01 June Thursday

വേനല്‍മഴയെ വിവിധതരത്തില്‍ പ്രയോജനപ്പെടുത്താം

മലപ്പട്ടം പ്രഭാകരന്‍Updated: Friday Apr 28, 2017

വരള്‍ച്ചയും കുടിവെള്ളക്ഷാമവും ഏറെ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വേനല്‍ക്കാലമാണ് നാം അഭിമുഖീകരിക്കുന്നത്. വേനല്‍മഴയിലെ പ്രതീക്ഷയിലാണുള്ളത്. അങ്ങിങ്ങായി ചെറിയതോതില്‍ വേനല്‍മഴ ലഭിച്ചിട്ടുണ്ട്. ഇനിയും പ്രതീക്ഷിക്കാം. ഇങ്ങനെ കിട്ടുന്ന വേനല്‍മഴയെ കാര്‍ഷികമേഖലയില്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ്  ആലോചിക്കേണ്ടത്. ഓരോ തുണ്ട് ഭൂമിയിലും പെയ്യുന്ന വെള്ളത്തെ അതാതിടത്തുതന്നെ പരമാവധി തടഞ്ഞുനിര്‍ത്തി, മണ്ണില്‍ ഇറങ്ങി ജലസാന്നിധ്യമുണ്ടാക്കാന്‍ ഓരോ കൈവശ ഉടമകളും ശ്രമിക്കണം. അത്രയും മൂല്യവത്താണ് ഈ വെള്ളം. മുമ്പ് ഉണ്ടാക്കിവച്ച മഴക്കുഴികളുണ്ടെങ്കില്‍ അതിലേക്ക് ചെറിയ ചാലുകള്‍ ഉപരിതല മണ്ണിലുണ്ടാക്കി ഒഴുക്കിവിടുക. തോടുകളില്‍ കുറുകെ മണ്ണുകൊണ്ട് ചെറിയ ബണ്ടുകള്‍ (കട്ടിവരമ്പുകള്‍) തീര്‍ത്ത് ഒഴുക്കിന്റെ ശക്തി കുറയ്ക്കുകയും പുഴകളിലെത്തുന്നതിന്റെ സമയവും അളവും ക്രമീകരിക്കുക. കെട്ടിടങ്ങളിലൂടെ ഒലിച്ചിറങ്ങുന്ന മഴവെള്ളത്തെ ഒരു പൈപ്പ്വഴി ടാങ്കില്‍ ശേഖരിച്ച് ശുദ്ധീകരിച്ച് കൃഷിക്കും ഗാര്‍ഹികാവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. കിണര്‍ റീച്ചാര്‍ജിങ്ങിന് ശാസ്ത്രീയസംവിധാനം ഉണ്ടാക്കിയവര്‍ക്ക് വേനല്‍മഴ വലിയ മുതല്‍ക്കൂട്ടാകും.

കാര്‍ഷികാവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തല്‍

വേനല്‍മഴ വിവിധ കാര്‍ഷികാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം. സാമാന്യം നല്ല മഴ കിട്ടിയതും മണ്ണില്‍ ഈര്‍പ്പം നല്ലതുപോലെ ഉണ്ടാവുകയും ചെയ്യുന്നിടത്ത് വിവിധ കിഴങ്ങുവര്‍ഗ വിള കൃഷിചെയ്യാം. ചേന, ചേമ്പ്, കാച്ചില്‍, നനക്കിഴങ്ങ്, ചെറുകിഴങ്ങ് എന്നിവയെല്ലം കൃഷിയിറക്കാം. ഇവയ്ക്കുവേണ്ടി തയ്യാറാക്കുന്ന കുഴികളില്‍ ഉണങ്ങിയ ആലവളമോ കമ്പോസ്റ്റോ നന്നായി ചേര്‍ത്താല്‍ മഴയുടെ ഈര്‍പ്പം നിലനിര്‍ത്താനാവും. ചുവട്ടില്‍ കരിയില കൂട്ടിയിട്ടു മൂടുന്നത് ജലബാഷ്പീകരണം തടയും. മരച്ചീനി കരപ്പറമ്പില്‍ നല്ല വേനല്‍മഴ ലഭിച്ചാല്‍ നടാം. കാലവര്‍ഷം കടന്നുവരാന്‍ താമസം നേരിട്ടുവെങ്കില്‍ ഒന്നോരണ്ടോ തവണ നനച്ചുകൊടുക്കാന്‍ പറ്റിയാല്‍ നന്ന്.

