കൂമ്പുചീയലോ ട്രൈക്കോഡെർമ കേക്കുണ്ട്

തെങ്ങുകൃഷിയുടെ മുഖ്യ ശത്രുവാണ് കൂമ്പ് ചീയൽ രോഗം. ഫൈറ്റോഫ്തോറ പാമിവോറ എന്ന ഫംഗസാണ് രോഗകാരി. രോഗം ബാധിച്ച തെങ്ങിന്റെ നാമ്പോലക്ക് ചുറ്റുമുള്ള ഒന്നോ രണ്ടോ ഓലകൾ മഞ്ഞളിക്കുന്നതാണ് പ്രാരംഭ ലക്ഷണം. ശ്രദ്ധിച്ചു നോക്കിയാൽ നാമ്പോലയിൽ ഇളം കറുപ്പു നിറത്തിലുള്ള നനഞ്ഞ പാടുകളും കാണാം. തുടർന്ന് പാടുകൾ ബാധിച്ച ഭാഗങ്ങൾ അഴുകുന്നതോടെ അവ വാടി ഉണങ്ങി ഒടിയുന്നു.അഴുകിയ ഭാഗങ്ങളിൽനിന്നും ദുർഗന്ധമുണ്ടാകും. വാടിയ നാമ്പോലകൾ വലിച്ചാൽ ഊരി വരും. ഇത്തരത്തിൽ പുറത്തെടുത്ത നാമ്പോലയുടെ ചുവടുഭാഗം അഴുകിയിരിക്കുന്നതും കാണാം. രോഗം രൂക്ഷമാകുന്നതോടെ തെങ്ങിന്റെ മൃദുവായ മണ്ട അഥവാ കൂമ്പ് പൂർണമായും അഴുകി നശിക്കും.
രോഗം പടരുന്നത്
മണ്ണിൽനിന്നും ഫൈറ്റോഫ്തോറ പാമിവോറ ഫംഗസ് മഴവെള്ളം, ഷഡ്പദങ്ങൾ, മനുഷ്യർ തുടങ്ങിയവ വഴിയാണ് തെങ്ങുകളിൽ എത്തുന്നത്. ഇവ വളർന്ന് സ്പോറുകൾ ഉൽപ്പാദിപ്പിക്കും. ഇവ കാറ്റ് വഴി പടരുന്നു. അന്തരീക്ഷ ആർദ്രത കൂടിയിരിക്കുകയും താപനില കുറവായിരിക്കുകയും ചെയ്യുന്ന കാലാവസ്ഥകളിലാണ് രോഗവ്യാപനം കൂടുന്നത്. ഇളം തെങ്ങുകളെയാണ് രോഗം കൂടുതലായും ബാധിക്കുക.
നിയന്ത്രണ മാർഗങ്ങൾ
രോഗാരംഭത്തിൽ തന്നെ ശ്രദ്ധിച്ചാൽ തെങ്ങിനെ രക്ഷപ്പെടുത്താനാവും. പതിവായി കൂമ്പ് ചീയൽ രോഗം കാണുന്ന പ്രദേശങ്ങളിൽ മുൻകരുതൽ നടപടിയായി ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതമോ തത്തുല്യമായ ഫംഗിസൈഡുകളോ സ്പ്രേ ചെയ്യണം.
ട്രൈക്കോഡെർമ ഹർസിയാനം എന്ന മിത്ര കുമിൾ, ചകിരിച്ചോറിൽ വളർത്തിയെടുത്ത ട്രൈക്കോഡെർമ കേക്ക് ഉയരം കൂടിയ തെങ്ങുകളിൽ ഉപയോഗിക്കാം. പ്രതിരോധ നടപടി എന്ന നിലയിൽ കാലവർഷാരംഭത്തിനും തുലാവർഷാംരംഭത്തിനും മുമ്പായി നാമ്പോലക്ക് ചുറ്റുമുള്ള രണ്ട് ഓലക്കവിളുകളിലായി ഓരോ കേക്ക് വീതം വച്ചുകൊടുക്കുക.
മഴയില്ലാത്തപ്പോൾ കേക്ക് വെള്ളത്തിൽ കുതിർത്തശേഷവും മഴക്കാലത്ത് കുതിർക്കാതെ നേരിട്ടും ഓലക്കവിളിൽ വച്ചുകൊടുക്കാം.
0 comments