ad
Deshabhimani

Articles

ഭരണ വർഗത്തിൻ്റെ 'പാറ്റ' പ്രയോഗങ്ങളും കോക്രോച്ച് രാഷ്ട്രീയവും

ഭരണ വർഗത്തിന്‍റെ 'പാറ്റ' പ്രയോഗങ്ങളും കോക്രോച്ച് രാഷ്ട്രീയവും

CJP
എസ് എസ് അനിൽ

Published on Jun 30, 2026, 05:01 PM | 5 min read

സമകാലിക ഇന്ത്യ കടന്നുപോകുന്നത്, ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണവും വിയർപ്പൊഴുക്കുന്നവന് ജീവിക്കാൻ ഏറ്റവും ദുഷ്കരവുമായ ഒരു കാലഘട്ടത്തിലൂടെയാണ്. അന്താരാഷ്ട്ര തലത്തിലെ യുദ്ധസാഹചര്യങ്ങൾ മുതൽ ആഭ്യന്തര രംഗത്തെ കോർപ്പറേറ്റ് പ്രീണന നയങ്ങൾ വരെ സാധാരണക്കാരൻ്റെ വയറ്റത്തടിക്കുന്ന അവസ്ഥയിലാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്. പശ്ചിമ ഏഷ്യയിലെ വിട്ടുമാറാത്ത യുദ്ധസാഹചര്യങ്ങൾ ആഗോള സപ്ലൈ ചെയിനെ തകിടം മറിക്കുകയും രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 90 ഡോളറിന് മുകളിലേക്ക് ഉയർത്തുകയും ചെയ്തു. ഇതിൻ്റെ ആഘാതം ഇന്ത്യയിൽ കടുത്ത രീതിയിലാണ് പ്രതിഫലിക്കുന്നത്.


രാജ്യത്തെ ഉപഭോക്തൃ വിലസൂചിക (CPI) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം റിസർവ് ബാങ്കിൽ നിന്നും നിശ്ചയിച്ച സുരക്ഷിത പരിധിയായ 4 ശതമാനത്തിന് അടുത്താണ്. പച്ചക്കറി, ഭക്ഷ്യധാന്യങ്ങൾ എന്നിവയുടെ വിലയിൽ 10% മുതൽ 15% വരെയാണ് വർധന രേഖപ്പെടുത്തത്തിയത്. അതോടൊപ്പം ഇന്ത്യയിൽ തൊഴിലില്ലായ്മ നിരക്കും ഉയരുകയാണ്. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി കണക്കുകൾ പ്രകാരം ഇന്ത്യയിലെ മൊത്തം തൊഴിലില്ലായ്മ നിരക്ക് 6.68 ശതമാനമാണ്. ഇതിൽ നഗരങ്ങളിലെ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ 8.5 മുതൽ 9 ശതമാനമായി ഉയർന്നു നിൽക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില ആകാശംമുട്ടെ ഉയരുമ്പോഴും സാധാരണ തൊഴിലാളികളുടെ യഥാർഥ വേതനം വർധിക്കുന്നില്ലെന്ന് മാത്രമല്ല, നാണയപ്പെരുപ്പം കാരണം താഴോട്ട് പോവുകയുമാണ്.


