നീതിയുടെ സമരശബ്ദമായി ‘യങ് ഇന്ത്യ’


വി കെ സനോജ്
Published on Aug 15, 2026, 12:09 AM | 3 min read
ആഗോളശ്രദ്ധ നേടിയ വിദ്യാർഥികളുടെയും യുവജനങ്ങളുടെയും നേതൃത്വത്തിൽ നടന്ന ഐതിഹാസികസമരം വിജയം നേടിയതിന്റെ ആവേശത്തോടും പ്രതീക്ഷയോടുംകൂടിയാണ് ഈ സ്വാതന്ത്ര്യദിനം നാം ആഘോഷിക്കുന്നത്. ദേശീയ സ്വാതന്ത്ര്യസമര നേതാക്കളായ ഭഗത്‌സിങ്ങിന്റെയും അംബേദ്കറുടെയും ഗാന്ധിജിയുടെയുമെല്ലാം ചിത്രങ്ങൾ ഡൽഹിസമരത്തിൽ പുതിയ തലമുറ ഉയർത്തിപ്പിടിച്ച പ്ലക്കാർഡുകളിൽ ഉണ്ടായിരുന്നു. എട്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും പൂർണ അർഥത്തിൽ ‘സ്വതന്ത്ര ഇന്ത്യ’ എന്നതിലേക്ക് രാജ്യത്തെ നയിക്കാൻ ദീർഘകാലം ഭരിച്ച കോൺഗ്രസിനോ ഇപ്പോഴുള്ള ബിജെപിക്കോ കഴിയാത്തതിലുള്ള പ്രതിഷേധമാണ് ഇതിൽ തെളിയുന്നത്. ഈ ദുരവസ്ഥയ്‌ക്ക് പ്രധാനകാരണം തുടർച്ചയായി അധികാരത്തിലിരുന്ന സർക്കാരുകളുടെ വിദ്യാർഥി–-യുവജന വിരുദ്ധ സമീപനങ്ങൾതന്നെയാണ്. അതിന്റെ ഒടുവിലത്തെ അധ്യായമാണ് നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച. ഈ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസമേഖലയിലെ അഴിമതിക്കും തൊഴിൽ നിഷേധത്തിനുമെതിരെ സ്വാതന്ത്ര്യദിനത്തിൽ യങ് ഇന്ത്യ ക്യാമ്പയിനുമായി ഡിവൈഎഫ്ഐ എത്തുന്നത്.
അഭൂതപൂർവമായ വിധത്തിൽ പൊതുപരീക്ഷകൾ അഴിമതിയും ക്രമക്കേടും നിറഞ്ഞ സംവിധാനങ്ങളായി മാറുന്നതാണ് മോദി ഭരണത്തിൽ കണ്ടത്. രാജ്യത്ത് ദശലക്ഷക്കണക്കിന് കുട്ടികൾ എഴുതുന്ന നീറ്റ്, ജെഇഇ, സിയുഇടി, യുജിസി നെറ്റ് എന്നിവയടക്കം നിലവിൽ നടത്തുന്ന നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ)യിൽ സ്ഥിരം ജീവനക്കാർ വിരലിൽ എണ്ണാവുന്നവർമാത്രം. അതായത് അഴിമതി നടത്താനാണ് ബിജെപിസർക്കാർ 2017ൽ ഇങ്ങനെയൊരു സംവിധാനം ഉണ്ടാക്കിയതെന്ന് വ്യക്തം. ബിജെപി ഭരണത്തിൽ 154 പരീക്ഷയുടെ ചോദ്യപേപ്പറുകളാണ് ഇതുവരെ ചോർന്നത് എന്നതും കൂട്ടിവായിക്കണം. മാസങ്ങൾ നീണ്ട തയ്യാറെടുപ്പ് നടത്തിയിരുന്ന വിദ്യാർഥികൾക്ക് നീറ്റ് പരീക്ഷ റദ്ദാക്കിയത് താങ്ങാനാകുന്നതായിരുന്നില്ല. 23 വിദ്യാർഥികളാണ് ഈ കടുത്ത അനീതി സഹിക്കാൻ വയ്യാതെ ആത്മഹത്യ ചെയ്തത്. പതിനായിരക്കണക്കിന് കുട്ടികൾക്കാണ് വലിയ മാനസിക സമ്മർദത്തിനിരയായി ചികിത്സ തേടേണ്ടി വന്നത്.
