായി മാറി ‘ഹം ദേംഖേംഗെ.’


അതോടെ, കവിതക്കെതിരെ സംഘപരിവാർ അനുകൂലികളായ വിദ്യാർഥികളും അധ്യാപകരും ബുദ്ധിജീവികളും രംഗത്തുവന്നു. കാൺപൂർ ഐഐടിയിലെ പ്രൊഫ. വാശി ശർമ, പ്രതിഷേധക്കാർ കവിത ആലപിക്കുന്നതിനെതിരെ അധികൃതർക്ക് പരാതി നൽകി.


അതോടെ, കവിതക്കെതിരെ സംഘപരിവാർ അനുകൂലികളായ വിദ്യാർഥികളും അധ്യാപകരും ബുദ്ധിജീവികളും രംഗത്തുവന്നു. കാൺപൂർ ഐഐടിയിലെ പ്രൊഫ. വാശി ശർമ, പ്രതിഷേധക്കാർ കവിത ആലപിക്കുന്നതിനെതിരെ അധികൃതർക്ക് പരാതി നൽകി.


കവിതയിലെ, ജബ് അർസ്ഇ ഖുദാ കെ കാബെ സെ/ സബ് ബുത് ഉഠ്‌വായെ ജായേംഗെ (ദൈവിക ഗേഹമായ കഅ്‌ബയിൽനിന്ന് വിഗ്രഹങ്ങളൊക്കെയും പിഴുതെറിയപ്പെടും) എന്ന ഈരടി ഉയർത്തിക്കാട്ടിയായിരുന്നു വിമർശനം.


എൺപത്‌ ശതമാനം ജനതയും വിഗ്രഹാരാധകരായ ഒരു രാജ്യത്ത് വിഗ്രഹങ്ങൾ ഒന്നടങ്കം പിഴുതെറിയപ്പെടുമെന്ന് പറയുന്നത് അവരുടെ വിശ്വാസത്തിനു നേരെയുള്ള കടന്നാക്രമണമാണെന്ന് പ്രൊഫ. വാശി ശർമ പരാതിപ്പെട്ടു. ഐഐടി അധികാരികൾ ഒട്ടും വൈകാതെ അന്വേഷണത്തിന് ഉത്തരവിട്ടു.


ഫൈസിന്റെ ജീവചരിത്രകാരനും പൗത്രനുമായ ഡോ. അലിമദീഹ് ഹാഷ്മി അധികാരികളുടെ നടപടിയെ പരിഹസിച്ചുകൊണ്ട് എഴുതി: ‘‘ഫൈസ് ഈ കവിത എഴുതിയത്, പാകിസ്ഥാനിലെ പട്ടാളഭരണാധികാരിയും ഇന്ത്യയുടെ നിതാന്തശത്രുവുമായിരുന്ന സിയാ ഉൽ ഹഖിന്റെ ഏകാധിപത്യത്തിനെതിരെ നാൽപ്പത്‌ വർഷങ്ങൾക്കുമുമ്പാണ്.


അത് ഇന്നത്തെ ഇന്ത്യൻ ഭരണാധികാരികളെ വിറളിപിടിപ്പിക്കുന്നുവെന്നത് അത്ഭുതപ്പെടുത്തുന്നു. വിഗ്രഹങ്ങളെ പിഴുതെറിയുമെന്ന് ഫൈസ് പറഞ്ഞത് ക അ്‌ബയിൽനിന്നാണ്, ബാബരി മസ്ജിദിൽ നിന്നല്ല.''


വിവാദം അവിടെ അവസാനിച്ചില്ല. 2016‐ലെ മുംബൈ ഫിലിം ഫെസ്‌റ്റിവലിൽ ഫൈസ് രചന നിർവഹിച്ച ‘ജാഗൊ, ഹുവാ സവേര’ (ഉണരൂ, പ്രഭാതമായി) എന്ന ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചു. 2018‐ൽ ഫൈസിന്റെ മകളും മീഡിയാ പേഴ്‌സണുമായ മൊനീസ ഹാഷ്‌മിയെ (അലി മദീഹിന്റെ മാതാവ്) ഡൽഹിയിൽ നടന്ന ഏഷ്യൻ മീഡിയാ സമ്മിറ്റിൽ പങ്കെടുക്കാൻ അനുവദിച്ചില്ല.


