തകർന്നു കിടക്കുന്ന മദ്യക്കുപ്പികളും പരന്നൊഴുകുന്ന മദ്യവും; അടിച്ചു പൂസായി ബോധം പോയ 'കള്ളനും'

വിർജീനിയ: യുഎസിലെ വിർജീനിയയിലുള്ള ഒരു മദ്യശാലയിൽ രാവിലെ ജോലിക്കെത്തിയ ജീവനക്കാര്‍ കണ്ടത് തകർന്നു കിടക്കുന്ന മദ്യക്കുപ്പികളും പരന്നൊഴുകുന്ന മദ്യവും. കവര്‍ച്ച നടന്നു എന്ന് തന്നെ അവര്‍ ഉറപ്പിച്ചു. എന്നാല്‍ കള്ളനെ അന്വേഷിച്ച് നടന്നപ്പോഴാണ് മദ്യപിച്ച് ലക്കുകെട്ട് ബാത്ത്‌റൂമിൽ മയങ്ങിക്കിടക്കുന്ന റാക്കൂണിനെ കാണുന്നത്.
ഷോപ്പിൻ്റെ സീലിംഗ് തകർത്ത് അകത്തുകടന്ന റാക്കൂൺ, അവിടെയുണ്ടായിരുന്ന മദ്യക്കുപ്പികൾ തകര്‍ത്ത് വലിയ നാശനഷ്ടമാണുണ്ടാക്കിയത്. തകർത്ത കുപ്പികളിൽ നിന്ന് ഒഴുകി പരന്ന മദ്യം നക്കി കുടിച്ച ശേഷം, ബാത്ത്‌റൂമിലേക്ക് പോകുകയും അവിടെ ഒരു ചവറ്റുകുട്ടയ്ക്ക് സമീപം ബോധരഹിതനായി കിടക്കുകയുമായിരുന്നു റാക്കൂൺ.
സംഭവത്തെ തുടർന്ന് കടയുടമ ഉടൻ തന്നെ ഹാനോവർ കൗണ്ടി മൃഗസംരക്ഷണ വകുപ്പിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ അധികൃതർ 'കള്ളനെ' കസ്റ്റഡിയിലെടുത്തു. റാക്കൂൺ നല്ലതുപോലെ മദ്യപിച്ചിരുന്നു എന്നും എന്നാൽ അതിന് മറ്റ് പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല എന്നും അധികൃതർ അറിയിച്ചു.
മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ റാക്കൂൺ മണിക്കൂറുകൾക്ക് ശേഷം ബോധം വീണ്ടെടുത്ത് സുഖം പ്രാപിച്ചു. 'ഒരു വലിയ തലവേദനയും ചില മോശം ജീവിത തിരഞ്ഞെടുപ്പുകളും' ഒഴികെ റാക്കൂൺ ആരോഗ്യവാനാണ് എന്ന് അധികൃതർ സോഷ്യൽ മീഡിയയിൽ തമാശയായി കുറിച്ചു. താൻ ചെയ്ത 'കവർച്ച' ഒരു നല്ല കാര്യമല്ലെന്ന് ഇവൻ പഠിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ കൂട്ടിച്ചേർത്തു. ഈ കുസൃതിക്കാരനെ പിന്നീട് കാട്ടിലേക്ക് തന്നെ വിട്ടയച്ചു. സോഷ്യൽ മീഡിയയിൽ ഈ സംഭവം വലിയ രീതിയിൽ പ്രചാരം നേടുകയും ചെയ്തിട്ടുണ്ട്.








0 comments