06 June Tuesday

വെട്ടുകിളികൾ പറന്നിറങ്ങുമ്പോൾ

ഡോ. ഒ പി രജിറാണി, എസ്‌ രമ്യUpdated: Thursday Jun 4, 2020

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആശങ്ക വിതച്ച്‌ വെട്ടുകിളികൾ കൂട്ടത്തോടെ പറന്നിറങ്ങുകയാണ്‌. വിളകളെന്നല്ല, കളകളടക്കം നിമിഷനേരംകൊണ്ട്‌ തിന്ന്‌ നശിപ്പിച്ച്‌ നീങ്ങുകയാണവ. ഇതിനോടകം ആഫ്രിക്കയിലും തെക്കേഅമേരിക്കയിലും അടക്കം ലോകത്തിന്റെ പലഭാഗത്തും കൃഷിയിടങ്ങൾ പാടേ വെട്ടുകിളികൾ നശിപ്പിച്ചു കഴിഞ്ഞു. പാകിസ്ഥാനിൽനിന്ന്‌ മെയ്‌ ആദ്യ വാരമാണ് രാജസ്ഥാൻ, ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളിൽ‌ ഇവയുടെ ആക്രമണം ആദ്യമുണ്ടായത്‌. വിളവെടുപ്പിന്‌ പാകമായ വയലുകൾ അപ്പാടെ അവ  ‘വെളുപ്പിച്ചു’. തുടർന്ന്‌ പഞ്ചാബ്‌, മഹാരാഷ്‌ട്ര, ഉത്തർപ്രദേശ്‌, മധ്യപ്രദേശ്‌ എന്നിവിടങ്ങളിലേക്കും വ്യാപിച്ചു.

അനുകൂല കാലാവസ്ഥയും പ്രതിരോധത്തിലെ പാളിച്ചകളുമാണ്‌ ഇവയുടെ ആക്രമണം വ്യാപകമാകാൻ കാരണമായത്‌. നിലവിൽത്തന്നെ രൂക്ഷമായ പ്രതിസന്ധി നേരിടുന്ന കാർഷിക മേഖലയ്‌ക്ക്‌ വൻ തിരിച്ചടിയായിരിക്കുന്നു വെട്ടുകിളികൾ. വെട്ടുകിളികളുടെ ആക്രമണം ലോകത്തിന്റെ പല ഭാഗത്തും ക്ഷാമത്തിനും കൂട്ടപ്പലായനത്തിനും കാരണമായതായി ചരിത്രമുണ്ട്‌. കോവിഡ്‌‐19ന്‌ പിന്നാലെ ഇരച്ചെത്തുന്ന ഇവയുടെ ഭീതിയിലാണ്‌ വടക്കേ ഇന്ത്യൻ കർഷകർ. 93ലും 2010ലുമാണ്‌ രാജ്യത്ത്‌ ഇതിനുമുമ്പ്‌ ഇത്രയും വലിയ ആക്രമണമുണ്ടായത്‌. കഴിഞ്ഞ വർഷം രാജസ്ഥാനിലും ഗുജറാത്തിലും മാത്രമായി 3.5 ലക്ഷം ഹെക്ടർ കൃഷി നാശം ഉണ്ടായി.വിനാശകാരിയായ കുടിയേറ്റ കീടം
പുൽച്ചാടി വർഗത്തിൽപ്പെടുന്ന കീടങ്ങളാണ്‌ വെട്ടുകിളികൾ (ലോക്കസ്‌റ്റുകൾ). ചിലയിനം പുൽച്ചാടികൾക്ക്‌ അവയുടെ ജീവിതചക്രത്തിൽ രണ്ട്‌ ഘട്ടങ്ങളുണ്ട്‌. ഒറ്റയൊറ്റയായി കഴിയുന്ന സോളിറ്ററി ഘട്ടവും കൂട്ടംകൂട്ടമായി കഴിയുന്ന ഗ്രിഗേറിയസ്‌ ഘട്ടവും. ഗ്രിഗേറിയസ്‌ ഘട്ടത്തിലാണ്‌ ഇവ വൻ നാശമുണ്ടാക്കുന്നത്‌. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇപ്പോൾ കാണുന്ന വെട്ടുകിളികൾ ഡസർട്ട്‌ ലോക്കസ്റ്റ്‌ ‌ അഥവാ ഷിസ്‌റ്റോ സെൻസ ഗ്രിഗേറിയ എന്ന ഇനമാണ്‌. വിനാശകാരിയായ കുടിയേറ്റ കീടമായാണ്‌ ഇവയെ വിശേഷിപ്പിക്കുന്നത്‌. വളരെ വേഗത്തിൽ കൂട്ടത്തോടെ പറക്കാനുള്ള കഴിവ്‌ പ്രത്യേകതയാണ്‌.  സാധാരണ പുൽച്ചാടികളേക്കാൾ ഇവയ്‌ക്ക്‌ വലുപ്പം കൂടുതലാണ്‌. പൂർണ വളർച്ചയെത്തിയവയ്‌ക്ക്‌ 5–-6 സെന്റീമീറ്റർ വരെ നീളമുണ്ടാകും. തവിട്ടു നിറത്തിൽ വെളുത്തതും കറുത്തതുമായ പുള്ളികളോടുകൂടിയ ചിറകുകളും ഡസർട്ട്‌ ലോക്കസ്‌റ്റുകളെ തിരിച്ചറിയാനാകും. മരുഭൂമികളിലും മറ്റ്‌ വരണ്ട പ്രദേശങ്ങളിലുമാണ്‌ മുട്ടയിടുന്നത്‌. മഴയോ മറ്റ്‌ അനുകൂല ഘടകങ്ങളോ ലഭിക്കുമ്പോൾ കൂട്ടമായി വിരിഞ്ഞിറങ്ങും. പിന്നെ തീറ്റ തേടിയുള്ള പലായനമാണ്‌. ഒരു ദിവസം 100 മുതൽ 150 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഇവയ്‌ക്ക്‌ കഴിയുമെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ഈ വർഷം മരുഭൂമിയിലും മറ്റും ഉണ്ടായ അസാധാരണ മഴയാണ്‌ വെട്ടുകിളികൾ പെരുകാൻ കാരണമായതെന്നാണ്‌ നിഗമനം.