jago huwa savera‘ജാഗോ ഹുവാ സവേര’ എന്ന ചിത്രത്തിൽ നിന്ന്‌


കാരണം സ്‌പഷ്ടമാണ്. ഫൈസ് അഹ്‌മദ് ഫൈസ് അറിയപ്പെടുന്ന കമ്യൂണിസ്‌റ്റുകാരനായിരുന്നു. അവിഭക്ത ഇന്ത്യയിൽ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ സജീവപ്രവർത്തകനും പാർടിയുടെ പിന്തുണയുള്ള പ്രോഗ്രസീവ് റൈറ്റേഴ്‌സ് അസോസിയേഷന്റെ പ്രഥമ സെക്രട്ടറിയുമായിരുന്നു.


വിഭജനാനന്തരം പാകിസ്ഥാനിൽ കമ്യൂണിസ്‌റ്റ്‌ പാർടി കെട്ടിപ്പടുക്കാനും പുരോഗമന സാഹിത്യപ്രസ്ഥാനം മുന്നോട്ടുകൊണ്ടുപോകാനും നിയുക്തനായ കേഡറായിരുന്നു.

ഫൈസിന്റെ വിപ്ലവകവിതകൾ മതമൗലികതയെയും സ്വേച്ഛാധിപത്യത്തെയും അടിച്ചമർത്തലുകളെയും എതിർത്തു.


അവയെ ചെറുത്തുതോൽപ്പിക്കാൻ ജനതയെ ഉദ്‌ബോധിപ്പിച്ചു. സ്ഥിതിസമത്വത്തിനായി വാദിച്ചു. നാടിന്റെ അവികസിതാവസ്ഥയ്‌ക്കും ജനതയുടെ ദാരിദ്ര്യത്തിനുമുള്ള പ്രതിവിധി സോഷ്യലിസം മാത്രമാണെന്ന് ഉണർത്തിക്കൊണ്ടിരുന്നു.


വെറുപ്പിന്റെ വ്യാപാരികൾക്ക് ഫൈസ് അനഭിമതനായതിന് മറ്റൊരു കാരണംകൂടിയുണ്ട്. അദ്ദേഹം വിവാഹംചെയ്‌തത്, പതിനാറുവയസ്സിൽ ബ്രിട്ടീഷ് കമ്യൂണിസ്‌റ്റ്‌ പാർടിയിൽ അംഗമാകുകയും ലണ്ടനിൽ പ്രോഗ്രസീവ് റൈറ്റേഴ്‌സ് അസോസിയേഷന്റെ രൂപീകരണയോഗം സംഘടിപ്പിക്കുന്നതിൽ മുൻനിരയിൽനിന്ന് പ്രവർത്തിക്കുകയും, ഇന്ത്യയിൽ താമസമാക്കി വിഭജനത്തിനുശേഷം പാകിസ്ഥാൻ പൗരത്വം സ്വീകരിക്കുകയും ചെയ്‌ത ആലീസ്‌ ജോർജ് എന്ന ബ്രിട്ടീഷ് വനിതയെയായിരുന്നു.


‘ഹം ദേംഖേംഗെ’ എന്ന കവിത ഫൈസ് എഴുതുന്നത് 1979‐ലാണ്, പട്ടാളമേധാവി സിയാ ഉൽ ഹഖ്‌ അധികാരം പിടിച്ചെടുത്ത് രണ്ടുവർഷം കഴിഞ്ഞ്. അന്ന്‌ അദ്ദേഹം ലെബനോണിൽ പ്രവാസിയായി കഴിയുകയായിരുന്നു. ഹഖ്‌ അധികാരം പിടിച്ചെടുക്കുമ്പോൾ സുൽഫിക്കർ അലി ഭൂട്ടോ ആയിരുന്നു പാകിസ്ഥാനിൽ ഭരണാധികാരി.


buttoസുൽഫിക്കർ അലി ഭൂട്ടോ


ഭൂട്ടോയുമായി ഫൈസിന് സുദൃഢമായ ബന്ധമാണുണ്ടായിരുന്നത്. പാകിസ്ഥാനിലെ അതുവരെയുള്ള ഭരണാധികാരികൾക്കിടയിൽ ജനാധിപത്യത്തോടും സ്ഥിതിസമത്വത്തോടും അൽപ്പമെങ്കിലും അനുഭാവമുണ്ടായിരുന്നത് ഭൂട്ടോയ്‌ക്ക് മാത്രമായിരുന്നു.