CJP


ഉദ്യോഗാർത്ഥികളെ അപമാനിക്കുന്ന നീതിന്യായ പീഠങ്ങളും

ഭരണാധികാരികളുടെ ഒളിച്ചോട്ടവും


ഈയൊരു സാഹചര്യത്തിലാണ് തൊഴിലന്വേഷകരായ യുവതലമുറയെ നോക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസിൽ നിന്ന് 'പാറ്റ' (Cockroach), 'പരാദങ്ങൾ' (Parasites) എന്നീ പ്രയോഗങ്ങൾ ഉണ്ടായത്. അഭ്യസ്ഥവിദ്യരായവർക്ക് തൊഴിൽ നൽകുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവരാണ് രാജ്യം ഭരിക്കുന്നത്. പൊതുമേഖലാ ബാങ്കുകളിലെ ഇന്നത്തെ സ്ഥിതി പരിശോധിച്ചാൽ രാജ്യത്തെ തൊഴിലില്ലായ്മക്ക് ഭരണകൂടത്തിൻ്റെ പങ്ക് കൃത്യമായി ബോധ്യപ്പെടും. മോദി സർക്കാർ അധികാരത്തിൽ എത്തിയ 2014 ൽ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളിലെ ആകെ ബിസിനസ് 100 ലക്ഷം കോടി രൂപയായിരുന്നു. സ്ഥിരം ജീവനക്കാരുടെ എണ്ണം 8,42,813 ഉം. 2026 മാർച്ചിൽ പൊതുമേഖലാ ബാങ്കുകളുടെ ആകെ ബിസിനസ് 283.6 ലക്ഷം കോടിയായി ഉയർന്നു. എന്നാൽ സ്ഥിരം ജീവനക്കാരുടെ എണ്ണമാകട്ടെ 7,71,978 ആയിച്ചുരുങ്ങി. ബിസിനസിൽ 180 ശതമാനം വർധന വന്നപ്പോൾ ജീവനക്കാരുടെ എണ്ണത്തിൽ 70835 ൻ്റെ കുറവ്! ബിസിനസ് ആനുപാതികമായി ജീവനക്കാരുടെ എണ്ണവും വർധിച്ചിരുന്നെങ്കിൽ എത്രമാത്രം ചെറുപ്പക്കാർക്ക് തൊഴിൽ ലഭ്യമായേനെ? അത് നിർവ്വഹിക്കാതെ കരാർ, ദിവസക്കൂലി, കോസ്റ്റ് ടു കമ്പനി, അപ്രൻ്റീസ് നിയമനങ്ങളിലൂടെ തൊഴിൽ ചൂഷണ നയങ്ങൾ തുടരുകയാണ് യൂണിയൻ സർക്കാർ. ഇതിനെക്കാളേറെ ഭീകര തൊഴിൽ നയമാണ് ഇന്ത്യൻ റെയിൽവേ ഉൾപ്പടെയുള്ള മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലും സർക്കാർ സിവിൽ സർവ്വീസ് മേഖലകളിലും ഉള്ളത്.


സർക്കാർ നിർമിതമായ രൂക്ഷമായ ഈ തൊഴിൽ ചൂഷണ അന്തരീക്ഷത്തിൽ തങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന ഉദ്യോഗാർഥികളെയും ചോദ്യങ്ങൾ ചോദിക്കുന്നവരെയും ഇത്രത്തോളം നികൃഷ്ടമായി ചിത്രീകരിച്ചത് ജനാധിപത്യത്തിന് തന്നെ അപമാനമാണ്. ഈ പ്രയോഗങ്ങൾ സൃഷ്ടിച്ച ജനരോഷം അതിർത്തികൾ കടന്നുപോയി. യുവജനങ്ങളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും ശക്തമായ എതിർപ്പും പ്രതിഷേധവും ഉയർന്നുവന്നപ്പോൾ, താൻ പറഞ്ഞ വാക്കുകളിൽ ഉറച്ചുനിൽക്കാൻ പോലുമാകാതെ അതിൽ നിന്നും ഒളിച്ചോടാനാണ് അദ്ദേഹം ശ്രമിച്ചത്. ഭരണകൂടവും നീതിന്യായ വ്യവസ്ഥയും സാധാരണക്കാരെ എത്രമാത്രം തരംതാഴ്ത്തിയാണ് കാണുന്നത് എന്നതിൻ്റെ ഉദാഹരണമാണിത്.


ഈയടുത്ത്, ബ്രിട്ടനിലെ പ്രശസ്തമായ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത ഇന്ത്യൻ ചീഫ് ജസ്റ്റിസിനോട് ഉദ്യോഗാർഥികളായ ഇന്ത്യൻ വിദ്യാർത്ഥികൾ നേരിട്ട് ചോദ്യങ്ങൾ ഉന്നയിക്കുകയുണ്ടായി. തൊഴിലില്ലാത്ത യുവാക്കളെയും ആർടിഐ പ്രവർത്തകരെയും എന്തിനാണ് 'പാറ്റകളോട്' ഉപമിച്ചത് എന്ന വിദ്യാർഥികളുടെ നേരിട്ടുള്ള ചോദ്യത്തിന് മുന്നിൽ കൃത്യമായ മറുപടിയില്ലാതെ ജഡ്ജിക്ക് പ്രതിരോധത്തിലാകേണ്ടി വന്നു. വൻ പ്രതിഷേധം ഉയർന്നതോടെ, മാധ്യമങ്ങൾ തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്ന പതിവ് ന്യായീകരണവുമായി ഒളിച്ചോടാനാണ് അദ്ദേഹം ശ്രമിച്ചത്.