നീറ്റ് വഴി രാജ്യമാകെ ഒറ്റപ്പരീക്ഷ എന്ന നയം നമ്മുടെ ഫെഡറൽ ഘടനയുടെ തകർച്ചയ്ക്കും സംസ്ഥാനങ്ങളുടെ സ്വയംഭരണാധികാരം ഇല്ലാതാക്കുന്നതിനും ബിജെപി സർക്കാർ നടത്തുന്ന കടന്നാക്രമണങ്ങളുടെ തുടർച്ചയാണ്. വിദ്യാഭ്യാസം സമവർത്തിപ്പട്ടികയിൽ വരുന്ന വിഷയമായതിനാൽ കേന്ദ്ര–-സംസ്ഥാന അധികാരങ്ങൾക്കിടയിൽ യോജ്യമായ സമതുലിതാവസ്ഥ അത്യാവശ്യമാണ്. നീറ്റ് ഈ സമതുലിതാവസ്ഥ തകർക്കുന്നു. തങ്ങളുടെ സാമൂഹിക-, വിദ്യാഭ്യാസ സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ പ്രവേശന പരീക്ഷകൾ നടത്താനുള്ള സംസ്ഥാനങ്ങളുടെ അവകാശം ഇല്ലാതാക്കുന്നു. സിബിഎസ്ഇ സിലബസിനോടുള്ള അനുകൂല സമീപനം, ചെലവേറിയ പരിശീലന കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം, പാവപ്പെട്ട കുട്ടികൾ നേരിടുന്ന അനീതി എന്നിവ കാരണം നീറ്റിനെതിരെ രാജ്യത്തുടനീളം വലിയ എതിർപ്പാണ് ഉയരുന്നത്. ചോദ്യപേപ്പർ ചോർച്ച, ഗ്രേസ് മാർക്ക് ദാനം തുടങ്ങി തുടർച്ചയായ സംഭവങ്ങൾ നീറ്റിന്റെ വിശ്വാസ്യത പൂർണമായി തകർത്തു.
യുജിസി നെറ്റ്, സിയുഇടി പരീക്ഷകളും വലിയ വെല്ലുവിളികളും വിമർശങ്ങളും നേരിടുന്നുണ്ട്. ഇവയെല്ലാം കോച്ചിങ് സെന്ററുകളിലേക്കുള്ള ഓട്ടത്തെ പ്രോത്സാഹിപ്പിക്കുന്നു. തീരെ വിദ്യാർഥിസൗഹൃദമല്ലാതെയാണ് ഈ പരീക്ഷകൾ കൈകാര്യം ചെയ്യുന്നത്. ചോദ്യങ്ങളിലടക്കം ഒളിച്ചുകടത്തുന്ന കാവിവൽക്കരണമാണ് മറ്റൊന്ന്. പെർഫോമിങ് ആർട്‌സിനായുള്ള സമീപകാല നെറ്റ് പരീക്ഷയിൽ അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ തീയതിയായിരുന്നു ഒരു ചോദ്യം.