1965‐ൽ അയൂബ് ഖാൻ ഗവൺമെന്റിൽ വിദേശകാര്യമന്ത്രിയായിരുന്ന ഭൂട്ടോയുടെ പ്രത്യേക താൽപ്പര്യത്തിലാണ് ഫൈസ് വാർത്താവിനിമയ വകുപ്പിൽ ഡെപ്യൂട്ടി സെ ക്രട്ടറിയായി നിയമിതനാകുന്നത്. 1971‐ൽ പ്രസിഡന്റായി അധികാരമേറ്റ ഭൂട്ടോ ഫൈസിനെ വിദ്യാഭ്യാസം, സാംസ്‌കാരികം എന്നീ വകുപ്പുകളുടെ ഉപദേഷ്ടാവായും നിയമിച്ചു.


1977‐ൽ പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത സിയാ ഉൽ ഹഖ്‌ ഭൂട്ടോയെ തടങ്കലിലാക്കുകയും ഭൂട്ടോ അനുഭാവികളെ വേട്ടയാടുകയും ചെയ്‌തപ്പോഴാണ് ഫൈസ് ലബനോണിലേക്ക് രക്ഷപ്പെടുന്നത്. ഫൈസിന് വേണമെങ്കിൽ പാക്‌ വംശജർ ധാരാളമുള്ള മധ്യപൂർവദേശത്തെ ഏതെങ്കിലും ഇസ്ലാമികരാജ്യം തെരഞ്ഞെടുക്കാമായിരുന്നു. പക്ഷേ, അദ്ദേഹം തെരഞ്ഞെടുത്തത് ജനാധിപത്യരാജ്യമായ ലബനോണാണ്.


രണ്ടുവർഷം കഴിഞ്ഞ് ഹഖ്‌ ഭൂട്ടോയെ തൂക്കിലേറ്റി. ഭൂട്ടോയുടെ പാർടിയായ പാകിസ്ഥാൻ പീപ്പിൾസ്‌ പാർടിയിലെ വിമതനേതാവായ അഹ്‌മദ്‌ ഷാ കസൂരിയുടെ പിതാവ് കൊല്ലപ്പെട്ടത് ഭൂട്ടോയുടെ ഉത്തരവ്‌ കാരണമാണെന്ന, തെളിയിക്കപ്പെടാത്ത കുറ്റത്തിനാണ് തൂക്കിലേറ്റുന്നത്.


ഭൂട്ടോ അധികാരമേറ്റതുമുതൽ ഭരണത്തിന് തുരങ്കംവയ്‌ക്കാൻ അക്ഷീണം യത്‌നിച്ചുകൊണ്ടിരുന്ന പാകിസ്ഥാൻ ജമാഅത്തെ ഇസ്ലാമി സിയാ ഭരണത്തിൽ രാഷ്‌ട്രീയവും പ്രത്യയശാസ്‌ത്രപരവുമായ അധികാരകേന്ദ്രമായി വളർന്നിരുന്നു.


1975‐ൽ പാക് പട്ടാളമേധാവി ജനറൽ ടിക്ക ഖാൻ വിരമിച്ച ഒഴിവിലേക്ക് ഏഴ് സീനിയർ ഓഫീസർമാരെ സൂപർസീഡ് ചെയ്‌തുകൊണ്ട് ഭൂട്ടോ തന്നെയാണ് ജൂനിയറായ സിയാ ഉൽ ഹഖിനെ ആർമിചീഫായി നിയമിക്കുന്നത്. അതേ സിയ രണ്ടുവർഷത്തിനകം ഭൂട്ടോയെ തൂക്കിലേറ്റുന്നത് പല വിഘടിതഗ്രൂപ്പുകളായി പ്രവർത്തിച്ചുവന്നിരുന്ന മതമൗലികവാദികളെ ഹഖിന് അനുകൂലമായി ഏകോപിപ്പിച്ച ജമാഅത്തെ ഇസ്ലാമിയുടെ അഭീഷ്ടത്തിന് അനുസൃതമായാണ്.


ahmed faize.ഫൈസ് അഹ്‌മദ് ഫൈസ്


ഈ പശ്ചാത്തലത്തിലാണ് ഫൈസ് ‘ഹം ദേംഖേംഗെ’ എന്ന കവിത എഴുതുന്നത്. ഇസ്ലാമിസ്‌റ്റുകളുടെ കൈപ്പിടിയിൽ അക്ഷരാർഥത്തിൽ അമർന്നുപോയ പാകിസ്ഥാനി ജനതയോട് ഇസ്ലാമിന്റെ ആധികാരികഗ്രന്ഥമായ ഖുർആനിൽ പറയുന്ന കാര്യങ്ങളും പരാമർശിക്കുന്ന പ്രതീകങ്ങളും രൂപകങ്ങളും ഉപയോഗിച്ചാണ് ഫൈസ് ഈ കവിതയിലൂടെ ഉദ്‌ബോധനം നടത്തുന്നത്.