ഈ ഒളിച്ചോട്ടം നീതിന്യായ പീഠങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല, രാജ്യത്തെ പരമാധികാരിയായ പ്രധാനമന്ത്രിയുടെ കാര്യത്തിലും ഇതാണ് അവസ്ഥ. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ നാണക്കേടുകളിൽ ഒന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോർവേ സന്ദർശനം. ലോകത്തിലെ ഏറ്റവും ഉയർന്ന മാധ്യമസ്വാതന്ത്ര്യമുള്ള നോർവേയിലെ പത്രപ്രവർത്തകയായ ഹെല്ലെ ലിംഗ് സ്വെൻഡ്സൺ, "പ്രധാനമന്ത്രി മോദി, താങ്കൾ എന്തുകൊണ്ടാണ് മാധ്യമങ്ങളുടെ ചോദ്യങ്ങളെ നേരിടാൻ ഭയപ്പെടുന്നത്?" എന്ന് പരസ്യമായി ചോദിച്ചപ്പോൾ മറുപടി പറയാൻ ധൈര്യമില്ലാതെ വേദിയിൽ നിന്നും നടന്നു നീങ്ങാനാണ് ഇന്ത്യൻ പ്രധാനമന്ത്രി ശ്രമിച്ചത്. ഭരണകൂടവും നീതിന്യായ വ്യവസ്ഥയും സാധാരണക്കാരെയും അവരുടെ ചോദ്യങ്ങളെയും എത്രമാത്രം ഭയപ്പെടുന്നു എന്നതിൻ്റെ ഉദാഹരണങ്ങളാണിത്.


വിദ്യാർഥികളെ വഞ്ചിക്കുന്ന പരീക്ഷാ ക്രമക്കേടുകളും

മാധ്യമ നിലപാടും


രാജ്യത്തെ പൊതുവിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മേഖലകളുടെ വിശ്വാസ്യത തന്നെ തകർക്കുന്ന രീതിയിലാണ് നീറ്റ് , സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടുകൾ പുറത്തുവരുന്നത്. കോടിക്കണക്കിന് രൂപയുടെ അഴിമതിയും പരീക്ഷാ മാഫിയകളുടെ ഇടപെടലുകളുമാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെയും സിബിഎസ്ഇയുടെയും പരീക്ഷകളിൽ തുടർച്ചയായി ഉണ്ടാകുന്നത്. ഈ വർഷം സിബിഎസ്ഇ പുതുതായി നടപ്പിലാക്കിയ 'ഓൺ-സ്ക്രീൻ മാർക്കിംഗ്' സിസ്റ്റത്തിലെ സാങ്കേതിക പിഴവ് കാരണം, വിദ്യാർഥിയുടെ റോൾ നമ്പറിന് നേരെ മറ്റാരുടെയോ ഉത്തരക്കടലാസ് മാറി അപ്‌ലോഡ് ചെയ്യപ്പെട്ടു. വേദാന്ത് ശ്രീവാസ്തവ എന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി തന്റെ ഫിസിക്സ് ഉത്തരക്കടലാസ് മാറിയതായി പരാതിപ്പെട്ടതോടെയാണ് ഈ പ്രശ്നം കൂടുതൽ ഗൗരവമുള്ളതായത്. എന്നാൽ പരാതി ഉന്നയിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ആ കുട്ടിക്ക് കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വരികയും, "പാകിസ്ഥാനി" എന്ന് വിളിച്ച് ആളുകൾ അധിക്ഷേപിക്കുകയും ചെയ്തു. സിബിഎസ്ഇ പോലുള്ള ഒരു വലിയ ബോർഡിന്റെ വിശ്വാസ്യതയെയും പരീക്ഷാ നടത്തിപ്പിലെ സുതാര്യതയെയും ചോദ്യം ചെയ്യുന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ എത്തിനിൽക്കുന്നത്.