"പ്രതിവർഷം രണ്ട് കോടി തൊഴിലുകൾ' എന്ന വാഗ്ദാനത്തോടെ 2014-ൽ അധികാരത്തിലെത്തിയ ബിജെപി ഭരണത്തിൽ ഇന്ത്യ തൊഴിലില്ലായ്മയുടെ റിപ്പബ്ലിക്കായി മാറി. സിഎംഐഇയുടെ കണക്കുപ്രകാരം 2026 ജൂലൈയിൽ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 6.20 ശതമാനമാണ്. അസീംപ്രേംജി യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച ‘സ്റ്റേറ്റ് ഓഫ് വർക്കിങ് ഇന്ത്യ’ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങളുണ്ട്. രാജ്യത്ത് 15 മുതൽ 29 വരെ പ്രായമുള്ളവരുടെ എണ്ണം ഏകദേശം 36.7 കോടിയാണ്; തൊഴിൽ ചെയ്യാൻ പ്രാപ്തിയുള്ള ജനവിഭാഗത്തിന്റെ മൂന്നിലൊന്ന് ഭാഗത്തോളം വരും ഇവർ. ഇതിൽ 26.3 കോടി പേർ വിദ്യാഭ്യാസത്തിൽ ഏർപ്പെട്ടിട്ടില്ലാത്തവരും തൊഴിൽസേനയുടെ ഭാഗമാകാൻ സാധ്യതയുള്ളവരുമാണ്. 2004-–05 മുതൽ 2022–2023 വരെയുള്ള കാലയളവിൽ ഓരോ വർഷവും ഏകദേശം 50 ലക്ഷം ബിരുദധാരികൾ പുതുതായി എത്തിയപ്പോൾ, 28 ലക്ഷത്തോളം പേർക്ക് മാത്രമാണ് തൊഴിൽ ലഭിച്ചത്. ഇതിൽ വളരെ കുറച്ചുപേർക്ക് മാത്രമേ സ്ഥിരമായ ശമ്പളമുള്ള ജോലി ലഭിച്ചിട്ടുള്ളൂ. ഐടി കമ്പനികൾ ബിരുദധാരികൾക്ക് ആദ്യമായി ജോലി നൽകുന്ന നിയമന അനുപാതം 2022ലെ 26 ശതമാനത്തിൽനിന്ന് 2024ൽ 10 ശതമാനമായി കൂപ്പുകുത്തി. നിർമിതബുദ്ധി ഉപയോഗത്തിന്റെ പേര് പറഞ്ഞ് പല കോർപറേറ്റ് കമ്പനികളും കൂടുതൽ ലാഭം ലക്ഷ്യംവച്ച് നിയമവിരുദ്ധ പിരിച്ചുവിടലിന് മുതിരുന്നുണ്ട്. കേരളത്തിൽ മാസങ്ങൾ മുന്പാണ് കോറോ ഹെൽത്ത് എന്നൊരു സ്ഥാപനം 800 ജീവനക്കാരെ ഒരു രാത്രികൊണ്ട് പിരിച്ചുവിട്ടത്. ഏതാണ്ട് 15 ലക്ഷം തസ്തികയാണ് കേന്ദ്ര സർവീസിൽമാത്രം ഒഴിഞ്ഞുകിടക്കുന്നത്. പട്ടാളത്തിലടക്കം കരാർ ജോലി അഗ്നിവീർ എന്ന പേരിൽ നാണമില്ലാതെ നടപ്പാക്കി. രാജ്യത്തെ യുവാക്കളുടെ സ്ഥിരം തൊഴിൽ എന്ന സ്വപ്നത്തിന് എക്കാലത്തേക്കുമായി അന്ത്യംകുറിക്കുന്ന ലേബർ കോഡുകൾക്ക് നിയമപരമായ സാധുത നൽകി.