വേനല്‍മഴകൊണ്ട് മണ്ണില്‍ ഈര്‍പ്പം നിലനില്‍ക്കുന്നുണ്ടെങ്കില്‍ വിവിധ വിളകള്‍ക്ക് മണ്ണൊരുക്കം നടത്താം. കശുമാവ്, കുരുമുളക് എന്നിവയ്ക്ക് കുഴിയെടുത്ത് ജൈവവളവും മേല്‍മണ്ണും ചേര്‍ത്ത് കുഴി മൂടിവയ്ക്കാം. പുതുമഴയോടെ തൈകള്‍ നടാം. തെങ്ങിന്‍ തോപ്പിലും കരപ്പാടത്തും നിലം കിളച്ച് പയര്‍വിത്ത് (വന്‍പയര്‍), പച്ചില വളവിത്ത് (ചണമ്പ്, കൊഴിഞ്ഞില്‍, ഡയിഞ്ച) വിതച്ചാല്‍ കാലവര്‍ഷത്തോടെ ഇവ പറിച്ചെടുത്ത് നെല്ലിനും തെങ്ങിനുമെല്ലാം ജൈവവളമായി ചേര്‍ക്കാം.

മെയ് ആദ്യത്തോടെ നല്ല രീതിയില്‍ വേനല്‍ മഴ ലഭിച്ച് മണ്ണില്‍ നല്ല ഈര്‍പ്പം നിലനില്‍ക്കുന്നുവെങ്കില്‍, മണ്ണു കോരി വരമ്പുകള്‍ ഉണക്കി ബലപ്പെടുത്തി നിര്‍ത്താം. ഈര്‍പ്പത്തിന്റെ ലഭ്യത അനുസരിച്ച് റബര്‍, തെങ്ങ് തുടങ്ങിയവയ്ക്ക് തടമെടുത്ത് ജൈവവളം ചേര്‍ക്കാം. റബര്‍, തെങ്ങ്, കമുക് തുടങ്ങിയവ കൃഷിചെയ്യാനുള്ള കുഴി എടുത്തുവയ്ക്കാനും ഈ സമയത്തെ മഴയുടെ ഈര്‍പ്പം ഉപയോഗിച്ച് ചെയ്യാന്‍ സാധിക്കും. താഴ്ന്ന നെല്‍കൃഷിയിടത്തില്‍ കാലവര്‍ഷാരംഭത്തില്‍തന്നെ വെള്ളം കിട്ടുമെന്ന് ഉറപ്പുണ്ടെങ്കില്‍ ഞാറ്റടി ഉണ്ടാക്കാനും മെയ് ആദ്യഘട്ടത്തിലെ വേനല്‍മഴ പ്രയോജനപ്പെടും. മെയ് മധ്യത്തോടെ വേനല്‍മഴ ലഭിച്ചാല്‍ മണ്ണൊരുക്കി പച്ചക്കറിക്കൃഷിക്ക് തയ്യാറാകാം. വാഴ, പൈനാപ്പിള്‍ തുടങ്ങിയ പഴവര്‍ഗ വിള കൃഷിക്കുള്ള പ്രാഥമികമായ തയ്യാറെടുപ്പു നടത്താനും വേനല്‍മഴ പ്രയോജനപ്പെടുത്താം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top