മറുഭാഗത്ത്, പരീക്ഷാ മാഫിയകളുടെ സഹായത്തോടെ ലക്ഷങ്ങൾ കൊടുത്ത് ചോദ്യപേപ്പർ മുൻകൂട്ടി വാങ്ങി പരീക്ഷ എഴുതിയ മറ്റൊരു ഉദ്യോഗാർഥിയുടെ ഇടപെടലുകൾ പിടിക്കപ്പെടുകയുണ്ടായി. ഇത് രാജ്യത്തെ പാവപ്പെട്ട വിദ്യാർഥികൾ കഠിനാധ്വാനം ചെയ്യുമ്പോൾ പണമുള്ളവർക്ക് റാങ്കും വിലയ്ക്ക് വാങ്ങാൻ കഴിയുന്ന കോർപ്പറേറ്റ് വിദ്യാഭ്യാസ രീതിയുടെ ജീർണ്ണതയെ കാണിക്കുന്നു.


ഗുരുതരമായ വിഷയങ്ങളിൽ മുഖ്യധാരാ മാധ്യമങ്ങൾ പുലർത്തുന്ന നിലപാടുകൾ കുറ്റകരമാണ്. എന്തുകൊണ്ടാണ് ഇത് എന്ന് മനസിലാക്കാൻ ഇന്ത്യൻ മാധ്യമരംഗത്തെ കോർപ്പറേറ്റ് നിയന്ത്രണത്തിൻ്റെ കണക്കുകൾ പരിശോധിച്ചാൽ മതിയാകും. വിപണിയിലെ വൻ ലയനങ്ങളിലൂടെ ഇന്ന് നൂറിലധികം ടെലിവിഷൻ ചാനലുകളും, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും നിയന്ത്രിക്കുന്നത് റിലയൻസ് ഇൻഡസ്ട്രീസ് എന്ന  ഒരൊറ്റ കോർപ്പറേറ്റ് ഗ്രൂപ്പാണ്. രാജ്യത്തെ ഏറ്റവും പ്രമുഖവും സ്വതന്ത്രവുമായിരുന്ന എൻഡിടിവി യുടെ 64% ത്തിലധികം ഓഹരികളും മറ്റ് പ്രമുഖ സാമ്പത്തിക മാധ്യമങ്ങളും ഇന്ന് യൂണിയൻ സർക്കാരിൻ്റെ ഏറ്റവും അടുത്ത സുഹൃത്തായ അദാനി ഗ്രൂപ്പിൻ്റെ കൈകളിലാണ്. ടൈംസ് ഓഫ് ഇന്ത്യ, ഇക്കണോമിക് ടൈംസ് എന്നിവ നയിക്കുന്ന ടൈംസ് ഗ്രൂപ്പും, വായനക്കാരുടെ എണ്ണത്തിൽ മുന്നിലുള്ള ദൈനിക് ജാഗരൻ പോലുള്ള 4 വലിയ ഹിന്ദി പത്രങ്ങളും ചേർന്നാണ് രാജ്യത്തെ 75% ത്തിലധികം വായനക്കാരെയും വാർത്താ വിപണിയെയും നിയന്ത്രിക്കുന്നത്. വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം 180 രാജ്യങ്ങളിൽ 157 ലേക്ക് പതിക്കാൻ കാരണം ഈ കുത്തകവൽക്കരണമാണ്. മോദി ഭരണകൂടത്തിൻ്റെ സ്തുതിപാഠകരായ ഈ വൻകിട കോർപ്പറേറ്റുകൾ മാധ്യമങ്ങളെ പൂർണമായി നിയന്ത്രിക്കുന്നത് കൊണ്ടാണ് വിദ്യാർഥികളുടെ സമരങ്ങളോ തൊഴിലാളി പ്രശ്നങ്ങളോ ചർച്ചയാകാത്തത്.