വേണ്ടത്‌ സംയോജിത കീടനിയന്ത്രണ മാർഗം
കാർഷികമേഖലയുടെ അന്തകനായ വെട്ടുകിളികളെ നശിപ്പിക്കാൻ സംയോജിത കീടനിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കേണ്ടതുണ്ട്.കൃഷിയിറക്കുന്നതിനുമുമ്പ്‌ മണ്ണിളക്കി നിലമൊരുക്കുന്നത് ഇവയുടെ മുട്ടകളെ നശിപ്പിക്കാൻ സഹായിക്കും. കൂട്ടം ചേർന്ന് ആക്രമിക്കുന്ന കാലത്തിന് (ജൂലൈ–- ഒക്ടോബർ) മുമ്പായി വിളവെടുക്കുന്ന രീതിയിൽ വേണം വെട്ടുകിളികളുടെ ആക്രമണത്തിന് വിധേയമാകാറുള്ള സംസ്ഥാനങ്ങൾ വിളയിറക്കേണ്ടത്. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾക്കെതിരെ ജൈവ കീടനാശിനിയായ മെറ്റാറൈസിയം അനൈസോപ്ലിയെ എന്ന മിത്രകുമിളോ, വേപ്പധിഷ്ഠിത കീടനാശിനികളോ ഉപയോഗിക്കാൻ യുഎന്നിന്‌ കീഴിലുള്ള ഫുഡ്‌ ആൻഡ്‌‌ അഗ്രികൾച്ചർ ഓർഗനൈസേഷൻ നിർദേശിക്കുന്നു. ചില കീടനാശിനികളും ഉപയോഗിക്കുന്നുണ്ട്‌.കൃഷിയിടങ്ങളിൽ ഉച്ചത്തിലുള്ള ശബ്ദം കേൾപ്പിക്കുന്നത് ഇവയെ  അകറ്റാൻ സഹായിക്കും. സന്ധ്യാനേരത്ത് പാടങ്ങളിൽ തീയിടുന്നത് ഇവയെ ആകർഷിച്ച് നശിപ്പിക്കും. കൃഷിയിടങ്ങളിലെ വ്യാപനം തടയാൻ രണ്ട്‌ അടി താഴ്ചയും രണ്ട്‌ അടി വീതിയുമുള്ള ചാലുകളെടുത്ത് അവിടെ കുടുങ്ങുന്ന കീടങ്ങളെ കീടനാശിനി തളിച്ച് നശിപ്പിക്കാം. വിളകളെ വെട്ടുകിളികളിൽനിന്ന് രക്ഷിക്കാൻ അഞ്ച്‌ ശതമാനം വീര്യത്തിൽ വേപ്പിൻ കുരുസത്ത്, രണ്ട്‌ ശതമാനം വീര്യത്തിൽ വേപ്പെണ്ണ ഇമൾഷൻ എന്നിവ സ്പ്രേ ചെയ്യാം. വ്യാപകമായ രാസകീടനാശിനി പ്രയോഗം ഇവയെ തിന്നൊടുക്കുന്ന മിത്രകീടങ്ങളെ പ്രതികൂലമായി ബാധിക്കും. രാജ്യത്ത് വെട്ടുകിളികളുടെ ആക്രമണം മുൻകൂട്ടി അറിയിക്കുന്നതിനും അവയെക്കുറിച്ചുള്ള ഗവേഷണം നടത്തുന്നതിനും ഫരീദാബാദ് ആസ്ഥാനമാക്കി ലോക്കസ്റ്റ് വാണിങ്‌ ഓർഗനൈസേഷൻ(LWO) പ്രവർത്തിക്കുന്നുണ്ട്.