കവിതയ്‌ക്ക്‌ ഫൈസ് നൽകിയ പേര് ‘വയബ്ക വജ്ഹു റബ്ബിക’ എന്നാണ്. എങ്കിലും കവിതയിലെ ആദ്യവരിയായ ഹം ദേംഖേംഗെ എന്ന പേരിലാണ് അത് പ്രചാരം നേടിയത്.


‘വയബ്ക വജ്ഹു റബ്ബിക’ ഖുർആനിലെ 55‐ാം അധ്യായം സൂറത്തുറഹ്‌മാനിലെ 27‐ാം വാക്യമാണ്. ‘കുല്ലു മൻ അലൈഹ ഫൻ/വയബ്ക വജ്ഹു റബ്ബിക’ (ഭൂമിയിലെ ജീവജാലങ്ങളൊക്കെയും നശിക്കും/ നിന്റെ ദൈവത്തിന്റെ വചനം മാത്രം ബാക്കിയാവും) എന്നാണ് പൂർണവാക്യം.


അന്ത്യനാളിനെക്കുറിച്ച് പരാമർശിക്കുന്ന ഭാഗത്താണ് ഇത് പറയുന്നത്. അധികാരപ്രമത്തതയ്‌ക്കും അനീതിയ്‌ക്കും അസമത്വത്തിനും അറുതിവരുത്തുന്ന ജനകീയ വിപ്ലവത്തെയാണ് ഫൈസ് കവിതയിൽ അന്ത്യനാളായി അവതരിപ്പിച്ചത്.

കവിതയിതാണ്:


ഹം ദേംഖേംഗെ,

ലാസിം ഹൈ കി ഹം ഭി ദേംഖേംഗെ

(നമ്മൾ കാണും, ഉറപ്പാണ് നമ്മളും കാണും)

വൊ ദിൻ, കെ ജിസ് കാ വാദാ ഹൈ

ജൊ ലൗഹ് എ അസൽ മെയിൻ ലിഖാ ഹൈ

(വാഗ്ദാനം ചെയ്യപ്പെട്ട ആ ദിനം

മനുഷ്യരുടെ വിധി കുറിച്ചുവച്ച പലകയിൽ

രേഖപ്പെടുത്തിയ ആ സുദിനം)

ജബ് സുൽമ് ഒസിതം കാ കോഹ് എ ഗരാൻ

റൂയി കി തരഹ് ഉഡ്ജായേംഗെ

(അന്ന്, അധികാരഗർവിന്റെ ഗിരിനിരകൾ

പഞ്ഞിപോലെ പറന്നുയരും)

ഹം മഹ്കൂമോം കെ പാംവ് തലെ

യെ ധർതി ധഡ് ധഡ് ധഡ്‌കേഗി

(അടിച്ചമർത്തപ്പെട്ടവരുടെ കാൽക്കീഴിൽ

ഭൂമി കിടന്ന് വിറകൊള്ളും)

ഔർ അഹ്ൽഎ ഹകം കെ സർ ഊപർ

ജബ് ബിജ്‌ലി കഡ് കഡ് കഡ്‌കേഗി

(സ്വേച്ഛാധിപത്യത്തിൻ തലയ്‌ക്കുമീതെ

മിന്നൽപ്പിണറുകൾ പൊട്ടിത്തെറിക്കും)

ജബ് അർസ്ഇ ഖുദാ കെ കാബെ സെ

സബ് ബുത് ഉഠ്‌വായെ ജായേംഗെ

(ദൈവികഗേഹമായ കഅ്ബയിൽനിന്ന്

വിഗ്രഹങ്ങളൊക്കെയും പിഴുതെറിയപ്പെടും)