CJP 3


മുഖ്യധാര പാർടികളുടെ പരാജയവും

അവസരവാദവും


ഇത്തരം ജനകീയ വിഷയങ്ങളിൽ ഫലപ്രദമായി ഇടപെടാൻ മുഖ്യധാരാ രാഷ്ട്രീയ പാർടികൾക്ക് കഴിയുന്നില്ല എന്നതാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് പുലർത്തുന്ന അവസരവാദ സമീപനം ഇതിന് ആക്കം കൂട്ടുന്നു. ബിജെപിയുടെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ മറ്റ് പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കുന്നതിന് പകരം, അവരെ ദുർബലപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിൻ്റെ അറസ്റ്റിലോ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ വസതി ലക്ഷ്യമിട്ട് നടന്ന ഇ ഡി റെയ്ഡുകളിലോ കോൺഗ്രസ് സ്വീകരിച്ച ഇരട്ടത്താപ്പും വിഭാഗീയ നിലപാടുകളും ഇതിന് തെളിവാണ്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്ന ഭരണകൂട നയത്തെ തത്വത്തിൽ പിന്തുണയ്ക്കുന്ന ഇത്തരം സമീപനങ്ങൾ ഫാസിസത്തിന് കൂടുതൽ കരുത്ത് പകരുകയേ ഉള്ളൂ.


'കോക്രോച്ച് പാർടി'കളുടെ ഉദയവും

ലക്ഷ്യമില്ലാത്ത വിപ്ലവങ്ങളുടെ ആഗോള പരാജയവും


ഭരണകൂട ഭീകരതയിലും മുഖ്യധാര പാർട്ടികളുടെ നിഷ്ക്രിയത്വത്തിലും മനംമടുത്ത ജനങ്ങൾക്കിടയിൽ നിന്നും യുവാക്കൾക്കിടയിൽ നിന്നും 'കോക്രോച്ച് ജനത പാർടി' (CJP) പോലെയുള്ള വികാരപരമായ കൂട്ടായ്മകൾ രൂപം കൊള്ളുന്നത് സ്വാഭാവികമാണ്. ജഡ്ജിയുടെ 'പാറ്റ' പ്രയോഗത്തിനോടുള്ള അമർഷത്തിൽ നിന്നാണ് ഇതിൻ്റെ ഉത്ഭവം. ഏത് പ്രതികരണവും പ്രക്ഷോഭങ്ങളായി ഉയർന്നു വരുന്നത് സ്വാഗതാർഹം തന്നെ. എന്നാൽ, കേവലമായ വൈകാരിക പ്രകോപനങ്ങളോ, കൃത്യമായ രാഷ്ട്രീയ പ്രത്യയശാസ്ത്ര അടിത്തറയും നേതൃത്വവുമില്ലാത്ത ജനകീയ കൂട്ടായ്മകളോ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നത് ചരിത്രം തെളിയിച്ചതാണ്. മുൻകാലങ്ങളിൽ ലോകം സാക്ഷ്യം വഹിച്ച പല വിപ്ലവങ്ങളും അതിൻ്റെ ഇന്നത്തെ അവസ്ഥയും നമുക്ക് മുന്നിൽ വലിയ പാഠങ്ങളാണ്.