കേരളത്തിലും
കേരളത്തിൽ, വയനാട്‌ പുൽപ്പള്ളിയിൽ മഴക്കാലത്തോടുകൂടി കണ്ടുവരുന്ന വെട്ടുകിളിയുടെ ആക്രമണം മറ്റു സംസ്ഥാനങ്ങളിൽ കാണുന്നതിൽനിന്നും വ്യത്യസ്‌തമാണ്. സ്പോട്ടഡ് ലോക്കസ്റ്റ് അഥവാ ഔലാർക്കിസ് മിലിയാറിസ് എന്ന ഈ പുൽച്ചാടികൾ കാഴ്ചയിലും സ്വഭാവത്തിലും വ്യത്യസ്തത പുലർത്തുന്നു. പച്ചനിറത്തിൽ മഞ്ഞപ്പൊട്ടുകളോടുകൂടിയ ഇവയുടെ ചിറകുകളും ചുവപ്പും കറുപ്പും വരകളോട് കൂടിയ ഉദരഭാഗവും സാധാരണ പുൽച്ചാടികളെക്കാൾ കൂടിയ വലിപ്പവും ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു. പൂർണ വളർച്ച എത്താത്തവയ്ക്ക് കടുംപച്ച നിറത്തിൽ മഞ്ഞ വരകൾ കാണാം. കോഫി ലോക്കസ്റ്റ് എന്നും അറിയപ്പെടുന്ന ഇവ യഥാർഥത്തിൽ ലോക്കസ്റ്റുകളല്ല. ഇവയ്ക്ക് മറ്റു സംസ്ഥാനങ്ങളിൽ കണ്ടുവരുന്നവയെപ്പോലെ അതിദൂരം പറന്ന് മറ്റ്‌ ദേശങ്ങളിൽ എത്താൻ കഴിയില്ല.മലപ്പുറത്ത്‌  ചിലയിടങ്ങളിൽ കണ്ട വെട്ടുകിളികളും ആശങ്ക പരത്തുന്നവയല്ലെന്ന്‌ കൃഷിവകുപ്പ്‌ വ്യക്തമാക്കിയിട്ടുണ്ട്‌.  ഇവയെ  നിയന്ത്രിക്കാൻ വേപ്പധിഷ്ഠിത കീടനാശിനികളാണ് കേരള കാർഷിക സർവകലാശാല ശുപാർശ ചെയ്തിട്ടുള്ളത്. കേരളത്തിൽ ഡെസർട്ട് ലോക്കസ്റ്റിന്റെ കടന്നു വരവിനുള്ള സാധ്യത വിരളമാണ്.

(ഡോ. ഒ പി രജിറാണി, അസി. പ്രൊഫസർ, എസ്‌ രമ്യ, പിഎച്ച്‌ഡി സ്‌കോളർ കാർഷിക കോളേജ്‌ വെള്ളായണി)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top