സാധാരണ മനുഷ്യർ സഹിക്കാവുന്നത്രയും സഹിച്ചു. ഭൂരിപക്ഷം വരുന്ന യുവാക്കൾ ഈ കൊടിയ അനീതിക്കെതിരെ രാജ്യമെമ്പാടും വലിയ പ്രതിഷേധ സമരങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നു എന്നത് വലിയ പ്രതീക്ഷയാണ്. ട്രേഡ് യൂണിയൻ രൂപീകരിക്കാൻ സമ്മതിക്കില്ലെന്ന ധാർഷ്ട്യത്തിനെതിരെ തമിഴ്‌നാട്ടിൽ ശ്രീപെരുമ്പത്തൂരിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര ഭീമൻ കമ്പനിയായ സാംസങ്ങിലെ തൊഴിലാളികൾ സിഐടിയു നേതൃത്വത്തിൽ 2025ൽ പൊരുതി നേടിയെടുത്ത വിജയം; ആ സമരത്തിന്റെതന്നെ കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന രണ്ടാം ഘട്ടം; 2026 ഏപ്രിൽമുതൽ കൊടുങ്കാറ്റായി ഉത്തരേന്ത്യയിലെ വ്യാവസായിക നഗരങ്ങളിൽ നടന്ന വലിയ സമരങ്ങൾ; കഴിഞ്ഞ ജൂലൈയിൽ പഞ്ചാബിലും ബിഹാറിലും സാനിറ്റേഷൻ തൊഴിലാളികൾ നടത്തിയ ഉജ്വല സമരങ്ങൾ; സ്വകാര്യവൽക്കരണത്തിനെതിരായി വൈദ്യുതി മേഖലയിലെ തൊഴിലാളികളുടെ രാജ്യവ്യാപക ചെറുത്തുനിൽപ്പ്; സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ കമ്പനികളിലെ ഗിഗ് തൊഴിലാളികൾ ഒട്ടേറെ നഗരങ്ങളിൽ നടത്തിയ വലിയ പ്രതിഷേധങ്ങൾ തുടങ്ങി സമരങ്ങളെല്ലാം ഏകസ്വരത്തിൽ ഉച്ചത്തിൽ ഒരു ചോദ്യം ചോദിക്കുന്നുണ്ട്: "ഇത്രയും ദയനീയവും അരക്ഷിതവുമായ തൊഴിൽകൊണ്ട് ഞങ്ങളെങ്ങനെ ജീവിക്കും'.
ഇതിനപ്പുറം, തൊഴിലാളികളാകെ ഒന്നിച്ചുനിന്ന് നിരന്തരം തങ്ങളുടെ അവകാശങ്ങൾ ചോദിച്ചുവാങ്ങേണ്ടത്, ശക്തമായ യൂണിയനുകൾ ഉണ്ടാക്കേണ്ടത് പ്രധാനമാകുകയാണ് ഇപ്പോൾ. കൂട്ടായ കരുത്ത് പുനർനിർമിക്കാൻ കഴിയുമോ എന്നതാണ് ഈ ഘട്ടത്തിൽ നാം നമ്മളോട് ചോദിക്കേണ്ട ചോദ്യം. അധ്വാനത്തോടുള്ള അനീതിയെയും തുല്യ അവസരം ഉറപ്പ് നൽകാത്ത ഭരണകൂട താൽപ്പര്യങ്ങളെയും ചെറുത്തുതോൽപ്പിക്കാൻ ജനത എന്ന നിലയ്‌ക്ക് നമുക്ക് കഴിയുമോ എന്നതാണ് ഈ സന്ദർഭത്തിലെ ഏറ്റവും പ്രസക്തമായ ചോദ്യം. ഈ രാജ്യം ഒറ്റ ജനതയായി തെരുവിലിറങ്ങാൻ സന്നദ്ധമാണെന്ന് ജന്തർമന്തർ നമ്മളോട് വിളിച്ചു പറയുന്നുണ്ട്. നീതിക്കുവേണ്ടിയുള്ള ഈ ചെറുത്തുനിൽപ്പിന്റെ മുന്നിൽ ഡിവൈഎഫ്ഐ ഉണ്ട്. ആ സമരാഹ്വാനവുമായാണ് വിദ്യാഭ്യാസമേഖലയിലെ അഴിമതിക്കും തൊഴിൽ നിഷേധത്തിനും എതിരെ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ‘യങ് ഇന്ത്യ’. നമ്മുടെ നാട് അനീതിയുടെ റിപ്പബ്ലിക്ക് ആകാതിരിക്കാനുള്ള ഈ പോരാട്ടത്തിൽ നമുക്കൊന്നിച്ച് അണിചേരാം.
(ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയാണ് ലേഖകൻ)














