27 July Saturday

മഴയുടെ ചില്ലുജാലകങ്ങള്‍

കെ ഗിരീഷ്Updated: Sunday Aug 27, 2017

മഴയൊരു കിനാവാണ്. കവി പാടിയതുപോലെ മഴയുടെ ചില്ലുജാലകത്തിലൂടെയാണ് ആയിരം കുഞ്ഞു മാലാഖമാര്‍ മണ്ണിലേക്ക് ഇറങ്ങുന്നത്. അവര്‍ എല്ലാ ഹൃത്തുകളിലൂടെയും കയറിയിറങ്ങി നനവും കുളിരും വിതയ്ക്കുന്നു. മഴ കിനാക്കളുടെ ഘോഷയാത്രയാണ്. മഴമേഘംമുതല്‍ മഴനനവുവരെയുള്ള കിനാക്കള്‍, കുത്തിയൊലിച്ച് കടന്നുപോകുന്ന വഴിയിലെല്ലാം സമസ്തവും മറിച്ചിടുന്ന കിനാവുകള്‍, വരണ്ടനിറമുള്ള മണ്ണിനെ പച്ചയണിയിക്കുന്ന കിനാവുകള്‍,

വിണ്ടുണങ്ങിയ പാടത്തെ ജലസഞ്ചയികയാക്കുന്ന കിനാവുകള്‍. ഒരായിരം കിനാവുകളാണ് മഴ. മഴയുടെ കാവ്യനാദത്തെ ചെവിയോര്‍ത്തിരുന്ന, മഴയുടെ പ്രണയാതുരതയ്ക്കായി കാത്തിരുന്നവരുടെ വിരലുകളാകും ആദ്യം മഴയെ കുറിച്ചുവച്ചത്. ഒരായിരം മഴപ്രണയക്കുറിപ്പുകളുടെ സമാഹാരങ്ങള്‍ക്കിടയില്‍നിന്ന് മികച്ച രണ്ടു കുറിപ്പുകളെ കണ്ടെടുക്കല്‍ കൌതുകകരവും ആസ്വാദ്യവുമാണ്. ഞമനേങ്ങാട് തിയറ്റര്‍ വില്ലേജിന്റെ രംഗാവതരണം 'വൃഷ്ടി' മഴയുടെ ആയിരമായിരം ദൃശ്യസാധ്യതകളാണ് പറയുന്നത്. ഫ്രഞ്ച് കവി പോള്‍ വെലന്റെയും റഫീക് അഹമ്മദിന്റെയും മഴക്കവിതകളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഒരു ദൃശ്യരചനയാണ് വൃഷ്ടി.

എന്താണ് മഴയുടെ താളം. മഴയ്ക്ക് ഒരായിരം താളവും സംഗീതവുമാണെന്നതാണ് നിരീക്ഷണം. മഴയ്ക്ക് ജീവന്റെ താളമാണ് അടിസ്ഥാനപരമായി. ചിലപ്പോള്‍ താണ്ഡവത്തിന്റെ പലപ്പോഴും ലാസ്യത്തിന്റെ അപൂര്‍വം വിലാപത്തിന്റെയൊക്കെ താളം ചവിട്ടിയാണ് മഴ കടന്നുവരുന്നതും കടന്നുപോകുന്നതും. എത്രതരം മഴകളുണ്ടെന്നതിന് എത്രതരം മനസ്സുണ്ടോ, എത്രതരം ചിന്തയുണ്ടോ  അത്രതന്നെ മഴയുമെന്നാകാം മറുപടി. ഈ വൈവിധ്യത്തെയാണ് വൃഷ്ടിരംഗത്തെത്തിക്കുന്നത്. മഴയുടെ താളമാണ് മലയാളജീവിതത്തിന്റെ താളമെന്നും അതുതന്നെയാണ് ഭൂമിയിലെല്ലായിടത്തും മനുഷ്യജീവന്റെ താളമെന്നും നാടകം പറഞ്ഞുവയ്ക്കുന്നു.

മലയാളജീവിതത്തിന്റെ താളം കണ്ടെടുക്കാന്‍ ഏറ്റവും മികച്ചത് കളരിയും നമ്മുടെ ക്ളാസിക് രൂപങ്ങളുമാകുമെന്ന തിരിച്ചറിവാകാം സംവിധായകനെ കഥകളിയുടെയും കളരിയുടെയും അഭിനയസാധ്യത വിശേഷിച്ച് ശാരീരികാഭിനയ സാധ്യത ഉപയുക്തമാക്കാന്‍ പ്രേരിപ്പിച്ചത്. പൂര്‍ണമായും ഈ രണ്ട് അഭിനയസങ്കേതംതന്നെയാണ് ആദ്യന്തം പ്രയോഗിച്ചിട്ടുള്ളത്.

ഫ്രഞ്ച് കോറിയോഗ്രാഫറും ഫ്രാന്‍സിലെ പ്രാണാ ഡാന്‍സ് കമ്പനി ഡയറക്ടറുമായ മിഷേല്‍ സ്ട്രീത്ത് കഥകളിയിലൂന്നിയ അഭിനയവും തൊഴിയൂര്‍ ജവഹര്‍ ഗുരുക്കള്‍ കളരിയും ചിട്ടപ്പെടുത്തി. പ്രദീപ് നാരായണനാണ് വൃഷ്ടിയുടെ സംവിധാനം. ബിഷോയ് അനിയന്‍ സംഗീതവും ജെയ്സണ്‍ ഗുരുവായൂര്‍ കലാസംവിധാനവും ഒരുക്കി. നാരായണന്‍ ആത്രപ്പിള്ളിയാണ് നിര്‍മാണം.
മിഷേല്‍, ജവഹര്‍ എന്നിവരെക്കൂടാതെ അരവിന്ദന്‍, അക്ഷയ്, സഞ്ജയ്, ശ്യാംജിത്, നിധിന്‍ദേവ്, ദേവര്‍ഷ്, ആദിത്യന്‍ എന്നിവര്‍ അരങ്ങിലെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top