ഹം അഹ്ൽഎസഫ മർദൂദ് എഹറം

മസ്‌നദ് പെ ബിഠായെ ജായേംഗെ

(അധികാരത്തിൽനിന്ന് അകറ്റപ്പെട്ട നാം

രാജോചിതപീഠങ്ങളിൽ ഉപവിഷ്ടരാകും)

സബ് താജ് ഉഡാവെ ജായേംഗെ

സബ് തക്‌ത്‌ ഗിരായെ ജായേംഗെ

(കിരീടങ്ങളെല്ലാം എറിഞ്ഞുടയ്‌ക്കപ്പെടും

സിംഹാസനങ്ങളൊക്കെയും തകർക്കപ്പെടും)

ബസ് നാം രഹേഗാ അല്ലാഹ് കാ

ജൊ ഗായബ് ഭി ഹൈ ഔർ ഹാസിർ ഭി

ജൊ മൻസർ ഭി ഹൈ ഔർ നാസിർ ഭി

(ദൈവനാമം മാത്രം ബാക്കിയാകും

അവൻ അദൃശ്യനെങ്കിലും ദൃശ്യനാണ്

അവൻ കാഴ്‌ചയാണ് കാണിയുമാണ്)

ഉഠേഗാ അനൽഹക് കാ നാര

ജൊ മൈ ഭി ഹൂം ഔർ തും ഭി ഹോ

(അന്ന് ‘ഞാനാണ് സത്യം' എന്നുയർന്നുകേൾക്കും

ആ സത്യം ഞാനാണ് നീയുമാണ്)

ഔർ രാജ് കരേഗിവൊൽക്‌ ഇ ഖുദാ

ജൊ മൈ ഭി ഹും ഔർ തും ഭി ഹൊ

(സൃഷ്ടികൾ അന്ന് ഭരണം പിടിക്കും

ആ സൃഷ്ടി നീയാണ് ഞാനുമാണ്).

പാകിസ്ഥാനി ഭരണകൂടം കവിതയുടെ പൊരുൾ തിരിച്ചറിഞ്ഞെങ്കിലും അവർക്കത് നിരോധിക്കാൻ കഴിയുമായിരുന്നില്ല. നിരോധിക്കുന്നത് ഇസ്ലാമിന്റെ അടിസ്ഥാനസിദ്ധാന്തങ്ങളിലൊന്നായ അന്ത്യനാളിനെക്കുറിച്ച് അടിസ്ഥാനഗ്രന്ഥമായ ‌‌‌ഖുർആനിൽ പറയുന്നത് നിരോധിക്കുന്നതിന് തുല്യമായി വ്യാ‌‌ഖ്യാനിക്കപ്പെടും.


അതുകൊണ്ട് പരസ്യമായി നിരോധിച്ചില്ലെങ്കിലും ഫലത്തിൽ നിരോധനം നടപ്പാക്കി.

അനൽഹക് എന്നത് സൂഫിദർശനത്തിലെ കാതലായ പദമാണ്. അഹം ബ്രഹ്‌മാസ്മി എന്ന സംസ്‌കൃതപദത്തിന് തുല്യമായ പദം. ഈ പദം ഇസ്ലാം, യഹൂദമതം, ക്രിസ്‌തുമതം എന്നീ സെമിറ്റിക് മതങ്ങൾക്ക് അന്യമാണ്.


സെമിറ്റിക് മതങ്ങളിൽ സ്രഷ്ടാവും സൃഷ്ടിയും രണ്ട് വ്യത്യസ്‌ത അസ്‌തിത്വങ്ങളാണ്. അദ്വൈതത്തിലും സൂഫിസത്തിലും എല്ലാ ചരാചരങ്ങളും ദൈവത്തിന്റെ പ്രത്യക്ഷരൂപമാണ്. അതുകൊണ്ടുതന്നെ അനൽഹക് എന്ന ആശയം പരമ്പരാഗത ഇസ്ലാമിക ചിന്തയ്‌ക്ക്‌ പുറത്തുള്ളതാണ്.


അനൽഹക് എന്നു പറയുന്നത് ഇസ്ലാമിക വിരുദ്ധമായാണ് കണക്കാക്കപ്പെടുന്നത്. പദാനുപദ വിവർത്തനത്തിൽ ‘ഞാൻ സത്യമാണ്' എന്നാണർഥം. പരമമായ സത്യത്തിന്റെ അംശമാണ് സർവചരാചരങ്ങളും എന്ന അർഥമാണ് സൂഫിദർശനം അതിന് കൽപ്പിക്കുന്നത്.


