'എന്നെക്കാൾ സൗന്ദര്യമുള്ള ആരും വേണ്ട'; 6 വയസുകാരിയെ കൊന്ന് യുവതി, മകനുൾപ്പെടെ 4 പേരെ കൊന്നു

പാനിപ്പത്: വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ആറു വയസ്സുകാരി വിധി മുങ്ങിമരിച്ച സംഭവമാണ് പാനിപ്പത്ത് പൊലീസ് ആദ്യം അന്വേഷിച്ചത്. വീടിന്റെ ഒന്നാം നിലയിലെ സ്റ്റോർ റൂമിൽ ഒരു പ്ലാസ്റ്റിക് ടബ്ബിൽ തലകീഴായി കിടക്കുന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഇത് അപകടമല്ലെന്നും കൊലപാതകമാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സംശയം പ്രകടിപ്പിച്ചതോടെയാണ് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്.
വിവാഹത്തിന് വന്നവരിൽ ഒരാളായിരുന്ന വിധിയുടെ അമ്മായി കൂടിയായ പൂനത്തിന്റെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് കണ്ടെത്തിയ പൊലീസ്, ചോദ്യം ചെയ്യലിനായി അവരെ കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പൂനം കുറ്റസമ്മതം നടത്തിയത്. വിധി ഉൾപ്പെടെ നാല് കുട്ടികളെ താൻ കൊലപ്പെടുത്തിയതായി അവർ സമ്മതിച്ചു.
തന്നേക്കാൾ കൂടുതൽ സൗന്ദര്യമുള്ള കുട്ടികളെ കണ്ടാൽ അവരെ കൊലപ്പെടുത്താൻ തോന്നലുണ്ടായിരുന്നു എന്നാണ് പൂനം പൊലീസിനോട് പറഞ്ഞത്. കൊലപാതകങ്ങളിൽ ഭൂരിഭാഗവും ബന്ധുക്കളുടെ കുട്ടികളാണ്. ടബ്ബിലും വാട്ടർ ടാങ്കിലും മുക്കിക്കൊല്ലുകയായിരുന്നു ഇവരുടെ രീതി. ഇരകളെല്ലാം പെൺകുട്ടികളായിരുന്നു.
കൊലപാതക പരമ്പരയിൽ തന്റെ മൂന്ന് വയസ്സുള്ള മകൻ ശുഭത്തെ കൊലപ്പെടുത്തിയതായും പൂനം വെളിപ്പെടുത്തി. താൻ നടത്തിയ കൊലപാതകങ്ങളിലൊന്ന് മകൻ കണ്ടതിനെ തുടർന്ന്, അവൻ അത് പുറത്തുപറയുമോ എന്ന ഭയത്താലാണ് അവനെയും കൊലപ്പെടുത്തിയതെന്നും പൂനം പൊലീസിനോട് പറഞ്ഞു. 2023 ജനുവരിയിൽ സഹോദരി ഭർത്താവിന്റെ മകൾ ഇഷികയെയും, അതേ വർഷം ഓഗസ്റ്റിൽ ബന്ധുവിന്റെ മകൾ ജിയയെയും പൂനം ഇതേ രീതിയിൽ കൊലപ്പെടുത്തിയിരുന്നു. ഈ മരണങ്ങളെല്ലാം ആദ്യം അപകടമരണങ്ങളായിട്ടാണ് ബന്ധുക്കൾ കരുതിയിരുന്നത്.








0 comments