പശ്ചിമ ഏഷ്യയിലും വടക്കൻ ആഫ്രിക്കയിലും ഏകാധിപത്യത്തിനെതിരെ ഉയർന്നുവന്ന ഈ വൻ ജനകീയ മുന്നേറ്റത്തിന് കൃത്യമായ രാഷ്ട്രീയ ദിശാബോധമോ നയിക്കാൻ ഒരു തൊഴിലാളിവർ​ഗ പ്രസ്ഥാനമോ ഉണ്ടായിരുന്നില്ല. തൽഫലമായി, ഈജിപ്തിലും ലിബിയയിലും ഉണ്ടായ ഭരണകൂട തകർച്ച രാജ്യങ്ങളെ കടുത്ത ആഭ്യന്തരയുദ്ധത്തിലേക്കും സാമ്രാജ്യത്വ ശക്തികളുടെയും തീവ്രവാദികളുടെയും കയ്യിലേക്കുമാണ് എത്തിച്ചത്. അടുത്തകാലത്ത് ബംഗ്ലാദേശിൽ സംവരണത്തിനെതിരെ വിദ്യാർഥികൾ ആരംഭിച്ച സമരം വലിയൊരു ഭരണമാറ്റത്തിന് വഴിതെളിച്ചു. എന്നാൽ കൃത്യമായ രാഷ്ട്രീയ അടിത്തറയില്ലാത്തതിനാൽ, ആ സമരത്തിൻ്റെ വിജയത്തെ തീവ്രവാദ സ്വഭാവമുള്ള വർ​ഗീയ ശക്തികളും സാമ്രാജ്യത്വ താല്പര്യങ്ങളുമുള്ള അണിയറ ശക്തികളും ഹൈജാക്ക് ചെയ്യുന്ന കാഴ്ചയാണ് നാം കാണുന്നത്. രാജ്യം ഇന്നും കടുത്ത അസ്ഥിരതയിലാണ്. കൃത്യമായ പ്രത്യയശാസ്ത്ര നേതൃത്വമില്ലാത്ത ഇത്തരം 'കോക്രോച്ച് രാഷ്ട്രീയങ്ങൾ' ഭരണകൂടങ്ങളെ താൽക്കാലികമായി ഭയപ്പെടുത്തിയേക്കാമെങ്കിലും, ആത്യന്തികമായി അവ ഫാസിസത്തിനോ തീവ്രവലതുപക്ഷ ശക്തികൾക്കോ വഴിമാറിക്കൊടുക്കുകയേ ഉള്ളൂ.


ഇടതുപക്ഷ ചിന്താഗതിയുടെ ആവശ്യകത


ഇവിടെയാണ് തൊഴിലാളിവർ​ഗ ബോധമുള്ള പാർട്ടികളുടെയും ഇടതുപക്ഷ ചിന്താഗതിയുള്ള യുവ/വിദ്യാർഥിത്ഥി സംഘടനകളുടെയും പ്രസക്തി. കേവലമായ പ്രതിഷേധങ്ങൾക്കപ്പുറം വർ​ഗബോധത്തിലൂന്നിയ രാഷ്ട്രീയ പോരാട്ടമാണ് രാജ്യത്തിന് ആവശ്യം.


ഇന്ത്യയിലെ ഏറ്റവും ധനികരായ 1% ആളുകളുടെ കൈവശമാണ് രാജ്യത്തെ മൊത്തം സമ്പത്തിൻ്റെ 40 ശതമാനത്തിലധികവും ഉള്ളത്. മറുഭാഗത്ത് താഴെയുള്ള 50% ജനങ്ങളുടെ കൈവശം വെറും 3% സമ്പത്ത് മാത്രമാണുള്ളത്. ഭൂരിപക്ഷ വർ​ഗീയതയും കോർപ്പറേറ്റ് മൂലധനവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇന്നത്തെ ഫാസിസ്റ്റ് ഭരണം. ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഫാസിസ്റ്റ് വർ​ഗീയ ശക്തികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിക്കാനും, കുത്തകകൾക്ക് രാജ്യത്തെ പൊതുമേഖലകൾ എഴുതിക്കൊടുക്കുന്നതിനെ ചെറുക്കാനും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്ന യഥാർഥ്യം രാജ്യം തിരിച്ചറിയുന്നുണ്ട്.


ഭരണ വർ​ഗം ജനങ്ങളെ പാറ്റകളോടുപമിച്ച്' അധിക്ഷേപിക്കുമ്പോൾ, അതിനെതിരെയുള്ള പോരാട്ടം കേവലമൊരു വൈകാരിക പ്രതികരണമായി ഒതുങ്ങരുത്. വിവേചനത്തോടെ ചിന്തിക്കുന്ന യുവതയും തൊഴിലാളിവർ​ഗവും കൈകോർത്ത്, വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെ, ഇടതുപക്ഷ ചേരിയിൽ അണിനിരന്നുകൊണ്ട് മാത്രമേ ഈ കോർപ്പറേറ്റ് ഫാസിസ്റ്റ് കൂട്ടുകെട്ടിനെ തകർക്കാൻ സാധിക്കുകയുള്ളൂ. അതിനായുള്ള ജനകീയ പ്രതിരോധം കാലഘട്ടത്തിൻ്റെ അനിവാര്യതയാണ്.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home