ആ നിലയിൽ അതിനെ കാണാൻ യാഥാസ്ഥിതിക മുസ്ലിം സമൂഹമോ ഭരണകൂടങ്ങളോ തയ്യാറല്ല. സൂഫിസം ഉത്ഭവിക്കുന്നതുതന്നെ ഇസ്ലാമിക ഭരണത്തിലെ മനുഷ്യാവകാശ ധ്വംസനത്തിനെതിരെ കലഹിച്ചുകൊണ്ടാണ്.


തെറ്റായി വ്യാ‌‌‌‌‌‌ഖ്യാനിക്കപ്പെട്ട മറ്റൊരു വരി ‘ബസ് നാം രഹേഗാ അല്ലാഹ് കാ’ എന്നതാണ്. അല്ലാഹുവിനെ കാഴ്‌ചയും കാണിയുമായിട്ടാണ് ഫൈസ് അവതരിപ്പിക്കുന്നത്. സൃഷ്ടിയും സ്രഷ്ടാവും ഒന്നുതന്നെ എന്നും പറയുന്നുണ്ട്. ആരാണ് സൃഷ്ടിയും സ്രഷ്ടാവുമായിട്ടുള്ളത്? അത് ഞാനും നീയുമാണ്. അതായത് മനുഷ്യരാണ്.


ദൈവനാമം മാത്രം ബാക്കിയാവും എന്നുപറയുമ്പോൾ അർഥമാക്കുന്നത്, ജനതയെ അടിച്ചമർത്തി ഭരിക്കുന്ന അധികാരികളുടെയും അവരെ പിന്തുണയ്‌ക്കുന്ന മൗലികവാദികളുടെയും കോട്ടകൊത്തളങ്ങൾ തകർന്നടിയുമെന്നാണ്.


അവസാന ഭാഗത്ത് അദ്ദേഹം എഴുതുന്നു: ‘ഔർ രാജ് കരേഗിവൊൽക്‌ ഇ ഖുദാ

ജൊ മൈ ഭി ഹും ഔർ തും ഭി ഹൊ’ (ദൈവത്തിന്റെ സൃഷ്ടികൾ ഭരണത്തിലെത്തും, അത് നീയാണ് ഞാനുമാണ്). ഈ വരികൊണ്ട് ഫൈസ് അർഥമാക്കുന്നത് ജനങ്ങളാണ് ദൈവം, അവർക്കു മാത്രമാണ് ഭരിക്കാൻ അവകാശമുള്ളത് എന്നാണ്.


ഇത് ഫൈസിന്റെ ഒരു കവിത മാത്രമാണ്. ഇതുപോലെ മതമൗലികവാദികളെയും സ്വേച്ഛാധിപതികളെയും വെല്ലുവിളിച്ചുകൊണ്ടുള്ള നിരവധി കവിതകൾ അദ്ദേഹം എഴുതിയിട്ടുണ്ട്.


1982‐ൽ ലബനോണിൽ ആഭ്യന്തരയുദ്ധം മൂർച്ഛിച്ചപ്പോൾ രോഗഗ്രസ്‌തനായ ഫൈസ് പാകിസ്ഥാനിൽ തിരിച്ചെത്തി. രണ്ടുവർഷം കഴിഞ്ഞ് മരണപ്പെടുകയും ചെയ്‌തു. അദ്ദേഹത്തിന്റെ രചനകളുടെ അപ്രഖ്യാപിത വിലക്ക് പാകിസ്ഥാനിൽ അപ്പോഴും നിലനിന്നിരുന്നു.


ഫൈസിന്റെ കവിതകൾക്കുമാത്രമല്ല മതമൗലികവാദികൾക്ക് ഹിതകരമല്ലാത്ത എല്ലാ ആവിഷ്‌കാരങ്ങൾക്കും അവിടെ വിലക്കായിരൂന്നു. 1986‐ൽ സ്‌ത്രീകൾ സാരിയുടുക്കുന്നത് വിലക്കിക്കൊണ്ടും ഭരണകൂടം ഉത്തരവിറക്കി. വിലക്ക് മുസ്ലിം സ്‌ത്രീകൾക്കുമാത്രമായിരുന്നില്ല. എല്ലാ മതവിഭാഗങ്ങളേയും വിലക്കിന്റെ പരിധിയിൽ ഉൾപ്പെടുത്തി.


ആ വർഷം ഫെബ്രുവരി 13‐ന് ഫൈസ് അഹ്‌മദ് ഫൈസിന്റെ ജന്മദിനത്തിൽ ലാഹോറിലെ അൽഹംറ ഹാളിൽ നടന്ന ഫൈസ് അനുസ്മരണച്ചടങ്ങിൽ ഇക്ബാൽ ബാനു ഭരണകൂട വിലക്കിനെ വെല്ലുവിളിച്ചുകൊണ്ട് കറുപ്പുസാരി ധരിച്ചാണ് പാടാനെത്തിയത്. അരലക്ഷം വരുന്ന ശ്രോതാക്കളെ അഭിമു‌‌‌‌‌‌ഖീകരിച്ചുകൊണ്ട് അവർ ‘ഹം ദേംഖേംഗെ’ പാടി.


ആ വർഷം ഫെബ്രുവരി 13‐ന് ഫൈസ് അഹ്‌മദ് ഫൈസിന്റെ ജന്മദിനത്തിൽ ലാഹോറിലെ അൽഹംറ ഹാളിൽ നടന്ന ഫൈസ് അനുസ്മരണച്ചടങ്ങിൽ ഇക്ബാൽ ബാനു ഭരണകൂട വിലക്കിനെ വെല്ലുവിളിച്ചുകൊണ്ട് കറുപ്പുസാരി ധരിച്ചാണ് പാടാനെത്തിയത്. അരലക്ഷം വരുന്ന ശ്രോതാക്കളെ അഭിമു‌‌‌‌‌‌ഖീകരിച്ചുകൊണ്ട് അവർ ‘ഹം ദേംഖേംഗെ’ പാടി.


iqbal banu ഇക്ബാൽ ബാനു


സുദീർഘമായ കരഘോഷത്തിലും ഇങ്ക്വിലാബ് സിന്ദാബാദ് വിളിയിലും അവിടം മുഖരിതമായി. പട്ടാളം പാഞ്ഞെത്തി. ഇക്ബാൽ ബാനുവിനെയും സംഘാടകരെയും അറസ്‌റ്റുചെയ്‌തു. ‘ഹം ദേംഖേംഗെ’ എങ്ങാനും റെക്കോഡ് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് കർശനമായി പരിശോധിച്ചു.


അതീവ രഹസ്യമായി അത് റെക്കോഡ് ചെയ്യപ്പെട്ടിരുന്നു. രഹസ്യമായിത്തന്നെ അത് ഹാളിൽ നിന്ന് പുറത്തെത്തിക്കുകയും അന്നുതന്നെ ദുബായിലേക്ക് കടത്തുകയും ചെയ്‌തു.


ദിവസങ്ങൾക്കുള്ളിൽ അതിന്റെ കോപ്പികൾ ലോകമാകെ പ്രചരിച്ചു. ഇക്ബാൽ ബാനുവിന്റെ പൊതുപരിപാടികളും ടിവി പരിപാടികളും നിരോധിച്ചുകൊണ്ടാണ് പാക് ഭരണകൂടം പ്രതികരിച്ചത്.


രണ്ടുവർഷം കഴിഞ്ഞ്, 1988‐ൽ, സഞ്ചരിച്ചിരുന്ന വിമാനം തകർന്നുവീണ് സിയാ ഉൽ ഹഖ്‌ കൊല്ലപ്പെട്ടു. ബഹാവൽപൂർ എയർപോർട്ടിൽനിന്ന് പറന്നുയർന്ന് അധികം കഴിയും മുമ്പേയാണ് അപകടം നടന്നത്.


ഹ‌ഖിനെ കൂടാതെ ഉയർന്ന പട്ടാളമേധാവികളും അമേരിക്കൻ ഉപദേശക വൃന്ദവുമടക്കം 29 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരെയും കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. പട്ടാളത്തിലെത്തന്നെ സിയാ വിരുദ്ധ ഗ്രൂപ്പാണ് അട്ടിമറിക്കുപിന്നിൽ എന്ന് പറയപ്പെടുന്നു.


ദേശാഭിമാനി വാരികയിൽ നിന്ന്



deshabhimani section

Dont Miss it

Recommended for you

Deshabhimani

Subscribe to our newsletter

Quick Links


Home